അമേരിക്കയില്‍ ദിനേഷ് ഡിസൂസയുടെ ‘അമേരിക്ക’ക്ക് അപ്രഖ്യാപിത വിലക്ക്

ഇന്ത്യന്‍ വംശജനായ ദിനേഷ് ഡിസൂസ രചിച്ച ‘അമേരിക്ക’ എന്ന കൃതിക്ക് അമേരിക്കയില്‍ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നതായി സൂചന. ആധികാരികമെന്ന് വിശേഷിപ്പിക്കപ്പെട്ട ന്യയോര്‍ക്ക് ടൈംസിന്‍െറ ബെസ്റ്റ് സെല്ലര്‍ പുസ്തക പട്ടികയില്‍ നിന്ന് ‘അമേരിക്ക’യെ ഒഴിവാക്കിയതാണ് ഇതില്‍ ആദ്യത്തേത്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ കടുത്ത വിമര്‍ശകനാണെന്നതാണ്  ദിനേഷ് ഡിസൂസയെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള മുഖ്യകാരണങ്ങളില്‍ ഒന്ന്. പകരം ഹിലാരി ക്ളിന്‍റണിന്‍െറ പുസ്തകം ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഒന്നാമത്തെ പുസ്തകമായി പട്ടികയില്‍ ഇടം നല്‍കുകയും ചെയ്തു. 
‘അമേരിക്ക’ എന്ന കൃതിയെ ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുക മാത്രമല്ല, രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെട്ട 25 നോണ്‍ ഫിക്ഷന്‍ രചനകളില്‍ ഉള്‍പ്പെടുത്തിയിതുമില്ല.  എന്നാല്‍, ഡിസൂസയുടെ പുസ്തകം പട്ടികയില്‍ ഇടം നേടിയ 13 പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ വില്‍ക്കപ്പെട്ടിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. 
ആദ്യ ആഴ്ചയില്‍ 4,915 ഉം 5,592 ഉം കോപ്പികള്‍ വിറ്റുപോയിരുന്നു. ആദ്യ പട്ടികകളില്‍ എട്ടും പതിനൊന്നും സ്ഥാനം പിടിച്ച പുസ്തകത്തെ പൂര്‍ണമായും ന്യൂയോര്‍ക്ക് ടൈംസ് തഴയുകയായിരുന്നു എന്നാണ് ആക്ഷേപം. ബെസ്റ്റ് സെല്ലര്‍ പട്ടിക പുറത്തിറക്കുന്നതിന് മുമ്പ് പ്രസാധക മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുക്കാറുണ്ട്. ‘അമേരിക്ക’യെ തഴയാന്‍ അതിനാല്‍ തന്നെ പ്രസാധക മേഖലയിലെ വമ്പന്‍മാരും കൂട്ടുണ്ട് എന്നാണ് വിവരം. 
അതേ സമയം തങ്ങളുടെ പട്ടിക ആധികാരികമാണെന്ന നിലപാടിലാണ് ന്യൂയോര്‍ക്ക് ടൈംസ്. പുസ്തകത്തിന് അനുബന്ധമായി സിനിമയും പുറത്തുവരുന്നുണ്ട്. ഇതില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ക്ളിന്‍റണിനെതിരെയുള്ള ഒബാമയുടെ നീക്കങ്ങളെ തുറന്നു കാട്ടുന്നതാണ് പുസ്കത്തെ അവഗണിക്കാനുള്ള കാരണങ്ങളില്‍ ഒന്നായി പറയപ്പെടുന്നത്.  ഒബാമ ഭരണത്തിന്‍െറ പ്രചാരണ ആയുധങ്ങളിലൊന്നായതിനാലാണ് ന്യൂയോര്‍ക്ക് ടൈംസ് പുസ്തകത്തിന് നേരം ഇത്തരം സമീപനം സ്വീകരിച്ചതെന്ന് ദീനേഷ് ഡിസൂസ അഭിപ്രായപ്പെട്ടു. 
53 കാരനായ ദിനേഷ് ഡിസൂസ ജനിച്ചതും പഠനം പൂര്‍ത്തിയാക്കിയതും മൂംബൈയിലാണ്്. പിന്നീട് ബിരുദ പഠനത്തിനായി അമേരിക്കയില്‍ എത്തി. പ്രോസ്പെക്ടസ് എന്ന മാസിക പത്രാധിപരായിരുന്ന ഡിസൂസ ക്രിസ്ത്യന്‍പക്ഷ നിലപാടുകളാണ് ഉയര്‍ത്തുന്നത്. സിനിമാ നിര്‍മാതാവും രാഷ്ട്രീയ നിരീക്ഷകനുമായ ഡിസൂസ എന്നും വിവാദ നായകന്‍ കൂടിയായിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് നിയമവിരുദ്ധമായി സംഭാവനകള്‍ നല്‍കിയെന്ന കേസില്‍ ഡിസൂസ വിചാരണ നേരിടുന്നുണ്ട്. ‘ഒബാമാസ് അമേരിക്ക: അണ്‍മേക്കിങ് ദ അമേരിക്കന്‍ ഡ്രീം ഉള്‍പ്പടെ നിരവധി കൃതികളുടെ രചയിതാവായ ഇദ്ദേഹം  ഒബാമാസ് അമേരിക്ക എന്ന ഫിലിമിന്‍െറ എക്സിക്യുട്ടീവ് പ്രൊഡ്യൂസറും കോ ഡയറക്ടറുമായിരുന്നു. ഡിസൂസ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അമേരിക്ക ജൂലൈ നാലിന് പുറത്തിറങ്ങും.

 

ബി.ആര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.