അവിശ്വാസിയില്‍ നിന്ന് വിശ്വസത്തിന്‍െറ സാഹിത്യത്തിലേക്ക്...

ഇന്ത്യയിലെ ആദ്യത്തെ ലിറ്റററി പോപ്സ്റ്റാര്‍..അങ്ങനെയാണ് മാധ്യമങ്ങള്‍ അമിഷ് ത്രിപാഠിയെ വിശേഷിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും അധികം പുസ്തകങ്ങള്‍ വില്‍പന നടക്കുന്ന എഴുത്തുകാരനായ അമിഷിന് ആ വിശേഷണം നന്നായി ഇണങ്ങുന്നു. ഇന്ത്യയിലെ എഴുത്തുകാരില്‍ ഏറ്റവുമധികം വേഗത്തില്‍ വിറ്റുപോകുന്ന പുസ്തകങ്ങളുടെ രചയിതാവാണ് ഇപ്പോള്‍ അമിഷ് ത്രിപാഠി എന്ന 40കാരന്‍.


ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ (2010), ദ സീക്രറ്റ് ഓഫ് നാഗാസ്(2011), ഓത്ത് ഓഫ് വായുപുത്ര.(2013) എന്നീ നോവല്‍ ത്രയങ്ങളുടെ വിജയമാണ് ഈ എഴുത്തുകാരനെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള എഴുത്തുകാരനാക്കി മാറ്റിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍െറ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ശിവ നോവല്‍ത്രയത്തിലെ ആദ്യ ഭാഗമായ 'ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ'യില്‍ നീതിനടത്തിപ്പിലും ജനക്ഷേമത്തിലും തല്‍പരനായ മെലൂഹസാമ്രാജ്യത്തെ അസൂയാലുക്കളായ ചന്ദ്രവംശികള്‍ ആക്രമിക്കാന്‍ ഒരുങ്ങുന്നതും രാജ്യത്തെ രക്ഷിക്കാന്‍ തിബത്തന്‍ ഗോത്രവംശജനായ നീല്‍കണ്ഠന്‍്റെ വരവുമാണ് പ്രമേയം. രാജകുമാരി സതിയുമായുള്ള സമാഗമവും വിവാഹവും യുദ്ധവും എല്ലാം ശിവപുരാണത്തിന്‍െറ പശ്ചാത്തലത്തിലാണ് അമിഷ് വായനക്കാരോട് പറഞ്ഞത്. അതേ കഥയുടെ തുടര്‍ച്ചകളാണ് ദ സീക്രറ്റ് ഓഫ് നാഗാസും ഓത്ത് ഓഫ് വായുപുത്രയും. പുരാണകഥകളോടുള്ള ആഭിമുഖ്യവും പുതിയ കാലഘട്ടത്തിലേക്കുള്ള രൂപമാറ്റവും സാധാരണ വായനക്കാരനെ ആകര്‍ഷിച്ചു.

പ്രണയവും ജീവിതവും ആക്ഷനും ത്രില്ലറുമെല്ലാം നമ്മുടെ പുരാണങ്ങളില്‍ ഇഴചേര്‍ന്നിരിക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഈ പുരാണങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് അതിന്‍്റെ ജനപ്രീതി കാരണമാണ്. അതിനെ തന്‍്റേതായ ഭാഷയിലേക്കു മാറ്റുക മാത്രമാണ് ചെയ്തത് എന്നാണ് അമിഷ് പറയുന്നത്.

വരാനിരിക്കുന്ന പുസ്തകത്തെ പറ്റി കഴിഞ്ഞ ജയ്പൂര്‍ പുസ്തകോല്‍സവത്തില്‍ വെച്ച് അമിഷ്  പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് പ്രസിദ്ധീകരിക്കാനായി പ്രസാധകര്‍ തമ്മില്‍ മത്സരമായിരുന്നു.  ശിവത്രയങ്ങള്‍ പ്രസിദ്ധീകരിച്ച വെസ്റ്റ്ലാന്‍ഡ് പ്രസ്സ് തന്നെയാണ് 'ഇക്ഷ്വാകു വംശജന്‍' എന്ന പുസ്തകത്തിന്‍െറയും പ്രസാധകര്‍. ശിവത്രയങ്ങള്‍ക്കശേഷം രാമകഥയാണ് ഇക്ഷ്വാകു വംശജനിലൂടെ അമിഷ് പറയുന്നത്.
 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍്റില്‍ നിന്ന് പഠിച്ചിറങ്ങി 14 വര്‍ഷം ബാങ്കില്‍ ജോലി ചെയ്തതിനുശേഷമാണ് തന്‍െറ ജീവിതനിയോഗം സാഹിത്യകാരനായി തീരുക എന്നതായിരുന്നു എന്ന് അമിഷ് തിരിച്ചറിയുന്നത്. ജീവിതത്തിന്‍്റെ നല്ല ഒരു പങ്ക് നിരീശ്വരവാദിയായിയിരുന്നു. പിന്നീട് എഴുത്ത് ആരംഭിക്കുമ്പോഴാണ് അമിഷ് എതിര്‍ ദിശയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുന്നത്. രണ്ടു കാലഘട്ടങ്ങളും അതിന്‍െറതായ സന്തോഷങ്ങളും ദുഖങ്ങളും നല്‍കിയിരുന്നുവെന്ന് അമിഷ് പറയുന്നു.

മതേതരത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഇന്ത്യ ലോകത്തിന് മാതൃകയാണെന്നാണ് അമിഷിന്‍െറ അഭിപ്രായം. ഇന്ത്യയില്‍ ഇന്ന് ഈ എഴുത്തുകാരന്‍ കാണുന്ന പരിഹൃതമാകേണ്ട വിഷയം സ്ത്രീത്വം അഭിമുഖീകരിക്കുന്ന പരിതാപകരമായ ജീവിത പ്രതിസന്ധിയാണ്. മറ്റു വിഷയങ്ങള്‍ തുലോം അപ്രധാനമെന്നും ഇദ്ദേഹം കരുതുന്നു. ഇന്ത്യക്ക്  ലോകശക്തിയാകണമെങ്കില്‍ സമത്വചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന സമൂഹം അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT