അകക്കണ്ണില്‍ തുളുമ്പുന്ന ഹരിത കവിതകള്‍

ബേപ്പൂര്‍: കാഴ്ചയില്ളെങ്കിലും അവളുടെ മനംനിറയെ കവിതകളാണ്. പുറംലോകത്തേക്കാള്‍ മനോഹരമായ പൂക്കളും നദികളും പക്ഷികളും നിറഞ്ഞ ലോകം അവിടെയുണ്ട്.
കൊളത്തറ വികലാംഗ വിദ്യാലയത്തിലെ പ്ളസ്വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ വി.പി. ഹരിതമോളാണ് അകക്കണ്ണില്‍ വിരിയുന്ന കവിതകള്‍ സഹൃദയലോകത്തിനു മുന്നില്‍ സമര്‍പ്പിച്ചത്.
വിദ്യാര്‍ഥിനി  ബ്രെയില്‍ ലിപിയില്‍ എഴുതിയ 26 കവിതകളടങ്ങിയ സമാഹാരം ‘നിഴല്‍ച്ചിത്രങ്ങള്‍’ ഈയിടെ പുറത്തിറങ്ങി. കണ്ണൂര്‍ സ്വദേശികളായ പ്രഭാകരന്‍-രാജി ദമ്പതികളുടെ രണ്ടു പെണ്‍മക്കളില്‍ ഇളയവളാണ് ഹരിതമോള്‍.
കുട്ടിക്കാലം മുതല്‍ കവിതകളെയും കഥകളെയും മനസ്സില്‍ താലോലിച്ച ഈ കൊച്ചുമിടുക്കി എട്ടാംതരം മുതലാണ് ബ്രെയില്‍ ലിപിയില്‍ എഴുതിത്തുടങ്ങിയത്. മഴയും പ്രകൃതിയും കേട്ടറിഞ്ഞ ലോകത്തിന്‍െറ അനുഭവങ്ങളുമാണ് കവിതയില്‍ നിറയുന്നത്. എഴുതിയ കവിതകള്‍ കൂട്ടുകാര്‍ക്കു മുന്നില്‍ ചൊല്ലും. കവിതകള്‍ക്ക് ഈണമിട്ട് ഇവര്‍ ചൊല്ലിക്കേള്‍പ്പിക്കും.  ഇത് അക്ഷരലിപിയിലേക്ക് മാറ്റുന്നതും കൂട്ടുകാരികളാണ്.
കണ്ണൂര്‍ പൈസക്കരി ദേവമാത ഹൈസ്കൂളില്‍ മലയാളം അധ്യാപികയായിരുന്ന ബീന അഗസ്റ്റിനാണ് കവിതാസമാഹാരം ഇറക്കാന്‍ പരിശ്രമിച്ചത്.
നിര്‍മാണത്തൊഴിലാളിയായ പിതാവ് പ്രഭാകരനും മാതാവ് രാജിയും എപ്പോഴും കൂട്ടായി മകള്‍ക്കൊപ്പമുണ്ട്. കൂട്ടുകാരികളുടെയും അധ്യാപകരുടെയും വായനക്കാരുടെയും മനംനിറഞ്ഞ പിന്തുണയില്‍ സമകാലിക വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള മറ്റൊരു കവിതയുടെ പണിപ്പുരയിലാണ് ഹരിതമോള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:03 GMT
access_time 2025-12-07 10:02 GMT