ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ ഫ്ളൈറ്റ് കാത്തുനില്‍ക്കവെയാണ് ബുക്സ്റ്റാളില്‍ വില്‍പനക്ക് വെച്ച സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ് ചില്‍ഡ്രന്‍സ് പുസ്തകം സഞ്ജീവ് സഹോട്ടയുടെ കണ്ണില്‍ പെടുന്നത്. സല്‍മാന്‍ റുഷ്ദിയെക്കുറിച്ചോ മിഡ്നൈറ്റ് ചില്‍ഡ്രന്‍സിനെക്കുറിച്ചോ അതുവരെ കേട്ടിട്ടുകൂടിയില്ലാത്ത സഞ്ജീവ് സഹോട്ട ആ പുസ്തകം വാങ്ങി വായിച്ചു. ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഇന്ത്യയെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കാമെന്നതില്‍ കവിഞ്ഞ് മറ്റൊരു താല്‍പര്യവും അപ്പോള്‍ സഞ്ജീവിനില്ലായിരുന്നു. ആ പുസ്തകവായന തന്‍െറ ജീവിതത്തെ മാറ്റിമറിക്കുമെന്ന് അന്ന് സഞ്ജീവിനറിയുമായിരുന്നില്ല.
പുതിയൊരു ലോകം തന്‍െറ മുന്നില്‍ തെളിയുകയായിരുന്നു എന്നും താന്‍ അതിനുമുന്‍പ് കേള്‍ക്കുകയോ അറിയുകയോ ചെയ്യാത്ത ഒരു സാമ്രാജ്യം തന്‍െറ മുന്നില്‍ വെളിപ്പെടുകയായിരുന്നു എന്നുമാണ് പിന്നീട് ആ വായനാനുഭവത്തെക്കുറിച്ച് 2011ല്‍ യോര്‍ക്ഷെയര്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജീവ് പറഞ്ഞത്.
ഇനി സഞ്ജീവ് സഹോട്ട ആരാണെന്നല്ളേ.. ഇത്തവണത്തെ ബുക്കര്‍ പ്രൈസിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ വംശജനാണ് സഞ്ജീവ് സഹോട്ട. ലണ്ടനിലെ ഡെര്‍ബിയിലാണ് ജനിച്ചത്. 1966ലാണ് ഇദ്ദേഹത്തിന്‍െറ മുതുമുത്തച്ഛന്‍ പഞ്ചാബില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിയത്. ലണ്ടനിലെ പ്രശസ്തമായ ഇംപീരിയല്‍ കോളജില്‍ നിന്നും മാത്തമാറ്റിക്സ് പഠിച്ചിറങ്ങി. ലണ്ടനിലെ തന്നെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിയും കരസ്ഥമാക്കി. അതിനിടെയാണ് 2011ല്‍ ആദ്യനോവല്‍ പുറത്തിറക്കുന്നത്.
ആദ്യനോവലായ അവേഴ്സ് ആര്‍ ദ സ്ട്രീറ്റ്സ് ബ്രിട്ടീഷ്-പാകിസ്താനി യുവാവായ സൂയിസൈഡ് ബോംബറുടെ കഥയാണ്. രണ്ടാമത്തെ നോവല്‍ നിയമവിരുദ്ധമായി ബ്രിട്ടനില്‍ തങ്ങുന്ന അഭയാര്‍ഥികളുടെ കഥയാണ് പറയുന്നത്.
18 വയസ്സുള്ളപ്പോഴാണ് സഞ്ജീവ് മിഡ്നൈറ്റ് ചില്‍ഡ്രന്‍സ് വായിക്കുന്നത്. തന്‍െറ ജീവിതത്തില്‍ അദ്ദേഹം വായിക്കുന്ന ആദ്യ നോവലായിരുന്നു അത്. സഞ്ജീവിന്‍െറ വായനാശീലത്തെയും ജീവിതത്തെയും മാറ്റിമറിച്ച ആ വായനക്കുശേഷം പിന്നെ പുസ്തകങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണമായിരുന്നു. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോള്‍ തിങ്സ്, വിക്രം സത്തേിന്‍െറ എ സ്യൂട്ടബ്ള്‍ ബോയ്, ബ്രിട്ടീഷ് നോവലിസ്റ്റായ കസ്വ ഇഷിഗുറോയുടെ റിമെയ്ന്‍സ് ഓഫ് ദ ഡേ സഞ്ജീവ് വായന നിര്‍ത്തിയതേയില്ല. തികച്ചും വ്യത്യസ്തമായ ജോലി തെരെഞ്ഞെടുത്തപ്പോഴും അഭിലാഷം എഴുത്തുകാരനായിത്തീരുക എന്നതു തന്നെയായിരുന്നു.
അങ്ങനെയാണ് തന്‍െറ 30 വയസ്സില്‍ അവേര്‍സ് ആര്‍ ദ സ്ട്രീറ്റ്സ് എന്ന ആദ്യനോവല്‍ പുറത്തിറക്കിയത്. ഏറെ പ്രശംസ പിടിച്ചു പറ്റിയ ആ നോവലിനുശേഷം ഇയേഴ്സ് ഓഫ് ദ റണ്‍ അവെയ്സ് എന്ന പുസ്തകം മാന്‍ ബുക്കര്‍ പ്രൈസിനുള്ള ചുരുക്കപ്പട്ടികയില്‍. ഒരു 34കാരന് അഭിമാനിക്കാന്‍ എന്തുവേണം?
ബുക്കര്‍ പ്രൈസിന് പുസ്തകം തെരെഞ്ഞെടുത്ത ജൂറി മെമ്പര്‍ തന്‍െറ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരനും തന്നെ ഈ മേഖലയിലേക്ക് ആനയിക്കാന്‍ കാരണക്കാരനുമായിരുന്ന സല്‍മാന്‍ റുഷ്ദി തന്നെയായത് യാദൃശ്ചികമാവാം.
ഇനി സഞ്ജീവ് സഹോട്ടയെക്കുറിച്ച് സല്‍മാന്‍ റുഷ്ദി പറയുന്നത് എന്താണെന്ന് നോക്കാം..
'യുവ ബ്രിട്ടീഷ് എഴുത്തുകാരെ തെരെഞ്ഞെടുക്കാനായി കുറേ പുസ്തകങ്ങളിലൂടെ കടന്നു പോകുകയായിരുന്നു ഞാന്‍. ആരാണെന്ന് അറിയാത്ത എഴുത്തുകാരന്‍െറ പുസ്തകം തുറക്കുമ്പോള്‍ പുസ്തകത്താളില്‍ നിന്നും ഒരു ശബ്ദം ഇറങ്ങ്വന്ന് എന്നോട് ശ്രദ്ധിക്കാനാവശ്യപ്പെടുന്നു. അപ്പോള്‍ ഒരു കാര്യം മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.. അതിന്‍െറ ശക്തിക്കു മുന്നില്‍ നിശബ്ദമായി സന്തോഷത്തോടെ കീഴടങ്ങുക. പുസ്തകത്തിന്‍െറ പേരോ എഴുത്തുകാരന്‍െറ പേരോ അറിയാതെയാണ് ആ പുസ്തകം ഞാന്‍ വായിക്കാന്‍ തുടങ്ങിയത്. (തെരെഞ്ഞെടുക്കാനുള്ള കൃതികളില്‍ എഴുത്തുകാരന്‍െറയോ കൃതിയുടേയോ പേര് രേഖപ്പെടുത്തില്ല) എല്ലാ പേജുകളും സത്യസ്നധമായും ശക്തമായും പുതുമയുള്ളതുമായി തോന്നി.'
ഒരു കടുത്ത റഷ്യന്‍ സാഹിത്യാരാധകന്‍ കൂടിയാണ്് സഞ്ജീവ്. ടോള്‍സ്റ്റോയ്, അന്‍റണ്‍ ചെക്കോവ്, അലക്സാണ്ടര്‍ പുഷ്കിന്‍, ടര്‍ഗനേവ്, ഗൊഗോള്‍ എന്നിവരുടെ കഥ പറയുന്ന രീതി തന്നെ വല്ലാതെ സ്വാധീനിച്ചു എന്ന് സഞ്ജീവ് സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.