കോഴിക്കോട്: ‘എന്‍െറ സുലോ, മരണംവരെ മായാത്ത ദൃശ്യങ്ങളാണ് ഇതെല്ലാം. എന്‍െറ കരളില്‍, അതെ എന്‍െറ കരളില്‍ പതിഞ്ഞുപോയ ഓര്‍മകള്‍. എല്ലാം പൊട്ടിത്തകര്‍ന്നു കുഴഞ്ഞുമറിഞ്ഞു കുട്ടിച്ചോറാകുന്ന ഖിയാമന്നാളില്‍ എല്ലാം മറക്കുന്നതോടൊപ്പം ഈ ചിത്രങ്ങളും മാഞ്ഞുപോകും’ -1979ല്‍ എം.പി. പോള്‍ അവാര്‍ഡ് നേടിയ ‘മാ’ എന്ന നോവലില്‍ ഹഫ്സ എന്ന തൂലികാനാമത്തില്‍ എഴുതുന്ന കെ. മുഹമ്മദ് ഹാഷിം എഴുതിയ വാക്കുകളാണിത്.
ഇതിവൃത്തഘടനയുടെ വൈചിത്ര്യവും അവതരണ രീതിയും ആഖ്യാനത്തിന്‍െറ അനായാസതയും കാരണം മലയാള സാഹിത്യത്തിന്‍െറ ശ്രദ്ധേയ നേട്ടമെന്ന് നിരൂപകര്‍ വിലയിരുത്തിയ ഈ എഴുത്തുകാരന്‍ പക്ഷേ നീണ്ട 14 വര്‍ഷം ഒരു കൃതി പോലും എഴുതിയില്ല. പിന്നീട് എഴുതിയ ‘സാരസ്വതം’ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല. വീണ്ടും 21 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്‍െറ പുതിയ നോവല്‍ പുസ്തകമായി ഇറങ്ങുന്നു -‘ഒരു അതിസുന്ദരിയുടെ കഥ.’ കാന്‍സറിന്‍െറ അസഹനീയമായ വേദന സഹിച്ചാണ് ഇത് പൂര്‍ത്തിയാക്കിയത്. കഥ കേട്ടെഴുതിയത് ഭാര്യ ഹഫ്സയും മകന്‍െറ ഭാര്യയും. മറ്റു ജോലികള്‍ ചെയ്തത് മക്കളും പഴയ സുഹൃത്തുക്കളും. തൂലികാനാമമായി സ്വീകരിച്ചത് ഭാര്യയുടെ പേര്. കാന്‍സര്‍ ബാധിതനാണ് എന്നറിഞ്ഞപ്പോഴുള്ള ദൃഢനിശ്ചയമായിരുന്നു, നോവല്‍ പൂര്‍ത്തിയാക്കുക, എന്ത് വേദന സഹിച്ചും. മക്കള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി. സുഹൃത്തുക്കള്‍ പിന്തുണയുമായി കൂടെ നിന്നു. പുലര്‍ച്ചെ നാലിന് ആരംഭിക്കുന്ന എഴുത്ത് മണിക്കൂറോളം നീളും.
ഭാര്യ ഹഫ്സത്തും മക്കളുടെ ഭാര്യമാരും കൂടെയുണ്ടാകും. ഫേസ്ബുക്, ട്വിറ്റര്‍, ബ്ളോഗ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലും നിരന്തരം എഴുതി. അതിനുവേണ്ടി ഈ 65ാം വയസ്സില്‍ മലയാളം ടൈപ്പിങ് പഠിച്ചു. എഴുതാനുള്ളതെല്ലാം എഴുതിത്തീര്‍ക്കണം എന്ന വാശി. രണ്ടുവര്‍ഷത്തിന് ശേഷം കോഴിക്കോട് മൂഴിക്കലിനടുത്ത ചെറുവറ്റക്കടവിലെ ‘ഹംസ്’ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചിന് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യുന്നു. അത്യപൂര്‍വമായ ഈ അനുഭവത്തിന് ജീവിതത്തോടുള്ള ഒരു മനുഷ്യന്‍െറ അടങ്ങാത്ത അഭിനിവേശത്തിന്‍െറ കരുത്തുണ്ട്. സാഹോദര്യത്തിന്‍െറയും മനുഷ്യപ്പറ്റിന്‍െറയും നനവുണ്ട്. അത്രയേറെ സാധാരണമല്ലാത്ത പിതൃസ്നേഹത്തിന്‍െറ കണ്ണീരുണ്ട്. രോഗം മാറ്റിത്തരണേ എന്ന് ഞാന്‍ പറയില്ല. കാരണം, അത് ദൈവം നല്‍കിയ സമ്മാനമാണ്. എങ്ങനെ അത് വേണ്ടെന്ന് പറയും? വേദനയാല്‍ പുളയുന്ന ഈ അവസ്ഥയിലും അദ്ദേഹം പറയുന്നു. ചെറുപ്പം മുതലേ ശീലിച്ച വായനയും ഏകാന്തതയുമാണ് തന്നെ എഴുത്തുകാരനാക്കിയത്. 1949ല്‍ കണ്ണൂര്‍ നഗരത്തിലായിരുന്നു ജനനം. സ്കൂളില്‍ പഠിക്കുമ്പോഴേ കവിതകള്‍ എഴുതുമായിരുന്നു. 10ാം തരം ജയിച്ചപ്പോള്‍ പോസ്റ്റോഫിസ് ക്ളര്‍ക്കായി ജോലികിട്ടി. പിന്നീട് സ്ഥലംമാറിയത്തെിയ ലക്ഷദ്വീപിലെ അഗത്തിയില്‍ വെച്ചാണ് ‘മാ’ എഴുതിയത്. അതില്‍പിന്നെ അലച്ചിലിന്‍െറ കാലമായിരുന്നു. ഒരിടത്ത് ഇരുന്ന് എഴുതാനുള്ള സ്വസ്ഥത ഉണ്ടായിരുന്നില്ളെന്ന് ഹാഷിംക്ക പറയുന്നു. കവി അയ്യപ്പന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവര്‍ അടക്കമുള്ളവരോടൊത്തുള്ള സഹവാസം. ദീര്‍ഘമായ യാത്രകള്‍.
സ്വയം നഷ്ടപ്പെട്ടുപോകുമായിരുന്ന അന്നത്തെ അവസ്ഥയില്‍നിന്ന് രക്ഷിച്ച നല്ല മനുഷ്യരോടും ദൈവത്തോടുമുള്ള കടപ്പാടാണ് തന്‍െറ ജീവിതം. പേര് സൂചിപ്പിക്കുംപോലെ ഒരു അപസര്‍പ്പക കഥയോ വാണിജ്യകൃതിയോ അല്ല ‘ഒരു അതിസുന്ദരിയുടെ കഥ.’ സമകാലിക സമൂഹ തിന്മകള്‍ക്കെതിരായ നിശിത വിമര്‍ശമാണിത്. ഇപ്പോഴും പ്രഭാതങ്ങളില്‍ അദ്ദേഹം എഴുത്തുമേശക്ക് മുന്നിലത്തെുന്നു, ഇനിയും എഴുതിത്തീര്‍ക്കാനുള്ള വാക്കുകളുടെ, ജീവിതത്തിന്‍െറ അരുണിമ കാത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.