ആര്‍ത്തിയുടെ അധിനിവേശം, ആത്മാവിന്‍െറ നാശം

ഒരു സന്ദര്‍ശനത്തിന്‍െറ മറവില്‍ സ്നേഹത്തെയും സൗഹൃദത്തെയും അനുകമ്പയെയുമെല്ലാം പുറന്തള്ളി, ഒരു ജനതയുടെ ആത്മാവില്‍ ആര്‍ത്തിയും കൊടിയ ഹിംസക്കുള്ള സന്നദ്ധതയും അധിനിവേശം നടത്തുന്നതാണ് സ്വിസ് നാടകകൃത്ത് ഫ്രിഡ്രിഷ് ഡ്യൂറന്‍മാറ്റ് എഴുതിയ ‘സന്ദര്‍ശനം’ (The Visit) എന്ന നാടകത്തിന്‍െറ വിഷയം (മൂലകൃതി ജര്‍മന്‍ ഭാഷയില്‍). 1956 ജനുവരി 29ന് സൂറിച്ചില്‍ ആദ്യമായി അരങ്ങിലത്തെിയ ഈ നാടകം ആറ് ദശകക്കാലത്തിനിടയില്‍ ലോകനാടകവേദി കണ്ട ഏറ്റവും മികച്ച നാടകങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പതിനഞ്ചിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ടതും ഇരുപത്തഞ്ചിലധികം രാജ്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ടതുമായ ‘സന്ദര്‍ശനം’ 20ാം നൂറ്റാണ്ടിന്‍െറ രണ്ടാം പകുതിയില്‍ ആഗോളതലത്തില്‍ സംഭവിച്ച സാമ്പത്തിക, സാംസ്കാരിക പരിണാമങ്ങളുടെ അന്ത$സത്തയെതന്നെയാണ് പ്രമേയമാക്കി മാറ്റിയിരിക്കുന്നത്. ഈ പ്രമേയത്തിന്‍െറ ആവിഷ്കാരത്തിന് വ്യത്യസ്ത രസസാധ്യത സ്വതന്ത്രമായി ഇടകലരുന്ന അത്യധികം ചടുലമായ ഇതിവൃത്തമാണ് ഡ്യൂറന്‍മാറ്റ് സൃഷ്ടിച്ചത്. അതിന്‍െറ കരുത്തും സൗന്ദര്യവും അസാധാരണംതന്നെയാണ്.

ഗുലന്‍ നഗരനിവാസികളുടെ ഒരു സംഘം ക്ളെയര്‍ സഹനസിയാന്‍ (Claire Zachanassian) എന്ന സഹസ്രകോടീശ്വരിയുടെ വരവും കാത്ത് റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുന്നിടത്താണ് നാടകം ആരംഭിക്കുന്നത്. രണ്ട് ബോഡിഗാര്‍ഡുകള്‍, രണ്ട് കാഴ്ചശക്തിയില്ലാത്തവര്‍, ഒരു ബട്ലര്‍, പ്രതിശ്രുതവരന്‍ എന്നിവരോടൊപ്പമാണ് ക്ളെയര്‍ വണ്ടിയിറങ്ങുന്നത്. അവള്‍ കൂട്ടിലടച്ച ഒരു കറുത്ത പുള്ളിപ്പുലിയെ കൂടെ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ഒരു ശവപ്പെട്ടിയും. ഗുലനിലെ ജനറല്‍ സ്റ്റോറിന്‍െറ ഉടമയായ ആന്‍റണ്‍ ഷില്‍ പണ്ട് ക്ളെയറുമായി പ്രണയത്തിലായിരുന്നു. ഇപ്പോള്‍ സാമ്പത്തികമായി തകര്‍ന്നുതരിപ്പണമായി കിടക്കുന്ന ഗുലന്‍ നഗരത്തെ രക്ഷിക്കാനുതകുന്ന ഭീമമായ ഒരു തുക (1 ബില്യന്‍ മാര്‍ക്ക്) താന്‍ സംഭാവനചെയ്യാമെന്ന് ക്ളെയര്‍ വാഗ്ദാനം ചെയ്യുന്നു. യൗവനാരംഭത്തില്‍തന്നെ പ്രണയിക്കുകയും ഗര്‍ഭിണിയാക്കിയശേഷം ഉപേക്ഷിക്കുകയും ചെയ്ത ആന്‍റണ്‍ ഷില്ലിനെ കൊന്ന് തന്നോട് നീതിചെയ്യണമെന്നാണ് അതിന് പകരമായി ക്ളെയര്‍ ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ ക്ളെയറിനോടൊപ്പം വന്നിരിക്കുന്ന ബട്ലര്‍ പണ്ട് ഗുലനിലെ ചീഫ് ജസ്റ്റിസ് ആയിരുന്നു. ആ കാലത്ത് ക്ളെയര്‍ ആന്‍റണ്‍ ഷില്ലിനെതിരെ ഒരു കേസ് കൊടുത്തപ്പോള്‍ ഷില്‍ അന്ന് തനിക്ക് അനുകൂലമായി രണ്ട് കള്ളസാക്ഷികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ക്ളെയറുമായി തങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു എന്ന് അവര്‍ കോടതിയില്‍ മൊഴി നല്‍കി, കേസില്‍ ഷില്ലിന് അനുകൂലമായി വിധിയുണ്ടാക്കി. അന്നത്തെ ആ കള്ളസാക്ഷികളെയാണ് ക്ളെയര്‍ അന്ധരാക്കി കൂടെ കൂട്ടിയിരിക്കുന്നത്. ജസ്റ്റിസിനെ അവര്‍ വിലയ്ക്കെടുത്തതാണ്.

മാധ്യമം ആഴ്ചപ്പതിപ്പില്‍ തുടര്‍ന്ന് വായിക്കാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.