തലശ്ശേരി: പുഴയാല്‍ ചുറ്റപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് അസമിലെ ജോര്‍ഹട്ട് ജില്ലയിലെ മാജുലി. ബ്രഹ്മപുത്ര നദിയുടെ അഭിമാനമായ മാജുലിയില്‍ ഉയര്‍ന്നുവരുന്ന ഒരു മലയാളി കവിയുണ്ട്-ബിപുല്‍ റെഗോണ്‍ (33). അസമിലെ മികച്ച നോവലിസ്റ്റായി പേരുകേട്ട ബിപുല്‍ മലയാളം പഠിക്കാന്‍ തുടങ്ങിയിട്ട് 10 മാസമേ ആയിട്ടുള്ളൂ എന്നതാണ് കൗതുകം. അതിനിടയില്‍ തന്നെ നാല്‍പതോളം മലയാള കവിതകളെഴുതി. മലയാളത്തിലെ പ്രമുഖ വാരികകളില്‍ പലതും പ്രസിദ്ധീകരിച്ചു.
കാടുകള്‍ ഉള്‍പ്പെടെ പല കാര്യങ്ങളുമായും കേരളത്തോട് സാമ്യമുള്ള അസമില്‍ നിന്ന് സ്കൂള്‍ കലോത്സവം കാണാന്‍ ബിപുല്‍ തലശ്ശേരിയിലത്തെി. സുഹൃത്ത് രതീഷ് കാളിയാടന്‍െറ കൂടെയാണ് എത്തിയത്. കുച്ചിപ്പുടിയും ഭരതനാട്യവുമൊക്കെ കണ്ട ബിപുല്‍ കലോത്സവ സമാപന യോഗത്തില്‍ കവിതയും അവതരിപ്പിച്ചു. അസമിലെ ദിബ്രുഗഢ് സര്‍വകലാശാലയില്‍ ഹിന്ദി വിഭാഗം അസി. പ്രഫസറാണ് ബിപുല്‍. വ്യത്യസ്ത ഭാഷകള്‍ പഠിക്കാനുള്ള മൈസൂര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിലെ ഡിപ്ളോമയുടെ ഭാഗമായാണ് മലയാളം പഠിച്ചത്.
മലയാളം പഠിക്കുന്നതിനു മുമ്പുതന്നെ മലയാള കൃതികളുടെ തര്‍ജമ വായിച്ചിരുന്നു. ഇതും മലയാളം പഠിക്കുന്നതിന് പ്രചോദനമായി. വടിവൊത്ത അക്ഷരത്തില്‍ എഴുതാനും വേഗത്തില്‍ വായിക്കാനും സാധിക്കുമെങ്കിലും സംസാരിക്കുമ്പോള്‍ പലപ്പോഴും വ്യക്തതയില്ളെന്ന് ബിപുല്‍ തന്നെ സമ്മതിക്കുന്നു. അധികം പേരുമായി സംസാരിക്കാന്‍ സാധിച്ചിട്ടില്ലാത്തതു കാരണമാണിത്. മലയാള പഠനം പുരോഗമിച്ചതോടെ കൂടുതല്‍ വായിക്കാനും എഴുത്തുകാരുമായി സംസാരിക്കാനും സാധിച്ചു. എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, വൈശാഖന്‍, സന്തോഷ് പനയാല്‍ എന്നിവരൊക്കെ സുഹൃത്തുക്കളാണ്. ഇവരെ സന്ദര്‍ശിക്കാറുമുണ്ട്.
പട്ടാളക്കാരുടെ പിടിയിലമരുന്ന നാടിന്‍െറ നൊമ്പരങ്ങളാണ് ബിപുലിന്‍െറ മിക്ക നോവലുകളുടെയും പ്രമേയം. അസമിലെ രണ്ടാമത്തെ വലിയ ഗോത്രവര്‍ഗമായ മിസിങ് വിഭാഗത്തില്‍പെട്ടയാളാണ് ബിപുല്‍. മിസിങ് എന്ന പേരില്‍ തന്നെ ഭാഷയുമുണ്ട്. ഈ ഭാഷയിലും അസമീസിലും ഹിന്ദിയിലും ഇപ്പോള്‍ മലയാളത്തിലുമായാണ് എഴുത്ത്. വണ്‍ മാന്‍ ആന്‍ഡ് ദി വില്ളേജ്, എ വിമന്‍ സെക്സ് വര്‍ക്കര്‍, വണ്‍ ഹാര്‍ട്ട് മെനി ലൈവ്സ് തുടങ്ങിയവ പ്രശസ്ത അസമീസ് നോവലുകളാണ്. ഹിന്ദിയില്‍ 60ഉം അസമീസില്‍ 200ഉം കവിതകളെഴുതിയിട്ടുണ്ട്. മലയാളി പെണ്‍കുട്ടിയുമായി പ്രണയം സൂക്ഷിക്കുന്ന ബിപുല്‍ മലയാളത്തിന്‍െറ മരുമകനാകാനുള്ള ഒരുക്കത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.