ബലാൽസംഗകേസിൽ ശിക്ഷിക്കപ്പെട്ട 100 പേരുമായി അഭിമുഖം നടത്തിയ അവൾ പഠിച്ചത്..

അവർ ചെകുത്താന്മാരാണ്... ബലാൽസംഗകേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്നവരെക്കുറിച്ച് അഭിമുഖത്തിനായി തിഹാർ ജയിലിൽ എത്തുമ്പോൾ മറ്റെല്ലാവരേയും പോലെ അവൾ അതായിരുന്നു വിചാരിച്ചിരുന്നത്. യു.കെയിലെ ഏഞ്ച്ലിയ റസ്കിൻ യൂണിവേഴ്സിറ്റി  ക്രിമിനോളജി ഡിപ്പാർട്ട്മെന്‍റിൽ നിന്ന് ഗവേഷണത്തിന് എത്തിയതായിരുന്നു മധുമിത പാണ്ഡെ. നിർഭയ കേസാണ് ഇത്തരമൊരു ഗവേഷണത്തിലേക്ക് അവളെ തള്ളിവിട്ടത്.

നിർഭയ കേസിനെ തുടർന്ന് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ആയിരങ്ങൾ തെരുവിലിറങ്ങി. ജി-20 രാജ്യങ്ങളിൽ വെച്ച് സ്ത്രീകൾക്ക് ജീവിക്കാൻ കൊള്ളാത്ത ഹീനമായ ഇടങ്ങളിൽ ഒന്നാം സ്ഥാനത്തെന്ന അപഖ്യാതി ഇന്ത്യക്ക് ലഭിച്ചു. ക്രൈ റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015ൽ മാത്രം ഡൽഹിയിൽ 34,651 ബലാൽസംഗങ്ങളാണ് നടന്നത്. അന്ന് ഇംഗ്ളണ്ടിലായിരുന്ന മധുമിത പല തവണ ആലോചിച്ചു, എന്തുകൊണ്ട് താൻ ജനിച്ചു വളർന്ന തന്‍റെ നഗരം ഇത്തരത്തിലായി? ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും പുരുഷന്മാരെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും?

നിർഭയ കേസ് മുതൽ തന്‍റെ നഗരത്തെ മറ്റൊരു കണ്ണോടുകൂടി മധുമിത കാണാൻ തുടങ്ങി. അവസാനം അവൾ ഇവരോടു തന്നെ സംഭവങ്ങളെക്കുറിച്ച് ചോദിച്ചറിയാൻ തീരുമാനിച്ചു. ഗവേഷണത്തിനുള്ള വിഷയമായി ഇക്കാര്യം തന്നെ തെരഞ്ഞടുക്കാൻ തന്നെ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളാണെന്ന് മധുമിത വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ബലാൽസംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസമില്ലാത്തവരായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസമുള്ളവർ പോലും വളരെ കുറവ്. പലരും രണ്ടിലോ മൂന്നിലോ പഠനം നിറുത്തിയവർ. ഞാൻ നേരത്തേ കരുതിയ പോലെ ആരും ചെകുത്താന്മാരായി തോന്നിയില്ല. അവർ വെറും സാധാരണക്കാരായിരുന്നു. വളർന്ന രീതിയാണ് അവരെ  ഈ അവസ്ഥയിലെത്തിച്ചതെന്ന് വ്യക്തം.

ഇന്ത്യൻ കുടുംബങ്ങളിലെ മിക്ക ഭാര്യമാരും ഭർത്താക്കന്മാരെ കുട്ടികളുടെ അച്ഛൻ എന്നാണ് സംബോധന ചെയ്യുന്നത്. ഒന്നിലും ഇടപെടാതിരിക്കാനാണ് സമൂഹം അവളെ പഠിപ്പിക്കുന്നത്. ആണുങ്ങൾക്ക് സ്വന്തം പുരുഷത്വത്തെക്കുറിച്ച് മിഥ്യാധാരണയാണ് ഇതുമൂലം ഉണ്ടാകുന്നത്.

റേപ്പിസ്റ്റുകൾ മറ്റ് ലോകത്തിൽ നിന്ന് വരുന്നവരൊന്നുമല്ല, അവർ നമ്മുടെ സമൂഹത്തിന്‍റെ ഭാഗമാണ്. നാമാണ് അവരെ സൃഷ്ടിച്ചത്.

ഇവരോട് സംസാരിച്ചാൽ ഈ പുരുഷന്മാരെക്കുറിച്ചർത്ത് സഹതപിക്കാനെ നമുക്ക് കഴിയൂ. പലരും തങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നതേയില്ല. 'സമ്മതം' എന്ന വാക്കിന്‍റെ അർഥം പോലും പലർക്കും മനസ്സിലാകുന്നില്ലായിരുന്നു.

ഇപ്പോഴും സെക്സ് വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ വളരെ യാഥാസ്ഥിതികമായ മനോഭാവമാണ് ഇന്ത്യൻ സമൂഹം പുലർത്തുന്നത്. സെക്സ് വിദ്യാഭ്യാസം തങ്ങളുടെ പരമ്പരാഗത മൂല്യങ്ങളെ  തകർക്കുമെന്ന് വിവരമുള്ളവർ പോലും വിശ്വസിക്കുന്നു. ബലാൽസംഗം, ലൈംഗികത, സ്ത്രീകളുടേയും പുരുഷന്‍റെയും ലൈംഗികാവയവങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്നത് പോലും തെറ്റാണെന്ന് അവർ കരുതുന്നു. അപ്പോൾ പിന്നെ കുട്ടികളെ എന്ത് പറഞ്ഞാണ് പഠിപ്പിക്കുക?

അഭിമുഖം നടത്തവെ, പലരും തങ്ങളുടെ തെറ്റിനെ ന്യായീകരിക്കാൻ കാരണങ്ങൾ നിരത്തി. ചിലർ ഇരയെ കുറ്റപ്പെടുത്തി. നൂറ് പേരിൽ മൂന്നോ നാലോ പേർ മാത്രമാണ് ആ പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നവെന്ന് പറഞ്ഞത്.

അഞ്ച് വയസ്സുകാരിയെ ബലാൽസംഗം ചെയ്ത് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 49കാരൻ ആ പെൺകുട്ടിയോട് വല്ലാത്ത സഹാനുഭൂതിയാണ് പ്രകടിപ്പിച്ചത്. 'ഞാൻ അവളുടെ ജീവിതം നശിപ്പിച്ചു. അവൾ ഇപ്പോൾ ഒരു കന്യകയല്ല. ഇനി അവളെ ആരും വിവാഹം ചെയ്യുകയില്ല.' പിന്നീട് അയാൾ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്തു. 'ഞാൻ അവളെ സ്വീകരിക്കും, ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ഞാൻ അവളെ വിവാഹം കഴിക്കും.'

അയാളുടെ പ്രതികരണത്തിൽ ഞെട്ടിത്തരിച്ച മധുമിത ആ പെൺകുട്ടിയെ അന്വേഷിച്ച് കണ്ടുപിടിച്ചു. അവളുടെ അമ്മയോട് സംസാരിച്ചു. മകളെ ബലാൽസംഗം ചെയ്തയാൾ ജയിലിലാണെന്ന വിവരം പോലും ആ കുടുംബത്തിന് അറിയില്ലായിരുന്നു.

ബലാൽസംഗകേസിൽ ശിക്ഷിച്ച് ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന 100 പേരുമായി അഭിമുഖം നടത്തിയെങ്കിലും അത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുമോ ഇപ്പോഴും മധുമിതക്ക് സംശയമാണ്. ഇതാവരുന്നു, മറ്റൊരു ഫെമിനിസ്റ്റ് എന്ന മുൻധാരണയോടെയായിരിക്കും അവർ എന്നെയും സമീപിക്കുക. പുരുഷന്മാരെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇവൾ പുരുഷന്‍റെ ചിന്തകളെ വളച്ചൊടിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്നവരോട് എന്തു പറയണം എന്നറിയില്ല- മധുമിത പറഞ്ഞു.

Tags:    
News Summary - A woman interviewed 100 convicted rapists in India. This is what she learned-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.