കേന്ദ്രസാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു

പാലക്കാട്: കേന്ദ്രസാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി (59) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കോയമ്പത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. പാലക്കാട് കുനിശ്ശേരി അരിമ്പ്രയിൽ കെ.എ. കമലമ്മയുടെയും വി.എം. മാധവന്‍നായരുടെയും മകനാണ് ഇദ്ദേഹം. മാതൃഭൂമി പത്രത്തിന്‍റെ കോയമ്പത്തൂര്‍ പബ്ലിക് റിലേഷന്‍സ് മാനേജറാണ്. ശവസംസ്‌കാരം വൈകീട്ട് നാലിന് നടക്കും.

സി.എച്ച്. മുഹമ്മദ്കോയ പത്രപ്രവര്‍ത്തക പുരസ്‌കാരം, യൂണിവേഴ്സല്‍ ബ്രദര്‍ഹുഡ് മതസൗഹാര്‍ദ പുരസ്‌കാരം, പാമയുടെ സംഗതി എന്ന ദളിത്- സ്ത്രീപക്ഷ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനുള്ള നല്ലി-ദിസൈ എട്ടും പുരസ്‌കാരം, കേരള കള്‍ച്ചറല്‍ സെന്‍ററിന്‍റെ സാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കണ്‍വെട്ടത്തിരുട്ട്, ഒറ്റക്കണ്ണോക്ക്, കുനിശ്ശേരി കവിതകള്‍, ഭൂതാവിഷ്ടരായവരുടെ ഛായാപടങ്ങള്‍ എന്നിവയാണ് കവിതാസമാഹാരങ്ങള്‍.
ഡോ. ടി. ഭാസ്‌കരന്‍ രചിച്ച ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്ന കൃതി കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി തമിഴിലേക്ക് തുറവി വേന്ദര്‍ ശ്രീനാരായണഗുരു എന്നപേരില്‍ വിവര്‍ത്തനം ചെയ്തു. സംഗതി, അശോകമിത്രന്‍റെ മാനസരോവരം, ജീവകാരുണ്യന്‍റെ കളരി, സു. വേണുഗോപാലിന്‍റെ കൂന്തപ്പനൈ, പാദചാരിയുടെ മത്സ്യഗര്‍ഭത്തില്‍ കടല്‍  തുടങ്ങിയ പുസ്തകങ്ങള്‍ തമിഴില്‍നിന്ന് മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.