വിഭ്രാന്തിയുടെ വര്‍ണങ്ങളില്‍ പോള്‍ ഗോഗിന്‍

അരണ്ട മഞ്ഞ വെളിച്ചത്തില്‍ സൂര്യകാന്തിപ്പൂക്കളുടെ മണം മൂക്കിലേക്ക് ഇരച്ചു കയറിയ ഒരു രാത്രിയായിരുന്നു അത്. ചുവന്ന തലമുടിയുള്ള കിറുക്കന്‍ സുഹൃത്ത് അന്നയാളെ കത്തി കാട്ടി വിരട്ടി. 1888 ഡിസംബര്‍ 23ന് ഞായറാഴ്ച രാത്രി വിഭ്രാന്തിയുടെ കൊടുമുടിയിലെത്തിയിരുന്ന സുഹൃത്ത് തന്റെ ഇടതുചെവി സ്വയം അറുത്തെടുത്തു. പീതവര്‍ണത്തില്‍ കനപ്പെട്ടുപോയ അയാളുടെ തലച്ചോറിനത് തടയാനുമായില്ല. പൊതിഞ്ഞ ചെവിയുമായി വിന്‍സന്റ് വാന്‍ഗോഗ് എന്ന സുഹൃത്ത് പിന്നീട് പോയത് അഭിസാരികയുടെ അടുത്തേക്കെന്നും അല്ലെന്നുമുള്ള തര്‍ക്കം ഇന്നും തുടരുകയാണ്. എന്നാല്‍ കലഹിച്ചു പിരിഞ്ഞ സുഹൃത്തിന്റെ മുറിഞ്ഞ ചെവിയിലെ നോവ് ഹൃദത്തിലേറ്റു വാങ്ങി അന്നു രാത്രി മുറിവിട്ടു പോയ പോള്‍ ഗോഗിന്‍, വാന്‍ഗോഗിനോളം ആഘോഷിക്കപ്പെട്ടില്ലെന്നു മാത്രം.

കല കാലം തെളിയിക്കുമെന്ന തത്വത്തിന്റെ  ഉത്തമോദ്ദാഹരണമാണ് വിഖ്യാത ഫ്രഞ്ച് ചിത്രകാരനായിരുന്ന പോള്‍ ഗോഗിന്‍. ജീവിതകാലത്ത് അര്‍ഹിക്കുന്ന പ്രശസ്തിയോ അംഗീകാരമോ ലഭിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ ചിത്രത്തിലെ കടും ചായങ്ങളിലേക്ക് ലോകം തന്നെ അരിച്ചെത്തുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. ഇംപ്രഷനിസത്തില്‍ തുടങ്ങി പോസ്റ്റ് ഇംപ്രഷനിസത്തിലേക്ക് വളര്‍ന്ന ഗോഗിന്‍ സിംബോളിക് മൂവ്മെന്റിന്റെ  മുഖ്യ ഉപജ്ഞാതാക്കളില്‍ ഒരാളുമാണ്. നിറങ്ങള്‍ കൊണ്ടുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ ആധുനിക ചിത്രകലയുടെ സംവേദനാത്മക ശൈലിയിലേക്ക് നേരിട്ട് നയിക്കുന്നതായിരുന്നു. അന്തര്‍ലീനമായ അര്‍ഥങ്ങളും പ്രതീകാത്മകതയും ചേര്‍ത്ത്, അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ ഭാവുകത്വം അദ്ദേഹം ചിത്രങ്ങള്‍ക്ക് നല്‍കി. പോള്‍ ഗോഗിന്‍ ക്ലോയിസോണിസത്തിലൂടെ നടത്തിയ വര്‍ണ്ണ പ്രയോഗങ്ങള്‍ ആധുനിക ചിത്രകലക്ക് പുതിയ മാനങ്ങളാണ് നല്‍കിയത്.

1848 ജൂണ്‍ ഏഴിന് ഫ്രാന്‍സിലെ പാരീസിലാണ് യൂജിന്‍ ഹെന്റി പോള്‍ ഗോഗിന്‍ ജനിച്ചത്. തെക്കന്‍ അമേരിക്കയില്‍ നിന്നുള്ള സ്പാനിഷ് കുടിയേറ്റക്കാരുടെ പിന്‍തുടര്‍ച്ചക്കാരനായിരുന്നു അദ്ദേഹം. ആധുനിക വനിതാവാദ പ്രസ്ഥാനത്തിന്റെ സ്ഥാപക ഫ്‌ലോറ ട്രിസ്റ്റാന്‍, ഗോഗിന്റെ അമ്മുമ്മയായിരുന്നു എന്നത് കൗതുകകരമാണ്. ഗോഗിന്‍ ജനിക്കുന്നതിനു മുമ്പേ അവര്‍ മരണപ്പെട്ടിരുന്നു. നൊബേല്‍ സമ്മാന ജേതാവും പെറുവിയന്‍ നോവലിസ്റ്റുമായ മാരിയോ വര്‍ഗാസ് യോസയുടെ പ്രസ്തമായ 'ദി വേ ടു പാരഡൈസ്' എന്ന നോവലില്‍ രണ്ടു കാലഘട്ടങ്ങളിലുളള ട്രിസ്റ്റാന്റെയും ഗോഗിന്റെയും ജീവിതത്തിലെ സമാനതകള്‍ അനാവരണം ചെയ്യുന്നുണ്ട്.

ഓര്‍ലിയന്‍സില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഗോഗിന്‍ ഫ്രഞ്ച് നാവികസേനയില്‍ ചേര്‍ന്നു. ആറ് കൊല്ലം ലോകം ചുറ്റിക്കറങ്ങിയ അദ്ദേഹം ഓരോ ഭൂപ്രദേശത്തിന്റെയും വര്‍ണഭേദങ്ങള്‍ ഹൃദയത്തില്‍ ആവാഹിച്ചിട്ടുണ്ടാവാം. വിവാഹശേഷം ഭാര്യയും അഞ്ചുകുട്ടികളുമടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം കോപ്പന്‍ഹേഗനിലേക്ക് താമസം മാറ്റി. ചിത്രകലയോടുള്ള അഭിനിവേശം സിരകളില്‍ നിറച്ചാര്‍ത്താരംഭിച്ചതോടെയാണ് അദ്ദേഹം 1870 ല്‍ പാരീസിലേക്ക് തിരിച്ചെത്തിയത്. തന്റെ ഇനിയുള്ള ജീവിതമാര്‍ഗം ചിത്രകലയാണെന്ന് ഗോഗിന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഫ്രാന്‍സില്‍ തിരിച്ചെത്തിയ ശേഷം ഒരു ഓഹരിക്കമ്പനിയില്‍ ഗോഗിന്‍ ജോലി ചെയ്തിരുന്നു. കമ്പനിയുടെ ഉടമ ഗുസ്താവേ അറോസയാണ് ഗോഗിനെ പ്രമുഖ ഇംപ്രഷനിസ്റ്റ് ചിത്രകാരന്‍ കാമില്ലേ പിസാറോയുമായി പരിചയപ്പെടുത്തിയത്. റെന്വാ, മൊനെ, പിസ്സാറോ എന്നീ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരുമായുള്ള അടുപ്പം ഗോഗാന്റെ ആദ്യകാലചിത്രങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നു. 1883 മുതല്‍ അദ്ദേഹം ചിത്രകലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.

ഗോഗിൻ പണിപ്പുരയിൽ
 

ഇക്കാലത്ത് ഗോഗിന് സെസാനുമായും വാന്‍ ഗോഗുമായും ഗാഢമായ സുഹൃദ്ബന്ധമുണ്ടായിരുന്നു. പോള്‍ ഗോഗിന്റെ വരകളില്‍ ആകര്‍ഷണീയനായ വാന്‍ഗോഗ് അദ്ദേഹവുമായി കൂടുതലടുത്തു. വര്‍ണങ്ങളും വിഭ്രാന്തിയും ഇരുവയെും മറ്റൊരു മായികലോകത്തില്‍ എത്തിച്ചു എന്നുതന്നെ പറയാം. വാന്‍ഗോഗിന്റെ പ്രശസ്തമായ സൂര്യകാന്തിപ്പൂക്കള്‍ ഗോഗിന്‍േറതു കൂടിയാണ്. കാരണം വാന്‍ഗോഗ് സൂര്യകാന്തിപൂക്കള്‍ വരക്കുന്നത് ഗോഗിന്‍ കാന്‍വാസിലാക്കിയിരുന്നു. പൊട്ടിച്ചിരിച്ചും കലഹിച്ചും ചിത്രം വരച്ചും അവര്‍ സൗഹൃദം ആഘോഷമാക്കി. എന്നാല്‍ കടുത്ത വിഷാദരോഗത്തിന് അടിമകളായിരുന്നു വാന്‍ഗോഗും ഗോഗിനും. അതവരുടെ  ബന്ധം ശിഥിലമാകുന്നതിലേക്കു നയിച്ചു. എങ്കിലും ജീവിതാവസാനം വരേയും ഇരുവരും തമ്മിലുള്ള പരസ്പര ബഹുമാനത്തിന് കോട്ടം തട്ടിയിരുന്നില്ല. വിഖ്യാത ചിത്രകാരന്‍മാരുടെ ആത്മബന്ധം മരണശേഷവും കഥകളിലൂടെ നിറഞ്ഞു നിന്നു.

ചിത്ര രചനക്കായുള്ള യഥാര്‍ത്ഥ പരിസരവും പ്രചോദനവും തേടിയാണ് 1891ല്‍ ഗോഗിന്‍ ഫ്രാന്‍സിലെ തന്റെ കുടുംബവും സൗഭാഗ്യങ്ങളും ഉപേക്ഷിക്കുന്നത്. നിരവധി ചിത്രരചന സങ്കേതങ്ങള്‍ പരീക്ഷിക്കുകയും പ്രകൃതിയും ബിംബങ്ങളും സാങ്കല്‍പികതയും ചേര്‍ത്ത് ചിത്രങ്ങളില്‍ കഥകള്‍ മെനഞ്ഞെങ്കിലും അദ്ദേഹം തൃപ്തനായിരുന്നില്ല എന്നു വേണം കരുതാന്‍. ഏകാന്തനായ ഒരു നാടോടിയെന്ന പോലെ അലഞ്ഞ ഗോഗിന്‍ ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതിയില്‍ മതായിയാ എന്ന ചെറുപട്ടണത്തിലാണ് എത്തിപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ പല ജോലികളിലും ഏര്‍പ്പെട്ട അദ്ദേഹം പലവിധ ബന്ധങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. താഹിതി യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ വിരലുകള്‍ക്ക് ചടുലവേഗവും ഛായങ്ങള്‍ക്ക് കൂടുതല്‍ പ്രകാശവും രൂപങ്ങള്‍ക്ക് മുഴുപ്പും നല്‍കുകയായിരുന്നു. എന്നാല്‍ അവിടുത്തെ അനുഭവങ്ങളെ അതേപടി പകര്‍ത്തുകയല്ല, ആ ജീവിതത്തിലെ മടുപ്പുകളെ ചിത്രങ്ങളിലൂടെ അനുഭവഭേദ്യമാക്കുകയാണ് അദ്ദേഹം ചെയ്തത്. പ്രകൃതിരമണീയമായ ആ പവിഴദ്വീപത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങള്‍ ഗോഗിന്‍ വരച്ചു. തന്റെ പ്രസിദ്ധമായ 'മനോവ തുപാപ്പാവു' (Spirit of the Dead Watching) എന്ന ചിത്രം ഇവിടെ വച്ചാണ് അദ്ദേഹം വരക്കുന്നത്.

