ഇംഗ്ലീഷ് മലയാളമാക്കുന്ന വിദ്യ

വീശുവലയെറിഞ്ഞ് മീന്‍ പിടിക്കുന്ന ഒരാളോട് അതുവഴി വന്ന സുഹൃത്തുക്കളിലൊരാള്‍ മീന്‍ കിട്ടിയോ എന്നന്വേഷിച്ചു. ‘ആ കുറച്ചു പരല്‍സ്’ എന്നായിരുന്നു മറുപടി. എന്താണ് ഈ പരല്‍സ്? മത്സ്യങ്ങള്‍ക്ക് കേരളത്തിലങ്ങോളമിങ്ങോളം പേരുകളില്‍ വൈവിധ്യമുള്ളതുകൊണ്ട് ഏതോ മീനിന്‍െറ നാട്ടുപേരായിരിക്കും എന്ന് തെക്കും വടക്കും പരസ്പരം സംശയിക്കും. എന്നാല്‍, ഇംഗ്ളീഷിലെ ബഹുവചനക്കുറി മലയാളപദമായ പരലിനോട് ചേര്‍ത്തിരിക്കുകയാണ്, ‘ലൈബ്രറിയില്‍നിന്ന് കുറച്ച് ബുക്സെടുത്തു’ എന്ന മട്ടില്‍.

ഇത്തരം പ്രയോഗങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? സ്വന്തമായി വാക്കുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം മറ്റുഭാഷകളില്‍നിന്ന് കടം വാങ്ങിയും കൂടിയാണ് ഓരോ ഭാഷയും മുന്നേറുന്നത്. മലയാള ഭാഷയുടെ പദസമ്പത്തിന്‍െറ വലിയൊരു ഭാഗം സംസ്കൃതത്തില്‍നിന്നാണ്. പാലി, പ്രാകൃതം, മറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളില്‍നിന്നും പേര്‍ഷ്യന്‍, അറബി, പോര്‍ച്ചുഗീസ് തുടങ്ങിയ വിദേശഭാഷകളില്‍നിന്നും മലയാളം പദങ്ങള്‍ കടം കൊണ്ടിട്ടുണ്ട്. ഇംഗ്ളീഷുകാരുടെ വരവോടെ മലയാളം ധാരാളമായി കടംകൊള്ളുന്നത് ഇംഗ്ളീഷില്‍നിന്നാണ്.

വാക്കുകളും പ്രത്യയങ്ങളും തനതായ രീതിയില്‍ നിരന്നാണ് വാക്യങ്ങളുണ്ടാകുന്നത്. ഇതില്‍ പ്രത്യയങ്ങളാണ് ഒരു ഭാഷയുടെ മേല്‍വിലാസം നിശ്ചയിക്കുന്നത്. ബസില്‍ക്കയറി ടൗണില്‍പ്പോയി എന്ന വാക്യം മലയാളമാണ് എന്ന് ഉറപ്പിച്ചു പറയുന്നത് ആ വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന പ്രത്യയങ്ങളും വാക്യഘടനയുമാണ്. നാലു വാക്കുകളുള്ള ഈ വാക്യത്തില്‍ നാമപദങ്ങള്‍ രണ്ടും ഇംഗ്ളീഷും ക്രിയാപദങ്ങള്‍ മലയാളവുമാണെന്നു കാണാം. ‘ഇല്‍’ എന്ന വിഭക്തിപ്രത്യയവും ‘ഇ’ എന്ന ഭൂതകാലപ്രത്യയവും മലയാളംതന്നെ.

‘റ്റൊമാറ്റോ ചെറുതായി കട്ട് ചെയ്യുക’ എന്നെല്ലാം കേള്‍ക്കാറുണ്ട്. ഇത് അനാവശ്യമാണ്. ‘തക്കാളി’യുള്ളപ്പോള്‍ ‘റ്റൊമാറ്റോ’യുടെ ആവശ്യമില്ല. അതുപോലെ ‘കട്ട് ചെയ്തു’, ‘പിക് ചെയ്തു’, ‘ജംപ് ചെയ്തു’ എന്ന മട്ടില്‍ ക്രിയാപദങ്ങള്‍ ചേര്‍ക്കുന്നതും ഭംഗിയല്ല. മുറിച്ചു, പറിച്ചു, ചാടി എന്നെല്ലാം നല്ല മലയാളമുള്ളപ്പോള്‍ ഈ വികലപ്രയോഗങ്ങള്‍ എന്തിന്? പരല്‍സ്, ബുക്സ് എന്നീ പ്രയോഗങ്ങള്‍ വ്യാകരണയുക്ത്യാ ഇംഗ്ളീഷാണ്; മലയാളം പറയുന്നതിനിടയില്‍ ഇംഗ്ളീഷ് കയറ്റുന്നത് അഭംഗിയും.

വാക്കുകള്‍ ഉചിതമായി വിവര്‍ത്തനം ചെയ്തില്ലെങ്കിലും കുഴപ്പമാകും. ‘ലേഡീസ് ഫിംഗര്‍’ എന്നത് പെണ്‍വിരല്‍ എന്ന് വിവര്‍ത്തനം ചെയ്യാം. മുറിച്ചിട്ട് സാമ്പാറുണ്ടാക്കുമ്പോഴാണ് വിഷമം (ലേഡീസ് ഫിംഗര്‍ എന്നാല്‍ ‘വെണ്ട’യാണ്). മലയാളത്തില്‍ വാക്കുകള്‍ ഉള്ളതിന് ഇംഗ്ളീഷ് ഉപയോഗിക്കാതിരിക്കുക. ഉപയോഗിച്ചേ തീരൂ എന്നാണെങ്കില്‍ പ്രത്യയങ്ങള്‍ ചേര്‍ത്ത് മലയാളമാക്കുക, ക്രിയാപദങ്ങള്‍ക്ക് മലയാളത്തെതന്നെ ആശ്രയിക്കുക, മലയാള അക്ഷരങ്ങളില്‍ എഴുതുക തുടങ്ങിയ കാര്യങ്ങള്‍ ഇംഗ്ളീഷില്‍നിന്ന് കടമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവയാണ്.

Tags:    
News Summary - english vs malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.