എഴുത്തുകാരെ ഭിന്നിപ്പിച്ചു ഭരിക്കുന്ന അക്കാദമി

അക്കാദമി രൂപപ്പെട്ട കാലത്തെ മൂല്യബോധവും സമൂഹത്തിലെ മാറ്റവും ഉള്‍ക്കൊള്ളുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തനം ഉണ്ടായില്ളെങ്കില്‍ ഒന്നുകില്‍ രാഷ്ട്രീയ ചേരി, അല്ളെങ്കില്‍ വര്‍ഗീയചേരി എന്ന്  മാത്രമാവും അക്കാദമിയുടെ ഘടന
അവാര്‍ഡ് വാങ്ങാന്‍ ഒരു കൂട്ടര്‍, അത് കൊടുക്കുന്ന അക്കാദമി ഭരിക്കാന്‍ മറ്റൊരു കൂട്ടര്‍; ഇതിലൊന്നും പെടാതെ എഴുത്തുമായി വേറൊരു കൂട്ടര്‍. പല വഴിക്കാണ് എഴുത്തും സാഹിത്യവും
കേരള സാഹിത്യ അക്കാദമിയുടെ വെബ്സൈറ്റ് തുറക്കുമ്പോള്‍, എഴുത്തുകാരന്‍ ഉറൂബിന്‍േറതായി ഒരു വാക്യം ചേര്‍ത്തിട്ടുണ്ട്: ‘കുറവുകളുള്ളവരാണ് മനുഷ്യരൊക്കെ. കുറവുള്ളിടത്ത് നോക്കുമ്പോള്‍ കുറവേ കാണൂ; നിറവുള്ളേടത്ത് നോക്കുമ്പോള്‍ നിറവും’.
ഇപ്പോള്‍ ഒരുകാര്യം സമ്മതിക്കണം. പണ്ട് നിറവുണ്ടായിരുന്ന ഒരിടത്ത് ഇപ്പോള്‍ വീര്‍പ്പുമുട്ടലാണ്. ഇടുങ്ങിയ രാഷ്ട്രീയ വീര്‍പ്പുമുട്ടല്‍. പുരസ്കാരങ്ങളെല്ലാം തര്‍ക്കത്തിന്‍െറയും വ്യവഹാരത്തിന്‍െറയും ഇടപാടുകളാണ്; വിവാദങ്ങളുടെ ‘മൂക്കണാഞ്ചിക്കാലം’.
1954ല്‍ കേന്ദ്ര സാഹിത്യ അക്കാദമി രൂപവത്കരിക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു ലക്ഷ്യമിട്ടത് എഴുത്തുകാരുടെ മെച്ചപ്പെട്ട ജീവിതനിലവാരവും സാഹിത്യത്തിലും രാഷ്ട്രനിര്‍മാണത്തിലും അവരുടെ പങ്കുമൊക്കെയായിരുന്നു. അക്കാദമിയുടെ ഉദ്ഘാടന ചടങ്ങില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുല്‍കലാം ആസാദ്; സമീപഭാവിയില്‍ അക്കാദമികള്‍ക്ക് സ്വതന്ത്ര സ്വഭാവം കൈവരുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, അനുഭവം മറിച്ചായി. ഭരിക്കുന്നവരുടെ രാഷ്ട്രീയത്തിനൊത്ത് രൂപപ്പെടുന്ന ഭരണസമിതികളും അതിനൊത്ത തീരുമാനങ്ങളും. എഴുത്തുകാരെ രാഷ്ട്രീയമായി ഭിന്നിപ്പിച്ചു എന്നു വേണമെങ്കില്‍ സാഹിത്യ അക്കാദമിയുടെ ‘നേട്ടമായി’ പറയാം. അത് കേരളത്തില്‍ പുതിയ അവസ്ഥയില്‍ അന്വര്‍ഥമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ‘ഈ ഭരണം തുടരണം’ എന്ന പരസ്യവാചകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചപ്പോള്‍ അതേ വാക്കുകള്‍വെച്ച് കേരള സാഹിത്യ അക്കാദമിയുടെ ഭാരവാഹികള്‍ പ്രസ്താവനയിറക്കിയത് ഈ വിധേയത്വം കൊണ്ടാണ്.
