ലോകപ്രശസ്ത ഡിറ്റക്ടീവ് കഥാപാത്രം ഷെര്‍ലോക് ഹോംസിന്‍െറ അവകാശത്തെ ചൊല്ലി കോടതിത്തര്‍ക്കം. ഷെര്‍ലോക് ഹോംസിന്‍െറ സ്രഷ്ടാവ് സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍െറ അവകാശികളാണ് തര്‍ക്കവുമായി അമേരിക്കന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷെര്‍ലോക് ഹോംസിനെയും ഡോ. വാട്സണിനെയും കഥാപാത്രങ്ങളാക്കി പ്രശസ്ത എഴുത്തുകാരന്‍ ലെസ്ലി ക്ലിന്‍ഗര്‍ നോവല്‍ രചിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കോടതി ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, എന്തുകൊണ്ട് അടിയന്തര ഹരജി തള്ളി എന്ന് വ്യക്തമാക്കാന്‍ ജഡ്ജി എലീന കാഗന്‍ കൂട്ടാക്കിയില്ല. ഹരജി തള്ളിയെങ്കിലും വിട്ടുകൊടുക്കാന്‍ ആര്‍തര്‍കോനല്‍ ഡോയലിന്‍െറ അവകാശികള്‍ ഒരുക്കമല്ല. അവര്‍ പുനപരിശോധാന ഹര്‍ജിയുമായി വീണ്ടും കോടതിയെ സമീപിക്കും. 1887 ലാണ് ഹോംസും വാട്സണും കഥാപാത്രങ്ങളായി ഡിറ്റക്ടീവ് നോവലുകള്‍ ആദ്യം പുറത്തുവരുന്നത്. പിന്നീട് നാല് നോവലുകളിലും 56 കഥകളിലുമായി അവര്‍ നിറഞ്ഞു. സ്കോട്ട്ലന്‍റുകാരനായ കോനന്‍ ഡോയല്‍ (1859-1930) ജീവിച്ചിരിക്കുന്ന നാളില്‍ തന്നെ എഴുത്തുകാരനേക്കാള്‍ കഥാപാത്രങ്ങള്‍ പ്രശസ്തമായി. പകര്‍പ്പവകാശ നിയമങ്ങള്‍ ബാധകമല്ലാതെ ആര്‍ക്കും ഷെര്‍ലോക് ഹോംസ് കഥകളിലെ നല്ല പങ്കും (അതായത് 46 കഥകള്‍) അച്ചടിക്കുകയും വില്‍ക്കുകയും ചെയ്യാം. എന്നാല്‍, 1923 മുതല്‍ 1927 വരെയുള്ള പത്ത് കഥകള്‍ പകര്‍പ്പവകാശത്തില്‍നിന്ന് മുക്തമല്ല. അവയുടെ അവകാശം ആര്‍തര്‍ കോനന്‍ ഡോയലിന്‍െറ അവകാശികള്‍ക്കാണ്. ഈ അവകാശത്തിന്‍െറ പിന്‍ബലത്തിലാണ് ബന്ധുക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഷെര്‍ലോക് ഹോംസ് കഥകളിലും ബ്രാംസ്റ്റോക്കറുടെ ‘ഡ്രാക്കുളയി’ലും ആധികാരിക അറിവുള്ളയാളായാണ് ലെസ്ലി ക്ലിന്‍ഗര്‍ അറിയപ്പെടുന്നത്. ഷെര്‍ലോക് ഹോംസിനെപ്പറ്റി നേരത്തെ ഒരു പഠന ഗ്രന്ഥം ക്ലിന്‍ഗര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കര്‍ ഹൊറര്‍ റൈറ്റേഴ്സ് അസോസിയേഷന്‍ ട്രഷററായ അദ്ദേഹം ഈ പഠന ഗ്രന്ഥത്തിന് പകര്‍പ്പവകാശം എന്ന നിലയില്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍െറ ബന്ധുക്കള്‍ക്ക് 5000 ഡോളര്‍ നല്‍കിയിരുന്നു. നിയമപരമായി പണം നല്‍കാന്‍ ബാധ്യതയില്ളെന്നാണ് ക്ലിന്‍ഗറുടെ വാദം. ‘കമ്പനി ഓഫ് ഷെര്‍ലോക് ഹോംസ്’ എന്ന പേരില്‍ രചിക്കുന്ന നോവലിലാണ് ഷെര്‍ലക് ഹോംസിനെയും ഡോ. വാട്സനെയും ക്ലിന്‍ഗര്‍ കഥാപാത്രമാക്കിയത്. നോവല്‍ ഉടന്‍ പുറത്തിറങ്ങും. ഷെര്‍ലോക് ഹോസിന്‍െറയും ഡോ.വാട്സന്‍െറയും സ്വഭാവ സവിശേഷതകള്‍ കൂടുതല്‍ പ്രകടമാകുന്നത് പകര്‍പ്പവകാശനിയമ സംരക്ഷണമുള്ള അവസാന പത്ത് കഥകളിലാണെന്നും അതിനാല്‍ കഥാപാത്രങ്ങളെ മറ്റുള്ളവര്‍ തങ്ങളുടെ രചനകളില്‍ ഉള്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, കഥാപാത്രങ്ങളും അവയുടെ സവിശേഷതകളും പകര്‍പ്പവകാശ നിയമത്തിന് കീഴില്‍ വരില്ളെന്നുമാണ് ലെസ്ലി ക്ലിന്‍ഗറുടെ പക്ഷം. നിയമയുദ്ധം തുടരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ‘ഷെര്‍ലോക് ഹോംസ്’ വീണ്ടും കോടതി കയറുമെന്ന് വ്യക്തം. കോടതിയില്‍ ക്ലിന്‍ഗര്‍ തോറ്റാല്‍ ഷെര്‍ലോക് ഹോംസിന്‍െറ അവകാശം കോനന്‍ ഡോയലിന്‍െറ ബന്ധുക്കള്‍ സ്വന്തമാക്കും. അതിനര്‍ഥം ഇനി ഷെര്‍ലോക് ഹോംസ് കഥകള്‍ വായിക്കാന്‍ ചെലവേറുമെന്ന് തന്നെയാണ്. ബി.ആര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.