മുസ് ലിം വിരുദ്ധ പരാമർശം: സൂചിയുടെ പുസ്തകം വിവാദമാകുന്നു

നൊബേൽ ജേതാവും പ്രശസ്ത ജനാധിപത്യ വാദിയുമായ ഓങ്സാന്‍ സൂചിയുടെ പുസ്തകം വിവാദമാകുന്നു. പത്രപ്രവർത്തകനായ പീറ്റർ പൊഫാം സൂചിയെക്കുറിച്ച് എഴുതിയ 'ദി ലേഡി ആൻഡ് ദി ജനറൽസ്: ഓങ്സാന്‍ സൂചി ആൻഡ് ബർമാസ് സ്ട്രഗ്ൾ ഫോർ ഫ്രീഡം' എന്ന പുസ്തകത്തിലെ മുസ് ലിം വിരുദ്ധ പരാമർശമാണ് സൂചിയെ വിവാദ കുരുക്കിലാക്കിയത്.

ബി.ബി.സി ലേഖിക മിഷാൽ ഹുസൈൻ 2013ലാണ് സൂചിയുമായി അഭിമുഖം നടത്തിയത്. മ്യാൻമറിലെ റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിക്കുമോ എന്നായിരുന്നു സൂചിയോടുള്ള മിഷാലിന്‍റെ ഒരു ചോദ്യം.

മിഷാൽ ഹുസൈൻ
 

'മ്യാൻമറിൽ പലരും പീഡനത്തിന് ഇരയാകുന്നുണ്ട്. ബുദ്ധമത വിശ്വാസികൾക്കും പല കാരണങ്ങളാലും രാജ്യം വിട്ടുപോകേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം ഇവിടുത്തെ ഏകാധിപത്യ ഭരണത്തിൻെറ ഫലമാണ്' -എന്നായിരുന്നു സൂചിയുടെ പ്രതികരണം. മിതവാദികളായ ധാരാളം മുസ് ലിംകൾ മ്യാൻമറിലുണ്ട്. അവരെല്ലാം സമൂഹവുമായി നല്ല രീതിയിൽ ബന്ധം സ്ഥാപിച്ചവരാണ്. എന്നാൽ ഇരു വിഭാഗത്തിലുമുണ്ടാകുന്ന ഭയമാണ് പ്രശ്നങ്ങൾക്ക് കാരണം. ഈ ഭയം മുസ് ലിംകൾ മാത്രമല്ല, ബുദ്ധമതക്കാരും നേരിടുന്നുണ്ട് എന്നും സൂചി പറഞ്ഞു.

എന്നാൽ ചോദ്യം ചോദിച്ച ബി.ബി.സി ലേഖിക ഒരു മുസ് ലിമാണെന്ന് താൻ അറിഞ്ഞിരുന്നില്ല എന്ന പുസ്തകത്തിലൂടെ സൂചി ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലാണ് വിവാദമായത്.

മ്യാൻമറിൽ ദുരിതം നേരിടുന്ന റോഹിങ്ക്യൻ അഭയാർഥികളോടുള്ള സൂചിയുടെ സമീപനം നേരത്തെയും ചർച്ചയായിരുന്നു. ജനാധിപത്യ വാദിയായ സൂചി, അഭയാർഥി പ്രശ്നത്തിനുനേരെ മുഖം തിരിഞ്ഞുനിൽക്കുന്നു എന്നായിരുന്നു വിമർശം. അതിനിടെയാണ് വിവാദ പരാമർശവുമായി പുസ്തകം ഇറങ്ങിയത്.

സ്വതന്ത്രമായയ ചുറ്റുപാടിൽ ജനിക്കുകയും ജീവിക്കുകയും സഹിഷ്ണുതാവാദിയുമായ സൂചി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയതെങ്ങനെയെന്ന് അദ്ഭുതം കൂറുന്നവരുണ്ട്. സൂചിയുടെ സുഹൃത്തും പേഴ്സണൽ സ്റ്റാഫിലെ പ്രധാന ഉദ്യോഗസ്ഥനുമായ ഡോ. ടിൻ മാർ ഓങിന്‍റെ അഭ്രപ്രായങ്ങൾ സൂചിയെ സ്വാധീനമാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ബുദ്ധമതവിശ്വാസിയായ ഇദ്ദേഹമാണ് സൂചിയുടെ പ്രധാന ഉപദേഷ്ടാവ്.

വീട്ടുതടങ്കലിൽ കഴിയുന്ന സൂചിയെ കാണാനെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു
 

'ലേഡി ആൻഡ് ദ പീകോക്ക്' എന്ന ആത്മകഥ പുസ്തകത്തിൽ തന്‍റെ ആദ്യ കാമുകൻ പാകിസ്താൻ കാരനായിരുന്നുവെന്ന് സൂചി വെളിപ്പെടുത്തിയിരുന്നു. 20 വർഷങ്ങളായി മുസ് ലിങ്ങളോട് പ്രത്യേക വിദ്വേഷമൊന്നും വെച്ചുപുലർത്താത്ത ബ്രിട്ടനിലായിരുന്നു സൂചി താമസിച്ചിരുന്നത്. മ്യാൻമറിന്‍റെ ജനാധിപത്യത്തിന് വേണ്ടി പോരാടാൻ സൂചിയെ പ്രേരിപ്പിച്ചതും മോംഗ് ത്വാ കാ എന്ന മുസ് ലിം പത്രപ്രവർത്തകനായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.