1956ല്‍ രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമി സാഹിത്യത്തിനും സമൂഹത്തിനും എന്തുചെയ്തു എന്നൊരു പരിശോധനപോലും ഇതുവരെ നടന്നിട്ടില്ല. മറ്റേതൊരു സര്‍ക്കാര്‍ ലാവണവും പോലെ അതും പോകുന്നു. രാഷ്ട്രീയ നിയമനം കിട്ടുന്ന ഭരണസമിതികള്‍ സംസ്ഥാന ഭരണതാല്‍പര്യത്തിനു വഴങ്ങി പ്രവര്‍ത്തിക്കുന്നു. സാംസ്കാരിക മന്ത്രി പറയുന്നത് അവര്‍ നടപ്പാക്കും. മന്ത്രിയോ സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്തവരുമാകാം.
‘എല്ലാ വര്‍ഷവും അവാര്‍ഡ് കൊടുക്കാന്‍ മാത്രമൊരു സ്ഥാപനം’ എന്നൊരു ആരോപണം ചിലര്‍ കേരള സാഹിത്യ അക്കാദമിക്കുമേല്‍ കെട്ടിവെച്ചിട്ടുണ്ട്. അക്കാര്യത്തില്‍പോലും കൃത്യതയില്ല. രണ്ടുമൂന്ന് വര്‍ഷം പഴകിയ അവാര്‍ഡാണ് കൊല്ലംതോറും സമ്മാനിക്കുന്നത്. സ്വാഭാവികമായും അതില്‍ സമകാലിക സാഹിത്യവും എഴുത്തിലെ പുതുമയും പ്രതിഫലിക്കില്ല. എന്നിട്ടും വിവാദം. കിട്ടിയില്ല, തന്നില്ല, മറ്റവര്‍ക്ക് കൊടുത്തു എന്നൊക്കെ.
ബാലസാഹിത്യ അവാര്‍ഡ് സമ്മാനിക്കാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടുണ്ട്. എന്നാല്‍, കേരള സാഹിത്യ അക്കാദമിയും കൊടുക്കുന്നു ബാലസാഹിത്യത്തിന് അവാര്‍ഡ്. മൗലിക കൃതികള്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സാഹിത്യ അക്കാദമിയും മത്സരിക്കുകയാണ്. സാംസ്കാരിക സ്ഥാപനങ്ങള്‍ ഏകോപനമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു വിഭാഗം എഴുത്തുകാരുടെ ജോലി അവാര്‍ഡുകള്‍ക്കായി അക്കാദമിയില്‍നിന്ന് അക്കാദമിയിലേക്കുള്ള നെട്ടോട്ടമായി ചുരുങ്ങുന്നു. അവാര്‍ഡ് വാങ്ങാന്‍ ഒരു കൂട്ടര്‍, അത് കൊടുക്കുന്ന അക്കാദമി ഭരിക്കാന്‍ മറ്റൊരു കൂട്ടര്‍; ഇതിലൊന്നും പെടാതെ എഴുത്തുമായി വേറൊരു കൂട്ടര്‍. പലവഴിക്കാണ് മലയാളത്തിലെ എഴുത്തും സാഹിത്യവും.
‘അവാര്‍ഡുകുശുമ്പിന്’ അക്കാദമിയോളം ചരിത്രവുമുണ്ട്. പണ്ട്, ജ്ഞാനപീഠത്തിന് പരിഗണിക്കാന്‍ കേരളത്തില്‍നിന്നുള്ള എഴുത്തുകാരെപ്പറ്റി അക്കാദമിയോട് ജ്ഞാനപീഠ സമിതി അന്വേഷിച്ചപ്പോള്‍ ഇവിടെ അതിനു പറ്റിയ ആരുമില്ല എന്നാണ് അന്നത്തെ ഭരണസമിതി കൊടുത്ത മറുപടി. അക്കൊല്ലം ജി. ശങ്കരക്കുറുപ്പിനാണ് ജ്ഞാനപീഠം കിട്ടിയത്! ഈ വിവാദമാണ് ‘മൂക്കണാഞ്ചി’ എന്ന പേരില്‍ പിന്നീട് മലയാള സാഹിത്യത്തിലെ ‘തമാശ’യായത്.
പറഞ്ഞാല്‍ തീരാത്ത അന്ത$പുര വിശേഷങ്ങളുണ്ട്, അക്കാദമിക്ക്. എന്നാല്‍, അക്കാദമി അടുത്തിടെ ഇറക്കിയ ഗവേഷണ പുസ്തകം പരതിയാല്‍ ഇതൊന്നും കാണില്ല. സാംസ്കാരിക വകുപ്പിന്‍െറ കീഴിലുള്ള അക്കാദമിയെ സാമൂഹിക ക്ഷേമ വകുപ്പിന്‍െറ നിയന്ത്രണത്തിലാക്കിയും ആദ്യ പ്രസിഡന്‍റ് സര്‍ദാര്‍ കെ.എം. പണിക്കരുടെ പോലും ചിത്രമൊഴികെ ഏറ്റവും അവസാനത്തെ പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍െറയും സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍െറയും ചിത്രവും കുറിപ്പും കൊടുത്തും അഞ്ച് വര്‍ഷത്തെ മിനുട്സ് പോലെ ചരിത്രപുസ്തകം. കുറെ വര്‍ഷമായി അക്കാദമി ഇറക്കുന്ന പുസ്തകങ്ങളിലൂടെ കടന്നുപോയാല്‍ മൂക്കത്ത് വിരല്‍വെക്കും. പാഠപുസ്തകമാണോ ഗവേഷണ പുസ്തകമാണോ എന്ന് തിരിച്ചറിയില്ല. അച്ചടിമഷി പുരളാന്‍ അര്‍ഹതയില്ലാത്ത എന്തൊക്കെയോ സര്‍ക്കാര്‍ പണം ചെലവിട്ട് പുറത്തിറക്കുന്നു. അതത് കാലത്തെ ഭരണസമിതികള്‍ക്ക് താല്‍പര്യമില്ലാത്ത എഴുത്തുകാരെ ‘ഊരു വിലക്കാനും’ ഇന്ന് പല അക്കാദമികളും മടിക്കുന്നില്ല. എഴുത്തിന്‍െറ ഈ സ്വകാര്യവത്കരണവും രാഷ്ട്രീയവത്കരണവും മാറണം.  അക്കാദമി രൂപപ്പെട്ട കാലത്തെ മൂല്യബോധവും സമൂഹത്തിലെ മാറ്റവും ഉള്‍ക്കൊള്ളുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തനം ഉണ്ടായില്ളെങ്കില്‍ ഒന്നുകില്‍ രാഷ്ട്രീയ ചേരി, അല്ളെങ്കില്‍ വര്‍ഗീയചേരി എന്ന്  മാത്രമാവും അക്കാദമിയുടെ ഘടന. 

പിറവി കൊട്ടാരത്തില്‍
മലയാളഭാഷയുടെയും സാഹിത്യത്തിന്‍െറയും  വികാസത്തിന് 1956 ആഗസ്റ്റ് 15ന് തിരു-കൊച്ചി സര്‍ക്കാറാണ് കേരള സാഹിത്യ അക്കാദമി രൂപവത്കരിച്ചത്. കേരളം പിറക്കുന്നതിന്‍െറ രണ്ടാഴ്ച മുമ്പ്, 1956 ഒക്ടോബര്‍ 15ന് ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ രാജ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ അക്കാദമി ഉദ്ഘാടനം ചെയ്തു. ആദ്യകാലത്ത് നിയമസഭാ മന്ദിരത്തില്‍ ഒരുമുറിയിലായിരുന്നു പ്രവര്‍ത്തനം. 1958ല്‍ തൃശൂരിലെ മ്യൂസിയം ബംഗ്ളാവിലെ മുറിയിലേക്ക് മാറി. 1957 സെപ്റ്റംബറിലാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് അക്കാദമി മാറിയത്.
സര്‍ദാര്‍ കെ.എം. പണിക്കരായിരുന്നു ആദ്യ പ്രസിഡന്‍റ്. കെ.പി. കേശവ മേനോന്‍, പുത്തേഴത്ത് രാമന്‍ മേനോന്‍, ജി. ശങ്കരക്കുറുപ്പ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, പൊന്‍കുന്നം വര്‍ക്കി, പി. കേശവദേവ്, ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണന്‍, തകഴി ശിവശങ്കര പിള്ള, എസ്. ഗുപ്തന്‍ നായര്‍, എം.കെ. സാനു, കെ.എം. തരകന്‍, എം.ടി. വാസുദേവന്‍ നായര്‍, എന്‍.പി. മുഹമ്മദ്, യൂസഫലി കേച്ചേരി തുടങ്ങിയവര്‍ പിന്നീട് നായകത്വം വഹിച്ചു.
വൈസ് പ്രസിഡന്‍റുമാരില്‍ വള്ളത്തോള്‍, കെ.എം. ചെറിയാന്‍, എസ്.കെ. പൊറ്റെക്കാട്ട്, ലളിതാംബിക അന്തര്‍ജനം, ഡോ. കെ.എം. ജോര്‍ജ്, വി.കെ.എന്‍, അക്കിത്തം, കമല സുറയ്യ, സി.വി. ശ്രീരാമന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. സെക്രട്ടറിമാരില്‍ തിളക്കമുറ്റ പേര് പവനന്‍േറതാണ്.                                      
                                   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.