ക്ണാപ്പന്‍റെ അർഥമെന്ത്?

കേരള സാഹിത്യ അക്കാദമിയും കേന്ദ്രസാഹിത്യ അക്കാദമിയും ലളിതകലാ അക്കാദമിയുമൊക്കെയായി നമുക്ക് ധാരാളം അക്കാദമികളുണ്ട്. ഉപരിപഠനകേന്ദ്രം, കലയുടെയോ ശാസ്ത്രത്തിന്‍റെയോ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടം എന്നെല്ലാമാണ് ഈ വാക്കിന്‍റെ അര്‍ഥം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അക്കാദമിസ്റ്റുകള്‍ എന്നു വിളിക്കാറുമുണ്ട്. അക്കാദമി എന്ന വാക്കിന്‍റെ നിരുക്തി അന്വേഷിച്ചുചെന്നാല്‍ നാം ഗ്രീസിലാണെത്തിപ്പെടുക. ഇതിഹാസ പ്രസിദ്ധമായ ട്രോജന്‍ യുദ്ധത്തിലെ ഒരു പടയാളിയായിരുന്ന അക്കാദമോ (ഹെക്കാദമോ)യുടെ വകയായി ഒലിവ് മരത്തോപ്പില്‍ സ്ഥാപിച്ചിരുന്ന കായികാഭ്യാസക്കളരിയായിരുന്നു (Gymnasium) ഇന്നത്തെ അക്കാദമിയുടെ പ്രാകൃത രൂപം. പില്‍ക്കാലത്ത് പ്ളേറ്റോ ഈ സ്ഥലം വിലയ്ക്കുവാങ്ങി ഇതിനെ ഉന്നത വിദ്യാപീഠമാക്കി ഉയര്‍ത്തി. ഈ വിദ്യാപീഠം അക്കാദമിയ എന്നും ഇവിടത്തെ അധ്യാപകര്‍ അക്കാദമിസ്റ്റുകള്‍ എന്നും അറിയപ്പെട്ടു. ഹെക്കാദമോയുടെ പറമ്പ് എന്നുമാത്രമേ ഈ വാക്കിന് അര്‍ഥമുള്ളൂ എന്നു കാണാം. വിജ്ഞാനത്തിന്‍റെയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെയും പര്യായവാക്കായി മാറിയ അക്കാദമി പോലെ പ്രശസ്തമല്ലെങ്കിലും നമ്മുടെ ഭാഷയിലും കൗതുകകരമായ ചില വാക്കുകള്‍ പ്രചാരത്തിലുണ്ട്.

കൂടക്കൂടെ അബദ്ധങ്ങള്‍ കാണിക്കുന്നവന്‍, ഒന്നിനും കൊള്ളാത്തവന്‍ തുടങ്ങിയ അര്‍ഥങ്ങളില്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഒരു വാക്കാണ് ക്ണാപ്പന്‍. ഈ വാക്കിന് നിഘണ്ടുക്കളിലൊന്നും നിരുക്തി കണ്ടത്തൊനാവില്ല. പഴയ ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന സര്‍ ആര്‍തര്‍ റോലന്‍ഡ് നാപ്പ് (Sir Arthur Rowland Knapp) എന്ന ഇന്ത്യന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍റെ പേരില്‍ നിന്നാണത്രെ ഈ വാക്കുണ്ടാകുന്നത്. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും കാര്യമായ ധാരണയില്ലാതിരുന്ന നാപ്പിന്‍റെ പല തീരുമാനങ്ങളും അബദ്ധത്തില്‍ കലാശിച്ചു. മലയാളികള്‍ക്ക് ഉച്ചരിക്കാന്‍ അല്‍പം പ്രയാസമുള്ള ‘സിമു’ എന്ന പേര് ക്ണാപ്പ് ആയി. അദ്ദേഹം റവന്യൂ സെക്രട്ടറിയായി മദ്രാസിലേക്കു പോയെങ്കിലും അബദ്ധങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള വിശേഷണ പദമായി ക്ണാപ്പന്‍ എന്നൊരു പദം നടപ്പിലായി!

പഴയ മദ്രാസിലെ ഒരു പാലത്തെക്കുറിച്ചും ഇത്തരമൊരു കഥ കേട്ടിട്ടുണ്ട്. പാലം നിര്‍മിച്ച ഹാമില്‍ട്ടണ്‍ സായിപ്പിന്‍റെ സ്മരണക്കായി പാലം ഹാമില്‍ട്ടണ്‍ ബ്രിഡ്ജ് എന്നറിയപ്പെട്ടു. ഹാമില്‍ട്ടണ്‍ പറഞ്ഞുപറഞ്ഞ് അമ്പട്ടനായി. അമ്പട്ടന്‍ പാലം എന്നു പറയുന്നതില്‍ കുറച്ചില്‍ തോന്നിയ മദിരാശിക്കാര്‍ അത് ഇംഗ്ളീഷില്‍ ബാര്‍ബേഴ്സ് ബ്രിഡ്ജ് എന്നാക്കി. വാക്കുകളുടെ പിന്നാലെ തിരഞ്ഞു ചെന്നാല്‍ രസകരമായ കഥകളിലേക്കും ചരിത്രസന്ദര്‍ഭങ്ങളിലേക്കും എത്തിച്ചേരാന്‍ സാധിക്കും. സൂക്ഷിച്ചുനോക്കിയാല്‍ ഓരോ വാക്കും ഓരോ കഥയുമായാണ് നടക്കുന്നതെന്നു കാണാന്‍ കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.