കഥ പറഞ്ഞുപോയ സുല്‍ത്താന്‍

ച്ചിരിപ്പിടിയോളം പോന്ന മലയാളത്തിന്‍െറ സാഹിത്യത്തെ ഭൂഗോളത്തോളം വളര്‍ത്തിയ ബേപ്പൂര്‍ സുല്‍ത്താന്‍ ഓര്‍മയായിട്ട് രണ്ട് പതിറ്റാണ്ട് തികയുന്നു. കയ്യിലുള്ള ഒരുപിടി അക്ഷരങ്ങള്‍ കൊണ്ട് അതിശയങ്ങള്‍ തീര്‍ത്ത ഈ വിശ്വസാഹിത്യകാരന്‍ ഓരോ മലയാളിക്കും ഏറ്റവും പ്രിയപ്പെട്ടവന്‍. തനിക്കു ചുറ്റുമുള്ള എന്തില്‍നിന്നും കഥകള്‍ മെനഞ്ഞ ഈ സാഹിത്യവിസ്മയം മലയാളത്തിലെ ഏറ്റവും ജനകീയനായ എഴുത്തുകാരനായി. ആഖ്യയും ആഖ്യാതവുമില്ലാത്ത എഴുത്തുശൈലിയിലൂടെ വായനക്കാര്‍ക്ക് ആസ്വാദനത്തിന്‍െറ പുത്തന്‍ തലങ്ങള്‍ പകര്‍ന്നുനല്‍കി. അനുഭവങ്ങള്‍ ആയുധമാക്കി. പേന കൊണ്ട് അതിശയങ്ങള്‍ തീര്‍ത്തു. ബേപ്പൂര്‍ സുല്‍ത്താന്‍െറ വൈലാലില്‍ വീടും മാങ്കോസ്റ്റന്‍ മരവും ഫാബിയും ഷാഹിനയും അനീസും മലയാളിയുടെ കാല്‍പനികസ്വത്തുക്കളായി.
‘ബാല്യകാലസഖി’, ‘ശബ്ദങ്ങള്‍’, ‘പാത്തുമ്മയുടെ ആട്’, ‘ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ തുടങ്ങിയ ബഷീര്‍ കൃതികള്‍ ഇടം പിടിച്ചത് വിശ്വസാഹിത്യത്തിലാണ്. കൃതികള്‍ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി. കൃതികളിലധികവും ‘ഞാനാ’യിരുന്നു കേന്ദ്രകഥാപാത്രം. ‘പ്രേമലേഖനം’, ‘ആനവാരിയും പൊന്‍കുരിശും’, ‘മതിലുകള്‍’, ‘ഭൂമിയുടെ അവകാശികള്‍’, ‘മതിലുകള്‍’, ‘അനുരാഗത്തിന്‍െറ ദിനങ്ങള്‍’, ‘വിശ്വവിഖ്യാതമായ മൂക്ക്’, ‘ഭാര്‍ഗവീനിലയം’, ‘ജന്‍മദിനം’, ‘മാന്ത്രികപ്പൂച്ച’ തുടങ്ങിയവ ബഷീറിന്‍െറ വിഖ്യാതമായ കൃതികളില്‍ മറ്റ് ചിലത്. ഇംഗ്ളീഷ്, ഫ്രഞ്ച്, മലയ്, ചൈനീസ്, ജാപ്പനീസ് ഭാഷകളില്‍ ബഷീര്‍ സാഹിത്യം പരിഭാഷപ്പെടുത്തിയിരിക്കുന്നു. റൊണാള്‍ഡ് ഇ. ആഷറുടെ വിവര്‍ത്തനങ്ങള്‍ ഏറെ പ്രസിദ്ധമാണ്. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്, സംസ്കാരദീപം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം തുടങ്ങി  പുരസ്കാരങ്ങള്‍ ബഷീറിനെത്തേടിയെത്തി. അക്ഷരങ്ങളുടെ ഈ സുല്‍ത്താന്‍ വേണ്ടവിധം അംഗീകരിക്കപ്പെട്ടില്ലെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. 1994 ജൂലൈ അഞ്ചിന് ബേപ്പൂരിലായിരുന്നു അന്ത്യം.


മനുഷ്യര്‍ മാത്രമല്ല എല്ലാ ജീവജാലങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു ബഷീറിന്‍െറ ലോകം. എല്ലാ ജീവികളും ഭൂമിയുടെ അവകാശികളാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂര്‍ഖന്‍പാമ്പും ബഷീറിന് സഖാവായി. പ്രതിനായകന്‍മാരെയും കോമാളികളെയും ചതിയന്‍മാരെയുമെല്ലാം, സ്നേഹിക്കുകയും സ്നേഹിക്കപ്പെടാനാഗ്രഹിക്കുകയും ചെയ്യുന്ന പച്ചമനുഷ്യന്‍മാരാക്കി. സമൂഹത്തിന്‍െറ ശരികളുടെ വൃത്തത്തിന് പുറത്തുനില്‍ക്കുന്ന കഥാപാത്രങ്ങളുടെ ജീവിതം അദ്ദേഹം ആവിഷ്കരിച്ചു. മണ്ടന്‍ മുത്തപ്പ, ഒറ്റക്കണ്ണന്‍ പോക്കര്‍, ഭാര്‍ഗവിക്കുട്ടി, നീലാണ്ടന്‍ ആന എന്നിങ്ങനെ തുടങ്ങി ആണ്‍വേശ്യകളും സ്വവര്‍ഗരതിക്കാരുമെല്ലാം ബഷീറിയന്‍ ലോകത്ത് സന്തോഷങ്ങളും വേദനകളും ആഗ്രഹങ്ങളുമുള്ള പച്ചമനുഷ്യരായി. സാഹചര്യങ്ങള്‍ മനുഷ്യനെ എത്തിക്കുന്ന സാഹസങ്ങളപ്പറ്റിയാണ് ‘ജന്‍മദിന’വും ‘ഒരു മനുഷ്യനു’മുള്‍പ്പെടെ കഥകള്‍ വായനക്കാരെ ഓര്‍മിപ്പിക്കുന്നത്.
മാങ്കോസ്റ്റന്‍ മരച്ചുവട്ടില്‍ സുലൈമാനി കുടിച്ചിരുന്ന് ഗസലുകള്‍ക്ക് കാതോര്‍ത്ത് ബഷീര്‍ വിശ്വസാഹിത്യം കാച്ചി. ബഷീര്‍ കൃതികള്‍ പച്ചയായ ജീവിതത്തിന്‍െറ സത്യപ്രസ്താവനകളായി. സ്നേഹമായിരുന്നു അദ്ദേഹത്തിന്‍െറ മതം. സാധാരണക്കാരന്‍െറ ജീവിതം അവരുടെ ഭാഷയില്‍ പകര്‍ത്തി അദ്ദേഹം. ലോകത്തെ അതിന്‍െറ എല്ലാ കൊള്ളരുതായ്മകളോടെയും സ്നേഹിച്ചു. തെരുവുകളിലും മലബാറിലെ വീട്ടകങ്ങളിലുംനിന്ന് പെറുക്കിയെടുത്ത വാക്കുകളായിരുന്നു ബഷീറിന്‍െറ സമ്പാദ്യം. അദ്ദേഹം ആ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ അവക്ക് പുതിയൊരു ആര്‍ജവം കൈവന്നു. നാട്ടിടവഴികളിലെ തനിനാടന്‍ വാക്കുകള്‍ അവയുടെ നാഥനെ കണ്ടെത്തുകയായിരുന്നു ബഷീറില്‍. അങ്ങനെ മലബാറിന്‍െറ ആ സ്വന്തം വാക്കുകള്‍ ലോകത്തിന്‍െറ സ്വത്തായി.
ലോകം അദ്ദേഹത്തിന്‍െറ ഭാഷാപ്രയോഗത്തെ ആഘോഷിച്ചു. ഒപ്പം അത് പരിഭാഷകര്‍ക്ക് ബുദ്ധിമുട്ടുമുണ്ടാക്കി. ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തിന്‍െറ കൃതികളുടെ കരുത്ത്. അതുകൊണ്ടുതന്നെ ബഷീര്‍ സാഹിത്യം പടര്‍ന്നുപന്തലിച്ചു. തികഞ്ഞ ദൈവവിശ്വാസിയായിരിക്കുമ്പോഴും മതത്തിന്‍െറ പേരിലുള്ള കാപട്യങ്ങളെയും വര്‍ഗീയതയെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. നിരൂപകര്‍ക്കും ആസ്വാദകര്‍ക്കും ഏറെക്കുറെ സര്‍വസമ്മതനായ എഴുത്തുകാരനായിരുന്നു ബഷീര്‍ എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT