വേരുകള്‍

വര്‍ഷങ്ങള്‍ക്കുശേഷം ആത്മാര്‍ഥമായി ചിരിച്ചു. മീനത്തിലെ ഏതോ സായാഹ്നത്തില്‍ പൂത്തുനിന്ന കണിക്കൊന്നക്ക് ചുവട്ടിലായി ഇരുന്നപ്പോള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഓര്‍മകളെ കാലം വലിയ പോറലുകള്‍ ഏല്‍പിക്കാതെ ഞങ്ങള്‍ക്കൊപ്പം നിര്‍ത്തി. ജീവിതത്തില്‍നിന്ന് അല്‍പനേരത്തേക്കുള്ള ഒളിച്ചോട്ടമായിരുന്നോ അത്? അറിയില്ല, ആരോടും പറഞ്ഞതുമില്ല. ‘കുറച്ചുദിവസം കഴിഞ്ഞേ മടങ്ങിവരൂ’ പതിവ് ഒൗപചാരികതക്കിടയില്‍ വിജയലക്ഷ്മിയോട് അത്രയും പറഞ്ഞതുതന്നെ ധാരാളം.

ജനനിബിഡമായ റെയില്‍വേ സ്റ്റേഷന്‍െറ ചുവരില്‍ സ്ഥാപിച്ച ഇലക്ട്രോണിക് ബോര്‍ഡിലൂടെ വടക്കോട്ടു പോകേണ്ട തീവണ്ടിയുടെ സമയക്രമം ചുവന്ന അക്ഷരങ്ങളായി ഇടക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. തീവണ്ടിയില്‍ യാത്ര കുറവാണ്. നഗരത്തിലുള്ള ഫ്ളാറ്റില്‍നിന്ന് അധിക ദൂരമില്ല ഓഫിസിലേക്ക്. മനുഷ്യസഹജമായ നടക്കാനുള്ള കഴിവ് നഷ്ടപ്പെടുമോയെന്ന് ഭയം തോന്നുമ്പോള്‍ കാര്‍ എടുക്കില്ല.
ഒഴിഞ്ഞുകിടക്കുന്ന പാടങ്ങളെയും കൂറ്റന്‍ ബില്‍ഡിങ്ങുകളെയും പിന്നിലാഴ്ത്തി തീവണ്ടി കുതിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം തിരക്കുപിടിച്ച ജീവിതത്തില്‍നിന്ന് അല്‍പനേരത്തേക്കെങ്കിലും വിട. പഴയ ഓര്‍മകളെ തേടിയുള്ള യാത്രക്കായി മനസ്സ് വെമ്പിയിരുന്നു. തീയതിയും നാളും കുറിച്ചിട്ടാല്‍ ഒന്നും നടക്കില്ളെന്നറിയാം. അനുഭവംകൊണ്ടുതന്നെ അതുപഠിച്ചു. അവസരം ഒത്തുവന്നപ്പോള്‍ പിന്നീട് ഒന്നും ചിന്തിച്ചില്ല. പെട്ടെന്ന് ഒരുങ്ങി പുറപ്പെടുകയായിരുന്നു. നാഗരികതയില്‍നിന്ന് പൂര്‍വകാലത്തേക്ക് ഒരു യാത്ര അവിടെ തന്‍െറ അവശേഷിപ്പുകള്‍ സൂക്ഷിച്ച തറവാടും പറമ്പുമെല്ലാം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ, നഷ്ടപ്പെടാത്തവ ഒരുപാടുണ്ടല്ളോ...? പച്ചപ്പുനിറഞ്ഞ വാഴത്തോപ്പുകളും വൃക്ഷങ്ങളും പാടത്തിന് പടിഞ്ഞാറ് ഒഴുകുന്ന കുഞ്ഞിത്തോടും. ഒരിക്കല്‍ വിജയലക്ഷ്മിയോട് ഇതുപറയുമ്പോള്‍ അവള്‍ പരിഹസിച്ചിരുന്നു. 
‘എല്ലാവരും നാഗരികതയിലേക്ക് കുടിയേറുമ്പോള്‍ ഇവിടൊരാള്‍ തിരിച്ചുനടക്കുന്നു. എന്തൊരു വൈരുധ്യം?’
‘ഒരുപാട് വൈരുധ്യങ്ങളുണ്ട്. ജീവിതത്തില്‍ അല്ല, നമ്മളിരുവരുടെയും ജീവിതത്തില്‍’ എന്നുപറയണമെന്ന് തോന്നി, പറഞ്ഞില്ല. ഒരുപക്ഷേ, നിനക്കത് മനസ്സിലാകണമെന്നില്ല പറഞ്ഞുതരാന്‍ എനിക്കതിനുള്ള ലിപികളില്ല. ഓരോരുത്തരുടെയും വേരുകള്‍ ആണ്ടുകിടക്കുന്നിടം വ്യത്യസ്തമായിരിക്കാം.
സ്റ്റേഷനിലിറങ്ങിയപ്പോള്‍ ഉച്ചകഴിഞ്ഞിരുന്നു. അരമണിക്കൂറേ ബസില്‍ യാത്ര ചെയ്യേണ്ടിവന്നുള്ളൂ. പിന്നെ ഓര്‍മകളിലെ സ്മൃതിചിത്രങ്ങള്‍ തങ്ങിനില്‍ക്കുന്ന ചെമ്മണ്‍പാതക്കപ്പുറം തോടിന്‍െറ കരയിലൂടെ കൈതപ്പൊന്തയുടെ തണല്‍പറ്റി മുന്നോട്ടുനടക്കുമ്പോള്‍ ദൂരെ ഓടിട്ട മേല്‍ക്കൂര കാണാമായിരുന്നു. ചത്തെിമിനുക്കിയ കല്‍പ്പടവുകള്‍ കയറി ഉമ്മറത്തത്തെിയപ്പോള്‍ ഈറനണിഞ്ഞ വേഷത്തില്‍ വിളക്കുമേന്തി കടന്നുവന്ന നിര്‍മലക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലായിരിക്കില്ല.
‘ഹാ! ഇതാരാണീശ്വരാ, തങ്കൂ ഇതാരാണ് വന്നിരിക്കണേന്ന് നോക്ക്യേ, അകത്തേക്കുവരൂ -വിജയലക്ഷ്മിനെ കൊണ്ടന്നീലേ’ ചുരുങ്ങിയ നിമിഷംകൊണ്ട് അനേകം ചോദ്യങ്ങളുമായി വീര്‍പ്പുമുട്ടിക്കുന്ന നിര്‍മലയോട് ആദ്യം ഒരു ഗ്ളാസ് തണുത്ത വെള്ളം കൊണ്ടുവരാന്‍ കല്‍പിച്ചു. പഴകിദ്രവിച്ച വീട്ടിത്തടിയുടെ ‘കറകറ’ ശബ്ദത്തില്‍ കരയുന്ന വാതില്‍ തുറന്നുകൊണ്ട് പുറത്തേക്കുവന്ന തങ്കുവിന്‍െറ ശബ്ദത്തിനും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ളെന്ന് തോന്നി.
‘ഏട്ടന്‍ തനിച്ചാണോ പോന്നത്’.
‘അല്ളേലും അവന്‍ തനിച്ചല്ളേ വന്നിട്ടുള്ളൂ ഇവിടെ.’ വിജയലക്ഷ്മിയെ കൊണ്ടുവരാത്തതിലുള്ള പരിഭവം പറഞ്ഞുതീര്‍ക്കുകയായിരുന്നു നിര്‍മല.
പുറത്ത് ഇളംകാറ്റ് വീശുന്നുണ്ടായിരുന്നു. വിഷുക്കാലത്തിന്‍െറ വരവറിയിച്ചുകൊണ്ട് മുറ്റത്ത് ചെറിയ ശിഖരങ്ങള്‍ വിടര്‍ത്തിനില്‍ക്കുന്ന കണിക്കൊന്നയെ ചൂണ്ടിപ്പറഞ്ഞു -‘നമുക്ക് അതിന്‍െറ ചുവട്ടിലായിരിക്കാം’.
