മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾ

മലയാളിക്ക് സുപരിചിതമല്ലാതിരുന്ന സ്വവർഗാനുരാഗത്തിന്റെ അനുഭൂതിയിലൂടെ കടന്നു പോകുന്ന നോവലാണ് മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾ. വികാരങ്ങളുടെ തീവ്രതയാണ് മാധവിക്കുട്ടിയുടെ രചനകളെ എന്നും വ്യത്യസ്തമാക്കിയത്. സ്ത്രീ ജീവിതങ്ങളുടെ സത്യത്തെ മറ്റാരും പറയാത്ത തലങ്ങളിൽ ആവിഷ്‌ക്കരിക്കുകയാണ് മാധവിക്കുട്ടി ചെയ്തത്. ഭാവനയിലും രചനാശൈലിയിലും വ്യത്യസ്തത പുലർത്തിയിരുന്ന രചനകളിൽ നിറഞ്ഞ് നിന്നത് സ്‌നേഹത്തോടും തീവ്ര പ്രണയത്തോടുമുള്ള അടങ്ങാത്ത ദാഹമാണ്.

കല്യാണിക്കുട്ടിയുടെയും ഡോ. ഷീലയുടെയും തീവ്രമായ ആത്മബന്ധമാണ് ചന്ദനമരങ്ങളിൽ ഉയർന്നു നിൽക്കുന്നത്. എന്നും നിലനിൽക്കുന്ന സ്ത്രീപുരുഷ ബന്ധത്തിനടിസ്ഥാനമായ സുശീലയും എല്ലാം സഹിക്കുന്നവളുമായ സ്ത്രീയുടെ സ്ഥാനത്ത് കല്യാണിക്കുട്ടി തന്റെ വൈവാഹിക ജീവിതം പൊട്ടിച്ചെറിയുന്നവളാകുന്നു. ഡോ. ഷീലയാകട്ടെ വിരസമായി മാറുന്ന തന്റെ ദാമ്പത്യബന്ധം സമൂഹത്തിനു മുന്നിൽ അധിക്ഷേപിക്കപ്പെടാതിരിക്കാൻ വേണ്ടി മാത്രം തുടരുന്നവളാണ്. കല്യാണിക്കുട്ടിക്ക് വേണ്ടത് ഷീലയുടെ സാമീപ്യമായിരുന്നു. സുധാകരനുമായുള്ള ജീവിതം അവൾ വേണ്ടന്ന് വെക്കുന്നതും അതിനുവേണ്ടിത്തന്നെ.

ഷീലയുടെയും കല്യാണിക്കുട്ടിയുടെയും ജീവിതം വേറിട്ട വഴികളിൽ സഞ്ചരിക്കുമ്പോഴും സ്വവർഗാനുരാഗത്തിന്റെ അലയടികൾ അവരുടെ ജീവിതത്തിലുണ്ടാവുന്നുണ്ട്. കല്യാണിക്കുട്ടി അത് അംഗീകരിക്കുമ്പോൾ ഷീല തിരിച്ചറിയുമ്പോഴും അത് തുറന്നു സമ്മതിക്കാതിരിക്കുന്നു എന്ന വ്യത്യാസം മാത്രമാണ്
അവർക്കിടയിലുള്ളത്.

കാലത്തിനും മലയാളിയുടെ വായനാനുഭവങ്ങൾക്കപ്പുറം നിന്നവയാണ് മാധവിക്കുട്ടിയുടെ രചനകൾ. കഥകളിലൂടെയും കവിതകളിലൂടെയും ഓർമ്മകളിലൂടെയും മലയാളിയെ വിസ്മയിപ്പിച്ച മാധവിക്കുട്ടി ലെസ്ബിയൻ നോവലാണ് ചന്ദനമരങ്ങൾ. മാറിയ സാഹചര്യങ്ങളിൽ ജീവിതം നയിക്കുന്ന സ്ത്രീത്വത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ നോവൽ.

Tags:    
News Summary - Lesbian stories of Madhavikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.