സച്ചിനു വേണ്ടി പിടിച്ച േനാമ്പും, ഉപേക്ഷിച്ച നോമ്പും......

പള്ളികളിലെ നമസ്കാരവും നോമ്പ്തുറകളും ഇല്ലാത്ത റമദാൻ മാസം എന്നത് കുറച്ച് മാസങ്ങൾക്കു മുമ്പ് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമായിരുന്നു പലർക്കും. ലോകം മുഴുവൻ അതീവ സങ്കീർണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന വൈറസ് സമൂഹത്തി​​െൻറ നാനാതുറകളെ അത്രയധികം അക്ഷരാർഥത്തിൽ വിറപ്പിച്ചിരിക്കുന്നു. ഇതി​​െൻറ ഒരു അന്ത്യം എങ്ങനെയാണെന്നോ ജനങ്ങളുടെ ജീവിതം സാധാരണഗതിയിലേക്ക് എന്ന് മാറുമെന്നോ യാതൊരു എത്തും പിടിയുമില്ല. അങ്ങനെയുള്ള, മുൻ അനുഭവങ്ങളില്ലാത്ത ഒരു പ്രത്യേക അവസ്ഥയിലാണ് ഇത്തവണത്തെ പുണ്യ റമദാൻ മാസക്കാലം വിശ്വാസികൾക്കു മുമ്പിൽ സമാഗതമായിരിക്കുന്നത്.

നോമ്പ് കാലം അടുക്കാറായി എന്ന് അറിഞ്ഞാൽ പിന്നെ വല്ലാത്ത ഒരു ആധിയായിരുന്നു കുഞ്ഞുന്നാളിൽ. ദിനപത്രത്തി​​െൻറ ഉള്ളിലെ പേജിൽ ‘മാസ പിറവി കാണുന്നവർ അറിയിക്കണം’ എന്ന വാർത്ത വീട്ടിൽ ഇരിക്കുന്ന ഉമ്മച്ചി ഒരു കാര്യവും ഇല്ലാതെ ഇത്ര ഉച്ചത്തിൽ വായിക്കുന്നത് കേൾക്കുമ്പോ ചെറുതായി ദേഷ്യം വന്നിട്ടുണ്ട് പണ്ടൊക്കെ. ‘പടച്ചോനെ ഇനി ഒരു മാസക്കാലം പകൽ വെള്ളം കൂടി കുടിക്കാൻ പറ്റൂലല്ലോ’ എന്നുള്ളള വിഷമം മാറുന്നത് ഇടക്ക് ഇടക്ക് ബന്ധു വീടുകളിൽ നോമ്പ് തുറക്കു പോകുമ്പോഴാണ്. പത്തിരിയും കോഴിക്കറിയും ബീഫും തരി കഞ്ഞിയും ഈന്തപഴവും സമൂസയും കട്‌ലറ്റും ഉൾ​പ്പെടെ കുറെ വിഭവം ഒരുമിച്ച് കിട്ടുന്നത് ഇത്തരം സമൂഹ നോമ്പ് തുറകളിലൂടെയായിരുന്നു. എല്ലാ സീസണിലുമുള്ള നോമ്പ് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. വേനലിലും മഴക്കാലത്തും മഞ്ഞ് പെയ്യുന്ന ഡിസംബറിലെ തണുപ്പിലും. ഓരോ വർഷവും നോമ്പ് സീസൺ മാറി കൊണ്ടേയിരിക്കും. 

