കലാപത്തില്‍ കരിയാത്ത കവിത്വം

പത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പ് വിഴിഞ്ഞം കലാപം പൊട്ടി പുറപ്പെട്ട രാത്രി.  കത്തിമുനകളും പന്തങ്ങളുമായി എതിരാളികളെ തെരെഞ്ഞ് നടക്കുന്ന കടപ്പുറത്തെ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഒരു ചായക്കടക്ക് ആരോ തീകൊളുത്തി. അത് ഹസന്‍റ കടയായിരുന്നു. കടല്‍ക്കാറ്ററ്റ് തുരുമ്പിച്ച ചായമക്കാനിയടക്കം പീടിക എത്രയോ പെട്ടെന്ന് കത്തിതീര്‍ന്നു. അപ്പുറത്ത് എവിടെയോ ഇരുന്ന് പേടിച്ചരണ്ടു നാലുപേര്‍ ആ കാഴ്ച കണ്ടു. ഹസനും ബീവിയും രണ്ടു കുരുന്നുമക്കളും. കുട്ടികള്‍ കൊലവിളിയും തീയാളലും കണ്ട് കരഞ്ഞപ്പോള്‍ ഹസന്‍  അവരുടെ വായപൊത്തി. തീവീണുപോയാല്‍ പിന്നെ അവിടെ ഗതിപിടിക്കില്ളെന്ന പഴമമൊഴി ഹസന്‍റ ജീവിതത്തിലും ഫലിച്ചു.

സ്വന്തമായി വീടോ മറ്റ് സമ്പാദ്യങ്ങളോ ഇല്ലാതെ ജീവിക്കുന്ന ഹസന്‍റ കട ഇല്ലാതായ നാള്‍ മുതല്‍ അയ്യാളുടെ ജീവിതം ഇരുളടഞ്ഞു. കലാപം കൊടുമ്പിരികൊണ്ട നാളുകളില്‍ പകയുമായി ഓടിനടന്ന മനുഷ്യരുടെ ഭീതിദമായ മുഖങ്ങളും കൊലവിളികളും അയ്യാളെ ഉലച്ചിരുന്നു. പതിയെ രോഗിയും ദരിദ്രനുമായി കടപ്പുറത്തുകൂടി ഭാര്യയുടെയും മക്കളുടെയും കൈപിടിച്ചു തളര്‍ന്ന ബാപ്പയുടെ കരച്ചില്‍. അതുകേട്ടാണ് കുഞ്ഞ് അഷഹഫ് വളര്‍ന്നത്. അതുകൊണ്ടുതന്നെ പഠിച്ചു വലിയ ആളാകാനോ, പരീക്ഷകളില്‍ വിജയം കൊയ്യാനല്ല അവന്‍ ആഗ്രഹിച്ചത്. ഉമ്മയുടെയും ബാപ്പയുടെയും സഹോദരന്‍റയും പട്ടിണിക്ക് പരിഹാരം കാണാനാണ്. പത്താം ക്ളാസുകഴിഞ്ഞപ്പോള്‍ അങ്ങനെ അവന്‍ തൊഴിലാളിയായി. അപ്പോഴെക്കും ഒരു  കുഞ്ഞ് കവിയും അവന്‍റ വരണ്ട നെഞ്ചിന്‍കൂടിലെവിടെയോ ഉയിര്‍പൊക്കി തുടങ്ങിയിരുന്നു.

 ജീവിതപ്രയാസങ്ങളും വായനയും അക്ഷരങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ അഷ്റഫ് ഡി.റാസിയുടെ വിരലുകളില്‍ വിരിഞ്ഞത് 21 കവിതകള്‍. പത്താംക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ചാലയിലെ ഒരു കടയില്‍ സെയില്‍സ്മാനായ ഈ യുവാവിന്‍റ ഭാവനയില്‍ വിരിഞ്ഞ കവിതകളുടെ പ്രകാശനം നടന്നതും പണിയെടുക്കുന്ന കടയുടെ മുന്നിലാണ്. വിഴിഞ്ഞം ആഴാംകുളത്തിന് സമീപം താമസിക്കുന്ന അഷ്റഫ് പത്ത് വര്‍ഷമായി ചാലയിലെ അലി സ്റ്റോറിലെ സെയില്‍സ്മാനാണ്. ഉമ്മയും ബാപ്പയും അനുജനുമുള്‍പ്പെടുന്ന കുടുംബത്തെ പോറ്റാന്‍ ജോലിയെടുക്കുന്നതിനിടെ കിട്ടുന്ന ഇടവേളകളാണ് കവിതാ രചനക്കായി പ്രയോജനപ്പെടുത്തുന്നത്. കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന വഴികള്‍ കവിതാരചനക്ക്  പ്രചോദനമായപ്പോള്‍ വായനയുടെ ശക്തി കരുത്തുപകര്‍ന്നു. പിതാവ് ഹസന്‍, മാതാവ് നൂര്‍ജഹാന്‍, സഹോദരന്‍ ബാദുഷ എന്നിവരോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന അഷ്റഫിന്‍റ ജീവിതയാത്രയും ക്ളേശകരമായിരുന്നു. പിതാവിന് വിഴിഞ്ഞത്ത് ഒരു ചായക്കടയുണ്ടായിരുന്നു. വിഴിഞ്ഞം കലാപസമയത്ത് ഈ കട അടിച്ചുതകര്‍ക്കപ്പെട്ടു.

 ഇതോടെ ഉപജീവനത്തിന് മാര്‍ഗമില്ലാതായി. പിന്നെ തൊഴില്‍ തേടിയിറങ്ങി. പല തൊഴിലും ചെയ്തു. പിന്നീടാണ് ചാലയിലത്തെിയത്. ‘ഏഴുമുറികളില്‍ കവിത’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരം കവി പഴവിള രമേശനാണ് ആഴ്ച്ചകള്‍ക്ക്മുമ്പ് പ്രകാശനം ചെയ്തത്. കവിതകളെഴുതാന്‍  പ്രോത്സാഹിപ്പിച്ച വെങ്ങാനൂര്‍ സ്കൂളിലെ അധ്യാപിക ജയശ്രീക്ക് പുസ്തകം സമര്‍പ്പിക്കുന്നതായി അഷ്റഫ് പറയുന്നു. ‘നന്ദി, പ്രണയമേ’എന്ന് തുടങ്ങുന്ന കവിതയിലൂടെ ആരംഭിച്ച്  ‘ദൈവം പറഞ്ഞത്’ എന്ന കവിതയിലാണ് സമാഹാരം അവസാനിക്കുന്നത്. പരിധി പബ്ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ശ്രീകണ്ഠന്‍ കരിക്കകം, ശുഭ കെ.എസ്. എന്നിവരും ചാല മാര്‍ക്കറ്റിലെ തൊഴിലാളികളും വ്യാപാരികളും പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിക്കാനത്തെിയിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT