ലഫ്. കേണൽ ഝാൻസിലാൽ

സൈനിക മുദ്രകൾ സ്വപ്നം കണ്ടവൾ

ഒരു കുഗ്രാമത്തിൽനിന്ന് ആരും ചെയ്തിട്ടില്ലാത്തത് ചെയ്യാൻ കൊതിച്ച് പട്ടാളത്തിൽ ചേർന്ന് ലഫ്റ്റനൻറ് കേണൽവരെ എത്തിയ ഒരു പെണ്ണിന്റെ കഥയാണിത്. ലിംഗ സമത്വമെന്നും സ്ത്രീ ശാക്തീകരണമെന്നുമുള്ള വാക്കുകളൊന്നും കേട്ടുതുടങ്ങാത്ത കാലം. 'അതിരുകളില്ല, മുന്നോട്ട് പോകൂ' എന്ന് പ്രചോദിപ്പിക്കാനും അധികമാരുമുണ്ടായിരുന്നില്ല. പെണ്ണിന് പരിധിയുണ്ടെന്ന് സമൂഹം കൽപിച്ചിരുന്ന കാലം. അന്നാണ് അവളത് ചെയ്തത്. അല്ലെങ്കിലും അവളതേ ചെയ്യുമായിരുന്നുള്ളൂ. അതിനപ്പുറവും അവൾ പോകുമായിരുന്നു. കാടും മേടും റബർ തോട്ടങ്ങളും നിറഞ്ഞ മലഞ്ചെരുവിലുള്ള വീട്ടിൽ നിന്ന് പകലിലും ഇരുൾവീണ ദുർഘട വഴിയിൽ പത്തും പന്ത്രണ്ടും കിലോമീറ്റർ തനിയെ നടന്നുപോയി സ്കൂളിലും കോളജിലും പഠിച്ച അവൾക്ക് സാഹസികതയായിരുന്നല്ലോ കൂട്ട്.

അത് നന്നായി അറിയുന്നതുകൊണ്ടാണ് 'കൊച്ചാട്ടൻ' എന്നു വിളിക്കുന്ന മാതൃസഹോദരി പുത്രൻ ' സ്ത്രീകൾക്ക് സുവർണാവസരം' എന്നൊരു പത്രപരസ്യം അവൾക്ക് മുന്നിലേക്ക് നീട്ടാൻ ധൈര്യം കാണിച്ചത്. കൗമാരം യൗവനത്തിലേക്ക് മാറാൻ തുടങ്ങുേമ്പാഴേക്കും തിരുവനന്തപുരം പാങ്ങോെട്ട സൈനിക ക്യാമ്പിലെയും കൊച്ചിയിലെ നേവൽ ബേസിലെയും കടമ്പകൾ കടന്ന് അവൾ ഇന്ത്യൻ ആർമിയുടെ ബംഗളൂരുവിലെ സതേൺ കമാൻഡ് ആസ്ഥാനത്ത് മിലിട്ടറി നഴ്സിങ് സർവിസ് (എം.എൻ.എസ്) വിഭാഗത്തിൽ കഠിനപരിശീലനത്തിെൻറ ദിനചര്യയിൽ അറ്റൻഷനാവാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.

അരുതുകൾക്കപ്പുറത്ത്

തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കേ അതിരിലുള്ള പാലോടിനടുത്ത് വട്ടകരിക്കകം. അതിനോട് ചേർന്നുള്ള വലിയവയൽ എന്ന സ്ഥലത്ത്, പഴയൊരു വീടിെൻറ ചുറ്റുമതിലിൽ, ലഫ്. കേണൽ ഝാൻസിലാൽ (റിട്ടയേർഡ്) എന്നൊരു നാമഫലകം. ചരിത്രത്തിലെ ഒരു പെൺ വീരേതിഹാസത്തിെൻറ ഒാർമയുണർത്തുന്ന പേര്. വലിയവയൽ പരമേശ്വര വിലാസത്തിൽ സോമശേഖരൻ നായർ എന്ന അപ്പുപിള്ളയുടെയും സരസ്വതി അമ്മയുടെയും ഏഴു മക്കൾക്കും ഇങ്ങനെ വ്യത്യസ്തതയുള്ള പേരുകളാണെങ്കിലും മൂത്ത പെൺകുട്ടിക്കാണ് ഏറ്റവും ഇണങ്ങിയ പേരു കിട്ടിയത്. കാട്ടുവഴിയിലൂടെ ദിവസവും കിലോമീറ്ററുകളോളം ഒറ്റക്ക് നടന്നുപോയാണ് സ്കൂളിലും കോളജിലുമൊക്കെ പഠിച്ചത്. വീട്ടിൽ ദാരിദ്ര്യമായിരുന്നു. പത്താം ക്ലാസിൽ നല്ല മാർക്കോടെ പാസായിട്ടും പെരിങ്ങമ്മല ഇക്ബാൽ കോളജിൽ പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയിട്ടും 36 രൂപ ഫീസടക്കാൻ നിവൃത്തിയില്ലാത്തതിനാൽ മുടങ്ങി. ബന്ധുക്കളുടെ സഹായത്തോടെ ഒടുവിൽ കല്ലറയിലെ പാരലൽ കോളജിൽനിന്ന് പ്രീഡിഗ്രി പാസായി. നെടുമങ്ങാെട്ട പാരലൽ കോളജിൽ ബി.എ ഇക്കണോമിക്സിന് ചേർന്നു.




 


വീട്ടിലെ ഏറ്റവും മൂത്തയാളെന്ന നിലയിൽ കുടുംബത്തിെൻറ പ്രാരബ്ധം പ്രശ്നമായി. ജോലി മാത്രമായി സ്വപ്നം. അപ്പോഴാണ് പത്രത്തിൽ കണ്ട പരസ്യവുമായി 'കൊച്ചാട്ടൻ' വീട്ടിലെത്തുന്നത്. സ്ത്രീകൾക്ക് സുവർണാവസരം എന്ന തലക്കെട്ടിനടിയിൽ സൈന്യത്തിൽ ചേരാനുള്ള ക്ഷണമുണ്ടായിരുന്നു. 1982ലായിരുന്നു അത്. പാങ്ങോെട്ട സൈനിക ക്യാമ്പിലായിരുന്നു പരീക്ഷ. മൂന്നുമാസം കഴിഞ്ഞപ്പോൾ കൊച്ചി നേവൽ ബേസിൽ അഭിമുഖപരീക്ഷ. വൈകാതെ നിയമനം.

ബാംഗ്ലൂർ സതേൺ കമാൻഡിലായിരുന്നു പരിശീലനം. നാലുവർഷത്തെ പരിശീലന കാലം. ഒടുവിൽ 52 പേരിൽ രണ്ടുപേരൊഴികെ ബാക്കിയെല്ലാവർക്കും കമീഷനിങ് ലഭിച്ചു. ലഫ്റ്റനൻറ് റാങ്കിലായിരുന്നു നിയമനം.

പട്ടാള യൂനിഫോമിെൻറ തോളിൽ രണ്ടു നക്ഷത്ര മുദ്രകൾ. ആദ്യ പോസ്റ്റിങ് ലഖ്നോവിലെ സെൻട്രൽ കമാൻഡിൽ. അഞ്ചുവർഷത്തിന് ശേഷം മിലിട്ടറി ഹോസ്പിറ്റൽ ക്യാപ്റ്റനായി ചെന്നൈയിലേക്ക് സ്ഥലം മാറ്റം. രണ്ടുവർഷത്തിന് ശേഷം പഞ്ചാബിലെ ജലന്ധറിൽ. ജബൽപൂരിൽ എത്തുേമ്പാഴേക്കും ഒൗദ്യോഗിക വസ്ത്രത്തിൽ മുദ്രകളുടെ എണ്ണം ഉയർന്നു, മേജർ! ഒരു അശോകചക്രവും ഒരു നക്ഷത്രവും കൂടി മുദ്രകളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചു. ഡൽഹിയിലും വിശാഖപട്ടണത്തും മേജറായി തുടർന്നു. 2004ൽ കൊച്ചി നേവൽ ബേസിൽ എത്തുന്നത് ലഫ്റ്റനൻറ് കേണലായി. പിന്നീട് ബിഹാറിലെ ദാനാപൂരിൽ. 2011ൽ ലഫ്. കേണലായിരിക്കെ അനാരോഗ്യം നിമിത്തം സേവനത്തിന് വിരാമം കുറിച്ചു.

യുദ്ധ ദൗത്യം

മിലിട്ടറി നഴ്സിങ് സർവിസിലായതിനാൽ യുദ്ധമുഖത്ത് നേരിട്ടിറേങ്ങണ്ടതില്ലായിരുന്നു. പകരം സംഘർഷഭൂമികളിൽനിന്ന് പരിക്കേറ്റ് എത്തുന്ന സൈനികർക്ക് വൈദ്യസഹായമൊരുക്കണം. അതായിരുന്നു ദൗത്യം. 1987മുതൽ 1990വരെ നീണ്ട ശ്രീലങ്കൻ ആഭ്യന്തര സംഘർഷ പശ്ചാത്തലത്തിലാണ് ആദ്യമായി മിഷന്റെ ഭാഗമാകുന്നത്. തമിഴ് ഇൗഴം സായുധ പോരാളികളും ശ്രീലങ്കൻ ഭരണകൂടവും നേരിേട്ടറ്റുമുട്ടുന്ന ആഭ്യന്തര സംഘർഷത്തിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്സ് (െഎ.പി.കെ.എഫ്) രൂപവത്കരിച്ചത്. കൊടുമ്പിരികൊള്ളുന്ന ആഭ്യന്തരയുദ്ധം മരതകദ്വീപിനെ ചോരയിൽ കുളിപ്പിച്ചിരിക്കുന്നു. നമ്മുടെ സൈനികർക്കും പരിേക്കൽക്കുന്നുണ്ട്. അവരെ ശുശ്രൂഷിക്കാനുള്ള ദൗത്യം മിലിട്ടറി നഴ്സിങ് സർവിസ് മദ്രാസ് യൂനിറ്റിനാണ്. 1990ൽ മദ്രാസിലെ മിലിട്ടറി ഹോസ്പിറ്റലിെൻറ ക്യാപ്റ്റനായി അവിടെയെത്തുേമ്പാൾ കാത്തിരുന്നത് ഇൗ ദൗത്യമായിരുന്നു. അന്നുമുതൽ ഇന്ത്യയുടെ ശ്രീലങ്കൻ മിഷന്റെ ഭാഗമായി. ഉറക്കമില്ലാ രാവുകൾ. വിശ്രമമില്ലാത്ത ദൗത്യം. ചോരയിൽ കുതിർന്ന കാഴ്ചകളുറയുന്ന ദിനങ്ങൾ. അതിനുശേഷം അത്തരമൊരു ദൗത്യവും സമാനമായ കാഴ്ചാനുഭവങ്ങളുമുണ്ടാകുന്നത് കാർഗിൽ യുദ്ധകാലത്താണ്. 1999ൽ ഡൽഹിയിലെ ബേസ് ഹോസ്പിറ്റലിൽ മേജറായിരിക്കെയാണ് കാർഗിൽ യുദ്ധമുഖത്തുനിന്നെത്തുന്നവരെ ശുശ്രൂഷിക്കാനുള്ള ദൗത്യത്തിെൻറ ചുമതല ലഭിച്ചത്. അതുപോലെ നാട്ടിൽ പകർച്ചവ്യാധി പടരുന്ന പോലുള്ള അടിയന്തര സന്ദർഭങ്ങളിൽ പൊതുജനങ്ങൾക്കും വൈദ്യസേവനം നൽകാൻ എത്താറുണ്ട്.

