ആ​ൻ​സ​ലെ​റ്റ്​ ജോ​സും ജി​ൻ​സി ജോ​സും 

കൈക്കരുത്തിൽ മെഡൽ നേട്ടങ്ങളുമായി അമ്മയും മകളും

ചെറുതോണി: മകൾ വെള്ളിയുമായി വന്നപ്പോൾ അമ്മ കൊണ്ടുവന്നത് ഇരട്ട സ്വർണം. രണ്ടുപേരും മോശക്കാരല്ലെന്ന് പലവട്ടം തെളിയിച്ചു കഴിഞ്ഞു. ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻ ജിൻസി ജോസാണ് 44മത് സംസ്ഥാന പഞ്ചഗുസ്തി സീനിയേഴ്സ്, മാസ്റ്റേഴ്സ് വിഭാഗങ്ങളിൽ ഇരട്ട സ്വർണം നേടിയത്. സീനിയർ വിഭാഗത്തിൽ മത്സരിച്ച മകൾ ആൻസലെറ്റിന് വെള്ളിയും ലഭിച്ചു.

2014ൽ പഞ്ചഗുസ്തിയിലേക്ക് കടന്ന വാഴത്തോപ്പ് ഭൂമിയാംകുളം സ്വദേശിനി ജിൻസി തോൽവിയറിയാതെയാണ് മുന്നേറുന്നത്. 2014 മുതൽ അഞ്ചുതവണ ദേശീയ ചാമ്പ്യനായി. മൂന്നു തവണ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പട്ടവും കരസ്ഥമാക്കി. ദേശീയ മത്സരത്തിന് മുന്നോടിയായി കോലഞ്ചേരിയിലായിരുന്നു സംസ്ഥാന ചാമ്പ്യൻഷിപ്.

പതിവായി സീനിയർ വിഭാഗത്തിൽ മത്സരിച്ചിരുന്ന ജിൻസി ആദ്യമായാണ് മാസ്റ്റേഴ്സ് വിഭാഗത്തിൽ കരുത്തുതെളിയിച്ചത്. അന്തർദേശീയ മത്സരത്തിൽ ഏഴാംസ്ഥാനവും ഇവർക്കാണ്. എല്ലാ വിഭാഗത്തിലും വിവിധ കാറ്റഗറികളിലെ ചാമ്പ്യൻമാരെ പരാജയപ്പെടുത്തുന്നവർക്കാണ് ചാമ്പ്യൻ ഒാഫ് ചാമ്പ്യൻസ് പട്ടം.

വാഴത്തോപ്പ് ഭൂമിയാംകുളം മുണ്ടനാനിയിൽ ജോസിന്‍റെ (ലാലു) ഭാര്യയാണ് ജിൻസി. വീട്ടമ്മയായി കഴിഞ്ഞിരുന്ന ജിൻസിയുടെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനം നൽകിയത് കായികപരിശീലകൻ കൂടിയായ ലാലുവാണ്.

മകൾ ആൻസലെറ്റ് ജോസ് 2015 മുതൽ പഞ്ചഗുസ്തിയിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ജൂനിയർ വിഭാഗത്തിൽ മൂന്നുതവണ ദേശീയ ചാമ്പ്യനായി. രണ്ടുതവണ രണ്ടാംസ്ഥാനവും ലഭിച്ചു. 2018ലുണ്ടായ വാഹനാപകടത്തിൽ ജിൻസിയുടെ ഭർത്താവ് ലാലുവിന്‍റെ രണ്ട് കാലുകളും മുട്ടിന് മുകളിൽ മുറിച്ചുമാറ്റേണ്ടി വന്നു.

ഒരു വർഷത്തിനുശേഷം വീട്ടിൽ പഞ്ചഗുസ്തി പരിശീലനം പുനരാരംഭിച്ചു. മറ്റ് മക്കളായ ആഷിക്കും അലനും പഞ്ചഗുസ്തി പരിശീലനത്തിന് അച്ഛനെ സഹായിക്കുന്നു. ദേശീയ മത്സരത്തിനുള്ള തയാറെടുപ്പിലാണ് അമ്മയും മകളും.

Tags:    
News Summary - Mother and daughter with medal achievements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT