‘ഒരൊറ്റത്തെങ്ങു കണ്ടിടത്തിലൊക്കെയും
സ്മരിച്ചു ഞങ്ങളീപ്പിറന്ന നാടിനെ...
ഇവിടെ സ്നേഹിപ്പാ,നിവിടെ യാശിപ്പാ-
നിവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം’ (വൈലോപ്പിള്ളി ശ്രീധരമേനോന്‍)
മലയാള ഭാഷയും സംസ്കാരവും സംഗമിക്കുന്ന തുഞ്ചന്‍പറമ്പിലെ വിശുദ്ധ ഭൂമിയിലത്തെുമ്പോള്‍ കാലം പിന്നോട്ട് തിരിയും. പിറന്ന മണ്ണിനും ആദ്യം നാവിലുണര്‍ന്ന ഭാഷക്കുമൊരുക്കിയ സ്മരണാഞ്ജലി. ചിറകുവിരിച്ച് പറന്നുയര്‍ന്നിടത്തുതന്നെ ശ്രേഷ്ഠമലയാളത്തിനൊരു അര്‍ച്ചന. ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍െറ ജന്‍മംകൊണ്ടനുഗ്രഹീതമായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തുഞ്ചന്‍െറ ശാരികപ്പൈതലിന്‍െറ ചിറകടിയൊച്ച ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് അദ്ദേഹം ചൊല്ലിക്കൊടുത്ത അക്ഷരപാഠങ്ങള്‍ അലിഞ്ഞുചേര്‍ന്ന വായു ചുറ്റും ഒഴുകിപ്പരക്കുന്നു.
നമ്മുടെ സാഹിത്യത്തെ തെളിമലയാളത്തിലത്തെിച്ചതിന് തുഞ്ചത്തെഴൂത്തച്ഛനോടാണ് കടപ്പെട്ടിരിക്കുന്നത്. കുന്ദലത മുതലിങ്ങോട്ടുള്ള മലയാളസാഹിത്യത്തെ തുഞ്ചന്‍െറ ജന്മഗേഹത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ (വാസനാവികൃതി), അപ്പു നെടുങ്ങാടി(കുന്ദലത), ചന്തുമേനോന്‍ (ഇന്ദുലേഖ), സി.വി.രാമന്‍പിള്ള (മാര്‍ത്താണ്ഡവര്‍മ, ധര്‍മരാജ), അപ്പന്‍ തമ്പുരാന്‍ (ഭാസ്കരമേനോന്‍), എന്നിങ്ങനെ കൈരളിക്ക് അടിത്തറ പാകി ലോകസാഹിത്യത്തിന്‍െറ നെറുകയിലേക്ക് പടവുകളൊരുക്കിയതില്‍ ഭാഗഭാക്കായവരെയെല്ലാം ഇവിടെയുണ്ട്. കെ. സരസ്വതിയമ്മ, വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി വാസുദേവന്‍ നായര്‍, എസ്.കെ പൊറ്റക്കാട്, ഉറൂബ്, കുമാരനാശാന്‍, ഉള്ളൂര്‍, ജി. ശങ്കരക്കുറുപ്പ്, സ്വാതിതിരുനാള്‍, വള്ളത്തോള്‍, ഒ.വി വിജയന്‍, തകഴി, കുഞ്ഞുണ്ണിമാഷ്, എന്‍.എന്‍ കക്കാട്, കെ.പി കേശവ മേനോന്‍, പി. കുഞ്ഞിരാമന്‍ നായര്‍, കമല സുരയ്യ, ചങ്ങമ്പുഴ, ലളിതാംബിക, കോവിലന്‍, നന്തനാര്‍, വയലാര്‍, ഒ.എന്‍.വി, വൈലോപ്പിള്ളി തുടങ്ങി അക്ഷരങ്ങള്‍ കൊണ്ട് അതിശയങ്ങള്‍ കാണിച്ച മലയാളത്തിന്‍െറ അഭിമാനങ്ങളെല്ലാം.. കഥപറഞ്ഞും കവിതചൊല്ലിയും കടന്നുപോയവര്‍ ഇവിടെ നമ്മോട് കഥകള്‍ പറയുന്നു; കവിത ചൊല്ലിത്തരുന്നു. തീര്‍ന്നില്ല; ഹെര്‍മന്‍ ഗുണ്ടര്‍ട്ടില്‍ തുടങ്ങി ക്രിസ്ത്യന്‍ മിഷനറിമാരും അഴീക്കോടും എം.എന്‍. വിജയനും ഇ.എം.എസും തുടങ്ങി മലയാള നാടിനെ ധന്യരാക്കിയവരെയെല്ല്ളാം ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു. മലയാളഭാഷയും സാഹിത്യവും സംസ്കാരവും പിച്ചവെച്ച വഴിയില്‍ കൈത്താങ്ങായവര്‍ക്കെല്ലാം ഇവിടെ കൈരളിയുടെ നമസ്കാരം. ഓരോരുത്തരെയും കുറിച്ചുള്ള ചെറുകുറിപ്പുകളുമുണ്ട് ഒപ്പം. മലയാളനാട്ടിലെ ചരിത്രഭൂമികകളും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.
ഭാഷയുടെ തുടക്കം തൊട്ടുള്ള ചരിത്രം ഇവിടെ വായിച്ചും കണ്ടും കേട്ടുമറിയാം. ദൃശ്യ ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള വിവരണം മ്യൂസിയത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു. തുഞ്ചന്‍െറ എഴുത്തോലയും എഴുത്താണിയും മ്യൂസിയത്തിന് അലങ്കാരമായുണ്ട്. കാലം അക്ഷരങ്ങളായി ഉറങ്ങുന്ന താളിയോലക്കെട്ടുകളും. മലയാള അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ചരിത്രവും ഈ മ്യൂസിയം നമ്മോട് പറയുന്നു. അപൂര്‍വമായ മലയാളം അക്കങ്ങളും അക്ഷരങ്ങളും കലണ്ടറുമെല്ലാം ഇവിടെ കാണാനാകും. കേരളത്തിന്‍െറ പാരമ്പര്യകലകളെക്കുറിച്ചുള്ള വിവരണവുമുണ്ട്. ധാന്യ അളവുകള്‍, തൂക്കം, നാണയം, സ്ഥാന ചിഹ്നം എന്നിവയൊക്കെ കൗതുകമുണര്‍ത്തുന്നതാണ്.
മലയാളിയുടെ വൈവിധ്യങ്ങളെ ചിത്രീകരിക്കുന്ന മ്യൂസിയത്തില്‍ കലകളെയും പരിചയപ്പെടുത്തുന്നു. വിവിധ വിഭാഗങ്ങളുടെ പ്രാധിനിത്യം വിളിച്ചോതുന്ന കലാരൂപങ്ങള്‍ക്കൊപ്പം ചിത്രങ്ങളും ചുമരെഴുത്തുകളുമെല്ലാം ഇവിടെ കാണാം. ചുരുക്കിപ്പറഞ്ഞാല്‍ മലയാളസാഹിത്യത്തിന്‍െറയും ഭാഷയുടെയും സംസ്കാരത്തിന്‍െറയും വേരുകള്‍ തിരഞ്ഞുവരുന്ന വിദ്യാര്‍ഥികള്‍ക്കായി അടുക്കോടെയും ചിട്ടയോടെയും അടിസ്ഥാനവിവരങ്ങള്‍ ഇവിടെ ചേര്‍ത്തുവച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.