വിവാദങ്ങളുയര്‍ത്തി 'ദ റെഡ് സാരി'

സോണിയക്കെതിരെ മോശമായി ഒന്നും എഴുതിയിട്ടില്ളെന്ന് ജാവിയെര്‍ മൊറോ
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജീവചരിത്രം കഥ പോലെ ആവിഷ്കരിച്ച് സ്പെയിന്‍കാരന്‍ ജാവിയര്‍ മോറോ എഴുതിയ ‘ദി റെഡ് സാരി’ (ചുവപ്പു സാരി) എന്ന പുസ്തകം ഏഴു വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ പുറത്തിറങ്ങുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തി പസ്തകത്തെ വിവാദത്തില്‍ വലിച്ചിട്ടെങ്കിലും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെപ്പറ്റി പുസ്തകം മോശമായി ഒന്നും പറയുന്നില്ളെന്നും ചില നേതാക്കള്‍ അനാവശ്യമായി പുസ്തകത്തിനെതിരെ രംഗത്തുവരികയായിരുന്നുവെന്നും ഗ്രന്ഥകര്‍ത്താവ് ജാവിയര്‍ മൊറോ പറയുന്നു. 
പുസ്തകം സോണിയ ഗാന്ധിയെപ്പറ്റിയുള്ള ചരിത്രവിവരണമല്ല. അതൊരു രാഷ്ട്രീയ രചനയുമല്ല. ഇറ്റലിയില്‍ നിന്ന് വളരെ ചെറിയ നിലയില്‍ നിന്നുവന്ന ഒരു വനിത ഇന്ത്യയിലെ കരുത്തുറ്റ വ്യക്തികളിലൊരാളാകുന്നതിന്‍െറ കഥ പറയുകയാണ് ഉദ്ദേശിച്ചത്. ഇതിനായി സോണിയാ ഗാന്ധിയെ കാണാന്‍ ശ്രമിച്ചെങ്കിലും എല്ലാ വാതിലുകളും കോണ്‍ഗ്രസ് നേതാക്കള്‍ അടച്ചു. അതിനാല്‍ സ്വയം അവരുടെ കഥ പറയുന്ന രീതിയാണ് സ്വീകരിച്ചത്. ഇതിനായി സോണിയയുമായി ബന്ധപ്പെട്ട നിരവധി പേരെ കൂടി കണ്ടിരുന്നു. 2008 ല്‍ പുസ്തകം സ്പാനിഷ് ഭാഷയില്‍ ഇറങ്ങിയപ്പോള്‍ നല്ല സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പുസ്തകം അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അധിക്ഷേപകരവുമായ പരാര്‍മശവും നിറഞ്ഞതാണെന്നുപറഞ്ഞ് രംഗത്ത് വന്നു. 2010 ല്‍ വക്കീല്‍ നോട്ടീസ് ലഭിച്ചു. 455 പേജുള്ള പുസ്കത്തില്‍ അധിക്ഷേപകരമായ ഒരു പരാമര്‍ശവുമില്ളെന്നും ജാവിയര്‍ മൊറോ പറഞ്ഞു. 
‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ അടക്കം പ്രശസ്തമായ ഗ്രന്ഥങ്ങള്‍ രചിച്ച ഡൊമിനിക് ലാപിയറിന്‍െറ മരുമകനാണ് ജാവിയര്‍ മൊറോ. അമ്മാവന്‍ ഇന്ദിരാഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നെന്നും നെഹ്റു കുടുംബത്തെപ്പറ്റി നല്ല കുറേ കഥകള്‍ അദ്ദേഹത്തില്‍ നിന്ന് കേട്ടതിന്‍െറ പശ്ചാത്തലത്തിലാണ് പുസ്തകരചന എന്ന ആശയം മനസിലുദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജയിലിലായിരുന്ന സമയത്ത് നെഹ്റു മകള്‍ ഇന്ദിരക്ക് വിവാഹ വേളയില്‍ ഉടുക്കാനായി സാരി നെയ്തിരുന്നു. ആ സംഭവത്തില്‍ നിന്നാണ് പുസ്തകത്തിന്‍െറ പേര് രൂപപ്പെടുത്തിയതെന്നും മോറോ കൂട്ടിചേര്‍ത്തു. 


പുസ്തകം ഏഴു വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് ഇന്ത്യയില്‍ വെളിച്ചം കണ്ടില്ല. സ്പാനിഷിലെഴുതിയ പുസ്തകം ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്യാന്‍ ആരുമുണ്ടായില്ല. നെഹ്റു കുടുംബത്തിന്‍െറ അപ്രീതി സമ്പാദിക്കാന്‍ പ്രസാധകരും മുന്നോട്ടുവന്നില്ല. രചയിതാവിനെതിരെ കോടതി കയറുമെന്ന് നേരത്തെ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി താക്കീത് നല്‍കുകയും ചെയ്തിരുന്നു. 2008ലാണ് സ്പെയിനില്‍ പുസ്തകം പുറത്തിറങ്ങിയത്. ജാവിയര്‍ മോറോക്ക് സോണിയയുമായോ നെഹ്റു കുടുംബവുമായോ അടുപ്പമൊന്നുമില്ല. പക്ഷേ, അന്ത$പുരത്തിലും അടുക്കളയിലും കയറിച്ചെന്ന് വികാരങ്ങള്‍ പങ്കുവെച്ച മട്ടിലാണ് കൃതി. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടിവരുമെന്ന് ഉറപ്പായ ഘട്ടത്തില്‍ സോണിയ ഷോക്കേറ്റതുപോലെയായെന്ന് ‘ചുവപ്പു സാരി’യില്‍ വിശദീകരിക്കുന്നു. രാജീവിന് ‘വധശിക്ഷ’ കിട്ടിയെന്ന മട്ടിലാണ് സോണിയ പ്രതികരിച്ചത്. സോണിയയുടെ കൈപിടിച്ച് സാഹചര്യങ്ങള്‍ രാജീവ് വിശദീകരിച്ചപ്പോള്‍ ‘ഓ, ദൈവമേ, വേണ്ട!’ എന്ന് സോണിയ പൊട്ടിക്കരഞ്ഞു. ‘അവര്‍ നിങ്ങളെ കൊല്ലു’മെന്ന് പലവട്ടം പറഞ്ഞു.   
സോണിയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ചും പുസ്തകം വിവരിക്കുന്നുണ്ട്. കുറ്റബോധമാണ് അന്നേരം സോണിയയെ ഭരിച്ചതത്രെ. രാജീവ് ജീവന്‍ ബലികൊടുത്ത പാര്‍ട്ടി ശിഥിലമാവുന്നതിനു മുന്നില്‍ നിശ്ശബ്ദം നോക്കിയിരിക്കാന്‍ കഴിയുമോ എന്ന് ആ മനസ്സ് വേദനിച്ചു. അതിനൊടുവിലാണ് ഇന്നു കാണുന്ന സോണിയ ഉണ്ടായതെന്ന് ജാവിയര്‍ മോറോ എഴുതുന്നു. റോളി ബുക്സാണ് പ്രസാധകര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT