വാക്കിന്‍റെ മിതവ്യയം

മലയാളിയെ പുസ്തകം തിന്നുന്ന ആടുകളാക്കി മാറ്റി ബഷീര്‍. എന്തു തിന്നാലും എത്ര തിന്നാലും ദഹിക്കുന്ന ആടിന്‍െറ ആമാശയം പോലൊന്ന് നമ്മുടെ സാമാന്യ വായനക്കാരില്‍ രൂപപ്പെടുന്നതിന് ബഷീര്‍ സാഹിത്യം നിമിത്തമായി. ബഷീറിനെക്കുറിച്ചെഴുതിയ ലഘുലേഖനങ്ങളില്‍ വി.കെ.എനും ഒ.വി. വിജയനും ഒരുപോലെ പറയുന്ന ഒരു കാര്യമുണ്ട്. അത് ബഷീറിന്‍െറ ഭാഷയിലെ മിതവ്യയത്തെക്കുറിച്ചാണ്. തങ്ങള്‍ ഭാഷയിലെ ധാരാളികളായിരുന്നു എന്ന് രണ്ടുപേരും സമ്മതിക്കുന്നു; മറിച്ചായിരുന്നു ബഷീര്‍ എന്നും.

ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലിലെ ‘വെളിച്ചത്തിനെന്തു വെളിച്ചം’ എന്ന പ്രയോഗമായിരിക്കും ഈ മിതവ്യയത്തെ ഏറ്റവും നന്നായുദാഹരിക്കുക. മുമ്പ് ബഷീറിനെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയില്‍ ടി. പത്മനാഭന്‍ ഇക്കാര്യം വിശദീകരിച്ചതോര്‍ക്കുന്നു. മൂന്നേ മൂന്നു വാക്കുകള്‍ കൊണ്ട്, അതിലൊരു വാക്കിന്‍െറ ആവര്‍ത്തിച്ചുള്ള പ്രയോഗം കൊണ്ടും സൃഷ്ടിച്ച ഇന്ദ്രജാലമാണത്. പിശുക്കന്‍ നാണയങ്ങളുടെ മൂല്യം ശരിയായി മനസ്സിലാക്കുന്നതുപോലെ, കുറച്ചു മാത്രം ചെലവിട്ടുകൊണ്ട് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ബഷീര്‍ എഴുതുന്നത്. അങ്ങനെ ആ വാക്യം അതുള്‍പ്പെടുന്ന സന്ദര്‍ഭത്തെക്കാള്‍ ആ നോവലിനെക്കാളും വലുതാവുകയും ബഷീര്‍ സാഹിത്യത്തിന്‍െറ ആധാര വാക്യങ്ങളിലൊന്നായി അത് വൈപുല്യം നേടുകയും ചെയ്യുന്നു. കവിത നിറഞ്ഞ വാക്യങ്ങള്‍ക്കുമാത്രമുള്ള സവിശേഷ നിയോഗമാണത്. കവിയുടെ നിധിനിക്ഷേപമുള്ള വാക്യങ്ങള്‍ അതെഴുതപ്പെട്ട ഭാഷയിലും അത് വായിക്കുന്നവരുടെ സതിസഞ്ചയത്തിലും എന്നെന്നും ജീവിക്കും. അവര്‍ക്കു പറയാനാവാത്തവയും അവര്‍ പറയാനാഗ്രഹിക്കുന്നവയും ആ വാക്യത്തിലൂടെ അത്യന്തം മനോഹരമായി പറയപ്പെട്ടുകിക്കുന്നു എന്നതിനാല്‍.

ഈ ബഷീര്‍ വാക്യം, കേരളത്തിലിപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച ബഷീര്‍വായനക്കാരിലൊരാളായ കല്‍പറ്റ നാരായണന്‍െറ ഗദ്യത്തെ പരോക്ഷമായി സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത രണ്ടു സന്ദര്‍ഭങ്ങളെങ്കിലുമുണ്ട്. വൈലോപ്പിള്ളിയുടെ ‘മാമ്പഴ’ത്തെക്കുറിച്ചുള്ള ലേഖനത്തിന്‍െറ ഈ പ്രാരംഭവാക്യം കാണുക. ‘മാമ്പഴമെന്നു കേട്ടാല്‍ മാമ്പഴമെന്നു തോന്നുന്നത്ര പ്രസിദ്ധമായി മാമ്പഴം’. മറ്റൊരിക്കല്‍ ബഷീര്‍ സാഹിത്യം തന്നെ പ്രമേയമാകുന്ന ലേഖനത്തില്‍ ഇങ്ങനെയും ‘മാജിക്കുകാരന് മാജിക്കുകാരന്‍ മാജിക്കുകാരനാണോ?’ ‘വെളിച്ചത്തിനെന്തു വെളിച്ചം’ എന്ന അനന്യമായ ആ വാക്യത്തിന്‍െറ രചനാതന്ത്രം അവലംബിക്കുന്നവയും അതിനാല്‍ തികച്ചും ബഷീറിയനുമാണ് കല്‍പ്പറ്റയുടെ ഇത്തരം പദാവലികള്‍. താനെഴുതിയ ഭാഷയില്‍ ഇങ്ങനെ ചില വാങ്മയചന്ദ്രന്മാരെ സൃഷ്ടിക്കാനാവുമ്പോഴാണല്ളോ ഒരാളുടെ എഴുത്ത് ഒരു വാഗ്സൂര്യനാകുന്നത്. ബഷീറിനെ ഒരിക്കല്‍ വായിച്ചതിനുശേഷം ജെര്‍ട്രുഡ് സ്റ്റൈനിന്‍െറ പ്രസിദ്ധമായ ‘ A Rose is a rose is a rose’ എന്ന വാക്യത്തില്‍പോലും കാവ്യഭാഷയുടെ ആ ചാന്ദ്രപ്രഭയാവും നമ്മള്‍ കാണുക.
‘പൂവമ്പഴം’ എന്ന കഥയിലെ അബ്ദുല്‍ ഖാദര്‍ സാഹിബ് ജമീലയോട് തന്‍െറ പ്രണയം വെളിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ജമീലയുടെ തണുപ്പന്‍ മട്ടിലുള്ള പ്രതികരണം കണ്ട് അബ്ദുല്‍ഖാദര്‍ ഒടുവില്‍ ഇങ്ങനെ ‘ഉഷാറായി’ നീ എന്‍െറ കണ്ണിലെ കാഴ്ചയാണ്!’ ഇത്തരമൊരു വാക്യത്താല്‍ പ്രണയിക്കപ്പെട്ട ജമീലയോട് ഭൂമി മലയാളത്തിലെ ഏതു പെണ്ണിനാണ് അസൂയ തോന്നാത്തത്. ഇങ്ങനെ തനിക്കുശേഷം വന്ന എഴുത്തുകാരെയൊക്കെ അസൂയപ്പെടുത്തുകയും തന്‍െറ വായനക്കാരില്‍ ജമീലയുടെതിനു സമാനമായ മാനസികനില സൃഷ്ടിക്കുകയും ചെയ്തു ബഷീറിന്‍െറ ഭാഷ. ‘അനുരാഗത്തിന്‍െറ ദിനങ്ങളു’ടെ മുഖക്കുറിപ്പിലേതാണ് ഈ വാക്യം. ‘നിത്യ വിസ്മയമാണല്ളോ അനുരാഗം. ‘നിത്യം നിത്യം’ എന്ന ആ പദപ്പെരുക്കത്തിലൂടെ വിസ്മയത്തെ കൂടുതല്‍ വിസ്മയനീയമാക്കുന്ന കല മലയാളത്തില്‍ ബഷീറിന് മാത്രം അവകാശപ്പെട്ടത്. ഇത്തരം വിസ്മയ വേളകളില്‍ മാത്രമല്ല ബഷീര്‍ നമ്മെ വിസ്മയിപ്പിക്കുന്നത്.

‘പാമ്പും കണ്ണാടിയും’ എന്ന കഥയിലെ ആഖ്യാതാവിനെ പാമ്പ് ചുറ്റിയിരിക്കുന്നു അഥവാ സര്‍പ്പരൂപിയായ ഭയം. അപ്പോള്‍ ബഷീര്‍ എഴുതുന്നു. ‘ഞാനാകെ ജീവനുള്ള ഭയമാണ്’. ‘ഉറക്കം കറുത്ത കടലാണ്’ എന്ന് ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലില്‍ ‘വെളിച്ചത്തിനെന്തു വെളിച്ചം’ എന്ന വിസ്മയ വാക്യത്തിനു തൊട്ടുപിന്നാലെയാണിത്. തുടര്‍ന്ന് ഇങ്ങനെയും - ‘അവളൊരു വൃക്ഷമാണ്’. ഇത്തരം കുറിയ വാക്യങ്ങളിലൂടെ അനായാസമായി കവിത സൃഷ്ടിച്ച ബഷീര്‍ വാസ്തവത്തില്‍ എന്താണ് ചെയ്തത്? അതിനുള്ള ഉത്തരം ‘പാത്തുമ്മയുടെ ആടി’ലെ വാക്യത്തിലാണുള്ളത്. അതൊരു ചോദ്യമാണ്. ‘ആരാണീ ചാമ്പമരത്തിന്‍െറ താഴ്ന്ന കൊമ്പുകള്‍ മുകളിലേക്ക് വലിച്ചു കെട്ടിയത്?’ താഴ്ന്ന കൊമ്പുകള്‍ വീണ്ടും താഴ്ന്നവയായി ബഷീറില്‍; ഏത് കുറിയ ആടിനും കടിച്ചു തിന്നാന്‍ പാകത്തില്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.