തകഴി ശിവശങ്കര പിള്ള ഒര്‍മകളിലേക്ക് മറഞ്ഞിട്ട് 16 വര്‍ഷം തികയുന്നു. തകഴിയിലെ ശങ്കരമംഗലം എന്ന ആ വീട്ടില്‍ ഒരിക്കലെങ്കിലും എത്തിയിട്ടുള്ളവര്‍ "കാത്തേ·...."എന്നുള്ള ആ നീട്ടി വിളി മറക്കാനിടയില്ല.
തകഴിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പങ്കജാക്ഷന്‍ എന്ന പങ്കേട്ടനെ എനിക്കെങ്ങനെ മറക്കാനാവും? 1997ല്‍ മാതൃഭൂമി കോട്ടയം യൂണിറ്റില്‍ ഫേeട്ടോ ജേര്‍ണലിസ്റ്റായി ജോലിക്കു കയറുമ്പോള്‍ അവിടെ റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ ഡ്രൈവര്‍ ആയിരുന്നു പങ്കേട്ടന്‍. ഒത്തിരി വര്‍ഷങ്ങള്‍ തകഴിയുടെ സാരഥി മാത്രമായിരുന്നില്ല, എല്ലാമെല്ലാം ആയിരുന്നു പങ്കേട്ടന്‍. പങ്കേട്ടന്‍ ഇല്ലാതെ തകഴി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല എന്നു കാത്ത·ചേച്ചി ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അമ്പലപ്പുഴ പാല്‍പായസത്തിന്‍റെ ഇന്നും മറക്കാനാവാത്ത രുചി എന്‍റെ നാവില്‍ ആദ്യമായി അറിയിച്ചു തന്നത് പങ്കേട്ടനായിരുന്നുവല്ളോ!
ആ കാലത്ത് മാതൃഭൂമി കോട്ടയം യൂണിറ്റിന്‍റെ കീഴിലായിരുന്നു ആലപ്പുഴ,ഇടുക്കി ,പത്തനംതിട്ട ജില്ലകള്‍. ഈ ജില്ലകളിലെ പ്രധാന പരിപാടികള്‍ക്ക് കോട്ടയം യൂണിറ്റില്‍ നിന്ന് വേണം ഫോട്ടോഗ്രാഫര്‍ പോകാന്‍. ആ ദീര്‍ഘദൂര യാത്രകളില്‍ പങ്കേട്ടനില്‍ നിന്ന് കേട്ടിരുന്ന തകഴിയുടെ കഥകള്‍ക്ക് പിറകിലെ കഥകള്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ കഥകള്‍ വായിച്ചതിലും കൂടുതല്‍ ആ കഥാകൃത്തുമായി എന്‍െറ ഹൃദയത്തെ കൊരുത്തിണക്കിയത്. ഞാന്‍ ആദ്യമായി തകഴിയെ കാണാന്‍ പോയതും പങ്കേട്ടനൊപ്പമായിരുന്നു.
അന്ന് ഒരു ദിവസം മുഴുവന്‍ ആ വീട്ടില്‍ നിന്ന് തകഴിയുടെ ചിത്രങ്ങള്‍ ആവേശത്തോടെ ഞാന്‍ പകര്‍ത്തി. പങ്കേട്ടന്‍്റെ കൈയും പിടിച്ചു പാടത്തും പറമ്പിലും എനിക്ക് ചിത്രങ്ങള്‍ എടുക്കാനായി അദ്ദേഹം നടന്നു തന്നു. തകഴിച്ചേട്ടന്‍്റെ ഒപ്പം ഇരുത്തി ഉച്ച ഭക്ഷണം കാത്ത·ചേച്ചി വിളമ്പി തന്നു. ഒരു വലിയ ഹൃദയ ബന്ധത്തിന്‍്റെ തുടക്കമായിരുന്നു അത്.
പിന്നീട് ആലപ്പുഴ ബ്യൂറോയിലേക്ക് സ്ഥലം മാറി വന്നപ്പോള്‍ ആ വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയി. കുട്ടനാടിനെയും തകഴിയുടെ കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയാന്‍ ആ മാറ്റം എന്നെ ഒത്തിരി തുണച്ചു. കുട്ടനാടിന്‍്റെ മുക്കും മൂലയും എന്‍്റെ ബൈക്കിന്‍്റെ ചക്രങ്ങള്‍ കയറിയിറങ്ങി. തകഴി പുഴയിലൂടെ ബൈക്ക് ചങ്ങാടത്തില്‍ കയറ്റിയുള്ള യാത്രയും, പാടത്ത് മട വീണ് കൃഷി നാശം സംഭവിച്ച കര്‍ഷകരുടെ കണ്ണീരും എല്ലാം ജീവിതത്തിന്‍റെ ഭാഗമായി. ഇപ്പോഴും ആ ബന്ധം ഉലച്ചിലില്ലാതെ തകഴിപ്പുഴ പോലെ ഒഴൂകുന്നു. തകഴിയുടെ മകള്‍ ജാനമ്മ ചേച്ചിയുടെ മകന്‍ രാജ് നായര്‍ കാത്ത· ചേച്ചിയെക്കുറിച്ച് ‘കാഴ്ച്ച വസ്തുക്കള്‍’ എന്ന ഡോക്യു ഡ്രാമ എടുത്തപ്പോള്‍ അതിന്‍്റെ ഒരു ഭാഗമാകാനും എനിക്ക് സാധിച്ചു.
തകഴി മരിച്ചു കഴിഞ്ഞ് ഒരു രൂപ വാടകക്ക് കാത്ത·ചേച്ചി ശങ്കരമംഗലത്തെ· ആ വീട്ടില്‍ ഒറ്റക്കായപ്പോഴും ഞാന്‍ അവിടെ പോകുമായിരുന്നു. പിന്നീട് 2002ല്‍ വാര്‍ധക്യത്തെ· കുറിച്ച് ‘സ്മൃതി’ എന്ന പേരില്‍ ആലപ്പുഴ സെന്‍റ് ജോസഫ് കോളേജില്‍ ഒരു ഫോട്ടോ പ്രദര്‍ശനം നടത്തിയപ്പോള്‍ അതിന്‍്റെ ഉദ്ഘാടനത്തിനായി ഞാന്‍ കാത്ത· ചേച്ചിയെയും അതുപോലെ·തന്നെ എനിക്ക് ഏറെ അടുപ്പമുള്ള ഭാരതിയമ്മയും (വയലാറിന്‍റെ പത്നി) ആയിരുന്നു മനസ്സില്‍. അവരെ ഇതു അറിയിച്ചപ്പോള്‍ പൂര്‍ണ മനസോടെ എന്‍റെ ക്ഷണം സ്വീകരിക്കുകയും രണ്ടുപേരും വന്ന് ഉദ്ഘാടനം ചെയ്യുകയും ചെയ്തു . മലയാളത്തിന്‍്റെ അഭിമാനമായി ഒരേ ജില്ലയില്‍ ജീവിച്ചിരുന്ന രണ്ടു പേരുടെ പത്നിമാര്‍ ആദ്യമായി ഒരുമിച്ച് കാണുന്ന വേദിയൊരുക്കാന്‍ എനിക്ക് സാധിച്ചു എന്നതില്‍ ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.