ദോഹയിലെ സിദ്ര മെഡിസിനിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ

സന്ദർശിക്കുന്ന ഫലസ്തീൻ ആരോഗ്യമന്ത്രി ഡോ. മയ് അൽ ഖൈല

പാതി​യറ്റ ദേഹത്തെ മൈലാഞ്ചിച്ചോപ്പ്

ഗസ്സയിലെ യുദ്ധ ഭൂമിയിൽനിന്ന് മുറിവേറ്റ ശരീരവും മനസ്സുമായി ഖത്തറിൽ ചികിത്സ  തേടിയെത്തിയ ഫലസ്തീനീ സ്ത്രീകൾക്കും കുട്ടികൾക്കും, ഒരു തുള്ളി ആശ്വാസം പകരാനായിമൈലാഞ്ചി അണിയിക്കാൻ പോയ ഓർമകൾ പങ്കുവെക്കുകയാണ് പ്രവാസി മലയാളിയായ അധ്യാപിക

ഗസ്സയുദ്ധത്തിന്റെ അതിഭീകരത സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും കണ്ട് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയ ഒരു വൈകുന്നേരത്താണ് ദോഹയിലെ അൽ സിദ്ര ആശുപത്രിയിലെ ഡോക്ടർ എന്നെ വിളിച്ചത്. ഈദിനും വിശേഷാവസരങ്ങളിലും ഡോക്ടർക്ക് മൈലാഞ്ചി അണിയിക്കാൻ പോകാറുള്ളത് വഴിയുള്ള പരിചയമാണ്. ദലമർമരം പോലെ മൃദുവായി സംസാരിക്കുന്ന ഡോക്ടർ ചോദിച്ചു: ഫലസ്തീനിൽനിന്ന് മുറിവേറ്റ സ്ത്രീകളെയും കുഞ്ഞുങ്ങളേയും വിദഗ്ധ ചികിത്സാർഥം ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്.

അവർക്ക് ഹെന്നയിടാൻ അമലിന് വരാൻ പറ്റുമോ?. എനിക്കെന്താണ് പറയേണ്ടതെന്നറിയുന്നുണ്ടായിരുന്നില്ല. എത്രയാകും എന്റെ ചാർജെന്ന് ചോദിച്ചപ്പോൾ എനിക്കൊന്നും വേണ്ട, അവരുടെ മുഖത്തൊരു ചിരി വിരിയാൻ ഞാൻ കാരണമാകുന്നുവെങ്കിൽ അതിലും വലിയ സന്തോഷമെന്ത്... ഡോക്ടർക്കും സന്തോഷമായി. ഞങ്ങൾ തമ്മിൽ ആ കുട്ടികളുടേയും സ്ത്രീകളുടേയും മാനസികവും ശാരീരികവുമായ പ്രയാസങ്ങളെക്കുറിച്ച് ഒരുപാട് സമയം സംസാരിച്ചു.

ഞാനും മോളും കൂടിയാണ് അവരെ കാണാൻ പോയത്. പൊലീസ് പരിശോധനകൾക്കു ശേഷം കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള കെട്ടിടസമുച്ചയത്തിന്റെ അകത്തേക്ക് നടന്നു. ദോഹയിലെ ആഡംബര ഭവനസമുച്ചയത്തിലാണ് അവരെ പാർപ്പിച്ചിരിക്കുന്നത്. വീടുകൾക്ക് നടുവിലെ പാതയിലൂടെ വീൽചെയറുകളിൽ കൈകാലുകൾ നഷ്ടപ്പെട്ട കൗമാരക്കാർ പതിയെ സഞ്ചരിക്കുന്ന ദൃശ്യമാണ് ആദ്യം കണ്ണിലുടക്കിയത്. എന്റെ ഹൃദയമിടിപ്പ് ഉയർന്നു. വീടുകളുടെ പുറത്തെ ബാൽക്കണിയിൽ ചാരിവെച്ചിരിക്കുന്ന ക്രച്ചസും വീൽചെയറും...

യുദ്ധത്തിന്റെ അകമെരിയുമോർമകൾ എന്നെ പൊതിഞ്ഞു. ഭവനസമുച്ചയത്തിന്റെ നടുത്തളത്തിലേക്ക് ഖത്തർ ചാരിറ്റിയുടെയും റെഡ്ക്രസന്റിന്റെയും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും വളന്റിയർമാരുടെ കൂടെ ഞങ്ങളും നടന്നു. ആകാശത്തിനു കീഴെ വലിയൊരു തിരശ്ശീലയിൽ ഏതോ സിനിമ കളിച്ചു കൊണ്ടിരിക്കുന്നു. ചുറ്റിലും നിരത്തിയിട്ടിരിക്കുന്ന ബീൻബാഗുകളിൽ കുട്ടികളും സ്ത്രീപുരുഷന്മാരും വട്ടത്തിലിരിക്കുന്നു.

അൽപം മാറി ചെറിയ കുഞ്ഞുങ്ങൾ പട്ടം പറത്തുന്നു, ഒറ്റക്കാലിലും ഒറ്റക്കയ്യിലും ബാലൻസൊപ്പിച്ച് സൈക്കിൾ ചവിട്ടുന്നവർ. കൈകാലുകൾ നഷ്ടപ്പെട്ടിട്ടും ചിരിച്ച് കളിച്ചു നടക്കുന്ന ആ കുഞ്ഞുങ്ങളുടെ ദൃശ്യം കണ്ട വേദനയുടെ മുറുക്കത്താൽ എന്റെ ചങ്കു പിടഞ്ഞു. യുദ്ധത്തിൽ അതിഭയങ്കരമായി പരിക്കേറ്റവർ, മുഖം പൊള്ളിയടർന്നവർ, അംഗവിച്ഛേദം ചെയ്യപ്പെട്ടവർ... അതുവരെ ആ കുഞ്ഞുങ്ങളോടും മാതാപിതാക്കളോടും ഒരുപാട് സംസാരിക്കണം, അവരെ സമാശ്വസിപ്പിക്കണം എന്നൊക്കെ തീരുമാനിച്ച് പോയ ഞാൻ കാറ്റുപോയൊരു തുകൽപന്തുപോലെ ചുരുണ്ടു മടങ്ങി. മൈലാഞ്ചി കണ്ടതും ആവേശത്തോടെ ആ കുഞ്ഞുങ്ങൾ ഞങ്ങളുടെ ചുറ്റിലും പൊതിഞ്ഞു.

മൈലാഞ്ചി അണിയിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ രണ്ടു കൂട്ടരും ഉത്സാഹ തിമിർപ്പിലായി. രാത്രിയാണെങ്കിലും ആകാശത്തിൽ നിലാവിന്റെ നീലത്തുണ്ടുകൾ പ്രകാശം പരത്തി. എതിരെയിരുന്ന കൗമാരക്കാരിയുടെ വെളുത്ത് തുടുത്ത കൈവെള്ളയിൽ ഹൃദയചിഹ്നം വരച്ച് അതിന്നകത്തെഴുതാൻ അവളുടെ പേരിന്റെ ആദ്യാക്ഷരം ചോദിച്ചപ്പോൾ അവൾ അക്ഷരം പറഞ്ഞ് പൊടുന്നനെ പൊട്ടിക്കരഞ്ഞു. അമ്പരപ്പോടെ ഉറ്റുനോക്കിയപ്പോൾ അതവളുടെ പേരിന്റെ ആദ്യാക്ഷരമല്ല, മറിച്ച് ബാബയുടെ പേരിന്റെ ആദ്യാക്ഷരമാണ്. അവളെ ഇങ്ങോട്ട് കയറ്റിവിട്ടിട്ട് ബാബ തന്റെ നാടിനുവേണ്ടി അങ്ങ് ദൂരെ റഫയിൽ നിലകൊള്ളുകയാണ്. അവർ തമ്മിൽ ഈ ഭൂമിയിൽ വീണ്ടും കണ്ടുമുട്ടുമോ എന്ന് ഒരുറപ്പുമില്ല.

 

വര: ശബ്ന സുമയ്യ

ഇനിയുള്ള ജീവിതത്തിൽ ഒറ്റപ്പെടലിന്റെ, നിസ്സഹായതയുടെ, അവഗണനയുടെ ഏതെല്ലാം ദുരിതതീരങ്ങൾ അവൾ ഒറ്റക്ക് നീന്തിക്കയറേണ്ടി വരുമെന്നോർത്ത് ഞാൻ നീറി. മൈലാഞ്ചിയിട്ടുകൊടുക്കുന്നതിടെ പല സ്ത്രീകളും തങ്ങളെ തിരികെ വിളിക്കുന്ന നാടിനെക്കുറിച്ചോർത്ത് പോരാട്ടവീര്യത്തോടെ സംസാരിച്ചു. വീടും നാടുമെന്നാൽ ഇത്തിരി കല്ലും മണ്ണുമൊന്നുമല്ല. ഓർമകളാണ്, ബാല്യ കൗമാര ഓർമകൾ ഉള്ളയിടം. അതങ്ങനെ എളുപ്പത്തിൽ ഉപേക്ഷിച്ച് പോരാൻ ഒക്കില്ല ഒരാൾക്കും.