സന്ധ്യാപൂജക്ക് അടുത്തുള്ള ദേവീക്ഷേത്രത്തില്‍നിന്ന് മണിനാദം ഉയര്‍ന്നപ്പോള്‍ നിര്‍മല നിശ്ശബ്ദമായി പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. പൂത്തുനിന്ന കണിക്കൊന്നക്ക് ചുവട്ടിലായിരുന്നപ്പോള്‍ തങ്കു ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു... ടൗണില്‍ സിനിമക്ക് പോയപ്പോള്‍ ടിക്കറ്റ് കിട്ടാത്തതും കോളജ് പഠനകാലത്ത് നിന്നെ മാത്രമേ വിവാഹം ചെയ്യൂവെന്ന് വാക്കുകൊടുത്ത പഴയ കാമുകിയെ രണ്ട് കുട്ടികളുമായി ഭര്‍ത്താവിന്‍െറയൊപ്പം കണ്ടപ്പോള്‍ വഴിമാറിപ്പോയതും, തേങ്ങയിടാന്‍ ആളെ കിട്ടാത്തതും നേന്ത്രവാഴയുടെ കൂമ്പുചീയലും... ചിലതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നോ... ഇടക്ക് ചിരിയടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കുശേഷം ആത്മാര്‍ഥമായി ചിരിച്ചതും അന്നായിരുന്നു.
വൈകിയാണ് കിടന്നത്, മച്ചിന്‍പുറത്തുകൂടി എലികള്‍ പായുന്നതിന്‍െറ ശബ്ദം കേള്‍ക്കാമായിരുന്നു. ദ്രവിച്ചുതുടങ്ങിയ പഴയ കിടക്ക തട്ടിക്കുടഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത ഒരുതരം സുഗന്ധം തോന്നി.
‘കുടിക്കാന്‍ കൂജേല് വെള്ളം വെച്ചിട്ടുണ്ട്.’
കട്ടിലിനു കീഴെ മണ്‍കലംവെച്ച് നിര്‍മല പോകുമ്പോള്‍ അദ്ഭുതം തോന്നി. പഴയ ശീലങ്ങള്‍പോലും മറന്നിട്ടില്ല. ഇത്രയും വര്‍ഷങ്ങള്‍ ഒരുമിച്ചുകഴിഞ്ഞിട്ടും വിജയലക്ഷ്മിക്കുപോലും അറിയാത്തത്. 
ഉറക്കംവരാതെ മച്ചിലേക്ക് നോക്കിക്കിടക്കുമ്പോള്‍ പലതും ഓര്‍ത്തുപോയി. നിര്‍മലയും ഞാനും സമപ്രായക്കാരായിരുന്നു. തങ്കു ഞങ്ങളേക്കാള്‍ ഒരുപാട് ഇളയതും. അതിര്‍ത്തികള്‍ സൃഷ്ടിക്കുന്ന മതിലുകള്‍ ഇല്ലാതെയാണ് ഇരുകുടുംബവും കഴിഞ്ഞത്. ചെറുപ്പം മുതലേ ഞങ്ങള്‍ മൂവരും ഒരുമിച്ചാണ് അതില്‍ തങ്കുവിന് പ്രത്യേക റോളുണ്ട്.
മേലേപാടത്തെ നാരായണന്‍ നായരുടെ ഓറഞ്ചുമരത്തിലെ മൂക്കാത്ത ഓറഞ്ചുകള്‍ കട്ടുപറിക്കുമ്പോള്‍ വേലിക്കു പുറത്ത് കാവല്‍നില്‍ക്കുന്നത് അവനായിരുന്നു. എനിക്ക് നിര്‍മലയുടെ വീടായിരുന്നു ഇഷ്ടം. അതിനൊരു കാരണവുമുണ്ട് ഒളിച്ചുകളിക്ക് കൂടുതല്‍ അനുയോജ്യം അതുതന്നെ. നിര്‍മലയുടെ വീടിനോട് ചേര്‍ന്ന് പിറകുവശത്തുള്ള വിശാലമായ ചായ്പ്പിനുള്ളില്‍ നിലത്തുചാരിവെച്ച ഉണങ്ങിയ കുരുമുളക് ചാക്കിന്‍െറ മറവില്‍ ഇരുളില്‍ പതുങ്ങിനിന്നാല്‍ ആരും കാണില്ല. അപ്പോള്‍ പ്രത്യേകതരം ഗന്ധമനുഭവപ്പെടും. കുരുമുളക് ഉണങ്ങിയതിന്‍െറ എത്ര കേട്ടാലും മതിവരാത്ത ഒരുതരം ഗന്ധം. എന്നാല്‍, നിര്‍മലക്കും തങ്കുവിനും നേരെ മറിച്ചാണ്. എന്‍െറ വീടാണ് അവരുടെ സ്വര്‍ഗം. അവിടെ പ്രകാശം കടക്കാത്ത കുടുസ്സുമുറിയില്‍ മരപ്പലക നിരത്തിയിട്ട കട്ടിലില്‍ ഇരുന്ന് ഓലമേഞ്ഞ മേല്‍ക്കൂരയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തെ കൈവിരലുകള്‍കൊണ്ട് തടഞ്ഞുനിര്‍ത്തും. അതിശയം തോന്നും സൂര്യപ്രകാശം തട്ടുന്ന കൈവിരലുകളുടെ മറുഭാഗത്ത് തീക്കനലിന്‍െറ നിറമായിരിക്കും.
കളികള്‍ മടുക്കുമ്പോള്‍ ഞങ്ങള്‍ മൂവരും പാടത്തേക്ക് നീങ്ങും. വാഴകള്‍ക്ക് തടമെടുക്കുന്നതിനോട് ചേര്‍ന്നൊഴുകുന്ന ചാലുകളില്‍ ചൂണ്ടയിടും. അല്ളെങ്കില്‍ പല്‍പ്പിനി ചേച്ചിയുടെ കശുവണ്ടിത്തോട്ടത്തില്‍ പോയി പക്ഷിത്തൂവല്‍ ശേഖരിക്കും.


കളിച്ചും തിമിര്‍ത്തും എത്രയെത്ര നാളുകള്‍. എപ്പോള്‍ മുതലാണ് ഇരുവീട്ടുകാരും തമ്മില്‍ പ്രശ്നമാരംഭിച്ചത്. ഓര്‍മവെച്ച കാലം മുതല്‍ നിര്‍മലയുടെ മുത്തച്ഛന്‍ കുറുമ്പനും അച്ഛനും തമ്മില്‍ ശത്രുതയിലായിരുന്നു. നിസ്സാര കാര്യത്തിനായിരുന്നു പലപ്പോഴും ശണ്ഠകൂടുക. ചിലപ്പോള്‍ അതിരുതര്‍ക്കമായിരിക്കും കാരണം. പക്ഷേ, അച്ഛന്‍ കിടപ്പിലായതോടെ നിര്‍മലയുടെ വീട്ടില്‍ പോകരുതെന്ന് അമ്മ പറഞ്ഞു. ഓര്ടെ മുത്തച്ഛന്‍ കുറുമ്പന് വെച്ചുപൂജേം ദുര്‍മന്ത്രവാദവുമുണ്ടത്രെ. ഓര്... കൂടോത്രം ചെയ്താ അച്ഛന്‍ കിടപ്പിലായത്. ഒരിക്കല്‍ പാടത്ത് വാഴക്ക് തടമെടുക്കുമ്പോള്‍ അച്ഛന്‍ തളര്‍ന്നുവീഴുകയായിരുന്നു. പിന്നീട് അച്ഛന്‍ എഴുന്നേറ്റില്ല. ഒരേ കിടപ്പില്‍ അരക്കു താഴേക്ക് ചലനമറ്റുപോയി. അമ്മ പറഞ്ഞത് ശരിയാണെന്ന് അന്നത്തെ ബുദ്ധിക്ക് തോന്നാന്‍ പിന്നയും കാരണമുണ്ടായിരുന്നു. മുന്‍പ് നിര്‍മലയുടെ മുത്തച്ഛന്‍ പറഞ്ഞതിന് താനും സാക്ഷിയാണല്ളോ.
‘നീ ഇതൊരുപാടുകാലം അനുഭവിക്കില്ല, നിന്നെക്കൊണ്ടന്നെ ഇതുമുഴീവന്‍ എന്‍െറ കാല്‍ക്കീഴില്‍ കൊണ്ടരീക്കും.’’
പക്ഷേ, ഇതെല്ലാം നടക്കുമ്പോഴും ഞങ്ങള്‍ മൂവരും അതിരുകള്‍ ഭേദിച്ചുകൊണ്ടുതന്നെ ജീവിച്ചു, ഇരുവീട്ടുകാരും കാണാതെ, ആരും അറിയാതെ ആരോടും പറയാതെ...
ഒരിക്കലാണത് സംഭവിച്ചത്. ആരുമില്ലാത്തപ്പോള്‍ വീടിന്‍െറ പിറകിലുള്ള ചായ്പ്പില്‍ ഇരുണ്ടമുറിയുടെ ഉള്‍വശത്ത് കുരുമുളക് ഉണങ്ങിയതിന്‍െറ ഗന്ധമനുഭവിച്ച് നില്‍ക്കുമ്പോള്‍, കടന്നുവന്ന നിര്‍മലയെ ഒരുള്‍പ്രേരണയാല്‍ കൈക്കുമ്പിളില്‍ വലിഞ്ഞുമുറുക്കിയത്. ഒരുനിമിഷം നിര്‍മലയും അന്ധാളിച്ചുപോയിരിക്കാം. കൈകള്‍ക്കു കൂടുതല്‍ ബലംവെച്ചു. ചുണ്ടുകള്‍ അരുതാത്തതിന് മുതിരുകയായിരുന്നു. ഞെട്ടലില്‍നിന്ന് മോചനം ലഭിച്ചപ്പോള്‍ നിര്‍മല കുതറിമാറി; ക്രുദ്ധമായി ആക്രോശിച്ചു.... ‘കടക്ക്... കടക്കുപുറത്ത്’ ഇന്നുവരെ കേള്‍ക്കാത്ത ശബ്ദം  അവളില്‍നിന്നുയര്‍ന്നു. കുറ്റബോധത്തില്‍ മനസ്സുനീറി, കൂമ്പിയ ശിരസ്സുമായി ചായ്പ്പിനു വെളിയില്‍കടന്നു  തിരിഞ്ഞുനോക്കിയില്ല  നടക്കുകയായിരുന്നു എങ്ങോട്ടോ ലക്ഷ്യമില്ലാതെ...
 നിര്‍മല പിണങ്ങുമെന്നായിരുന്നു വിചാരിച്ചത്. അതുണ്ടായില്ല രണ്ടുദിവസത്തിനുശേഷം പതിവുപോലെ മന്ദസ്മിതം തൂകിക്കൊണ്ട് അവള്‍ വന്നു. പിന്നെ എന്‍െറ മിഴികള്‍ പിടിച്ചുയര്‍ത്തി  സാവധാനം പറഞ്ഞു. ‘ഞാനതൊക്കെ അപ്പോഴേ മറന്നു.’
പില്‍ക്കാലത്ത് നിര്‍മലയുടെ മുത്തച്ഛന്‍ പറഞ്ഞതുപോലെ സംഭവിച്ചു. ജീവിക്കാന്‍ മാര്‍ഗമില്ലാതായതോടെ പറമ്പും വീടും കുറുമ്പന്‍ ചോദിച്ച വിലക്കുതന്നെ വില്‍ക്കേണ്ടിവന്നു. പോകാനൊരുങ്ങിനില്‍ക്കുമ്പോള്‍ നിര്‍മല പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മറന്നിട്ടില്ല - ‘ഞാന്‍ കാത്തിരിക്കും എത്രകാലം വേണമെങ്കിലും.’
രാത്രിയില്‍ എപ്പോഴോ സ്വപ്നത്തില്‍ പിച്ചും പേയും പുലമ്പിയ എന്നെ തട്ടിവിളിച്ചത് നിര്‍മലയായിരുന്നു. കണ്ണുതുറന്നുനോക്കുമ്പോള്‍ കാല്‍ച്ചുവട്ടിലായി തങ്കുവിരിക്കുന്നു. നെറ്റിയില്‍ കൈ തലോടി നിര്‍മല ചോദിച്ചു. ‘എന്താ ഉറക്കത്തില്‍ അലറിവിളിക്കുന്നത്, നല്ല പനിയുണ്ടല്ളോ, ഞാന്‍ ചുക്കുകാപ്പിയിട്ടുതരാം. അത് കുടിച്ച് ഒന്ന് കണ്ണടച്ചാല്‍ ക്ഷീണം മാറും.’ അവര്‍ പോകാനൊരുങ്ങുമ്പോള്‍ തിരിച്ചുവിളിക്കണമെന്നും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ‘മാപ്പ് മാപ്പ്’ എന്ന് ആയിരവട്ടം പറയണമെന്നും തോന്നി. നടന്നില്ല, തൊണ്ടവരണ്ടിരുന്നു ശബ്ദം പുറത്തുവരാന്‍ പാടുപെട്ടു. കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാകുകയായിരുന്നു ഹൃദയം.
കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നിയില്ല. മുറ്റത്ത് കൊഴിഞ്ഞുകിടന്ന പഴുത്ത മാവിലയെടുത്ത് പല്ലു തേച്ചുകൊണ്ട് തങ്കുവിനോട് പറഞ്ഞു. ‘വാ, അല്‍പമൊന്നു നടന്നിട്ടുവരാം’. കുഞ്ഞിത്തോട്ടില്‍ വെള്ളം നന്നേ കുറഞ്ഞിരുന്നു. വീട്ടില്‍ തിരിച്ചത്തെിയപ്പോള്‍ തങ്കു പറയുന്നതുകേട്ടു. ‘ഹോ, ഏട്ടന്‍െറ ഓര്‍മശക്തി അപാരം എല്ലാ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു’.
ഓര്‍മകളാണ് തങ്കൂ, ജീവിതങ്ങള്‍ക്ക് അര്‍ഥം തരുന്നത് നമ്മുടെ വേരുകള്‍ പിറവികൊള്ളുന്നിടമാണത്.  സ്മൃതിനാശം സംഭവിച്ചത് ആര്‍ക്കായിരുന്നു എനിക്കോ അതോ നിര്‍മലക്കോ അല്ളെങ്കില്‍ തായ്വേരുകള്‍ അടര്‍ത്തിമാറ്റിയ കാലത്തിനോ. നിര്‍മലക്കും ധാരാളം ആലോചനകള്‍ വന്നിരുന്നെന്ന് കേട്ടിരുന്നു. അതിനിടെ ആരോ പറഞ്ഞത്രെ. ‘മുത്തച്ഛന്‍ കുറുമ്പന്‍ ചെയ്ത ദുര്‍മന്ത്രവാദത്തിന്‍െറ ഫലവാ, കുറുമ്പന്‍ മരിച്ചേപ്പിന്നെ മൂര്‍ത്തിക്കുവേണ്ടി ആരും പൂജേം വഴിപാടൊന്നും നടത്തി കുടീരുത്തീല്ലല്ളോ? പിന്നെങ്ങനാ ശാപം വിതക്കൂലേ കുടുംബത്തേതന്നെ മുടിക്കും. പെണ്‍കുട്ട്യോള്‍ടെ കാര്യം പിന്നെ പറയണോ’.
പിന്നെ ഇടയ്ക്കിടെ നിര്‍മല തന്നെ പറയാറുണ്ടത്രേ ‘മൂര്‍ത്തീടെ ശല്യത്തെ പേടിച്ച് ആരുമെന്നെ കെട്ടേണ്ടായെന്ന്.’ വൈകിപ്പോയിരുന്നെന്ന് മനസ്സ് പലകുറിയാവര്‍ത്തിച്ചു. അപ്പോഴേക്കും വിജയലക്ഷ്മി ജീവിതത്തിന്‍െറ ഭാഗമായിരുന്നു.
