വയലന്‍റൈന്‍സ് ഡേ

സീമന്തിനിയും ഞാനും പരസ്പരം കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതിന്‍െറ പിറ്റേന്നാണ് അവള്‍ ഗര്‍ഭിണിയാണെന്ന വിവരം ഡോക്ടര്‍ ഞങ്ങളെ അറിയിച്ചത്. ഞെട്ടിക്കുന്ന വിവരമൊന്നുമായിരുന്നില്ളെങ്കിലും അതെന്നെ ചില്ലറ ആശയക്കുഴപ്പങ്ങളിലേക്ക് തള്ളിവിട്ടു. അന്നു രാത്രി, രണ്ടു ചോദ്യങ്ങളാണ് എന്‍െറ ഉറക്കം കളഞ്ഞത്.
ഒന്ന്: എന്‍െറ തലക്ക് അഞ്ചു ലക്ഷം വിലയിട്ട് മൂരി സെയ്ദിന് നല്‍കിയ ക്വട്ടേഷന്‍ സീമന്തിനി പിന്‍വലിക്കുമോ?
രണ്ട്: ഗര്‍ഭത്തിന്‍െറ ഉത്തരവാദി ഞാന്‍ തന്നെയാണെന്ന് ഉറപ്പുള്ളതിനാലും അവളോടൊപ്പം കുഞ്ഞും മരിക്കുമെന്നുള്ളതിനാലും എന്‍െറ തീരുമാനം മാറ്റണോ?
ഉറക്കം വിരുതനായൊരു വരാലിനെപ്പോലെ വഴുതിക്കളിച്ച രാത്രിയില്‍ ഞാന്‍ സോഫയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഓരോ മണിക്കൂറിലും കൃത്യമായി കൂകിവിളിച്ച് ക്ളോക്ക് പരിഹസിക്കുകയാണെന്ന് ഇടക്കു തോന്നി. മകരമാസത്തിലെ ആകാശം തണുപ്പിന്‍െറ ചീനവലയില്‍ വീടിനെ അപ്പാടെ കുടുക്കിയിട്ടിരുന്നു. പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ കഴുത്തുവരെ മൂടിക്കിടക്കുന്ന വെല്‍വെറ്റ് കമ്പിളി കണ്ട് എനിക്ക് തെല്ലതിശയം തോന്നി.
‘ഈ തണുപ്പടിച്ച് അവിടെക്കിടക്കേണ്ട വല്ല കാര്യോണ്ടോ?’
കട്ടന്‍ചായ ടീപ്പോയില്‍വെച്ചശേഷം, പത്രവുമെടുത്ത് അടുക്കളയിലേക്ക് പോകുമ്പോള്‍ സീമന്തിനി ചോദിച്ചു.
‘എന്നോടുള്ള ദേഷ്യത്തിന് തന്നത്താന്‍ ഓരോ അസുഖം വരുത്തിവെക്കേണ്ട’
ഞാന്‍ ഗ്ളാസില്‍നിന്ന് ചുടുചായ പതുക്കെ മോന്തി. വെയില്‍ കണ്ണുംതിരുമ്മി വരുന്നതേയുണ്ടായിരുന്നുള്ളൂ. സീമന്തിനിയുടെ ചലനങ്ങളില്‍ വല്ലാത്തൊരു ശ്രദ്ധക്കൂടുതലുണ്ടെന്ന് സൂക്ഷിച്ചു നിരീക്ഷിച്ചപ്പോള്‍ എനിക്ക് തോന്നി. കുക്കറില്‍നിന്ന് കഞ്ഞിയൂറ്റിയെടുക്കുമ്പോഴും വാഷിങ് മെഷീന്‍ വിഴുങ്ങിയ തുണികളെടുത്ത് ടെറസിലെ അഴയില്‍ വിരിച്ചപ്പോഴും പതിവുപോലെ തറയിലെ പൊടിത്തുണ്ടുകള്‍ തുടച്ചു വൃത്തിയാക്കിയപ്പോഴും വയറിനുള്ളിലേക്ക് ഒരു കരുതല്‍ കാത്തുവെച്ചപോലെ.
അന്നേരം, എന്തോ ചെറുതല്ലാത്തൊരു ലാഘവം മനസ്സില്‍ ബലൂണ്‍ പറത്തി.
വൈകീട്ട് പതിവുവിട്ട് ഞാന്‍ സീമന്തിനിയുടെ കട്ടിലിലത്തെി. അവളപ്പോള്‍ കുളിമുറിയിലായിരുന്നു. തലയണക്കടിയില്‍നിന്ന് അവളുടെ മൊബൈല്‍ തപ്പിയെടുത്ത് വിരലുകൊണ്ട് ഒരോട്ടപ്രദക്ഷിണം നടത്തി. പിന്നെ ശബ്ദമുണ്ടാക്കാതെ വീടിന് പുറത്തിറങ്ങിയശേഷം, കൊടുവാള്‍ സുഗുണന്‍െറ നമ്പര്‍ എന്‍െറ ഫോണില്‍ ഡയല്‍ ചെയ്തു.
‘നിങ്ങള്‍ അന്നു പറഞ്ഞ നാലിന്‍െറ കൂടെ ഒരു ലക്ഷം കൂടുതല്‍ തരും. ഒന്നല്ല ഒന്നേകാല്‍ കൊലപാതകമാണ് നടത്തേണ്ടത്. അവള്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. ഹ ഹ ഹ ഹ’.

 

ചിത്രീകരണം: ടോം വട്ടക്കുഴി

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT