ഗുര്‍മീതിന്‍റെ മലയാളി ശിഷ്യന്മാരോട്

ഗുര്‍മീത് റാം റഹീം സിംഗിന്റെ ശിക്ഷാ വിധിയ്ക്കു മുമ്പ്, അയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ദിവസം തന്നെ അനുയായികളായ 38 പേര്‍ വെട്ടി മരിച്ചപ്പോള്‍  അതു യുക്തിബോധം ഒട്ടുമില്ലാത്ത പശു ബെല്‍ട്ടിലെ അടിമ ഭക്ത ജനതയുടെ മണ്ടത്തരമെന്നു പ്രബുദ്ധത അവകാശപ്പെടുന്ന മലയാളി സമൂഹം തല്‍ക്ഷണം പ്രതികരിച്ചിരുന്നു. കേരളത്തിലാണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഇങ്ങനെ വെട്ടിമരിക്കാനൊന്നും ആളെ കിട്ടില്ലെങ്കിലും ഏറെക്കുറെ അതുതന്നെയാണ് ഇന്ത്യന്‍  ക്രിമിനല്‍ ചരിത്രത്തില്‍ ആദ്യമായി ബലാല്‍സംഗത്തിനു കൊട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന 'ജനപ്രിയന് 'വേണ്ടി കേള്‍ക്കുന്ന 'അടിയന്‍ ലച്ചിപ്പോം' മുറവിളികള്‍. എം എല്‍ എ മാര്‍ തൊട്ടു മാധ്യമ വിചാര വിശാരദര്‍ വരെ,ആരാധക മനോരോഗികള്‍ മുതല്‍ താര-സംവിധായക പ്രമുഖര്‍ വരെ കഴിഞ്ഞ ഒരാഴ്ചയായി ഉയര്‍ത്തിവിട്ട ആരവങ്ങള്‍ ഇപ്പോള്‍ നേര്‍ത്തു പോയിരിക്കുന്നു. 

അപ്പോഴും സൂപ്പര്‍ താരത്തിന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട് ചിലരെങ്കിലും ഉയര്‍ത്തുന്ന നിഷ്പക്ഷതാനാട്യമണിഞ്ഞ നിലപാടുകള്‍ സത്യത്തില്‍ അത്ര നിഷ്പക്ഷമല്ല. ബലിഷ്ഠനും ഭീമാകാരനുമായ ഒരാള്‍ ഒരു കൊച്ചു കുഞ്ഞിനെ ഇടിച്ചു ചതക്കുന്നത് കാണുമ്പോള്‍ ഞാന്‍ ഇടപെടുകയില്ല നിഷ്പക്ഷനാണ് എന്ന് പറയുന്നതിന് തുല്യമാണ് ഇതും. സൂപ്പര്‍ താരാധിപത്യവും ആണധികാര വ്യവസ്ഥയും മാഫിയ മൂലധന ശക്തികളും ക്രിമിനല്‍ സംഘങ്ങളുടെ സ്വഭാവമാര്‍ജ്ജിച്ച ഫാന്‍സും ഒക്കെ ഒരു ഭാഗത്തും ആക്രമിക്കപ്പെട്ട നിസ്സഹായയായ ഒരു പെണ്‍കുട്ടി മറു ഭാഗത്തുമായി വിഭജി ക്കപ്പെട്ട ഒരു വിഷയത്തില്‍ മൗനവും നിഷ്പക്ഷതയും ചരിത്രത്തോടുള്ള കുറ്റ കൃത്യമാണ്. അത് കൊണ്ട് പണവും അധികാരവും മാഫിയാ പിന്തുണയുമൊന്നുമില്ലാത്ത നീതിബോധമുള്ള കേരള ജനത ഒറ്റക്കെട്ടായി ഇക്കാര്യത്തില്‍ ഒരു നിലപാടെടുത്തു കഴിഞ്ഞിട്ടുണ്ട്. അത് എപ്പോഴും ആക്രമിക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന അവള്‍ക്കൊപ്പമാണ്. പണവും അധികാരവും പേശീബലവുമുള്ള ശക്തികള്‍ ഒരിക്കലും വിജയിക്കരുതെന്നു ഒരു ജനത ആത്മാര്‍ത്ഥമായി  ആഗ്രഹിക്കുന്നു. 

ചുമത്തപ്പെട്ട കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലെന്നും പറഞ്ഞു നാലുതവണയും ജാമ്യം നിഷേധിക്കപ്പെട്ട പ്രതിക്കു  വേണ്ടി നിയമവ്യവസ്ഥയെ വെല്ലു വിളിക്കുകയും വരിവരിയായി ആലുവ ജയിലില്‍ തീര്‍ഥാടനം നടത്തുകയും  ചെയ്യുന്നവര്‍ ഗുര്‍മീത് ആരാധകരുടെ മലയാളി പതിപ്പുകള്‍ തന്നെയാണ്. അവര്‍ തന്നെയാണ് നടന്‍റെ പുതിയ സിനിമക്ക് പി.ആര്‍ ജോലിയുമായി ഇറങ്ങിയിരിക്കുന്നത്. ഈ സിനിമ നമ്മുടെ ജീവിത ബോധത്തെയോ ചലച്ചിത്ര സംസ്ക്കാരത്തെയോ അല്‍പ്പം പോലും മുന്നോട്ടു നയിക്കുമെന്ന ഒരു പ്രതീക്ഷയും നല്‍കാത്ത ഒരു തട്ട് പൊളിപ്പന്‍ കച്ചവട സിനിമതന്നെയാണ്. മാഫിയാ മണമുള്ള ആ സിനിമ  പരാജയപ്പെടുമ്പോള്‍ സത്യത്തില്‍ വിജയിക്കുക മലയാളിയുടെ ആത്മാഭിമാനം തന്നെയാണ്. 


വാല്‍ക്കഷ്ണം-ഏതു വിഷയത്തെക്കുറിച്ചു പറയുമ്പോഴും അല്‍തൂസറും ദരീദയുമെല്ലാം ഉദ്ധരിക്കുന്ന പ്രബല സിനിമാ സംഘടനാഭാരവാഹിയായ സൈദ്ധാന്തികന്‍റെ  നാവ് കഴിഞ്ഞ ഏതാനും  മാസങ്ങളായി ഇറങ്ങിപ്പോയിരിക്കുന്നു. അദ്ദേഹം എപ്പോഴാണ്  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്രീ സമൂഹം നേരിടുന്ന ആക്രമണത്തെപ്പറ്റി രണ്ടു വാക്കു പറയുക. എന്നും എപ്പോഴും അവള്‍ക്കൊപ്പം
അവള്‍ക്കൊപ്പം മാത്രം #അവൾക്കൊപ്പം
- കരിവെള്ളൂർ മുരളി

Tags:    
News Summary - To the disciple of Gurmeeth ram Raheeem-literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.