കടല്‍കാറ്റില്‍ എഴുത്തിന്‍റെ ആവേശം

കോഴിക്കോട്: സംവാദങ്ങളും ചര്‍ച്ചകളും സംഗീതവും സഹൃദയകൈമാറ്റവുമൊക്കെയായി കടപ്പുറത്താരംഭിച്ച കേരള സാഹിത്യോത്സവത്തിന്റെ രണ്ടാംദിനം എഴുത്തിന്റെ ഉത്സവമായി. പുതുതലമുറയുടെ പങ്കാളിത്തത്തില്‍ നിറഞ്ഞ വേദികള്‍ ഭാഷക്കും സാഹിത്യത്തിനും സമൂഹത്തില്‍ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു.

വിദ്യാര്‍ഥികളും യുവാക്കളുമായിരുന്നു ഏറെ വേദികളിലും നിറഞ്ഞുനിന്നത്. സ്വത്വവിവാദങ്ങളും നവരാഷ്ട്രീയവും അസഹിഷ്ണുതക്കെതിരായ പ്രതിഷേധവും ചടങ്ങുകളില്‍ അറബിക്കടലിനൊപ്പം അന്തരീക്ഷത്തില്‍ അലയടിച്ചു. ഭാഷ, സംഗീതം, കവിത, നോവല്‍ എന്നിവയിലെല്ലാം ചര്‍ച്ചകള്‍ നടന്നു. നോവലെഴുത്തില്‍ പ്രാദേശികവത്കരണ രീതികള്‍ക്ക് മാറ്റംവരണമെന്ന് 'മലയാള നോവലിന്റെ ഇന്ന്' ചര്‍ച്ച അഭിപ്രായപ്പെട്ടു. മലയാളിയെ മാത്രമല്ല മനുഷ്യകുലത്തെ മുഴുവന്‍ നോവലില്‍ പ്രതിഫലിപ്പിക്കണമെന്നും അഭിപ്രായമുയര്‍ന്നു.

എം. മുകുന്ദന്‍, ആനന്ദ് എന്നിവര്‍ പങ്കെടുത്തു. പി.കെ. രാജശേഖരന്‍ മോഡറേറ്ററായിരുന്നു. പുരുഷമേധാവിത്വത്തിന് കീഴില്‍ സ്ത്രീയുടെ ആത്മീയത ചിത്രീകരിക്കപ്പെടാതെ പോവുകയാണെന്ന് 'ആത്മീയതയും സംസ്‌കാരവും' ചര്‍ച്ച ചൂണ്ടിക്കാട്ടി. പ്രഫ. റോസി തമ്പി, ഷൗക്കത്ത്, പി.എന്‍. ദാസ് എന്നിവര്‍ സംസാരിച്ചു. ടി.കെ. ഉമ്മര്‍ മോഡറേറ്ററായി.

മതം ജനാധിപത്യപരമായും വിപ്ലവകരവുമാകണമെന്ന് മതം, സംസ്‌കാരം, പ്രതിരോധം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കെ.പി. രാമനുണ്ണി, സിസ്റ്റര്‍ ജസ്മി, ഹമീദ് ചേന്ദമംഗലൂര്‍ എന്നിവര്‍ പങ്കാളികളായി. എ.കെ. അബ്ദുല്‍ ഹക്കീം മോഡറേറ്ററായി. മലയാളത്തില്‍ സ്ത്രീ എഴുത്തുകാര്‍ വിവേചനം അനുഭവിക്കുന്നതായി  ഫെമിനിസ്റ്റ് എഴുത്ത് ഇന്ത്യയില്‍ എന്ന ചര്‍ച്ച അഭിപ്രായപ്പെട്ടു. ജയശ്രീ മിശ്ര, അനിതാ നായര്‍, കെ.ആര്‍. മീര എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കെ. സച്ചിദാനന്ദന്‍ മോഡറേറ്ററായിരുന്നു. ആഗോളീകരണം സ്ത്രീവിമോചന മുന്നേറ്റത്തെ തടസ്സപ്പെടുത്തിയതായി കെ. സച്ചിദാനന്ദനുമായി നടന്ന മുഖാമുഖത്തില്‍ എഴുത്തുകാരി സാറാജോസഫ് പറഞ്ഞു.സ്ത്രീകള്‍ക്ക് കപടമായൊരു സ്വാതന്ത്ര്യമാണ് ആഗോളവത്കരണം നല്‍കിയത്. ഇത് ആരോഗ്യകരമായ വിമോചന ശ്രമങ്ങളെ അട്ടിമറിച്ചു. ആഗോളീകരണം സ്ത്രീകള്‍ ഓടിക്കുന്ന നിരവധി വാഹനങ്ങള്‍ റോഡിലെത്തിച്ചു. അപ്പോഴും സ്ത്രീകള്‍ വ്യവസ്ഥിതിയുടെ അടിമകളായിത്തുടര്‍ന്നു. എവിടെ സ്ത്രീ ഇല്ലയോ അവിടെ പൂരിപ്പിക്കുന്നതാവണം ഫെമിനിസമെന്നും സാറാ ജോസഫ് പറഞ്ഞു. ദീപ നിശാന്ത്, വി.കെ. ആദര്‍ശ്, കമാല്‍ വരദൂര്‍, മഹേഷ് മംഗലാട്ട് എന്നിവര്‍ പങ്കെടുത്തു. ദാമോദര്‍ പ്രസാദ് മോഡറേറ്ററായി. പ്രഫ.വി. മധുസൂദനന്‍ നായരുടെ കവിതാലാപനം കേരള സാഹിത്യോത്സവ സദസ്സിന് വേറിട്ട അനുഭവമായി.

ദേവവാദ്യമായ ഇടയ്ക്കയുടെ അകമ്പടിയോടെ 'വാക്ക്' എന്ന കവിത നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അദ്ദേഹം അവതരിപ്പിച്ചു. തൃപ്പൂണിത്തുറ കൃഷ്ണദാസായിരുന്നു ഇടയ്ക്കവാദകന്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.