ബാബുവേട്ടന്‍ പടിയിറങ്ങിയത് അവസാന നോവലിന്‍െറ പണിപ്പുരയില്‍നിന്ന്

എണ്‍പതുകളില്‍ സത്യത്തിന്‍െറ നഗരത്തില്‍ കാലുകുത്തിയെന്ന് പറയാവുന്നതാണ് ബാബു ഭരദ്വാജിന്‍െറ കോഴിക്കോടന്‍ജീവിതം. ചിന്ത രവിയുടെ സൈക്കോയിലാണ് അവര്‍ കണ്ടുമുട്ടിയത്. കാലഭേദമില്ലാതെ അന്ന് സൈക്കോയില്‍ ഒത്തുചേര്‍ന്നിരുന്ന ചിന്ത രവിയും ചെലവൂര്‍ വേണുവുമടങ്ങുന്ന സംഘത്തോടൊപ്പമാണ് ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’ എന്ന സിനിമ പിറന്നത്. എന്‍ജിനീയര്‍ എന്നനിലയില്‍ ഏറക്കാലം പ്രവാസിയായി ജീവിച്ച് ജന്മനാട്ടിലേക്ക് തിരിച്ചത്തെിയതായിരുന്നു ബാബു.ചിന്ത രവി എന്ന കെ. രവീന്ദ്രന്‍ തന്‍െറ പ്രത്യക്ഷനുഭവങ്ങളുമായി ബന്ധപ്പെട്ട് തയാറാക്കിയ സിനിമയായിരുന്നു അത്. സ്വര്‍ഥത ഉപേക്ഷിച്ച് സാമൂഹികനന്മക്കുവേണ്ടി പലതും നഷ്ടപ്പെടാന്‍ തയാറായ ഒരുകൂട്ടം യുവാക്കള്‍. ഇവരുടെ നിസ്സഹായത, പരാജയങ്ങള്‍, വിധി ഇതെല്ലാമായിരുന്നു ആ സിനിമ. കഥയും തിരക്കഥയും സംഭാഷണവും രവിയുടേതായിരുന്നെങ്കിലും രാഷ്ട്രീയചിത്രമെന്ന നിലയില്‍ ശ്രദ്ധേയമായ ആ സിനിമയുടെ നിര്‍മാണത്തിലൂടെ ബാബു ഭരദ്വാജ് തന്‍െറ രാഷ്ട്രീയം വെളിപ്പെടുത്തി. 1980 മാര്‍ച്ച് 21നായിരുന്നു ആ സിനിമ തിയറ്ററുകളിലത്തെിയത്. ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകയായ മകള്‍ രേശ്മ കുഞ്ഞുനാളില്‍ ഈ സിനിമയില്‍ അഭിനയിച്ചിരുന്നു.

കോഴിക്കോടുമായുള്ള സാസ്കാരികബന്ധത്തിന് തുടക്കംകുറിച്ച ഈ സിനിമ അദ്ദേഹത്തിന്‍െറ ജീവിതത്തിലെ നാഴികക്കല്ലായെന്ന് അന്ന് കൂടെയുണ്ടായിരുന്നവര്‍ ഓര്‍ക്കുന്നു. അന്നത്തെ ചലച്ചിത്രപ്രവര്‍ത്തകരായ പി.എം. അബ്ദുറഹ്മാന്‍, ബാങ്ക് രവി, പവിത്രന്‍, ബക്കര്‍ തുടങ്ങി സമാന്തരസിനിമയുടെ അണിയറ പ്രവര്‍ത്തകരുമായുണ്ടായ കൂട്ടും അവസ്മരണീയമാണ്.എസ്.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യാ ഭാരവാഹിയായിട്ടും പാര്‍ട്ടിയുമായി ഇടഞ്ഞെങ്കിലും ആദ്യാവസാനം നല്ല കമ്യൂണിസ്റ്റായിരുന്നു ബാബുവേട്ടനെന്ന് ഓര്‍ക്കുന്നു സൈക്കോ കൂട്ടത്തിലെ കണ്ണിയായിരുന്ന ശ്രീകുമാര്‍ നിയതി. സിനിമക്കുശേഷം വയനാട്ടില്‍ കുറെ വീടുകള്‍ക്ക് പ്ളാന്‍ തയാറാക്കാന്‍ പോയി അവിടത്തെ പിന്നാക്കജീവതം നേരിട്ടറിഞ്ഞതിന്‍െറ അനുഭവങ്ങള്‍ പങ്കുവെക്കുമായിരുന്നു.
എന്തുകണ്ടാലും വാര്‍ത്തയാക്കാനുള്ള അല്ളെങ്കില്‍, എഴുതാനുള്ള അദ്ദേഹത്തിന്‍െറ പാടവം ഈ സമയത്താണ് തിരിച്ചറിയുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടയാളുകളെ കുറിച്ച് ഓര്‍ത്തുവെക്കാനും വായനാസുഖത്തോടെ എഴുതാനുമുള്ള കഴിവ് അപൂര്‍വതയാണ്. ജീവിതയാത്രക്കിടെ കണ്ടവരുടെ വലിയശേഖരമായിരുന്നു അദ്ദേഹത്തിന്‍െറ ഓര്‍മ -ശ്രീകുമാര്‍ പറയുന്നു.
രണ്ടു മാസം മുമ്പ് അവസാനമായി കാണുമ്പോള്‍ ഏറെനേരം സംസാരിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും അവസാനത്തെ നോവല്‍ രചനയിലായിരുന്നു.
സ്ത്രീവിദ്വേഷിയായ ഒരു ആട് കേന്ദ്രകഥാപാത്രമായി വരുന്നതാണ് നോവല്‍. അതിലെ രണ്ട് അധ്യായങ്ങള്‍ വായിച്ചുകേള്‍പ്പിച്ചിരുന്നു. എന്തൊക്കെയോ സവിഷേശതയുള്ളതായിരുന്നു ആ നോവലെന്നും ശ്രീകുമാര്‍ ഓര്‍ക്കുന്നു. അന്ന് കണ്ടപ്പോള്‍ മരണഭയത്തോടെയായിരുന്നു സംസാരിച്ചിരുന്നതെന്നും ശ്രീകുമാര്‍ പറയുന്നു.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന സിനിമയിലെ ‘മുണ്ടകപ്പാടത്തെ നാടന്‍ കുഞ്ഞേ...’ എന്ന ഗാനം രചിച്ചത് ബാബു ഭരദ്വാജ് ആണ്.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ മുറിവുകള്‍, കറുത്തബാല്യം, കൊറ്റികളെ സ്വപ്നംകാണുന്ന പെണ്‍കുട്ടി, കണ്‍കെട്ടിക്കളിയുടെ നിയമങ്ങള്‍, ചെട്ടിയാരുടെ മരണം: ഒരു വിയോജനക്കുറിപ്പ്,  മീന്‍തീറ്റയുടെ പ്രത്യയശാസ്ത്ര വിവക്ഷകള്‍, വനഭോജനം, ആനമയിലൊട്ടകം, മൃതിയുടെ സന്ധിസമാസങ്ങള്‍, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, ശവഘോഷയാത്ര, പപ്പറ്റ് തിയറ്റര്‍, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യനഗരങ്ങള്‍, പഞ്ചകല്യാണി, അനുഭവം-ഓര്‍മ-യാത്ര, മൂന്നു കമ്യൂണിസ്റ്റ് ജീവിതങ്ങള്‍ ഒരു പുനര്‍വായന, കബനീനദി ചുവന്നത്... 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.