പല സ്ത്രീകളും ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു. ഫലസ്തീനിയൻ കഫിയ്യ തലയിൽ ചുറ്റി കെട്ടിയ മുഖങ്ങൾ വിഡിയോകാളിൽ പ്രത്യക്ഷപ്പെട്ടു. കുടിയേറ്റക്കാരുടെ സങ്കടങ്ങൾ. ഏത് സ്വർഗത്തിലായാലും സ്വന്തം നാടോളം വരുമോ? വെസ്റ്റ് ബാങ്കിന്റെ തീരത്തും ഗസ്സയിലും റഫയിലും നിലംപരിശായ വീടുകൾക്ക് മുകളിൽ കയറിനിന്ന് വിതുമ്പുന്നവർ. ജീവനറ്റ് പോയവർക്കിടയിൽ ശ്വസിക്കുന്ന ജഡങ്ങളെ പോലെ ചില മനുഷ്യർ. പൊയ്പോയ നല്ല കാലത്തിന്റെ അവശിഷ്ടങ്ങൾ പേറുന്ന ആ കുഞ്ഞുങ്ങളും ഉമ്മമാരും നിർത്താതെ സംസാരിച്ചു. അവരെ വിട്ടു പിരിയുമ്പോൾ എന്റെ ഹൃദയം നുറുങ്ങുന്ന വേദന തോന്നി.

ബാല്യം വിടും മുമ്പേ മാതാപിതാക്കളെ നഷ്ടപ്പെട്ട് ജീവനവശേഷിക്കുന്ന കുരുന്നു കൂടപ്പിറപ്പുകൾക്ക് ഉമ്മയും ഉപ്പയുമാവേണ്ടി വന്ന മക്കളുടെ കൂടെ ഫലസ്തീനാണത്. പഠിക്കാൻ പോകാൻ കഴിയാതെ ചിരിക്കാനും സന്തോഷിക്കാനുമാവാതെ, ഈദിനും ആഘോഷവേളകളിലും വിശന്ന്, ദാഹിച്ച് കുഴഞ്ഞ്, ഒരു കഷ്ണം ഖുബൂസിനു വേണ്ടി, ഇത്തിരി വെള്ളത്തിന് വേണ്ടി മണിക്കൂറുകളോളം വരിനിന്ന് ഒടുക്കം വിശന്നു പൊരിഞ്ഞു മരിക്കുന്നവരുടെ നാട്...

അതിർത്തികളില്ലാത്ത ലോകത്തെ സ്വപ്നം കാണുന്ന കുഞ്ഞുമക്കളുടെ കിനാക്കൾ എന്നാണ് സഫലമാവുക? പതിനേഴു കൊല്ലമായി തുടരുന്ന നീണ്ട ഉപരോധമാണ് ഫലസ്തീനിൽ. തുറന്ന ജയിലാണത്. നമ്മളെല്ലാവരും അന്തമില്ലാത്ത തിരക്കുകളിൽ, ഈദാഘോഷങ്ങളിൽ, ഭക്ഷണ പോരിമകളിൽ മുഴുകുമ്പോൾ ഗോലാൻ കുന്നുകളുടെ താഴ്വരയിൽ ജീവിച്ചിരുന്ന ഒരുകാലത്ത് സ്വപ്നം തിളങ്ങിയിരുന്ന കണ്ണുകളുള്ള മക്കളെ മറന്നുപോകരുത്. നമ്മൾ പെരുന്നാളാഘോഷം ഗംഭീരമാക്കുമ്പോൾ ഉള്ളിൽ ഒരു നിശ്ശബ്ദ പ്രാർഥനയെങ്കിലും അവർക്കായി ഉയരണം. പലയിടങ്ങളിൽ ചിതറിപ്പോയ കുടുംബാംഗങ്ങൾ ഒരുമിച്ച് കൂട്ടപ്പെടട്ടെ. സ്വദേശത്ത് സ്വന്തം കുടുംബാംഗങ്ങൾക്കൊപ്പം സമാധാനപ്രദമായി ഈദാഘോഷിക്കാൻ, മസ്ജിദുൽ അഖ്സയിൽ പെരുന്നാൾ നമസ്കാരം കൂടാൻ അവർക്ക് സാധിക്കട്ടെ.ഇനിയൊരു യുദ്ധവും ഒരിടത്തും സംഭവിക്കാതിരിക്കട്ടെ. സ്വാതന്ത്ര്യത്തിന്റെ പുലരികൾ ഉദിക്കട്ടെ.

(ഖത്തറിലെ ദോഹ അക്കാദമി ഇന്റർനാഷനൽ സ്കൂൾ അധ്യാപികയും ഹെന്ന ആർട്ടിസ്റ്റുമാണ് ലേഖിക)

Tags:    
News Summary - An expatriate Malayali teacher is sharing her memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT