??????? ??????????? ??.????????????

അക്ബര്‍: സ്നേഹത്തിന്‍െറ പൂമരം

ഒടുവില്‍, അക്ബര്‍ കക്കട്ടിലും വിടപറഞ്ഞു. ഒരിക്കലും പിണങ്ങാന്‍ പറ്റാതിരുന്ന ഒരു സുഹൃത്തിനെയാണിപ്പോള്‍ നഷ്ടമാകുന്നത്. നമുക്ക് ചിലരെ വെറുക്കുകയും അകറ്റുകയും ചെയ്യാം. പക്ഷേ, അക്ബറിനെ വെറുക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം, അക്ബറിന്‍െറ പ്രകൃതം അതാണ്. ഇത്രയേറെ സുഹൃത്തുക്കളെ സമ്പാദിച്ച എഴുത്തുകാരന്‍ ഇനിയുണ്ടാവാന്‍ പോകുന്നില്ല. എല്ലാവരെയും സ്വന്തം കുടുംബത്തിന്‍െറ ഭാഗമായി കണ്ടു. ഒരിക്കലും വഴിവിട്ട അരാജകത്വത്തിലേക്കൊന്നും അക്ബര്‍ പോയില്ല. എല്ലാവരുടെയും വിശേഷങ്ങള്‍ അന്വേഷിച്ചറിഞ്ഞു. പലതിനും പരിഹാരനിര്‍ദേശങ്ങള്‍ നല്‍കി. അങ്ങനെയൊരു വേഷം എനിക്കൊന്നും ഒരിക്കലും ചേരില്ല. വലിയ സുഹൃദ്ബന്ധത്തിന്‍െറ അടയാളങ്ങളായിരുന്നു അക്ബറിന്‍െറ രചനകള്‍ പോലും. കഥയിലും മിഡില്‍ പീസിലും എല്ലാം തന്‍െറ സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കുംവരെ ഇടംനല്‍കി. ഒരു ചെറിയ മിഡില്‍ പീസില്‍ ഗ്രാമത്തിലെ മുഴുവനാളുകളുടെയും പേരുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം പലപ്പോഴും അക്ബര്‍ നടത്തി. ഇതിലൂടെ തന്‍െറ ശത്രുക്കളെവരെ മിത്രങ്ങളാക്കിമാറ്റി. അതുകൊണ്ടുതന്നെ, മനുഷ്യനെ പിടിക്കുന്ന എഴുത്തുകാരനാണ് അക്ബറെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

എഴുത്തുവേണോ സുഹൃത്തുവേണോ എന്ന് ചോദിച്ചാല്‍ സുഹൃത്ത് മതിയെന്നും എഴുത്ത് വേണ്ടെന്നുമാകും അക്ബര്‍ പറയുക. എഴുത്തിന് മൂന്നാം സ്ഥാനമാണ് നല്‍കിയതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്‍െറ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓര്‍മകള്‍ തുടങ്ങുന്നത് കക്കട്ടില്‍ എന്ന ഗ്രാമത്തിലാണ്. അവ്യക്തമായ ഓര്‍മകള്‍ മാത്രമേ ഇത് സംബന്ധിച്ചിപ്പോഴുള്ളൂ. അക്ബര്‍ കക്കട്ടിലിന്‍െറ വീടിന്‍െറ തൊട്ടടുത്താണ് എന്‍െറ അച്ഛന്‍െറ വാടകവീട്. അക്ബറിന്‍െറ വീട്ടുപറമ്പിലാണ് അന്നത്തെ രജിസ്ട്രാര്‍ ഓഫിസ്. അടുത്തകാലത്തുവരെ രജിസ്ട്രാര്‍ ഓഫിസ് അവിടെയായിരുന്നു. അച്ഛന്‍ സബ് രജിസ്ട്രാറായിരുന്നു. അതുകൊണ്ടുതന്നെ അച്ഛനും അക്ബറിന്‍െറ പിതാവുമായി നല്ല ബന്ധമായിരുന്നു. പകല്‍സമയങ്ങളില്‍ ഓഫിസിന്‍െറ സമീപത്തുപോയിരുന്ന് അച്ഛനുമായി സൗഹൃദങ്ങള്‍ പങ്കിടുന്നതിനെക്കുറിച്ച് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്.