ശത്രുസൈന്യം പോലെ രോഗം

പുറത്ത് യുദ്ധം കൊടുമ്പിരികൊള്ളുേമ്പാൾ ഉള്ളിലൊരു ശത്രുവിനോട് പൊരുതുകയായിരുന്നു ശരീരം. 1999ൽ ഡൽഹിയിൽ കാർഗിൽ ദൗത്യത്തിൽ മുഴുകവേയാണ് രോഗം അതിെൻറ എല്ലാ സംഹാരശേഷിയും പുറത്തെടുത്തത്. അതിനും ഒന്നര പതിറ്റാണ്ടുമുമ്പ് ഏക മകനെ ഗർഭംധരിച്ചിരിക്കെ പിടിപെട്ട എൻസഫലൈറ്റിസ് (മസ്‌തിഷ്‌കവീക്കം) േരാഗത്തിെൻറ അനന്തരഫലം. കടുത്ത നട്ടെല്ലുവേദന. ഒടുവിൽ വലിയൊരു ശസ്ത്രക്രിയക്ക് വിധേയയാവേണ്ടിവന്നു. മനസ്സില്ലാ മനസ്സോടെ യുദ്ധദൗത്യത്തിൽനിന്ന് അവധിയെടുത്ത് ചികിത്സയിലേക്ക്. 1988ൽ 27ാം വയസ്സിൽ ഏക മകനെ ഉദരത്തിൽ പേറുന്ന കാലത്താണ് മസ്തിഷ്കവീക്കമുണ്ടായത്. അത് കടുത്തു. മൂന്നുമാസം കോമയിലായി ആശുപത്രിയിൽ കിടന്നു. അതിനുശേഷം അപസ്മാരം നിത്യ അതിഥിയായി. ഇൗ അനാരോഗ്യാവസ്ഥയുടെ കെടുതികൾക്കിടയിലാണ് തിരുവനന്തപുരം മിലിട്ടറി ആശുപത്രിയിൽ മകനെ പ്രസവിച്ചത്. രോഗവും പ്രസവവൈഷമ്യതകളും ശരീരത്തിന് ഏൽപിച്ച ചേതങ്ങൾ നിസ്സാരമായിരുന്നില്ല. ആ വേട്ടയാടലാണ് നട്ടെല്ലോളമെത്തിയത്.

ദാമ്പത്യം ഒരു സ്വപ്നം പോലെ

ലഫ്റ്റനൻറായിരിക്കെ 27ാം വയസ്സിലാണ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ അശോക് കുമാറുമായുള്ള വിവാഹം. തലശ്ശേരി സ്വദേശിയായ അദ്ദേഹം പശ്ചിമബംഗാളിലെ ഹാഷിമാര എയർഫോഴ്സ് സ്റ്റേഷനിൽ കോർപറലായിരുന്നു. വിവാഹം കഴിഞ്ഞശേഷം ആകെ 52 ദിവസമാണ് ഒരുമിച്ച് താമസിച്ചത്. ശേഷം ഭർത്താവ് ഹാഷിമാരയിലേക്കും ഭാര്യ ഡൽഹിയിലേക്കും പോയി. പിന്നീട് തമ്മിൽ കാണുന്നത് 1988 ഒക്ടോബർ 23ന് ലഖ്നോ റെയിൽവേ സ്റ്റേഷനിൽ വെച്ച്. ഇരുവരും യാത്രയിലായിരുന്നു. അന്ന് എട്ടുമാസം ഗർഭിണി. എൻസഫലൈറ്റിസ് വന്ന് കോമയിൽ മൂന്നുമാസം ഡൽഹിയിലെ ആശുപത്രിയിൽ കിടന്ന ശേഷം പ്രജ്ഞ വീണ്ടെടുത്ത് പ്രസവത്തിനായി തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു.

അപ്പോൾ ഒൗദ്യോഗികാവശ്യത്തിനുള്ള മറ്റൊരു യാത്രയിലായിരുന്ന ഭർത്താവിന് തന്റെ പ്രിയതമയെ ആ ദയനീയാവസ്ഥയിൽ ഒന്ന് കണ്ട് ആശ്വസിപ്പിക്കാനായി ഏറ്റവും അടുത്ത സ്റ്റേഷനായ ലഖ്നോവിൽ എത്തുകയായിരുന്നു. ഏതാനും സമയം തമ്മിൽ കണ്ടു, പരസ്പരം നോക്കി നിന്നു, പിന്നെ യാത്രപറഞ്ഞു പിരിഞ്ഞു. പ്രസവത്തിന് പിന്നെയും ആഴ്ചകളുടെ ദൂരമുണ്ടായിരുന്നു. പിന്നീട് കേൾക്കുന്നത് ഭർത്താവിെൻറ ദുരൂഹമായ മരണ വാർത്തയാണ്. ഒരു വ്യക്തതയില്ലാതെ ഇന്നും അത് ദുരൂഹമായി അവശേഷിക്കുന്നു.

നവംബർ 26നായിരുന്നു അദ്ദേഹത്തിെൻറ ദുരൂഹ മരണം. പിറ്റേന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ അദ്ദേഹത്തിെൻറ മകനെ പ്രസവിച്ചു. കൈക്കുഞ്ഞുമായി ആശുപത്രി വിടുേമ്പാൾ പ്രിയതമന്റെ ചിതാഭസ്മം പുറത്തു കാത്തിരിപ്പുണ്ടായിരുന്നു. ഒരു സ്വപ്നം പോലെയായിരുന്നു അദ്ദേഹവുമൊത്തുള്ള ജീവിതം. നിമിഷവേഗത്തിൽ എല്ലാം കഴിഞ്ഞു. പക്ഷേ, അദ്ദേഹം ഇന്നും തന്നോടൊപ്പം ഉണ്ട് എന്ന് വിശ്വസിക്കാനാണിഷ്ടം.

പിന്നെ മകനായി ജീവിതത്തിലെ എല്ലാമെല്ലാം. അവനെ വളർത്തുന്നതിൽ മാത്രം ശ്രദ്ധ, ഒപ്പം സൈനിക സേവനവും. മകൻ അജീഷ് അശോക് എൽ ആൻഡ് ടി കമ്പനിയിൽ എൻജിനീയറാണ്. 2011ൽ ബിഹാറിലെ ദാനാപൂർ മിലിട്ടറി ആശുപത്രിയിൽ വെച്ച് സർവിസിൽനിന്ന് വിരമിക്കുകയായിരുന്നില്ല. സേവന കാലം പിന്നീടും ബാക്കിയുണ്ടായിരുന്നു. ലഫ്. കേണലിനപ്പുറം റാങ്കുകൾ പലതുമുണ്ടായിരുന്നു. ജനറൽ എന്ന പരമോന്നത പദവിയിലേക്ക് മേജർ ജനറലിെൻറയും ബ്രിഗേഡിയറിെൻറയും കേണലിെൻറയും അകലത്തിനിപ്പുറം, രോഗത്തോട് തോറ്റു പിന്മാറുകയായിരുന്നു. മസ്തിഷ്ക വീക്കത്തെ തുടർന്നുണ്ടായ അപസ്മാരം, നടുവേദന, കണ്ണിെൻറ കാഴ്ചക്കുറവ് എന്നീ അനാരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് 'ഇൻവാലിഡ് മെഡിക്കൽ ബോർഡ് ഒൗട്ടാ'ക്കി, ഡിസെബിലിറ്റി പെൻഷനടക്കം എല്ലാ ആനുകൂല്യങ്ങളും നൽകി അധികൃതർ തന്നെ സേവനം അവസാനിപ്പിക്കുകയായിരുന്നു. അതിനുശേഷം നാട്ടിൽ തിരിച്ചെത്തി, വട്ടകരിക്കകം വലിയവയലിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. ഒാരോ വർഷവും റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും തിരുവനന്തപുരത്തെ രാജ്ഭവനിലേക്ക് ക്ഷണം കിട്ടും. അന്നവിടെ പോകും, ഗവർണറോടും മുഖ്യമന്ത്രിയോടുമൊപ്പം ആഘോഷച്ചടങ്ങിൽ പങ്കെടുക്കും. സൈനിക സേവനത്തിെൻറ ഉജ്ജ്വലമായ ഒാർമകളിൽ മുഴുകും.

l


Tags:    
News Summary - She dreamed of military seals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT