ഇന്ന് എസ്.കെ.പൊറ്റെക്കാട് ചരമദിനം

ഗ്രാമീണ ജീവിതത്തിലെ സാധാരണമെന്ന് തോന്നുന്ന അനുഭവങ്ങളില്‍നിന്ന് അസാധാരണമായ കഥകള്‍ സൃഷ്ടിച്ച എസ്.കെ. പൊറ്റെക്കാട്ടിന്‍െറ 33ാം ചരമവാര്‍ഷികദിനമാണ് ഇന്ന്.
ഇന്നത്തെപ്പോലെ പണവും സൗകര്യവും സാങ്കേതികസംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് ആഫ്രിക്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കുകയും യാത്രാവിവരണങ്ങള്‍ എഴുതുകയും ചെയ്തു  എസ്.കെ. ഇതിലൂടെ യാത്രാവിവരണവും ഒരു വലിയ സാഹിത്യശാഖയാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കോഴിക്കോട് പുതിയറയിലെ പൊറ്റെക്കാട്ടുവീട്ടില്‍ 1913 മാര്‍ച്ച് 14ാം തീയതിയാണ് ശങ്കരന്‍കുട്ടി എന്ന എസ്.കെ. പൊറ്റെക്കാട് ജനിച്ചത്. കുഞ്ഞിരാമന്‍ മാസ്റ്ററും കുട്ടൂലി അമ്മയുമാണ് മാതാപിതാക്കള്‍. പ്രാഥമികവിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളില്‍. കോഴിക്കോട് സാമൂതിരി കോളേജില്‍ നിന്നും ഇന്‍്റര്‍മീഡിയറ്റ് നേടിയ ശേഷം കോഴിക്കോട് ഗുജറാത്തി വിദ്യാലയത്തില്‍ ഒരു വര്‍ഷത്തോളം അധ്യാപകനായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളില്‍ താല്പര്യം ജനിക്കുന്നത്.

1939ല്‍ ബോംബേയിലേക്ക് പോയ ഇദ്ദേഹം കുറച്ചു കാലം അവിടെ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാന്‍ ഈ കാലയളവില്‍ അദ്ദേഹം പരിശ്രമിച്ചു. 1938 മുതല്‍ അദ്ദേഹം യാത്രാവിവരണമെഴുതിത്തുടങ്ങി. 1949ലായിരുന്നു ആദ്യ വിദേശയാത്ര. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും സന്ദര്‍ശിക്കുകയും ഓരോ സ്ഥലത്തെയും മനുഷ്യരുമായി ഇടപഴകുകയും ചെയ്തു.
മലയാളത്തിന് നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്.കെയുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്. ബാലിദ്വീപ്, കാപ്പിരികളുടെ നാട്ടില്‍, കാശ്മീര്‍, പാതിരാസൂര്യന്‍റെ നാട്ടില്‍, ഇന്നത്തെ യൂറോപ്പ്, സിംഹഭൂമി, ബൊഹീമിയന്‍ ചിത്രങ്ങള്‍, മലയാനാടുകളില്‍, നൈല്‍ ഡയറി, സോവിയറ്റ് ഡയറി, ഇന്‍ഡോനേഷ്യന്‍ ഡയറി, ക്ളിയോപാട്രയുടെ നാട്ടില്‍, കെയ്റോ കത്തുകള്‍, ലണ്ടന്‍ നോട്ട്ബുക്ക്എന്നിവയാണ് പ്രധാന യാത്രാവിവരണങ്ങള്‍.
മൂടുപടം, വിഷകന്യക, പ്രേമശിക്ഷ, ഒരു തെരുവിന്‍്റെ കഥ, ഒരു ദേശത്തിന്‍്റെ കഥ എന്നീ നോവലുകളും രാജമല്ലി, പുള്ളിമാന്‍, നിശാഗന്ധി, മേഘമാല, പത്മ രാഗം, ഇന്ദ്രനീലം, പ്രേതഭൂമി, രംഗമണ്ഡപം, യവനികയ്ക്കു പിന്നില്‍, ഹിമവാഹിനി, വനകൗമുദി, ചന്ദ്രകാന്തം, കനകാംബരം, അന്തര്‍വാഹിനി, ഏഴിലംപാല, കാട്ടുചെമ്പകം തുടങ്ങിയ കഥകളും പ്രേമശില്പി, സഞ്ചാരിയുടെ ഗീതങ്ങള്‍ എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്‍റേതായുണ്ട്.

ബോംബേയിലായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പൊറ്റെക്കാട് നാട്ടിലും ദേശീയപ്രസ്ഥാനത്തിന്‍്റെ ഭാഗമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. 1957ല്‍ തലശ്ശേരി പാര്‍ലമെന്‍റ് നിയോജകമണ്ഡലത്തില്‍നിന്നു മത്സരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. 1962ല്‍ ഇവിടെനിന്നുതന്നെ 66000 വോട്ടിന്‍്റെ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. പ്രശസ്ത നിരൂപകന്‍ സുകുമാര്‍ അഴീക്കോടിനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്.
ഒരു തെരുവിന്‍്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1962), ഒരു ദേശത്തിന്‍്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1973), സാഹിത്യമപ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു. കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. 1982 ഓഗസ്റ്റ് 6ന് അന്തരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT