അറുപതുകളില്‍ കൊല്‍ക്കത്തയിലെ താമസക്കാലത്ത് കോളജ് സ്ട്രീറ്റിലെ പുസ്തകക്കടകളില്‍ കയറിയിറങ്ങുമായിരുന്നു എഴുത്തുകാരന്‍ ഇ. ഹരികുമാര്‍. എന്നാല്‍ നല്ല പുസ്തകങ്ങള്‍ പലതും മനസ്സിലുടക്കിയത് അന്ന് കൈയില്‍ പണമില്ലാത്തതിനാല്‍ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നമ്മുടെ സാങ്കേതികത അമ്പതു കൊല്ലക്കാലംകൊണ്ട് വളര്‍ന്നത് ഇന്ന് വായനക്കാര്‍ക്ക് അനുഗ്രഹമായി. അദ്ദേഹം വായനക്കാര്‍ക്കായി തന്‍െറ എഴുത്തിന്‍െറ ലോകം സൗജന്യമായി തുറന്നിട്ടിരിക്കുന്നു.
എഴുതിക്കഴിഞ്ഞാല്‍ സാഹിത്യം വായനക്കാരന്‍േറതാണെന്ന ആദര്‍ശം ശരിവെക്കുകയുമാണ് ഹരികുമാറിന്‍െറ വെബ്സൈറ്റ്.
1962ല്‍ പ്രസിദ്ധീകരിച്ച ആദ്യകഥ മുതല്‍ ഇന്നേവരെ എഴുതിയ എല്ലാ കഥകളും നോവലുകളും ലേഖനങ്ങളും മറ്റുള്ളവരെഴുതിയ പഠനങ്ങളും വിമര്‍ശങ്ങളും പി.ഡി.എഫ് രൂപത്തില്‍ സൈറ്റില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണിലുള്‍പ്പെടെ വായിക്കാവുന്ന രൂപത്തിലാണ് വെബ്സൈറ്റ് നിര്‍മിച്ചിരിക്കുന്നത്. കഥകളും നോവലുകളുമെല്ലാം വാരികകളില്‍ പ്രസിദ്ധീകരിച്ച അതേ രൂപത്തില്‍. വായനക്കാരന് യഥാര്‍ഥ വായനാനുഭവം പകര്‍ന്നുനല്‍കാന്‍ വേണ്ടിയാണിത്.
ഹരികുമാറിന്‍െറ സാഹിത്യത്തെപ്പറ്റി പഠനം നടത്താനാഗ്രഹിക്കുന്നവര്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കുമായി അവ സീഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഇ ഹരികുമാര്‍ -50 വര്‍ഷത്തെ സാഹിത്യജീവിതം’ എന്നാണ് ഇ-പുസ്തകത്തിന്‍െറ പേര്. ഓരോ പേജിലേക്കും ലിങ്കുകള്‍ കൊടുത്ത് വായന സുഖകരമാക്കിയിരിക്കുന്നു. വെബ്പേജുകളെക്കുറിച്ചുള്ള പൊതുവിവരങ്ങള്‍ക്കും അവതരണത്തിനുമായി ഒരു പേജ് മാറ്റിവെച്ചിട്ടുമുണ്ട്.
പിതാവ് ഇടശ്ശേരി ഗോവിന്ദന്‍ നായരെക്കുറിച്ചും ഒരു പേജുണ്ട്. ഹരികുമാറിന്‍െറ ബയോഡാറ്റയാണ് മറ്റൊന്നില്‍. ചെറുകഥകള്‍ക്കും ചെറുകഥാ സമാഹാരങ്ങള്‍ക്കും നോവലുകള്‍ക്കും നാടകങ്ങള്‍ക്കും തര്‍ജമകള്‍ക്കും ഓരോ പേജുകളുണ്ട്. അവയില്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. മറ്റൊരു പേജില്‍ അഞ്ചു കഥകളുടെ ശബ്ദലേഖനം. ഫോട്ടോ ഗാലറിയില്‍ ഫോട്ടോകളും നിറയെ. ഹരികുമാര്‍ എന്ന എഴുത്തുകാരന്‍െറ സാഹിത്യജീവിതത്തെ ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാവുന്ന ഒരിടമാണിത്.
തന്‍െറ കഥകളും നോവലുകളും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എടുത്ത് വായിക്കാന്‍ കഴിയണമെന്ന ആഗ്രഹമാണ് ഈ സംരംഭത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. വാരികകളില്‍ പ്രസിദ്ധീകരിച്ചുവന്ന കഥകളുടെയെല്ലാം ടൈറ്റില്‍ കാലിഗ്രാഫിയും സ്കെച്ചുകളും ഫോട്ടോഷോപ്പില്‍ നന്നാക്കിയെടുത്തു. കഥകളുടെ ടെക്സ്റ്റ് ഉണ്ടാക്കി വാരികകളില്‍ വന്ന അതേ ഫോര്‍മാറ്റില്‍ പേജുകള്‍ പുന$സൃഷ്ടിക്കുകയായിരുന്നു. വാരികകളില്‍ വന്നവ അതേപോലെ തന്നെ കോളങ്ങള്‍ തിരിച്ച് കൊടുത്തതായിരുന്നു വായനക്കാര്‍ ഏറെ സ്വീകരിച്ചതെന്ന് ഹരികുമാര്‍. ടൈപ്സെറ്റിങ്ങിന് സീന എന്ന കുട്ടി സഹായത്തിനത്തെി. പ്രൂഫ് നോക്കിയത് ഭാര്യ ലളിത. ഒന്നര കൊല്ലത്തിലേറെക്കാലത്തെ അധ്വാനമാണ് വായനക്കാര്‍ക്ക് മുന്നില്‍ മിഴിതുറക്കുന്ന ഈ വിര്‍ച്വല്‍ ലൈബ്രറി. മലയാളത്തിലോ ഇന്ത്യയിലോ എന്നല്ല ലോകത്തില്‍ത്തന്നെ ഒരു എഴുത്തുകാരന്‍െറയും സൃഷ്ടികള്‍ ഇങ്ങനെ ലഭിക്കില്ളെന്നാണ് കഥാകൃത്ത് അഷ്ടമൂര്‍ത്തി ഹരികുമാറിന്‍െറ വെബ്സൈറ്റിനെ വിലയിരുത്തിയത്.
വെബ്സൈറ്റ്: www.e-harikumar.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.