ഞാന്‍ വടകര ബി.ഇ.എം ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് അക്ബറിന്‍െറ കഥകള്‍ ആദ്യമായി വായിക്കുന്നത്. അന്ന്, മടപ്പള്ളി കോളജില്‍ താരമായിരുന്നു അക്ബര്‍. അവിടെ യൂനിയന്‍ ചെയര്‍മാനുമായിരുന്നു. അക്കാലത്ത് കോളജില്‍നിന്ന് ഓരോ വര്‍ഷവും ഇറക്കിയ മാഗസിന്‍ ഏറെ ആവേശംപൂര്‍വം വായിച്ചു. എല്ലാറ്റിലും അക്ബറിന്‍െറ കഥകള്‍തന്നെയായിരുന്നു പ്രധാനം. അന്ന്, വടകര ബസ്സ്റ്റാന്‍ഡിന്‍െറ ചുവരില്‍ അക്ബര്‍ പറമ്പത്തെന്ന പേരില്‍ യൂനിയന്‍ സ്ഥാനാര്‍ഥിയുടെ നോട്ടീസ് കണ്ടതിന്‍െറ ഓര്‍മയിപ്പോഴും മനസ്സിലുണ്ട്. കെ.എസ്.യു സ്ഥാനാര്‍ഥിയായിരുന്നു അക്ബര്‍. അന്ന് മടപ്പള്ളിയില്‍ കെ.എസ്.യുവിനാണ് ആധിപത്യം. അടിയന്തരാവസ്ഥക്ക് മുമ്പാണിത്. ‘ബാസല്‍ നഗരത്തിലെ പൂവങ്കോഴികള്‍’ എന്നപേരില്‍ അക്കാലത്ത് എഴുതിയ കഥ ഇപ്പോഴും ഓര്‍മയിലുണ്ട്. പിന്നീടൊരിക്കല്‍ ഞാന്‍ ചോദിച്ചിട്ടുണ്ട്. എവിടെനിന്നാണീ തലവാചകം കിട്ടിയതെന്ന്... അക്കാലത്ത് കാക്കനാടന്‍െറ ഏതോ കഥ അക്ബര്‍ മോഷ്ടിച്ചുവെന്ന രീതിയില്‍ എസ്.എഫ്.ഐ പ്രചരിപ്പിച്ചിരുന്നു. എന്നിട്ടും അവന്‍ ജയിച്ചു. അതാണ് അക്ബര്‍ പ്രകൃതം. സഹജീവികളെ കീഴടക്കാനുള്ള മാന്ത്രികത അവന് സ്വന്തമായിരുന്നു.

നന്നായി പെരുമാറാന്‍ കഴിയുന്ന ഇതുപോലൊരാളെ ഒരിടത്തും കണ്ടത്തൊന്‍ കഴിയില്ല. രാവിലെ മരണവാര്‍ത്ത എം. മുകുന്ദേട്ടനെ അറിയിച്ചപ്പോള്‍ പറഞ്ഞത് ‘ഓനെപ്പോലെ സുഖിച്ചുജീവിച്ച് മരിച്ച എഴുത്തുകാരന്‍ വേറെയില്ളെന്നാണ്’ അത്, ശരിയാണുതാനും. എഴുത്തിന്‍െറ ഏകാഗ്രത കൊണ്ടുനടക്കുന്നതില്‍ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ഞങ്ങള്‍ പലതും അവനില്‍നിന്ന് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. എനിക്കോര്‍മയുണ്ട്, എന്‍െറ കല്യാണത്തലേന്ന് ‘വടക്കുനിന്നൊരു കുടുംബവൃത്താന്തം’ എന്ന നോവലിന്‍െറ സ്ക്രിപിറ്റ് കൈയില്‍ ഏല്‍പിച്ചു. സമയം കിട്ടുമ്പോള്‍ വായിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ അറിയിച്ചു. പിന്നീട് എന്‍െറകൂടി നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ആ നോവല്‍ പൂര്‍ത്തീകരിച്ചത്.