ചീട്ട് കളിക്കാർ
 

കൊളോണിയല്‍ ഭരണം ഗോഗിന്റെ ജീവതത്തില്‍ കൈപ്പേറിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. എന്നാല്‍ തന്റെ ഭാവനാ സാമ്രാജ്യത്തിലൂടെ അദ്ദേഹം ഒരു പുതുലോകം പടുത്തുയര്‍ത്താന്‍ ശ്രമിച്ചു. തഹിതി വാസക്കാലത്ത് ഗൊഗാന്‍ വരഞ്ഞിട്ട ഗോത്ര-പ്രകൃതിബിംബങ്ങള്‍ ഒരു തലമുറയെ ഇംപ്രഷനിസത്തില്‍നിന്നും മുന്നോട്ട് നയിച്ചു. നാടന്‍കലകള്‍, ഗോത്രചിഹ്നങ്ങള്‍ എന്നിവയില്‍ നിന്നും ഉള്‍ക്കൊണ്ട നിറക്കൂട്ടുകളിലൂടെ ഗോഗിന്‍ തന്റേതായ ഒരു പ്രാചീനകലാപ്രസ്ഥാനം പടുത്തുയര്‍ത്തിയിരുന്നു.  കടുംനിറങ്ങളും അതിശയോക്തിയും ഇതിന്റെ പ്രത്യേകതകളായിരുന്നു. കലാകാരന്റെ കാല്‍പനികവും അസാധാരണവുമായ ജീവിതവും പലരെയും ആകര്‍ഷിച്ചു. നിരവധി നോവലുകളും സിനിമകളും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട്.

തനിക്കുചുറ്റുമുള്ള ദൃശ്യങ്ങളില്‍ നിന്നാണ് ഗോഗിന്‍ ചിത്രങ്ങള്‍ക്കുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്തത്. ചിത്രകലയിലെ തനതു ശൈലിയില്‍ നിന്ന് മാറിയുള്ള വേറിട്ട സുന്ദര്യാത്മകതയാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു മരത്തെ നിങ്ങള്‍ നീല നിറത്തിലാണ് കാണുന്നതെങ്കില്‍ അത് അങ്ങനെ തന്നെ ചിത്രമാക്കണമെന്നതായിരുന്നു അദ്ദേഹം പക്ഷം. അതേക്കുറിച്ച് ഗോഗിന്‍ തന്‍റെ വളരെ കുറച്ചു മാത്രമുള്ള സുഹൃത്തുക്കളില്‍ ഒരാളായ പാസ്ടരോട് ചോദിക്കുന്നു : 'ജീവിതം എന്നാല്‍ പരിചിതമല്ലാത്ത എന്തിന്‍റെയോ സൗന്ദര്യമല്ലേ പാസ്റ്റര്‍?'

ദ സ്പിരിട്ട് ഒഫ് ദ ഡെഡ് വാച്ചിങ്, ദ ഡേ ഒഫ് ഗോഡ്, ദ യെല്ലോ ക്രൈസ്റ്റ്, വെയര്‍ ഡൂ വി കം ഫ്രം, വാട്ട് ആര്‍ വി, വെയര്‍ ആര്‍ വി ഗോയിങ് എന്നിവയാണ് ഗോഗിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങള്‍. അദ്ദേഹത്തിന്‍റെ മിക്ക ചിത്രങ്ങളും റഷ്യയിലെ പുഷ്‌കിന്‍ മ്യൂസിയത്തിലാണുള്ളത്. 1903 മേയ് ഒന്‍പതിന് പുതുതലമുറക്കായി ഒരു വര്‍ണപ്രപഞ്ചം തന്നെ സമ്മാനിച്ചാണ് അദ്ദേഹം വിട പറഞ്ഞത്. ഗോഗിന്‍റെ മരണശേഷം സെക്ഷ്ജി സ്ചുകിന്‍ എന്ന ചിത്രശേഖര കമ്പക്കാരന്‍ അദ്ദേഹത്തിന്‍റെ മിക്കവാറും എല്ലാ ചിത്രങ്ങളും സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - Paul Guagin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT