ചെണ്ടയെടുക്കാതെ മേളപ്രമാണി, പേനയില്ലാതെ കവികള്‍

തോളില്‍നിന്ന് ചെണ്ടയിറക്കിവെച്ച് മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍. കടലാസും പേനയുമില്ലാതെ കവികളായ റഫീക്ക് അഹമ്മദും പി.പി. രാമചന്ദ്രനും. തേപ്പും ചുട്ടികുത്തലും ഉടുത്തുകെട്ടുമില്ലാതെ കഥകളി വേഷക്കാരും വാദ്യകലാകാരന്‍മാരും. കലയുടെ സ്നേഹപ്പെരുക്കമാണിപ്പോള്‍ കോട്ടക്കല്‍ വൈദ്യരത്നം പി.എസ്. വാര്യര്‍ ആര്യവൈദ്യശാല ചാരിറ്റബിള്‍ ആശുപത്രിയില്‍. കര്‍ക്കടകപ്പെയ്ത്തില്‍ നനഞ്ഞുകുതിരുന്ന മണ്ണിനൊപ്പം ആയുര്‍വേദ ചികിത്സയിലൂടെ മനസ്സും ശരീരവും സ്വസ്ഥമാകുന്നതിന്‍െറ അനുഭൂതി അറിഞ്ഞാസ്വദിക്കുകയാണിവര്‍. തിരക്കുകളില്‍നിന്ന് സ്വയമൊഴിഞ്ഞ് ആയുര്‍വേദ നഗരിയില്‍ ഒരാഴ്ചയിലധികമായി ഇവരുണ്ട്. കഥകളി വേഷക്കാരായ ആര്‍.എല്‍.വി രാധാകൃഷ്ണന്‍, കലാമണ്ഡലം കുട്ടനാശാന്‍, ഇടയ്ക്ക കലാകാരന്‍ തൃശൂര്‍ കൃഷ്ണകുമാര്‍, ഓട്ടൻ തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം പ്രഭാകരന്‍, പഞ്ചവാദ്യ കലാകാരന്‍ കോങ്ങാട് മധു, ആട്ടക്കഥാകൃത്ത് രാധാമാധവന്‍ തുടങ്ങി ഇരുപതോളം കലാകാരന്‍മാര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കലാമണ്ഡലം ഗോപിയാശാന്‍ കഴിഞ്ഞയാഴ്ച ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി.


കലാരസികര്‍ കൂടിയായ ആശുപത്രി സൂപ്രണ്ട് ഡോ. ബാലചന്ദ്രവാര്യരും ഡോ. സന്തോഷ് അകവൂരും കൂടി ചേരുന്നതോടെ കലയുടെ അപൂര്‍വസംഗമ വേദിയാവുകയാണ് ഈ മുറ്റം. ‘‘കഴിഞ്ഞ അഞ്ച് വര്‍ഷമായി കര്‍ക്കടക മാസത്തില്‍ ഇവിടെ ചികിത്സക്കത്തൊറുണ്ട്. ഇടവം കഴിഞ്ഞാല്‍ ഞങ്ങള്‍ വാദ്യകലാകാരന്‍മാര്‍ക്ക് വലിയ തിരക്കുണ്ടാകില്ല. ചിങ്ങത്തോടെ വീണ്ടും സജീവമാകും. അടുത്ത ഒരു വര്‍ഷത്തേക്ക് ശരീരത്തെയും മനസ്സിനെയും ഒരുക്കിയെടുക്കാന്‍ ചികിത്സയിലൂടെ സാധിക്കുന്നു. എല്ലാവരും കലാകാരന്‍മാരാണെങ്കിലും, പലപ്പോഴായി പരസ്പരം കണ്ടിട്ടുണ്ടെങ്കിലും അടുത്ത് പരിചയപ്പെടാന്‍ കഴിയുന്നത് ഇവിടെ നിന്നാണ്. ഇവിടെ ഒരു ക്യാമ്പിന്‍െറ അനുഭൂതിയാണ്’’- പെരുവനം പറയുന്നു.


‘‘തൃശൂര്‍ പൂരത്തിന് എത്രയോ ദൂരെനിന്ന്, എത്രയോ കാലം പെരുവനത്തിന്‍െറ മേളപ്പെരുക്കം ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ള മഹാപ്രതിഭയെ ഇത്ര അടുത്ത് കിട്ടുന്നത് ആദ്യമായാണ്’’- കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്‍െറ വാക്കുകള്‍. ‘‘പത്ത് ദിവസമായി ഇവിടെ. ഇതിനിടെ ധാരാളം കഥകളി, വാദ്യകലാകാരന്‍മാര്‍ വന്നു. വൈകീട്ട് പെരുവനത്തിന്‍െറ നേതൃത്വത്തില്‍ ആശുപത്രി മുറ്റത്തെ മാവിന്‍ചുവട്ടില്‍ ഞങ്ങള്‍ കൂടിയിരിക്കും. സാഹിത്യവും കലയും സംഗീതവുമെല്ലാം സംഭാഷണങ്ങളില്‍ വന്നുപോകും. കവിതയിലും വാദ്യകലയിലും താളത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഈ സഹവാസത്തിലൂടെ സാധിച്ചു’’ -കവി പി.പി. രാമചന്ദ്രന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.