തിരുവനന്തപുരത്തെ പ്ളസ് വണ്‍കാരന്‍െറ ഇംഗ്ളീഷ് നോവലില്‍ പാരീസും ലണ്ടനും 18 ാം നൂറ്റാണ്ടിലെ പ്രണയവും

തിരുവനന്തപുരം നഗരത്തിലെ ഒരു പ്ളസ്വണ്‍ വിദ്യാര്‍ഥി ദേവദാസ് എഴുതിയ ലണ്ടനും പാരീസും പശ്ചാത്തലമാക്കിയ നോവല്‍ ‘ ദ ഡസ്പൈഡ്സ് സോള്‍സ്’ പുറത്തുവന്നിരിക്കുന്നു. അതും 18 ാം നൂറ്റാണ്ട് പശ്ചാത്തലമാക്കിയ ഒരു അത്യുഗ്രന്‍ ത്രില്ലര്‍. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയുടെ ഈ കൃതി മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു എഴുത്തുകാരന്‍െറ പിറവിയെ കുറിക്കുന്നു.

ഒരു കൗമാരക്കാരന്‍െറ കുട്ടിക്കളിയോ നേരം പോക്കോ ആയി ഇതിനെ കാണാന്‍ വരട്ടെ. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാറും നോവലിസ്റ്റ് ജി.എന്‍ പണിക്കരും അടക്കമുള്ളവരാണ് ഈ പുസ്തകം വായിച്ചശേഷം പ്രസിദ്ധീകരിക്കണമെന്ന് നിര്‍ബന്ധിച്ചത്. ചടുലവും ആകാംക്ഷ നിറഞ്ഞതുമായ നോവല്‍ ഇതിനകം തന്നെ വായനാലോകത്തിന്‍െറ ശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. 
പുസ്തകത്തിന് ആമുഖം എഴുതിയതും കെ.ജയകുമാര്‍ ആണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ലണ്ടനിലും പാരീസിലും  പരസ്പരം കൂട്ടിയിണക്കപ്പെടുകയും വേര്‍പിരിയപ്പെടുകയും വീണ്ടും ഒന്നിക്കുകയും മറയുകയും ഒക്കെ ചെയ്യുന്ന നാല് സുഹൃത്തുക്കളാണ് കഥയിലെ പ്രധാനികള്‍. സമ്പന്നയായ യുവതിയെ പ്രണയിക്കുന്ന ചെറുപ്പക്കാരനും എന്നാല്‍ അവളെ ചതിയില്‍ പെടുത്തി അവളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഒരാളും യുവതിയുടെ അമ്മാവനും ഒക്കെ ചേര്‍ന്ന നാല് പേരില്‍കൂടിയാണ് നോവല്‍ കടന്നുപോകുന്നത്. നോവലിസ്റ്റ് ജീവിക്കുന്നത് തിരുവനന്തപുരം നഗരത്തിലാണ് എന്നതും പാരീസിലോ ലണ്ടനിലോ ഒന്നും പോയിട്ടില്ല എന്നതൊന്നും വായനക്കാരന് മനസിലാക്കാനെ കഴിയില്ല. മാത്രമല്ല ഈ സരളസുന്ദരമായ കൃതി രചിച്ചയാള്‍ ഒരിക്കലും ലണ്ടനിലും പാരീസിലും ഒന്നും പോയിട്ടില്ല എന്ന് പറഞ്ഞാല്‍ നോവല്‍ വായിക്കുന്ന ആള്‍ വിശ്വസിച്ചെന്നും വരില്ല. എന്നാല്‍ 18 ാം നൂറ്റാണ്ടിലെ ചരിത്രവും വര്‍ത്തമാനവും ഒക്കെ യാതൊരുതരത്തിലുള്ള ആശയക്കുഴപ്പവും ഉണ്ടാക്കാതെയാണ് നോവലില്‍ പറഞ്ഞ് പോകുന്നത്.
മനോഹരമായ ഭാഷാശൈലിയും സംഭാഷണശൈലിയും കോര്‍ത്തിണക്കി ഫ്രഞ്ച് വിപ്ളവ പശ്ചാത്തലത്തില്‍ നെയ്തെടുത്ത കഥ തുടങ്ങുന്നതും അവസാനിക്കുന്നതും ലണ്ടന്‍ പാലത്തിലാണ്. അതിനടിയില്‍ കൂടിയൊഴുകുന്ന തെംസ് നദിയുടെ നീലിച്ച ജലനിരപ്പും അതിന്‍െറ മീതെ വീണടിഞ്ഞ മഞ്ഞുപുതപ്പും അഴുകാതെ കൊഴിഞ്ഞ് കിടക്കുന്ന പൂക്കളും ഈ നോവല്‍ വായിക്കുന്നവരുടെ ഹൃദയത്തിലേക്ക് കടന്നത്തെുക തന്നെ ചെയ്യും. ഇംഗ്ളീഷ് ക്ളാസിക് കൃതികളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ്  ‘ ദ ഡസ്പൈഡ്സ് സോള്‍സ്’ ഓരോ അദ്ധ്യായത്തിലൂടെയും സഞ്ചരിക്കുന്നത്. പ്രണയവും നിരാശയും വഞ്ചനയും അതിമോഹവും ആര്‍ത്തിയും ഒക്കെ മനുഷ്യ ജീവിതത്തിലും ബന്ധങ്ങളിലും ഉണ്ടാക്കുന്ന മാറ്റങ്ങളും അട്ടിമറികളും ഈ കൃതിയും അടിവരയിടുന്നു. 
തിരുവനന്തപുരം സ്വദേശി വി.രാമകൃഷ്ണന്‍െറയും പി.വി അനുരാധയുടെയും മകനാണ് ദേവദാസ്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT