മലയാളത്തെ വേട്ടയാടരുത്

മലയാളഭാഷ ഇന്ന് പലതരത്തിലും വേട്ടയാടലുകള്‍ക്ക് ഇരയായികൊണ്ടിരിക്കുന്നു. സാമ്രാജിത്വം പോയശേഷവും അതിന്‍െറ അവശിഷ്ടങ്ങള്‍ ഇവിടെ തുടരുന്നതും അതിനൊരു കാരണമാകുന്നു. സായിവ് എങ്ങനെയൊക്കെ നമ്മുടെ ഭാഷയെ അടിച്ചൊതുക്കി അതുപോലെതന്നെ ഇപ്പോഴും അത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. മഴ പെയ്തുതീര്‍ന്നിട്ടും മരം പെയ്യുന്നപോലെയാണ് ഈ പീഡനങ്ങള്‍ നമ്മുടെ മാതൃഭാഷ നേരിടുന്നതും. ഒപ്പം വിവിധ സാമൂഹ്യ കാരണങ്ങളാലും മറ്റും ഗള്‍ഫിലേക്കും അമേരിക്കയിലേക്കും പോകുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചപോലെ മലയാള ഭാഷകൊണ്ട് ഞങ്ങള്‍ക്ക് ഗുണമില്ല എന്നുപറയുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഒറ്റനോട്ടത്തിലും ചില അനുഭവങ്ങളാലും ഈ പറയുന്നത് ചിലര്‍ക്ക് ശരിയെന്നും തോന്നാം.

എന്നാല്‍ നമ്മുടെ ഭാഷ പ്രായേണെ അവഗണിക്കപ്പെടുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഇത് ഖേദകരമാണ്. മറ്റൊന്ന് ഭാഷയില്‍ മാലിന്യം കലര്‍ത്തുന്ന ദു:സ്ഥിതിയാണ്. ഇതാകട്ടെ കൂടുതലും ചാനലുകളാണ് ചെയ്യുന്നത്. മംഗ്ളീഷ് പ്രയോഗങ്ങള്‍ ഇതിന്‍െറ ഉദാഹരണമാണ്. ഇതൊക്കെ ഭാഷയുടെ ശുദ്ധി നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. ഭാഷയുടെ ശുദ്ധി നശിച്ചാല്‍ ജീവിതത്തിന്‍െറ ശുദ്ധി നശിക്കും. ആത്മപ്രകാശനത്തിന്‍െറ ശുദ്ധി നശിക്കും.

ആത്മപ്രകാശനത്തിന്‍െറ ശുദ്ധി നശിച്ചാല്‍ ആത്മാവിന്‍െറ ശുദ്ധി നശിക്കും. ഒരു ജനതയെ കൊല്ലുന്നതിന് ആദ്യം ചെയ്യുക ആ ജനതയുടെ ഭാഷ നശിപ്പിക്കുക എന്നൊരു പരീക്ഷണമുണ്ട്. ജര്‍മ്മനിയിലൊക്കെ അത് നടന്നതാണ്. മലയാളം ഭാഷയെ കൊല്ലാന്‍ ശ്രമിക്കുന്നത് പലതരത്തിലുണ്ട്. പ്രാന്തവല്‍ക്കരിക്കുക, രണ്ടാം സ്ഥാനം നല്‍കുക, അതിനെക്കാള്‍ ശ്രേഷ്ഠമാണ് മറ്റൊന്ന് എന്ന് സ്ഥാപിക്കുക, മലയാളം കൊള്ളില്ല, ആധുനികത വിദ്യാഭ്യാസത്തിനും ചേരില്ല, സാങ്കേതികതക്കും ചേരില്ല എന്ന് മുറവിളികൂട്ടുക എന്നതൊക്കെയാണത്. ഇതിനെതിരായ പ്രതിരോധത്തിന് എല്ലാ മലയാളികളും ഒരുമയോടെ ഇറങ്ങുക തന്നെവേണം.

പ്രൊഫ. ഓ.എന്‍. വി കുറുപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT