പയ്യന്നൂര്‍: മലയാള ചെറുകഥാ പ്രസ്ഥാനത്തിന് വിത്തിട്ട കഥയുടെ പിതാവ് കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ കഥാവശേഷനായിട്ട് നവംബര്‍ 14ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാവുന്നു. കൊല്ലിനും കൊലക്കും കുലാധികാരമുള്ള ജന്മിത്തറവാട്ടില്‍ പിറന്നുവീണ് സാധാരണക്കാരന്‍െറ പക്ഷം ചേര്‍ന്ന് ജീവിച്ചുമരിച്ച കഥയുടെ തമ്പുരാന്‍െറ ഓര്‍മ പുതുക്കുകയാണ് സാഹിത്യലോകം.
പടിഞ്ഞാറന്‍ സാഹിത്യത്തില്‍ ഏറെ പ്രചാരം നേടിയ ചെറുകഥ എന്ന സാഹിത്യരൂപത്തെ മാതൃഭാഷയിലേക്ക് പറിച്ചുനടുക എന്ന ദൗത്യമാണ് കേസരി നിര്‍വഹിച്ചത്.
മലയാളത്തിലെ പ്രഥമ ചെറുകഥയായ ‘വാസനാ വികൃതി’ പിറന്നത് അങ്ങനെ. 1891ല്‍ ‘വിദ്യാവിനോദിനി’ മാസികയിലൂടെയാണ് വാസനാവികൃതി പുറത്തുവന്നത്. ഒരു മോഷ്ടാവിന് പറ്റുന്ന അമളിയാണ് ഇതിവൃത്തം. കഥ ഈ വര്‍ഷം മുതല്‍ പ്ളസ്ടു വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ട്.
തിരുവിതാംകൂറില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളചന്ദ്രികയില്‍ 18ാം വയസ്സില്‍ ലേഖനമെഴുതിയാണ് അദ്ദേഹം പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. വജ്രബാഹു, വജ്രസൂചി, കേസരി, ദേശാഭിമാനി, വി.കെ ഒരു നായനാര്‍, ഒരു നായര്‍ നമ്പ്യാര്‍, ഒരു മലയാളി, ചാപ്പന്‍ നായര്‍, കേരള സഞ്ചാരി, ഉദ്ദണ്ഡന്‍ എന്നീ പേരുകളിലായിരുന്നു എഴുതിയിരുന്നത്. കേരളപത്രികയില്‍ കേസരി എന്ന പേരിലെഴുതിയ ലേഖനങ്ങളാണ് നായനാരെ പ്രസിദ്ധനാക്കിയത്. വിദ്യാവിനോദിനി, കേരളചന്ദ്രിക, കേരളപത്രിക, കേരളസഞ്ചാരി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പല തൂലികാനാമങ്ങളില്‍ ലേഖനമെഴുതി. കേരളീയരുടെ ആചാരമര്യാദകളെ സസൂക്ഷ്മം നിരീക്ഷിച്ച നായനാര്‍ അയിത്തത്തെയും ജാതിവ്യവസ്ഥയെയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചു.
കൊല്ലവര്‍ഷം 1036 (1861) തുലാം മാസത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ കുറ്റൂരിനടുത്തുള്ള വേങ്ങയില്‍ കുഞ്ഞാക്കം അമ്മയുടെയും തളിപ്പറമ്പ് ചവനപ്പുഴ പുലിയപ്പടമ്പ് മുണ്ടോട്ട് ഇല്ലത്ത് ഹരിദാസന്‍ സോമയാജിയുടെയും മകനായി അദ്ദേഹം ജനിച്ചു.
കോഴിക്കോട് കേരള വിദ്യാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്ന് മദ്രാസ് പ്രസിഡന്‍സി കോളജ്, സൈദാര്‍പേട്ട കാര്‍ഷികകോളജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1891ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അംഗമായി. 1912ല്‍ മലബാറിലെയും ദക്ഷിണ കനറയിലെയും ജന്മിമാരുടെ പ്രതിനിധി എന്ന നിലയില്‍ മദിരാശി നിയമസഭയില്‍ അംഗമായി. 1914 നവംബര്‍ 14ന് നിയമസഭയില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
കാര്‍ഷികശാസ്ത്രത്തില്‍ ബിരുദമെടുത്ത നായനാര്‍ മലബാറില്‍ ശാസ്ത്രീയ കൃഷി സമ്പ്രദായത്തിന് വിത്തുപാകി.
ചെറുകഥ എന്ന സാഹിത്യരൂപത്തെ അവതരിപ്പിക്കുകയും സാമൂഹിക പരിഷ്കരണത്തിന് സംഭാവന നല്‍കുകയും ചെയ്ത വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്ഥാനം ഇപ്പോഴും അവഗണിക്കപ്പെട്ട പ്രതിഭകളുടെ പട്ടികയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.