മനുഷ്യനും പ്രകൃതിയും ഇങ്ങനെ ഒക്കെ തന്നെ അല്ലേ. സങ്കടവും ദേഷ്യവും സന്തോഷവും വിരഹവും പ്രളയവും വരൾച്ചയും തണുപ്പും മഞ്ഞും കുളിരും മാറി മാറി വരും പോലെ. സ്കൂൾ ഇല്ലാത്ത ദിവസമായാൽ ഉച്ചക്കു മുമ്പ് തന്നെ അടുക്കളക്ക്​ ചുറ്റും പല വട്ടം വലം വെച്ച് തുടങ്ങും. ‘‘ഉമ്മാ, ഇന്നെന്താ നോമ്പ് തുറക്കാൻ’’ ‘‘എ​​​െൻറ പൊന്നു ഹമുക്കെ, എവിടെയെങ്കിലും പോയി ഇരുന്ന് പുസ്തകം വായിച്ച് പഠിക്ക്​, ഒന്ന് വൈകുന്നേരം ആയിക്കോട്ട്‌, എന്തേലും ഉണ്ടാക്കി എടുക്കാം’’ ഉമ്മ കണ്ണുരുട്ടും. സ്കൂൾ ഉള്ള ദിവസം ആണെങ്കിൽ വൈകീട്ട് വന്നാൽ അടുക്കള ഭാഗത്ത് നിന്ന്​ നല്ല മണം വല്ലതും വരുന്നുണ്ടോ എന്നറിഞ്ഞാലേ സമാധാനമുള്ളൂ. തീൻമേശ നിറയെ വിഭവമൊന്നും ഇല്ലാതിര​ുന്നിട്ടും സ്നേഹത്തി​​െൻറയും കൂട്ടായ്മയുടെയും ആഘോഷമായിരുന്നു കുഞ്ഞുന്നാളിലെ ഓരോ നോമ്പുകാലവും. അല്ലെങ്കിൽ തന്നെ മേശപ്പുറത്ത് ഇരിക്കുന്നത് സകലതും കഴിക്കണമെന്ന ചിന്ത നോമ്പ് തുറന്ന് ഒരു ഗ്ലാസ് നാരങ്ങാവെള്ളം അകത്താകുന്നതോടെ ഇല്ലാതാവും. ഓരോ നോമ്പും അങ്ങനെയായിരുന്നു അവസാനിച്ചുെകാണ്ടിരുന്നത്. ഫ്രിഡ്ജെന്ന് പറയുന്ന തണുപ്പിക്കൽ യന്ത്രം കൗതുകവസ്തുവായിരുന്നതിനാൽ സമൂഹ നോമ്പ് തുറകൾക്കു പോകുേമ്പാൾ നാരങ്ങാവെള്ളത്തിൽ നിന്ന് കിട്ടുന്ന ഐസ്കട്ട അലിയും വരെ കയ്യിലെടുത്ത് പിടിക്കുന്നതും പുലർച്ചെ നോമ്പ് പിടിക്കാൻ എണീക്കുേമ്പാ കണ്ണടച്ചുപിടിച്ചു കൊണ്ട് തന്നെ ഭക്ഷണം കഴിക്കുന്നതും (ഉറക്കം പോകാതിരിക്കാനായിരുന്നു ഈ തന്ത്രം) സ്കൂൾ വിട്ടിറങ്ങാൻ നേരം മുഖം കഴുകാനെന്ന വ്യാജേന കുറച്ച് പൈപ്പ് വെള്ളം തൊണ്ട വഴി ഇറക്കുേമ്പാൾ കിട്ടുന്ന സുഖവും (വീട്ടിലെത്തിക്കഴിഞ്ഞാൽ ഇതോർത്ത് കുറ്റബോധം തോന്നിയിട്ടുണ്ട് പലതവണ) 1990-99 കാലത്ത് സ്കൂൾ കുട്ടിയായിരുന്നവർന്നവർക്കെല്ലാം ഓർമകളിൽ ഹൃദ്യമായ അനുഭൂതിയായി നിറഞ്ഞു നിൽക്കുന്നുണ്ടാകും. 

അന്നൊരു നോമ്പ്കാലം, ഡിസംബർ മാസമായിരുന്നു. ചെറിയ ക്ലാസിലായിരുന്നതിനാൽ നോെമ്പാന്നും നിർബന്ധിപ്പിച്ച് പിടിപ്പിക്കാറുമില്ലായിരുന്നു വീട്ടുകാർ. എത്ര നോമ്പ് പിടിക്കുമെന്നത് സംബന്ധിച്ച് ആരോഗ്യകരമായ മത്സരം നിലനിൽക്കാറുള്ളതൊഴിച്ചാൽ മറ്റു നിയന്ത്രണങ്ങളൊന്നും ബാധിക്കാതിരുന്ന സമയം. ഇന്ത്യയുടെ ക്രിക്കറ്റ് മത്സരമുള്ള, സ്കൂൾ അവധിയുള്ള ഒരു ദിവസം. വീട്ടുകാർ നിർബന്ധിക്കാതിരുന്നിട്ടും സ്വമേധയാ നോമ്പെടുക്കാൻ ഒരുങ്ങിയത് സച്ചിൻ സെഞ്ച്വറി അടിക്കാനും ഇന്ത്യ ന്യൂസിലാൻഡിനെ പഞ്ഞിക്കിടാനും വേണ്ടിയായിരുന്നു. ഭക്തിപരമല്ല, തികച്ചും സ്പോർട്സ്മാൻ സ്പിരിറ്റ്പരം.!! (മലയാളത്തിൽ പറഞ്ഞാൽ ക്രിക്കറ്റ് ജ്വരം. വീട്ടുകാർ അറിഞ്ഞിരുന്നെങ്കിൽ പറയാൻ സാധ്യതയുണ്ടായിരുന്നത് - ‘തനി വട്ടാ അവന്, ഓ​​​െൻറയൊരു കുച്ചിൻ തെണ്ടിക്കറും കിറുക്കറ്റും’). എ​​െൻറ ഓർമ ശരിയാണെങ്കിൽ അന്ന് ന്യൂസിലൻറിനെതിരെ മൂന്ന് ടെസ്റ്റ് സീരിസായിരുന്നു. ആദ്യ ടെസ്റ്റ് മഴകാരണം പൂർത്തിയായില്ല. 1998ലെ ക്രിസ്മസ് ദിന പിറ്റേന്ന് മുതൽ ആരംഭിക്കുന്ന രണ്ടാമത്തെ ടെസ്റ്റിൽ (ഇതൊക്കെ നേരിയ ഓർമയാണ്) ഞാൻ നോെമ്പടുത്തിട്ടും ഇന്ത്യ തോറ്റു പോയി എന്നത് വേറെ കാര്യം. പക്ഷേ സച്ചിൻ ഇന്ത്യക്കു വേണ്ടി എണ്ണം പറഞ്ഞ സെഞ്ച്വറിയടിച്ചാണ് ക്രീസ് വിട്ടത്. 

സച്ചിൻ ഓരോ കളിയിലും അടിക്കുന്ന റൺസൊക്കെ പ്രത്യേകം ഡയറിയിൽ എഴുതിവെക്കാറുണ്ടായിരുന്നു അന്നൊക്കെ മിക്ക പിേള്ളരും. അന്നൊന്നും വീട്ടിൽ ടെലിവിഷനില്ല. ദൂരദർശനിൽ ലൈവ് മത്സരങ്ങൾ തകർത്താടിയിരുന്ന കാലം, അതും ബ്ലാക് ആൻറ് ൈവറ്റ് ടിവിയുടെ ഇരുളിമയെ വെള്ള വസ്ത്രം ധരിച്ച കളിക്കാരുടെ തെളിച്ചം കൊണ്ട് മറികടന്നിരുന്ന യുഗം. ടിവിയുള്ള ഏതോ ഒരു വീട്ടിൽ ജനലിലൂടെ എത്തി നോക്കുേമ്പാൾ സച്ചിൻ സെഞ്ച്വറിയടിക്കാറായിരുന്നു. 90കളിലെ പരുങ്ങലും സമ്മർദവും അലട്ടാറുണ്ടായിരുന്ന മാസ്റ്റർ ബ്ലാസ്റ്റർ ശതകം തികക്കുന്നത് കാണാൻ ജനൽ കമ്പിയിൽ ഏറെ നേരം തൂങ്ങി നിന്നാടി കളിച്ചത് ഇന്നും മായാത്ത ഓർമയാണ്. കൃത്യ സമയത്ത് വൈദ്യുതി പണിമുടക്കിയതിനാൽ സച്ചി​​​​െൻറ 100ലേക്കുള്ള ഘോഷയാത്ര കാണാനാകാതെ നിരാശയോടെ വീട്ടിലേക്ക് നടന്നു. വീടെത്തുേമ്പാൾ ഉമ്മച്ചിയും പെങ്ങളും കൂടി പത്തിരി ചുടുകയായിരുന്നു, അടിപൊളി ബീഫ് കറിയുടെ മണവും നാസാരന്ധ്രങ്ങളെ പുളകം കൊള്ളിച്ചു തുടങ്ങി. സെഞ്ച്വറി കാണാനാകാത്തതി​​െൻറ ദേഷ്യമായിരുന്നു വിശപ്പിനേക്കാൾ ലീഡ് ചെയ്തു നിന്നിരുന്നത്. മഗ്രിബ് ബാങ്ക് മുഴങ്ങാൻ രണ്ടു മണിക്കൂറിൽ താഴെ സമയം മാത്രം ബാക്കിയുണ്ടായിട്ടും ‘‘എനിക്ക് തലകറങ്ങുവാണേ, എന്തേലും താ’’എന്ന് പറഞ്ഞ് കട്ടിലിലേക്ക് ചാഞ്ഞതും അൽപസമയം കഴിഞ്ഞ് വെള്ളവും പത്തിരിയും എല്ലാമായി പ്രിയ മാതാവ് ഹാജരായി. ‘‘നശിച്ച കറൻറ് കട്ട് കാരണമാണ് നോമ്പ് പോയതെന്ന് മനസിനെ സമാധാനിപ്പിച്ച് ഉള്ളിൽ പതഞ്ഞുപൊങ്ങിയ ദേഷ്യത്തെ ഒരു സൈഡിലേക്ക് മാറ്റിവെച്ച് മറുസൈഡിലിരുന്ന പത്തിരിയെടുത്ത്​ നല്ല എരിവുള്ള ബീഫി​​െൻറ ചാറിൽ മുക്കി ആരും കാണാതെ തട്ടിവിട്ട ശേഷം മഗ്രിബ് ബാങ്ക് ആകാറായപ്പോൾ നോമ്പുകാരനെ പോലെ നിഷ്കളങ്കനായി പള്ളിയിൽ ഹാജരായതാണ് ബാക്കിപത്രം. പിന്നീട് എത്രയെത്ര നോമ്പ്കാലമാണ് എന്നിലൂടെ കടന്നുപോയത്, എത്ര ഋതുക്കളും ഓർമകളും വേദനകളും ഒറ്റപ്പെടലുകളും ഒറ്റപ്പെട്ട വിജയങ്ങളുമാണെന്നോ ഇന്ത്യയുടെ ആ തോൽവിക്കു ശേഷം ഞാൻ അനുഭവിച്ചത്. 

വർഷങ്ങൾക്കിപ്പുറം സച്ചി​​െൻറ വിടവാങ്ങൽ ടെസ്റ്റിനുശേഷം ഏതോ പത്രത്തിൽ ഇങ്ങനെ വായിച്ചു. സിംലയിൽ നിന്ന് ഡൽഹിക്കുള്ള ഒരു ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയപ്പോ പതിവിലും ജനക്കൂട്ടം അവിടെയുള്ള ടിവി സ്ക്രീനിലേക്ക് നോക്കി നിൽക്കുന്നു. സച്ചിൻ 98 റൺസിലെത്തിയിരുന്നു. സാധാരണഗതിയിൽ ഏതാനും മിനിറ്റ് നേരം മാത്രം സ്റ്റോപ്പുള്ള ആ ട്രെയിൻ അതിലെ യാത്രക്കാരുടെയും റയിൽവേ ഒഫീഷ്യൽസി​​െൻറയും അഭ്യർഥനയെതുടർന്ന് സച്ചിൻ 100ലെത്തുന്ന സമയം വരെ ആ സ്റ്റേഷനിൽ പിടിച്ചിട്ടു എന്ന്. ഇന്ത്യയുടെ റയിൽവേ സമയപട്ടിക വരെ നിശ്ചലമാക്കിയ ഒരു ജീനിയസിനു വേണ്ടി നോമ്പ് പിടിക്കുക, അതേ നോമ്പ് അന്നു മുഴുമിപ്പിക്കാതെ ഉപേക്ഷിച്ചുകളയുക. വല്ലാത്ത ഒരു സൈക്കോ തന്നെയായിരുന്നു ല്ലേ കുട്ടിക്കാലത്തെ ഈ ഞാൻ. പട്ടിണി കിടക്കുകയും ദാരിദ്രത്തി​​െൻറ അവസ്ഥാന്തരങ്ങളോട് ഐക്യപ്പെടുകയും ചെയ്യുന്നതാണ് നോമ്പ് കാലം. എങ്കിലും അന്നുമിന്നും ഒരു സംശയം ബാക്കിയാണ്. ദരിദ്രനായ ഒരാൾക്ക് തനിക്ക് എപ്പോൾ ഭക്ഷണം കിട്ടുമെന്ന് യാതൊരു ഊഹവും ഉണ്ടായിരിക്കില്ല. എന്നാൽ ഒരു നോമ്പുകാരന് പകൽ നിശ്ചിത സമയം കഴിഞ്ഞാൽ ഭക്ഷണം വേണ്ടുവോളം കിട്ടുമെന്ന് കൃത്യമായ ധാരണയുണ്ടായിരിക്കുമല്ലോ. അപ്പോൾ പിന്നെ ഈ ഐക്യപ്പെടൽ എത്രത്തോളം നീതിപൂർവമാകുമെന്ന് ചിന്തിച്ച് എത്ര നോമ്പ് കാലം വിടപറഞ്ഞു കടന്നു പോയിരിക്കണം. 

ഏറ്റവും പ്രിയപ്പെട്ടൊരാൾ വിശപ്പി​​െൻറയും ദാഹത്തി​​െൻറയും ഭയാനകാവസ്ഥകളിലൂടെ കടന്നുപോയതിനെ കുറിച്ച് അനുഭവം പറഞ്ഞാലല്ലാതെ നമുക്കൊരിക്കലും സിറിയയിെലയും ഫലസ്തീനിലെയും സൊമാലിയയിലെയും എന്തിനേറെ നമുക്കു ചുറ്റുവട്ടത്തുള്ള ദരിദ്രവിഭാഗങ്ങളോടും ആത്മാർഥമായി ഐക്യപ്പെടാൻ കഴിയില്ല. വളർന്നു വലുതായി കൊണ്ടിരിക്കുന്നതിനിടയിലേതോ കാലത്ത് ഏതോ പള്ളിയിൽ നിന്നും കേട്ട കഥ പറഞ്ഞവസാനിപ്പിക്കാം.
ഒരു വൃദ്ധൻ ഒരു മൂലയിലിരുന്നു എന്തോ  ഭക്ഷിക്കുകയായിരുന്നു. അപ്പോൾ, ഏതാനും യുവാക്കൾ വയോധിക​​​െൻറ അടുത്തെത്തി. 

‘‘ഉപ്പുപ്പാ, നിങ്ങൾക്കു നോമ്പില്ലേ....? ’’

‘‘ആരു പറഞ്ഞു ഇല്ലെന്ന്‌...? എനിക്ക് നോമ്പുണ്ട്. പക്ഷെ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് മാത്രം.’’

‘‘ഹ...ഹ... ഇങ്ങനെയുമുണ്ടോ നോമ്പ്‌...! ഇതെന്ത് നോമ്പാണ്...? ’’

‘‘ങാ, ഞാൻ കളവു പറയാറില്ല. ആരെയും മോശമായി കാണാറില്ല. അസഭ്യം പറയാറില്ല. ആരെയും കളിയാക്കാറില്ല, ആരുടെയും മനസ്​ വേദനിപ്പിക്കാറില്ല. പരദൂഷണം പറയാറില്ല, അസൂയ പുലർത്താറില്ല. ഖുർആൻ ഓതാനും പഠിക്കാനും സമയം കണ്ടെത്തുന്നുമുണ്ട്... പിന്നെ ഹറാമായതൊന്നും ഭക്ഷിക്കാറില്ല. അർഹിക്കാത്ത പണം വാങ്ങാറില്ല.. ഉത്തരവാദിത്തങ്ങളും ബാധ്യതകളും വിശ്വസ്തതയോടെ നിറവേറ്റുന്നുമുണ്ട്. പക്ഷെ, ഇപ്പോൾ പ്രായമായതിനാലും തീരെ വയ്യാത്തതിനാലും എ​​െൻറ വയറിനു നോമ്പില്ല.’’ -വൃദ്ധൻ പറഞ്ഞു.

ശേഷം യുവാക്കളോട് ചോദിച്ചു; ‘‘ അല്ല, നിങ്ങൾക്ക് നോമ്പുണ്ടോ...? ’’

അതിലൊരുത്തൻ തല കുനിച്ചു മടിച്ചു കൊണ്ട് പറഞ്ഞു: ‘‘ഇല്ല...! ഞങ്ങൾ ഭക്ഷണം കഴിക്കുന്നില്ലെന്നേയുള്ളൂ.’’ചിന്തിക്കുക... നമ്മുടേത് നോമ്പാണോ പട്ടിണിയാണോ എന്ന്‌..


 

Tags:    
News Summary - fasting for sachin and break fasting -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.