‘പാറു’, നെല്ലുകുത്തുകാരി പാറുവാണ്. 1954ലാണ് ഇടശ്ശേരിയുടെ ഈ കവിത പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ ഒരു പ്രമുഖ ആനുകാലികത്തില്‍. അതിനാല്‍ ഇപ്പോള്‍ പിന്നിടുന്നത്, പാറുവിന്‍െറ അറുപത് വര്‍ഷമെന്നപോലെ, പാറുവിനുശേഷമുള്ള മലയാളകവിതയുടെ ആറു പതിറ്റാണ്ട് കൂടിയാകുന്നു. ഒരു പ്രകൃഷ്ട രചന എന്നനിലയില്‍ പാറുവിന് പിന്‍ഗാമികളുണ്ടായോ മലയാളത്തില്‍? ഈ അന്വേഷണം നമ്മെ കൊണ്ടുചെന്നത്തെിക്കുക ‘പാറു’വിന് അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ പിറന്നുവീണ ചില കവിതകളിലാണ്. അതിനകം യന്ത്രനാഗരികത അതിന്‍െറ അവതാരോദ്ദേശ്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞിരുന്നു; എന്നിട്ടും വിരമിക്കാതെ ആ വാമനന്‍, അവശേഷിക്കുന്ന ഒരടി മണ്ണുകൂടി അളന്നെടുക്കാന്‍ വേണ്ടി, തന്‍െറ കരാളമായ ലോഹപാദമുയര്‍ത്തിനില്‍ക്കുമ്പോഴാണ് എസ്. കലേഷും കെ. രാജഗോപാലും എസ്. ജോസഫും ഉള്‍പ്പെടുന്ന മലയാളകവിതയിലെ ആധുനികാനന്തര തലമുറ, ഇടശ്ശേരിയുടെ ‘പാറു’വിന് പ്രച്ഛന്നവും പ്രത്യക്ഷവുമായ ചില തുടര്‍ച്ചകള്‍ നിര്‍മിച്ചത്. ആ തുടരെഴുത്തില്‍ തെളിയുന്ന പാറുവിന്‍െറ പില്‍ക്കാലമാണ് നമ്മുടെ വിഷയം.
2009ലാണ് ‘സൈറണ്‍’ എന്ന കവിത ഉള്‍പ്പെടുന്ന എസ്. കലേഷിന്‍െറ ‘ഹെയര്‍പിന്‍ ബെന്‍റ്’ എന്ന കാവ്യസമാഹാരം പുറത്തിറങ്ങിയത്. ലളിതവും സാധാരണവും കൗമാരസഹജവുമായ ഒരു പ്രണയസന്ദര്‍ഭത്തിന്‍െറ വിടര്‍ച്ചയോ പടര്‍ച്ചയോ ആണ് ‘സൈറണ്‍’. അങ്ങേയറ്റം പ്രണയാതുരനായ ഒരു കാമുകന്‍ തനിക്ക് നഷ്ടപ്പെട്ട കാമുകിയെത്തേടി നടത്തിയ യാത്രയും ആ യാത്രയുടെ ദയനീയമായ സമാപ്തിരംഗവുമാണ് കവിതയില്‍.
പട്ടണത്തിലാണവള്‍. അതിവേഗത്തീവണ്ടി അവളെയാ പട്ടണത്തിലത്തെിക്കുന്നു. കാമുകിയുടെ ഭര്‍ത്താവിനോട് അവളെ തിരികത്തെരണമെന്ന് അപേക്ഷിക്കുകയോ യാചിക്കുകയോ ചെയ്യണമെന്ന വിനീതമായ ലക്ഷ്യമൊന്നു മാത്രമേയുള്ളൂ അവന്. അയാള്‍ ജോലിചെയ്യുന്ന പടുകൂറ്റന്‍ കമ്പനിയുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് തന്‍െറ നിസ്സാരതയും നിസ്സഹായതയും അവന്‍ ആദ്യമായി തിരിച്ചറിയുന്നത്. നാട്ടിലെ തോട്ടുവക്കത്തുനിന്നും വളരെദൂരെ, അവിടെ നില്‍ക്കുന്ന തെങ്ങിനെക്കാളുമുയരത്തില്‍, ആ ദൂരവും പൊക്കവും കൂട്ടിക്കെട്ടിയാലുമത്തൊനാവാത്ത ഉയരത്തിലാണവള്‍; അയാളും. ഗ്രാമീണനെ നിസ്തേജനാക്കുന്ന നാഗരികതയുടെ ഉയരമാണത്-
‘‘കമ്പനിയുടെ ഗേറ്റ് കടക്കുമ്പോഴേക്കും
സൈറണ്‍ മുഴങ്ങി
ആദ്യം പേടിച്ചുപോയി.
പിന്നെ അത് മാറി.
അയാള്‍ കൂട്ടുകാരുമായി ചേര്‍ന്ന്
ആ ബഹുനിലയുടെ മുകളില്‍നിന്ന്
എന്നെ കൂവി ഓടിച്ചതായി തോന്നി.’’
ഇടശ്ശേരിയുടെ കവിതയിലെ സമാന സന്ദര്‍ഭത്തിന്‍െറ ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ, പാരഡിയാണിത്. പ്രണയത്തില്‍നിന്നും തൊഴിലില്‍നിന്നും ഭ്രഷ്ടയായ പാറുവിനോടുള്ള പരിഹാസംപോലെ കമ്പനിയിലെ സൈറണും ‘കൊച്ചെജമാന’ന്‍െറ ചൂളംവിളിയും ഒരുമിച്ച് കാതില്‍ വീണപ്പോഴാണ് ‘കടവേരോടെ’ പറിച്ചെടുത്ത ഒരു ദുര്‍ബല സസ്യമെന്നോണം ആ കൂലിവേലക്കാരി പതറിപ്പോയത്. വ്യവസായ നാഗരികത ആര്‍ദ്ര മാനുഷഭാവങ്ങളെ എങ്ങനെയെല്ലാം കൂവിവിളിക്കുകയും കടവേരോടെ പിഴുതെറിയുകയും ചെയ്യുന്നുവെന്നു തന്നെയാണ് എസ്. കലേഷിന്‍െറ ‘സൈറണും’ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.