സന്ധ്യക്ക് നിര്‍മലയുടെ നിര്‍ബന്ധത്തിന് വഴങ്ങി ദേവീക്ഷേത്രത്തില്‍ പോകേണ്ടിവന്നു. നടതുറന്നപ്പോള്‍ പറയാന്‍ മനസ്സില്‍ ഒന്നുമവശേഷിച്ചില്ലായിരുന്നു. നാണയത്തുട്ട് നടയിലിട്ടു. ശാന്തി തന്ന തീര്‍ഥജലം കുടിച്ച് ബാക്കി തലയില്‍ പുരട്ടി. അടഞ്ഞകോവിലുകള്‍ക്കു മുന്നില്‍  പ്രാര്‍ഥനകള്‍ അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. എനിക്ക് പ്രാര്‍ഥിക്കാന്‍ കാരണങ്ങള്‍ ഇല്ലാതായിരിക്കുന്നു.
തിരിച്ചുനടക്കുമ്പോള്‍ നിര്‍മല ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു. ദേവീടടുത്ത് വന്നാല്‍ എന്താണെന്നറീല്ല മനസ്സിനകത്തെ എല്ലാ നീറ്റലും പോകും. ‘നിനക്കോ’. എനിക്കങ്ങനെയൊന്നുമില്ല. എത്രയാളുകള്‍ ആഗ്രഹസഫലീകരണം തേടിവരുന്നു. അവര്‍ക്കാദ്യം നല്‍കട്ടെ- പാതി കളിയും പാതി കാര്യവുമായി പറഞ്ഞു. പിറകില്‍ നിര്‍മലയുടെ നെടുവീര്‍പ്പുകള്‍ ഉയരുന്നത് കേള്‍ക്കാമായിരുന്നു.
 ദിവസങ്ങള്‍ എത്രവേഗമാണ് കടന്നുപോയത്. സമയം അതിക്രമിച്ചിരിക്കുന്നു. വേരുകള്‍ പിഴിതെറിഞ്ഞ് നാഗരികതയിലേക്ക് കുടിയേറേണ്ടിയിരിക്കുന്നു. അവിടെ നിലക്കാത്ത യന്ത്രങ്ങളുടെ ശബ്ദവും അടങ്ങാത്ത പരിഭവങ്ങളുമായി വിജയലക്ഷ്മിയും കാത്തിരിക്കുന്നുണ്ടാകണം. അല്ളെങ്കിലും വിഷമിച്ചിട്ടെന്തുകാര്യം. ഓരോ മനുഷ്യരും കുടിയേറ്റക്കാരാണ്. ഓരോ കാലത്തും അവര്‍ വ്യത്യസ്തങ്ങളായ നിലങ്ങളിലേക്ക് കുടിയേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. നാഗരികതയില്‍ അനുഭവിക്കുന്നതില്‍ കൂടുതലായി എന്താണ് തനിക്കിവിടെ കിട്ടുന്നത ്അറിയില്ല...
പോകാന്‍ സമയമായിരുക്കുന്നു. യാത്രപറയാന്‍ നാവ് പൊന്തിയില്ല. തങ്കു വിദൂരതയിലേക്കു മാത്രം നോക്കിയിരുന്നു. നിര്‍മലയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ...? 
‘ഇനിയൊരിക്കല്‍ വിജയലക്ഷ്മിയെ കൂട്ടിവരണം’ -നിര്‍മല പറഞ്ഞു. കൊണ്ടുവരാമെന്നോ... വരില്ളെന്നോ പറഞ്ഞില്ല. ‘ഉം’ എന്ന മൂളലില്‍ മറുപടിയൊതുക്കി. പിന്നെ തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ക്ക് കാത്തുനില്‍ക്കാതെ തിരിച്ചുനടന്നു. കുഞ്ഞിത്തോട് പിന്നിട്ട്, വാഴത്തോപ്പിലൂടെ പാടം മുറിച്ചുകടന്ന് ഒരിക്കലും അവസാനിക്കാത്ത നീണ്ടുനീണ്ടുകിടക്കുന്ന ടാറിട്ട റോഡിലൂടെ....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT