കുഞ്ഞുണ്ണിക്കവിതകളുടെ ലാളിത്യം

അതിയാരത്തു തേറമ്പിൽ നാരായണിയമ്മയുടെ മകൻ കുഞ്ഞുണ്ണി നായരായി ജനിച്ച് കുഞ്ഞുണ്ണി എന്ന പേരിൽ കവിതകൾ എഴുതിക്കൂട്ടി പ്രസിദ്ധി നേടിയ കുഞ്ഞുണ്ണി മാഷിെൻറ 90 ാം ജന്മദിനമാണ് മെയ് പത്തിന് കടന്നുപോയത്.

ആകാരത്തിലും എഴുത്തിന്‍റെ രീതിയിലും മാഷ് മറ്റുള്ളവരിൽനിന്ന് വളരെ വ്യത്യസ്​തനായിരുന്നു. മുട്ടോളമെത്തുന്ന കുറിമുണ്ട്, വട്ടക്കഴുത്തുള്ള മുറിക്കയ്യൻ കുപ്പായം, തോളിൽ തൂങ്ങുന്ന തുണിസഞ്ചി, രുദ്രാക്ഷമാല, ഭസ്​മക്കുറി, കട്ടിക്കണ്ണട, കുറ്റിത്താടി...ഈ രൂപം ഏത് സഹൃദയ സദസ്സിലും പ്രിയപ്പെട്ട സാന്നിധ്യമായിരുന്നു.  കവിയെപ്പോലെത്തന്നെ നീളം കുറഞ്ഞ് രണ്ടോ നാലോ വരിയിൽ ഒതുങ്ങുന്നതാണ് അദ്ദേഹത്തിെൻറ മിക്ക കവിതകളും. ലിമറിക്, നോൺസെൻസ്​  കവിത തുടങ്ങിയ കള്ളികളിൽ കുഞ്ഞുണ്ണിക്കവിതയെ ഉൾക്കൊള്ളിക്കാൻ ചില നിരൂപകർ ശ്രമിച്ചിട്ടുണ്ട്.  

കടങ്കഥക്ക് സമാനമായ അവയുടെ ഹ്രസ്വരൂപവും താളഭംഗിയും ആയിരിക്കാം അതിനവരെ പ്രേരിപ്പിച്ചത്. എന്നാൽ നോൺസെൻസ്​ അല്ല എന്നു മാത്രമല്ല, സെൻസ്​ വളരെ കൂടിയതും, പ്രജനാപരം എന്ന് വിശേഷിപ്പിക്കാവുന്ന വിധം അർഥഗർഭവും ആണ് അവ. നൂറോ ഇരുന്നൂറോ ഈരടികളായി വികസിപ്പിക്കാവുന്നതും, പത്തും ഇരുപതും പേജുകളുള്ള ഉപന്യാസമായി വിവരിക്കാനും പറ്റിയ ആശയങ്ങളാണ് രണ്ടോ നാലോ വരികളുടെ  ചിമിഴിൽ ആറ്റിക്കുറുക്കി അദ്ദേഹം അടക്കം  ചെയ്യുന്നത്.

ആത്മവിമർശനം, സമൂഹവിമർശനം, തത്ത്വജ്ഞാനം, രാഷ്ട്രീയ നിരീക്ഷണം, സാരോപദേശം എല്ലാം അതിലുണ്ട്.  രചനകളിൽ,  സ്വാഭാവികമായ നർമത്തിെൻറ കസവ് അണിയിക്കുന്നതിലുള്ള സിദ്ധി കുഞ്ഞുണ്ണിയുടെ  കവിതകളുടെ ആകർഷകത്വം വർധിപ്പിക്കുന്നു.
സ്വയം വിമർശിച്ചുകൊണ്ട്,
‘ഇത്തിരിയേയുള്ളൂ ഞാൻ,
എനിക്കുപറയുവാൻ ഇത്തരിയേ വിഷയമുള്ളൂ ,
അത് പറയാനിത്തിരി വാക്കുവേണം’  

മലയാളിയുടെ മാതൃഭാഷാവഹേളനത്തെക്കുറിച്ച്,
‘ജനിക്കുമ്മുമ്പുതൊട്ടെൻ
മകനിംഗ്ലീഷ് പഠിക്കണം
അതിനാൽ ഭാര്യ തൻ പേറ
ങ്ങിംഗ്ലണ്ടിലാക്കി ഞാൻ’

 മനുഷ്യരുടെ മനോ വൈകല്യത്തെക്കുറിച്ച് , 'തലയിൽ കഷണ്ടിയുള്ളവർ കുറവാണ്.  മനസ്സിൽ കഷണ്ടിയില്ലാത്തവരും’
രാഷ്ട്രീയ വിമർശനമായി, ‘ഓട്ടുചെയ്തോട്ടുചെയ്തോട്ടുചെയ്തോട്ടുചെയ്തോട്ടക്കലമായി നമ്മൾ’
വിശ്വാസത്തിെൻറ വൈരുദ്ധ്യത്തെക്കുറിച്ച് ‘വിശ്വാസം വെളിച്ചമാണിരുട്ടുമതുതന്നെ’

എന്നിങ്ങനെ മാഷ് എഴുതിയപ്പോൾ മലയാള മനസ്സുകളെല്ലാം അതേറ്റുപാടി. കുഞ്ചൻ നമ്പ്യാർക്കുശേഷം മലയാളം കണ്ട ഏറ്റവും ഉയർന്ന സാമൂഹിക വിമർശകനാണ് കുഞ്ഞുണ്ണി എന്ന് ആ കവിതകൾ വിളിച്ചുപറയുന്നു.  അക്ഷരമാലയെക്കുറിച്ചും, ഉച്ചാരണ സൗന്ദര്യത്തെക്കുറിച്ചും ഈന്നിപ്പറഞ്ഞ മാഷ് മികച്ച ബാലസാഹിത്യകാരൻ കൂടിയായിരുന്നു.കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന് പേരുള്ള ചൊൽക്കാഴ്ച പരിപാടിയുമായി നാടെങ്ങും സഞ്ചരിച്ച മാഷിന്‍റെ ചുറ്റും ഇരുന്ന് ഏറെ കൗതുകത്തോടെയാണ് കുട്ടികൾ പാട്ടും കഥയും കേൾക്കാറുള്ളത്.

കുട്ടേട്ടൻ എന്ന തൂലികാനാമത്തിൽ ദീർഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബാലപംക്തി കൈകാര്യം ചെയ്തത് കുഞ്ഞുണി മാഷായിരുന്നു. കേരളത്തിലെ മുൻനിര പ്രസാധകർ കുഞ്ഞുണ്ണി മാഷുടെ കവിതകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവ വായിക്കുമ്പോഴുണ്ടാകുന്ന കവിയോടൊപ്പമുള്ള മാനസസഞ്ചാരം ആഹ്ലാദകരമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.