കെ.കെ. ​ൈശലജ                                                                                 ചിത്രങ്ങൾ: പി. സന്ദീപ്

മാ​ർ​ച്ച് എ​ട്ടി​ന് വീ​ണ്ടു​മൊ​രു വ​നി​ത ദി​നം കൂ​ടി ക​ട​ന്നു​പോ​കും. 2022ലും ​സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല. ഏ​റി​യും കു​റ​ഞ്ഞും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ ത​ല​ത്തി​ലും സ്ത്രീ​വി​രു​ദ്ധ​ത ക​ട​ന്നു​വ​രു​ന്നു. 2020ൽ ​കേ​ര​ള നി​യ​മ​സ​ഭ​യെ ഇ​ള​ക്കി​മ​റി​ച്ച 'പെ​ണ്ണി​നെ​ന്താ കു​ഴ​പ്പം' എ​ന്ന ചോ​ദ്യം വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ന്നു മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യും എം.​എ​ൽ.​എ​യു​മാ​യ കെ.​കെ. ശൈ​ല​ജ  

പെണ്ണിനെന്താ കുഴപ്പം? പെണ്ണിനല്ല, സമൂഹത്തിനാണ് കുഴപ്പം. കാലങ്ങളായി പിന്തുടരുന്ന സ്ത്രീവിരുദ്ധതയും അടിച്ചമർത്തലുകളും അനാചാരങ്ങളും സമൂഹത്തിൽനിന്ന് പിഴുതെറിയേണ്ടകാലം അതിക്രമിച്ചു. മാർച്ച് എട്ടിന് വീണ്ടുമൊരു വനിത ദിനം കൂടി കടന്നുപോകും. 2022ലും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്ക് ഒരു കുറവുമില്ല. ഏറിയും കുറഞ്ഞും സമൂഹത്തിലെ എല്ലാ തലത്തിലും സ്ത്രീവിരുദ്ധത കടന്നുവരുന്നു. ജൈവികമായ പ്രസവത്തിന്റെ പേരിൽ, വസ്ത്രത്തിന്റെ പേരിൽ, അസമയമെന്ന പേരിൽ മാറ്റിനിർത്തലുകൾ വീണ്ടും ആവർത്തിക്കുന്നു. കൊന്നും കൊല്ലാതെകൊന്നും ആക്രമിച്ചും അടിമകളാക്കിയും സ്ത്രീകളെ കാൽകീഴിലാക്കുന്നു. കൊല്ലത്തെ വിസ്മയ, ഉത്ര, ആലുവയിലെ മൊഫിയ പർവീൺ, തൃശൂരിലെ നീതു, സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥ, ദേവിക, നിതിന മോൾ... പ്രണയത്തിന്റെ പേരിൽ, വിവാഹത്തിന്റെ പേരിൽ ഈ പേരുകൾ ആവർത്തിക്കുമ്പോൾ 2020ൽ കേരള നിയമസഭയെ ഇളക്കിമറിച്ച 'പെണ്ണിനെന്താ കുഴപ്പം' എന്ന ചോദ്യം വീണ്ടും ആവർത്തിക്കുകയാണ് മുൻ ആരോഗ്യമന്ത്രിയും എം.എൽ.എയുമായ കെ.കെ. ശൈലജ

വിദ്യാഭ്യാസ, സാമൂഹിക മേഖലയിൽ സ്ത്രീകളുടെ മുന്നേറ്റം

നാടുവാഴിത്തത്തിന്റെ ഏറ്റവും ക്രൂരമായ മുഖമായിരുന്നു ജാതിവ്യവസ്ഥ. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമെല്ലാം അതിന്റെ ഭാഗമായി. കുടിയാൻമാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ നിഷേധം, സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശമില്ലായ്മ, വിവാഹിതയായാൽ ആദ്യദിവസം ജന്മിയുടെ ഇല്ലത്ത് താമസിക്കേണ്ടിവരുന്ന സാഹചര്യം തുടങ്ങിയവ ഉണ്ടായിരുന്നു. പലപ്പോഴും പെൺകുട്ടികൾ ആത്മഹത്യചെയ്യുന്ന അല്ലെങ്കിൽ, കൊല്ലപ്പെടുന്ന സാഹചര്യവും നിലനിന്നിരുന്നു. അവർണർക്ക് മാത്രമല്ല, സവർണ വിഭാഗത്തിലെ സ്ത്രീകൾക്കും ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു. പുറത്തിറങ്ങിനടക്കാനോ സംസാരിക്കാനോ അവകാശമുണ്ടായിരുന്നില്ല. കൂടാതെ, അവർ വിധവകൾ കൂടിയാണെങ്കിൽ മറ്റു ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നിരുന്നു.

കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പോരാട്ടത്തിന് പുറമെ ജന്മിത്തത്തിനെതിരായ പോരാട്ടവും നടന്നു. കർഷക സമരങ്ങൾ അരങ്ങേറി. കർഷക സമരങ്ങൾക്കൊപ്പം തന്നെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ശക്തമായി. 1957ൽ ഇം.എം.എസിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ സർക്കാർ നടത്തിയ അടിസ്ഥാനമായ പരിഷ്കാരങ്ങൾ ഇന്നത്തെ കേരളത്തിന് അടിത്തറയിട്ടു. അതിൽ പ്രധാനമായിരുന്നു ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ നയവും. എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും ലഭിച്ചു. 1990കളിൽ സമ്പൂർണ സാക്ഷരത പരിപാടി മറ്റൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ചെറുപ്പത്തിൽ പഠിക്കാൻ അവസരം ലഭിക്കാത്ത സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ പഠനത്തിന് അവസരം ലഭിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മുൻ തലമുറകൾ മനസ്സിലാക്കി. ഇന്ന് ഒരു ബിരുദമോ ബിരുദാനന്തര ബിരുദമോ ഇല്ലാത്ത പെൺകുട്ടികൾ കേരളത്തിൽ വിരളമാണെന്നുതന്നെ പറയാം.

കുടുംബശ്രീ ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നില്ലേ?

ജനകീയാസൂത്രണ പ്രക്രിയപോലെ ജനകീയമായ ഒന്നായിരുന്നു കുടുംബശ്രീയും. പരീക്ഷണാർഥത്തിൽ മലപ്പുറം ജില്ലയിലായിരുന്നു തുടക്കം. എന്നാൽ, പിന്നീട് കുടുംബശ്രീ വമ്പിച്ച വിജയമായി. ദാരിദ്ര്യനിർമാർജനത്തിന് ഇത് വലിയ മുതൽക്കൂട്ടായിരുന്നു. പണം പിൻവലിക്കൽ മാത്രമല്ല, തൊഴിലില്ലായ്മ കുറക്കുന്നതിനും കുടുംബശ്രീകൾ സഹായകമായി. കുടുംബശ്രീകളുടെ നേതൃത്വത്തിൽ ചെറിയ സംരംഭങ്ങൾ നാട്ടിൽ പലയിടത്തും ഉയർന്നുവന്നു. വീടുകളിൽ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകളിൽ അവയുണ്ടാക്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

പിന്നീട് കുടുംബശ്രീ പല പരിഷ്കാരങ്ങൾക്കും വിധേയമായി. ശമ്പളം വാങ്ങുന്ന ഓഡിറ്റർ, പഞ്ചായത്തുമായി നേരിട്ട് ബന്ധം. ഇതോടെ പഞ്ചായത്ത് ഭരണത്തിന്റെ ഏറ്റവും താഴത്തെ കണ്ണിയായി കുടുംബശ്രീ മാറി. എന്നാൽ, നാട്ടിലെ സാമൂഹിക -സാംസ്കാരിക പ്രശ്നങ്ങളിൽ കുടുംബശ്രീകളുടെ ഇടപെടൽ വേണമെന്നാണ് എന്റെ അഭിപ്രായം. എങ്കിലും, നമ്മുടെ കുടുംബശ്രീ ഇപ്പോൾ ലോകത്തിന് മാതൃകയാണ്.

Full View

എല്ലാ മേഖലയിലും സ്ത്രീകൾ കടന്നുവരുന്നു

ഈ സമൂഹത്തിൽ പുരുഷമേധാവിത്വം നിലനിൽക്കുന്നു. സംവരണമുള്ളതിനാലാണ് തദ്ദേശസ്ഥാപനങ്ങളിൽ ഇത്രയും വനിതാപ്രാതിനിധ്യമുണ്ടായത്. സമൂഹം മാറിച്ചിന്തിക്കണം. സ്ത്രീകൾക്ക് തീരുമാനമെടുക്കാനുള്ള വേദികളിൽ സ്ത്രീകൾക്ക് പങ്കാളിത്തം കൂട്ടണം. പാർലമെൻറിലും അസംബ്ലിയിലും കൂടുതൽ സ്ത്രീകൾ വരണം. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടായിട്ടുണ്ട്. സ്ത്രീയെ എന്തിനാണ് കെട്ടിപ്പൂട്ടിവെക്കുന്നത്. ചിലയിടത്ത് സ്ത്രീകളെ പ്രത്യേകം വേലികെട്ടി മാറ്റിയിരുത്തുന്നു. സഹപ്രവർത്തകനായ പുരുഷനൊപ്പം ഇരുന്നാൽ എന്താണ് തെറ്റ്.

മാറ്റിയിരുത്തിയുള്ള കൂടുതൽ സംരക്ഷണമല്ല സ്ത്രീകൾക്ക് ആവശ്യം. ഈയൊരു സാഹചര്യത്തിൽ ഞാൻ നിയമസഭയിൽ 'പെണ്ണിനെന്താ കുഴപ്പം' എന്ന ചോദ്യം ഉന്നയിച്ചിരുന്നു. സ്ത്രീ ഭരണാധികാരിയായി നന്നായി പ്രവർത്തിച്ചാൽ പുരുഷനെപോലെ ആർജ്ജവം കാണിച്ചുവെന്ന് അവർ പറയുന്നു. സ്ത്രീയെപോലെ ആർജ്ജവം കാണിച്ചുവെന്ന് പുരുഷൻമാരെക്കുറിച്ച് പറയാറില്ലല്ലോ. പഠിക്കാനും വളരാനും പൊതുയിടങ്ങളിൽ ഒന്നിച്ചിരിക്കാനുമുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് വേണം.

സ്ത്രീകളെ ചില പ്രത്യേക  ജോലികളിൽനിന്ന് മാറ്റിനിർത്തുന്ന സംഭവങ്ങൾ അടുത്തിടെ അരങ്ങേറി

എന്തിനാണ് സ്ത്രീ പ്രസവിക്കുന്നത്? അടുത്ത തലമുറയിലേക്ക് ഒരു തലമുറയെ കൊണ്ടുവരുന്നതിന്. ഒരു കുട്ടി കുടുംബസ്വത്ത് മാത്രമല്ല, സമൂഹത്തിന്റെ കൂടി കുട്ടിയാണ്. സമൂഹത്തിന്റെ സമ്പത്താണ്. അതിലേക്കുള്ള വഴിയായ പ്രസവം അച്ഛനമ്മമാർക്കുള്ള സ്വകാര്യ ആനന്ദം മാത്രമല്ല, ഒരു മനുഷ്യസമൂഹത്തിന്റെ ആനന്ദം കൂടിയാണ്. എന്നാൽ, സ്ത്രീ ആയാൽ ഗർഭം ധരിക്കും പ്രസവിക്കും അത്രയും സമയം ജോലി ചെയ്യാൻ ആളുണ്ടാകില്ല എന്ന നിലപാട് സ്വീകരിക്കുകയാണ് ചിലർ. ഈ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകൾക്ക് ജോലി നിഷേധിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്, ഒരു നല്ല സമൂഹത്തിന് ചേർന്നതുമല്ല. എല്ലാ മേഖലയിലും സ്ത്രീയും പുരുഷനും ജോലിചെയ്യണം. പ്രസവസമയത്ത് സ്ത്രീകൾക്ക് പ്രത്യേക സുരക്ഷിതത്വവും ഉറപ്പുവരുത്തണം.

ഇത്രയും പുരോഗമിച്ച നമ്മുടെ നാട് ഒരു വനിതമുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നതരത്തിൽ ഇനിയും വളർന്നിട്ടില്ല?

പുരുഷൻമാർ കൈയടക്കിവെച്ചിരുന്ന സ്ഥാനങ്ങളിൽ വനിതകൾ കടന്നുവരുന്നുണ്ട്. കഴിഞ്ഞ തവണ ഞാൻ ആരോഗ്യമന്ത്രിയായി. അന്ന് മേഴ്സിക്കുട്ടിയമ്മയും മന്ത്രിസ്ഥാനത്തുണ്ടായി. ഇത്തവണ മന്ത്രിസഭയിൽ മൂന്നു സ്ത്രീകളുണ്ട്. പുരുഷൻമാർ കൈയടക്കിയ സ്ഥാനങ്ങളിൽ വളരെ അപൂർവമായി സ്ത്രീകൾ വരുന്നയിടത്താണ് രണ്ടും മൂന്നും പേര് എത്തിയത്. അതൊരു നല്ല മാറ്റമാണ്. മുഖ്യമന്ത്രി എന്ന സ്ഥാനം സംവരണമായി എടുക്കാനാവില്ല. അതിനൊരുപാട് ഘടകങ്ങളുണ്ട്. ഈ മന്ത്രിസഭയെ നയിക്കാൻ രാഷ്ട്രീയമായി ഇടപെട്ട് തഴക്കവും പഴക്കവും വേണം. അങ്ങനെയൊരു ഇടപെടലിലേക്ക് സ്ത്രീ വന്നാൽ സ്വാഭാവികമായും മുഖ്യമന്ത്രിസ്ഥാനത്തേക്കും വരും.

ഇന്ന് കൂട്ടത്തിൽ രാഷ്ട്രീയ പരിചയവും അനുഭവസമ്പത്തും ഉള്ളവരാണ് ഈ സ്ഥാനത്തേക്ക് എത്തുന്നത്. സ്ത്രീകൾക്ക് ഇവയൊന്നും ഇല്ലെന്നല്ല പറയുന്നത്. കാലാകാലമുണ്ടായിട്ടുള്ള പിന്നാക്ക അവസ്ഥകാരണം മുന്നിലേക്ക് വരാൻ സ്ത്രീകൾ പൊതുവെ താമസിക്കുന്നുണ്ട്. അടുത്ത ഘട്ടമാകുേമ്പാഴേക്കും അത് മാറിവരും. ഇടതുപക്ഷത്തിനകത്ത് മാത്രമല്ല, കോൺഗ്രസിനകത്തും നല്ലരീതിയിൽ സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ട്. വനിതാമുഖ്യമന്ത്രി ആക്കിയിട്ടില്ലെന്ന കാരണത്താൽ സമത്വം നിഷേധിക്കുന്നവരാണ് ഇവിെടയുള്ളവരെന്ന് പറയാനാകില്ല. പക്ഷേ, എല്ലാവിഭാഗത്തിലും സ്ത്രീകൾ ഇനിയും മുന്നോട്ടുവരണം.

ഭരണതലത്തിൽ സ്ത്രീകൾക്ക് തുല്യപ്രാതിനിധ്യം ലഭിക്കുന്നില്ല

അസംബ്ലിയിലും പാർലമെൻറിലും കൂടുതൽ വനിത പ്രാതിനിധ്യം ലഭിക്കണം. വനിതാബില്ലിനായി ലഹളകൂടിയവരാണ് ഞങ്ങളൊക്കെ. പാർലമെൻറിൽ ബിൽ കീറിയെറിയുന്ന കാഴ്ചയായിരുന്നു. പുരുഷൻമാർ ഇതുവരെ അനുഭവിച്ചിരുന്ന സാമ്രാജ്യം ഇല്ലാതാകുമെന്ന പേടിയാണ്. പുരുഷനുമാത്രമായി അങ്ങനെയൊരു സാമ്രാജ്യമില്ല. അധികാരമത്തുപിടിച്ച് ഇത്തരത്തിൽ അനുഭവിക്കാൻ നിന്നാൽ പുരുഷസമൂഹത്തിനും മോശമാണ്. എല്ലാവരും മേധാവിത്വം മോഹിക്കുന്നവരല്ല. സമത്വം ആഗ്രഹിക്കുന്നവരാണ്. അങ്ങനെയുള്ളവർ ചേർന്ന് സ്ത്രീകൾക്കായി കൂടുതൽ അവസരം ഒരുക്കണം. കൂടുതൽ ഉത്തരവാദിത്തം നൽകണം.

ജെൻഡർ ന്യൂട്രൽ യൂനിഫോം മാറ്റത്തിന്റെ തുടക്കമല്ലേ...

യൂനിഫോം അടിച്ചേൽപിക്കേണ്ടതല്ല. എന്നാൽ, നിർബന്ധമായിരിക്കണം. ക്ലാസിൽ യൂനിഫോമിടാതെ കുട്ടികളെത്തിയാൽ യൂനിഫോം ഇടണമെന്ന് നിർബന്ധമായും പറയാറുണ്ട്. അതൊരു സമഭാവനയാണ്. സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാ വിദ്യാർഥികളും ഒരു വേഷം ധരിച്ചെത്തുന്നു. ഒരു കൂട്ടായ്മ മനസ്സിൽ സൃഷ്ടിക്കാനും യൂനിഫോമിന് സാധിക്കും. അതിൽ ആൺപെൺ വ്യത്യാസം പാടില്ല. പാന്റും ഷർട്ടും നല്ല വേഷമാണ്. അതിൽ അനാവശ്യ വാദങ്ങൾ നിരത്തി എതിർക്കുന്നത് ശരിയല്ല. പാന്റും ഷർട്ടും പുരുഷൻമാരുടെ വേഷമാണെന്നുപോലും ചിലർ പറഞ്ഞു.

ഇപ്പോൾ ഉയർന്നുവരുന്ന ഹിജാബ് വിവാദം

ഹിജാബിന്റെ കാര്യം വരുമ്പോൾ അത് മറ്റൊന്നാണ്. തട്ടമിട്ട് പെൺകുട്ടികൾ സ്കൂളിൽ വരും, സിഖ് കുട്ടികൾ തലയിൽ ടർബൻ ധരിക്കും. എന്നാൽ, മുഖം മുഴുവൻ മറച്ച് വരണമെന്ന് വാശിപിടിക്കേണ്ട ആവശ്യമില്ല. അതേസമയം, ഒരുവിഭാഗം കുട്ടികളെ ഇതിന്റെ പേരിൽ മാറ്റിനിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല.

Full View

സ്ത്രീയുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്നതിലെ വിരോധാഭാസം

പ്രായപൂർത്തി വോട്ടവകാശത്തിനുള്ള വയസ്സാണ് 18. കൗമാരത്തിന് ശേഷം യൗവനത്തിലേക്ക് കടക്കുന്നു. തന്നെ കുറിച്ച് അറിയാനും തീരുമാനമെടുക്കാനും സാധിക്കുമെന്ന് കണക്കാക്കുന്ന പ്രായം കൂടിയാണിത്. അതിനാൽതന്നെ വിവാഹം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിവാഹപ്രായം ഉയർത്തൽ തീരുമാനം ഒരു ദുരുദ്ദേശ്യത്തോടെയാണ് ഭരണാധികാരികൾ നടപ്പാക്കുന്നതെന്നുള്ളതാണ് ഇതിൽ പ്രധാന കാര്യം. സി.എ.എ കൊണ്ടുവന്നു. കേട്ടാൽ ആദ്യം തോന്നുക പൗരൻമാരെയെല്ലാം രജിസ്റ്റർ ചെയ്യുന്നുവെന്ന് മാത്രമായിരിക്കും. പക്ഷേ, നടക്കുന്നതോ? അസമിൽ മുസ്‍ലിം ജനവിഭാഗത്തിൽപെട്ടവരെ, ദലിത് വിഭാഗത്തെ കൂട്ടത്തോടെ റേഷൻ കാർഡിൽനിന്ന് ഒഴിവാക്കി. ദുരുദ്ദേശ്യത്തോടെയാണ് സി.എ.എ നടപ്പാക്കുന്നത്. അതുപോലെതന്നെ നല്ല ഉദ്ദേശ്യത്തോടെയല്ല, പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതെന്ന് തോന്നിയതോടെയാണ് തീരുമാനത്തെ എതിർത്തത്. പെൺകുട്ടികൾ അവരുടെ പഠനമെല്ലാം പൂർത്തിയാക്കിയതിന് ശേഷം വിവാഹജീവിതത്തിലേക്ക് കടക്കുന്നതാണ് ഉചിതം. എവിടെയെങ്കിലും 18 വയസ്സിന് ശേഷം കല്യാണം കഴിച്ചാൽ കേസെടുക്കരുത് എന്ന് മാത്രമാണ് ആവശ്യം.

സമ്പൂർണ സാക്ഷരത നേടിയ നാട്, സാമൂഹികപരമായും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാൽ, നവമാധ്യമങ്ങളിലെ ഇടപെടലിൽ എത്രത്തോളം പ്രബുദ്ധത കാണിക്കുന്നു?

വിദ്യാഭ്യാസ- സാമൂഹികപരമായ വികാസം പൂർണമായി സമൂഹം ഉൾക്കൊണ്ടില്ല, എല്ലാറ്റിെൻറയും ഒരുഭാഗം നവമാധ്യമങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്. ഇലക്ട്രോണിക്സ് മാധ്യമങ്ങൾ ചൂഷണത്തിെൻറ കേന്ദ്രങ്ങളായി മാറി. കടുത്ത ലൈംഗിക വൈകൃതത്തിന് കുട്ടികളെ അടക്കം വിധേയമാക്കുകയാണ്. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നു. ഇതുകാണുന്ന ദുർബല മനസ്സുള്ളയാൾക്ക് അതുപോലെ ചെയ്യാൻ തോന്നും. പരസ്പര ബഹുമാനത്തിെൻറയും അംഗീകാരത്തിെൻറയും ഭാഗമാകണം സെക്സ്. തെറ്റായരീതിയിൽ സെക്സിനെ വ്യാഖ്യാനിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ മുതലാളിത്ത സംസ്കാരത്തിന് കഴിയുന്നു. ഇതിെൻറ തുടർച്ചയാണ് സൈബറിടങ്ങളിലും. സൈബറിടങ്ങളിലെ ഭാഷ ഭീകരമാണ്. എന്തുമോശമായ ഭാഷയാണ് സമൂഹമാധ്യമങ്ങളിൽ ചിലർ ഉപയോഗിക്കുന്നത്. ആളുടെ പ്രായവും സമൂഹത്തിലെ സ്ഥാനവും പരിഗണിക്കാതെയാണ് മോശമായ ഭാഷയിൽ കമൻറും പോസ്റ്റും വരുന്നത്. ദൃശ്യങ്ങളിൽ മനുഷ്യശരീരത്തെ വെട്ടിയെറിയുന്ന തലമുറക്ക് അതിനോടുള്ള മടുപ്പും അറപ്പും മാറുകയാണ്. മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം ദൃശ്യങ്ങളിൽ മിതത്വം പാലിക്കുന്നുണ്ടെങ്കിലും യുട്യൂബ് ചാനലുകളിൽ അടക്കം കാണിക്കുന്ന ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ആഘാതം മനുഷ്യ മസ്തിഷ്കത്തെ വലിയതോതിൽ മാറ്റുന്നു.

മുഖ്യധാരയിലുള്ള സ്ത്രീകളടക്കം  സൈബറിടങ്ങളിൽ അധിക്ഷേപം നേരിടുകയാണ്

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ അടക്കം സൈബറിടങ്ങളിൽ വലിയതോതിലുള്ള അധിക്ഷേപമാണ് നേരിട്ടത്. എന്ത് മാന്യതയില്ലാതെയാണ് കമൻറുകളും പരാമർശങ്ങളുമുണ്ടായത്. ട്രോളുകളെന്ന പേരിൽ ചിലർ നിർമിക്കുന്നവ മറ്റൊരാളെ തേജോവധം ചെയ്യുന്നതരത്തിലാണ്. മന്ത്രിയായ സമയത്ത് വാങ്ങിയ കണ്ണടയാണ് ഇന്നും ഉപയോഗിക്കുന്നത്. അതുണ്ടാക്കിയ വിവാദം ചില്ലറയല്ല.

Full View

എല്ലാ വർഷവും കണ്ണട മാറ്റുന്നതിന് പകരം നല്ലൊരു ഫ്രെയിം വാങ്ങിയാൽ ഏറക്കാലം ഉപയോഗിക്കാമെന്ന അഭിപ്രായത്തെ തുടർന്നാണ് അന്നത് വാങ്ങിയത്. ചികിത്സയും ഫ്രെയിമും ലെൻസും അടക്കം 28,000 രൂപയാണ് ചെലവായത്. എം.എൽ.എമാർക്ക് റീഇംപേഴ്സ്മെൻറുണ്ട്. അതുപ്രകാരം ചെലവായ തുക ലഭിച്ചത്. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അടക്കം ഇതിന്റെ രണ്ടും മൂന്നും ഇരട്ടിത്തുകയാണ് ചെലവായതെന്ന തരത്തിൽ വ്യാജവാർത്തകളുണ്ടായി. വിമർശിച്ചവരുടെ കൂട്ടത്തിൽതന്നെ കണ്ണടക്കായി മുപ്പതിനായിരവും നാൽപതിനായിരവുമൊക്കെ റീഇംപേഴ്സ്മെൻറായി വാങ്ങിയവരുണ്ട്. ഇതിന് ശേഷം വികസന കാര്യങ്ങളും ഭരണനേട്ടവും അടക്കം പ്രതിപാദിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഏതുപോസ്റ്റിന് താഴെയും മോശമായ ഭാഷയിൽ 50000 രൂപയുടെ കണ്ണട എവിടെയെന്ന് കമൻറ് വരും.

കോവിഡ് കാലത്ത് ലോകത്തിെൻറ വിവിധയിടങ്ങളിലെ മലയാളി ആരോഗ്യപ്രവർത്തകർ വിളിച്ചിരുന്നു. അമേരിക്കയിലെ മലയാളി നഴ്സുമാർ വിളിച്ചപ്പോൾ അവിടെയുള്ള ദുരവസ്ഥ പറഞ്ഞിരുന്നു. ഇന്ന് അമേരിക്കയിൽനിന്ന് ആരും വിളിച്ചില്ലേ എന്നായിരുന്നു പിന്നീടുള്ള കമൻറുകൾ. അന്യന്റെ സങ്കടത്തിൽ സന്തോഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി.

സമൂഹത്തിൽ പടരുന്ന മതഭ്രാന്തും വർഗീയതയും

എെൻറ മതമാണ് ശരി, മറ്റുള്ളത് തെറ്റാണ്. ഇത്തരത്തിൽ ഒരു ഹിന്ദുവോ മുസ്‍ലിമോ ക്രിസ്ത്യാനിയോ ചിന്തിച്ചാൽ തെറ്റാണ്. മതം മാറാൻ ആഗ്രഹിക്കുന്നവർക്കെതിരെയും ലഹളയാണ്. മാധവിക്കുട്ടി മതം മാറിയപ്പോൾ തന്റെ പ്രിയ കൃഷ്ണനെയും കൊണ്ടുപോകുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിെൻറ പേരിലായിരുന്നു അന്ന് ലഹള. കൃഷ്ണനെ മറ്റൊരു മതത്തിലേക്ക് കൂട്ടിയ മാധവിക്കുട്ടിയെ കശാപ്പുചെയ്യണമെന്നാണ് അന്നൊരുകൂട്ടർ പറഞ്ഞത്. മാധവിക്കുട്ടിയായതിനാലും കേരളമായതിനാലും ഭാഗ്യത്തിന് അവർ കൊല്ലപ്പെട്ടില്ല. സമൂഹത്തിലെ ഇത്തരം ദൂഷ്യവശങ്ങളെ പരിഷ്കരിക്കണം. ഗാന്ധിജിയും ശ്രീനാരായണഗുരുവും ഇല്ലാത്തതിനാൽ നമ്മളും സ്വയം പരിഷ്കരണ പ്രസ്ഥാനമായി മാറണം. നവമാധ്യമങ്ങൾ അതിനായി ഇടപെടണം.

രാത്രിനടത്തം പോലുള്ള പരിപാടികൾ സമൂഹത്തിൽ വരുത്തുന്ന മാറ്റം

വനിത ശിശുവികസന മന്ത്രിയായിരിക്കേ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് 'സധൈര്യം മുന്നോട്ട്' കാമ്പയിനിന് തുടക്കംകുറിച്ചത്. അതൊരു സന്ദേശമായിരുന്നു. അഞ്ചുമണിക്ക് ശേഷം സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ല എന്ന കൽപന ഇവിടെ പലയിടങ്ങളിലായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത് ഡോക്ടറായാലും എൻജിനീയറായാലും ഏത് ജോലി ചെയ്യുന്ന സ്ത്രീയായാലും 'ജോലിക്ക് പൊക്കോളൂ, പക്ഷേ അഞ്ചുമണിക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്തണം' എന്ന നിർദേശം മുന്നോട്ടുവെക്കും. ഇന്നും കേരളത്തിൽ ചില കുടുംബങ്ങളിൽ ഇൗ വാക്കുകൾ ആവർത്തിക്കുന്നു. എന്നാൽ, ടെക്കികളുടെ ഇടയിൽ ഇപ്പോൾ ഈ സമയനിബന്ധന ഒരു മാനദണ്ഡമാകാറില്ല. അവരിൽ ഭാര്യാഭർത്താക്കൻമാർ രണ്ടുപേരും കുടുംബകാര്യങ്ങൾ ഒരുപോലെ നോക്കി ജോലിക്ക് പോകുന്നു. ഈ മാറ്റത്തെ ഉത്തേജിപ്പിക്കുന്നതിനായിരുന്നു രാത്രിനടത്തം.

'രാത്രി എന്തിന് സഞ്ചരിച്ചു' -ഇതായിരുന്നു നിർഭയ കേസിൽ ഉയർന്ന ചോദ്യം

'ഒരു പെൺകുട്ടി എന്തിന് രാത്രി സഞ്ചരിച്ചു?' സമൂഹം ആ ചോദ്യം ചോദിക്കാതിരിക്കുക. സമൂഹത്തെക്കൊണ്ട് ആ ചോദ്യം ചോദിപ്പിക്കാതിരിക്കലാണ് നമ്മുടെ ഉത്തരവാദിത്തം. സമൂഹത്തെ ബോധവത്കരിക്കണം. സ്ത്രീയായതുകൊണ്ട് ഒരു ആവശ്യം വന്നാൽപോലും രാത്രി പുറത്തുപോകരുതെന്ന് ലക്ഷ്മണരേഖ വരക്കാൻ ആർക്കും അവകാശമില്ല. അഫ്ഗാൻ അമേരിക്കൻ എഴുത്തുകാരനായ Khaled Hosseini ഖാലെദ് ഹുസൈനിയുടെ The kite runner, thousand splendid suns എന്നീ പുസ്തകങ്ങൾ ഈയിടെ വായിച്ചിരുന്നു. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണ്. അതിൽ സ്ത്രീക്കും പുരുഷനും നൽകുന്ന വ്യത്യസ്ത ശിക്ഷകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. എന്താണ് സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം? സ്ത്രീ ശ്രദ്ധിച്ചാൽ സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ഒഴിവാക്കാൻ കഴിയുമോ? അവിടെ സ്ത്രീയെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നു. കുറ്റം ചെയ്താലും നല്ലത് ചെയ്താലും തുല്യമായി പങ്കുവെക്കണം. അപരിഷ്കൃതമായ എല്ലാം ഉപേക്ഷിക്കണം. അപരിഷ്കൃത ആചാരാനുഷ്ഠാനങ്ങൾ, അന്തവിശ്വാസങ്ങൾ, സ്ത്രീവിരുദ്ധത എന്നിവ ഉപേക്ഷിക്കണം.

പ്രണയം നിരാകരിച്ചാലും പിന്മാറിയാലും ആസിഡ്, പെട്രോൾ ആക്രമണങ്ങളാണ് പെൺകുട്ടികൾക്ക് നേരിടേണ്ടിവരുന്നത്

എനിക്കില്ലെങ്കിൽ ആർക്കും വേണ്ടെന്ന ഭ്രാന്തമായ നിലപാടിെൻറ ഭാഗമാണിത്. ഉപഭോഗ ആർത്തിയുടെ ... അതൊരിക്കലും പ്രണയമല്ല. പ്രണയിച്ചയാളെ പരസ്പരം കൊല്ലാനാവില്ല. ഉപഭോഗസംസ്കാരം പ്രണയത്തെയും ബാധിച്ചു. എനിക്ക് ഉപയോഗിക്കാനുള്ളത്, ഉപയോഗിച്ചാൽ വലിച്ചെറിയാനുള്ളത് എന്നതരത്തിലാണ് കാര്യങ്ങൾ മാറിയത്. തിരഞ്ഞെടുക്കാനും നിരാകരിക്കാനുമുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്കുണ്ട്.

പുതിയ സാഹചര്യത്തിൽ വിദ്യാഭ്യാസത്തിലും സിലബസിലും മാറ്റമുണ്ടാകണം

കുട്ടിളെ ഒന്നിച്ചിരുത്തണം. സമത്വവും സ്വാതന്ത്ര്യവും കൂടുതൽ പഠനവിഷയമാകണം. വിദ്യാർഥികൾക്കിടയിൽ പ്രശ്നമുണ്ടായാൽ മാത്രമാണ് കൗൺസലിങ് നൽകുന്നത്. പകരം എല്ലാ വിഷയങ്ങളെ കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കണം. സൈബറിടങ്ങളിൽ ഇടപെടുന്നതിനെ കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണം. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളിൽതന്നെ നൽകണം. മനുഷ്യശരീരത്തെ കുറിച്ച് ക്ലാസെടുക്കാൻ ബയോളജി പ്രധാന വിഷയമായെടുത്ത് ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകർക്കുപോലും മടിയാണ്. ഈ നില മാറണം.

Tags:    
News Summary - Women's Day: Former Minister KK Shailaja teacher speaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT