മഴക്കവിതകൾ

പ്രകൃതിയോടുള്ള മനുഷ്യന്‍റെ അടങ്ങാത്ത ചൂഷണ തൃഷ്ണ തീർത്ത തിക്തതയുടെ ഫലമായി  മഴ കിട്ടാക്കനിയാവുകയാണ്. മഴക്കാലം എന്നത് ഒരു കാലമല്ലാതാവുകയാണ്. കരിമുകിലുകൾ പെയ്തിറങ്ങണോ എന്ന് ശങ്കിക്കുന്നു. ചിലപ്പോഴത് പെരുമഴയായി ആസുരത പൂണ്ട് തിമർത്താടുന്നു. എല്ലാം കാലവും നേരവും തെറ്റി. മഴയുടെ കനിവും അനുഗ്രഹവും പോയ് മറയുകയാണോ?  മഴയെക്കുറിച്ചുള്ള  ചില കവി ഭാവനകൾ. മഴയുടെ കനിവും  അനുഗ്രഹവും വിരഹവും ആസുരതയും  എല്ലാം വരികളിൽ.

കാറു കണ്ട കർഷകൻ എന്ന കവിതയിൽ മഹാകവി വള്ളത്തോൾ വേഴാമ്പലിനെപോലെ മഴക്കായി കാത്തു നിൽക്കുന്ന കർഷകന്‍റെ മനസ്​ വരച്ചു കാട്ടുകയാണ്.
വേഴാമ്പൽപോലുന്മുഖനായി നിൽക്കും
കൃഷിവലന്നേറെ വിടർന്ന കണ്ണിൽ
സുഖാഞ്ജനസ്സത്തെഴുതിച്ചു മേഘം
സൗദാമിനീ രൂപശലാകയാലേ


പതിറ്റാണ്ടു മുമ്പത്തെ നാട്ടിൻപുറങ്ങളിലെ മഴക്കാഴ്ച വരച്ചുകാട്ടുകയാണ് മഴ എന്ന കവിതയിൽ ഒ.എൻ. വി.

കൊട്ടിപ്പാടുന്നു മഴ
നടവരമ്പത്തൊരു
കുട്ടിയുണ്ടതിൻ കൈയിൽ
പുസ്തകം പൊതിച്ചോറും
കുടയായൊരു തൂശ–
നിലയും അതുകൊത്തി–
ക്കുടയുവോ മഴ–
ക്കാറ്റിന്‍റെ കാക്കക്കൂട്ടം

പെരുമഴയെ സരസമായി ചിത്രീകരിക്കുകയാണ് കുഞ്ചൻ നമ്പ്യാർ ഗോവർധ ചരിതം എന്ന കവിതയിൽ.

തെരുതരെ നിരവധി ചൊരിയും വാരികർ
ധരണി നിറഞ്ഞുകവിഞ്ഞു വഴിഞ്ഞഥ
അരനിമിഷത്തിൽ പുരികളുമാഴികൾ
പെരുകിജലമയമായി ദിഗന്തം
കരകനിപാതാൽ കാലികളെല്ലാം
കരചരണങ്ങൾ മുറിഞ്ഞുവലഞ്ഞു;
അരണകളാലിപ്പഴമതു തിന്നു
മരണം പ്രാപിച്ചൊക്കെയൊടുങ്ങി

ബാല്യത്തിന്‍റെ കൗതുകമാണ് ബാലാമണി അമ്മ മഴവെള്ളത്തിൽ എന്ന കവിതയിൽ ആവിഷ്കരിക്കുന്നത്.

അമ്മേ വരൂ വരൂ വെക്കം വെളിയിലേ
ക്കല്ലെങ്കിലിമ്മഴ തോർന്നുപോമേ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തിൽ തത്തിച്ചാടാൻ


മഹാകവി വൈലോപ്പിള്ളി മഴയെ വർഷാഗമം എന്ന കവിതയിൽ വർണിക്കുന്നതിങ്ങനെ.

ചിന്നിത്തെറിക്കും നറുമുത്തുപോലെ,
നീളുന്ന വെള്ളിത്തെളിനൂലുപോലെ
ആകാശഗംഗാപ്രസരങ്ങൾപോലെ –
യാഹാ!തിപ്പു പുതുവർഷതോയം

കാലവർഷമേ നന്ദി എന്ന കവിതയിൽ മഹാകവി പി. കുഞ്ഞിരാമൻ നായർ.

കൺമിഴിച്ചു ക്ഷണത്താൽശ്ശോക–
മൂർച്ചയേറ്റുള്ള വിത്തുകൾ
അന്തർദാഹാൽ നാവിളക്കി
പൊടിഞ്ഞാറിൻ കിടാങ്ങളും!

മഴയുടെ വരവിനായി പാടുകയാണ് പി. ഭാസ്​കരൻ കരിമുകിൽ പെൺകൊടി എന്ന കവിതയിൽ. ഒരിറ്റു ജലത്തിനായി കാത്തിരിക്കുന്ന ഭൂമിയുടെയും കിളികളുടെയും രോദനം വരികളിൽ നിഴലിക്കുന്നു.

ഒരു കുടം തണ്ണീരുമൊക്കത്തു വച്ചൊരാ –
ക്കരിമുകിൽപ്പെൺകൊടിയെങ്ങുപോയി
വയലിന്‍റെ തൊണ്ട വരണ്ടുകിടക്കുമ്പോ–
ളുയിരറ്റു തോപ്പുകൾ നിന്നിടുമ്പോൾ
തളിരുകളൊക്കെക്കൊഴിഞ്ഞൊരു മാന്തോപ്പിൽ
കുയിലുകൾ പാടിത്തളർന്നിടുമ്പോൾ ....


പ്രകൃതി നശീകരണം വഴി ദുരന്തം വില കൊടുത്തു വാങ്ങുന്ന മനുഷ്യന്‍റെ ബുദ്ധിശൂന്യതയെയാണ്  ആകാശവും ഭൂമിയും എന്ന കവിതയിൽ അക്കിത്തം വരച്ചു കാട്ടുന്നത്.

വെട്ടിപ്പോയ മഴക്കാടുകളുടെ
വേരന്വേഷിച്ചലയുന്നു
ഒറ്റക്കിന്നു മഴക്കാറെന്നി –
ട്ടിറ്റിറ്റശ്രു പൊഴിക്കുന്നു
ബുധനും ശുക്രനുമിക്കഥ കേൾക്കെ –
ബ്ബധിരത ഭാവിച്ചലയുന്നു

ഒരു മഴപെയ്തു എന്ന കവിതയിൽ അയ്യപ്പ പണിക്കർ മഴയുടെ അനുഗ്രഹം ചൊരിയുന്നു.

ഒരു മഴ പെയ്തു
ഭൂമി കുളിർത്തു
ഒരു കതിർ നീണ്ടു
ഭൂമി പൊലിച്ചു
 

മഴയുടെ ഭാവങ്ങൾ വരക്കുകയാണ് സച്ചിദാനന്ദൻ മഴയുടെ നാനാർഥം എന്ന വരികളിൽ.

പുതുമഴ
മേഘങ്ങളുടെ പിളരുന്ന പളുങ്കു
മേൽക്കൂരക്കു കീഴിൽ
വയലിനുകളുടെ ഒരു താഴ്വരയാണ്

 

ഒരു ഗന്ധർവൻ പാടുന്നു എന്ന കവിതയിൽ ഇടശ്ശേരി ഇടവപ്പാതിയുടെ വരവിനെയാണ് വർണിക്കുന്നത്.

ഇടവപ്പാതിപ്പാതിരയാ–
ണിടിയും മഴയും പൊടിപൂരം
പുരമുറ്റത്തെപ്പുളിമാവിൻമേ–
ലൊരു ഗന്ധർവൻ പാടുന്നു
അറബിക്കടലിൻ മറുകും തന്ത്രിക–
ളാരോ മീട്ടുവതൊപ്പം

 

വറുതിയുടെയും ചൂടിന്‍റെയും  കെടുതിയിൽ ആശ്വാസമാകുന്ന മഴയെയാണ്  കാലവർഷമേ നന്ദി എന്ന കവിതയിൽ  പി. കുഞ്ഞിരാമൻ നായർ ചിത്രീകരിക്കുന്നത്.

ഇക്കൊടും വറുതിച്ചൂടി–
ലിന്നീ മിഥുനരാത്രിയിൽ
നീ തന്ന മുത്തുമാലക്കു
കൂപ്പുകൈ കാലവർഷമേ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.