സമ്പൂര്‍ണ കഥകള്‍ക്ക് എന്നെക്കൊണ്ടാണ് മുഖവുര എഴുതിച്ചത്. കക്കട്ടില്‍ ഒറ്റപ്പെട്ട പ്രദേശമാണ്. ഒരുപക്ഷേ, കിഴക്കിന്‍െറയും കിഴക്കാണ് കക്കട്ടിലെന്നുപറയാം. മതേതരത്വത്തിന്‍െറ മണ്ണിലാണ് ആഗ്രാമം പടുത്തുയര്‍ത്തിയത്. അവിടത്തെ ചാത്തുവേട്ടനേയും അബൂബക്കര്‍ മുസ്ലിയാരെയും സമന്വയിപ്പിക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു. അക്ബര്‍ എന്തെഴുതിയാലും ഉള്‍ക്കൊള്ളാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞു. ‘പടക്കളത്തിന്‍െറ അഭിമന്യു’വാണ് അക്ബറിനെ കഥാകൃത്ത് എന്നനിലയില്‍ ശ്രദ്ധേയനാക്കിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടിക്കുശേഷം വന്ന പത്രാധിപര്‍ വി.ആര്‍. ഗോവിന്ദനുണ്ണിയാണ് ഞങ്ങള്‍ക്കൊക്കെ ഇടംനല്‍കിയത്. മണ്ടന്മാരായ സ്കൂള്‍ അധ്യാപകരുടെ കഥയാണത്. ആ കഥ പെട്ടെന്ന് ജനപ്രിയമായി. ആധുനികതക്കുശേഷമുള്ള തലമുറയാണ് ഞങ്ങളുടേത്. ആധുനികതയുടെ ഫാന്‍റസി അല്ളെങ്കില്‍ മതിഭ്രമം സ്വന്തം നാടിന്‍െറ യാഥാര്‍ഥ്യത്തോട് അല്ളെങ്കില്‍, മനുഷ്യജീവിതവുമായി ചേര്‍ത്തുവെച്ചാണ് അക്ബറിന്‍െറ കഥാനിര്‍മിതി. ഷമീലഫൗമി എന്ന സ്ത്രീ അക്ബറിന്‍െറ വീട്ടിലത്തെി ഭാര്യയെയുംകൊണ്ട് കടന്നുകളയുന്ന കഥയുണ്ട്. അന്നത്തെ ലെസ്ബിയന്‍ കഥയാണത്. ഈ കഥകൂടി പുറത്തുവന്നതോടെ എഴുത്തുകാരന്‍ എന്ന നിലയില്‍ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ‘ആറാം കാലം’എന്ന കഥയെ എം. കൃഷ്ണന്‍ നായര്‍ വാനോളം പുകഴ്ത്തി. ആ ഒരുവര്‍ഷത്തെ ഏറ്റവുംമികച്ച കഥയെന്ന് വിലയിരുത്തി.

എന്നെ അനുജായെന്നാണ് വിളിക്കുക. ആ വിളികേള്‍ക്കുമ്പോള്‍ ജ്യേഷ്ഠായെന്ന് തിരിച്ച് വിളിച്ചുപോകും. ചേതനയറ്റ ശരീരത്തിനരികെ എത്തിയപ്പോള്‍ മക്കള്‍ ബാപ്പയുടെ നല്ല മുഖം മാത്രമേ നാട്ടുകാരെ കാണിക്കാവൂ എന്നാവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു, ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കണം. എന്നാല്‍, ക്ഷീണിച്ചമുഖം നാട്ടുകാരെ കാണിക്കുന്നത് ഉപ്പക്ക് ഇഷ്ടമല്ളെന്ന് അവര്‍ ആവര്‍ത്തിച്ചു. എഴുത്തുകാരന്‍ സമൂഹത്തിന്‍െറ സ്വത്താണെന്നും മറ്റും പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. മരണത്തെ അക്ബര്‍ മൂന്‍കൂട്ടി കണ്ടിരുന്നു. അതിന്‍െറ സൂചന പലര്‍ക്കും കൊടുത്തു. മരണശേഷം തന്‍െറ ക്ഷീണിച്ചമുഖം മറ്റുള്ളവരെ കാണിക്കരുതെന്നുപറഞ്ഞ ഒരേയൊരാളെയുള്ളൂ അത് പ്രേം നസീറാണ്. ഇപ്പോള്‍ അക്ബറും.

അധ്യാപകനായില്ളെങ്കില്‍ അക്ബര്‍ എഴുത്തില്‍ പരാജയപ്പെട്ടുപോയേനെയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരൂരിന്‍െറ അധ്യാപകരല്ല അക്ബറിന്‍േറത്. കാരൂരിന്‍േറത് പട്ടിണിപ്പാവങ്ങളാ. അക്ബറിന്‍േറത് പണക്കൊഴുപ്പിന്‍െറ പൊങ്ങച്ചക്കാരാണ്. അതിനെ ബഷീറിയന്‍ സ്റ്റെലില്‍ അവതരിപ്പിച്ചു. സര്‍ഗാത്മകതക്ക് പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ ഇനിയും ഉയരത്തിലെത്തേണ്ട എഴുത്തുകാരനായിരുന്നു. പക്ഷേ, എഴുത്തില്‍ നഷ്ടപ്പെട്ട ഉയരങ്ങള്‍ സൗഹൃദത്തിലൂടെ നേടിയെടുത്ത എഴുത്തുകാരനാണ് അക്ബര്‍. സൗഹൃദത്തിന്‍െറ പൂമരം കൊണ്ടു നടന്നൊരാള്‍...
തയാറാക്കിയത്: അനൂപ് അനന്തന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.