നീന്തലിൽ ഗോൾഡ് മെഡലുമായി എ.ആർ. വിജയ
ദുബൈ: എസ്.ബി.കെ.എഫ് ദുബൈയിൽ നടത്തിയ 11ാമത് അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ ഇരട്ട സ്വർണനേട്ടവുമായി മലയാളി വനിത. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി എ.ആർ. വിജയ ആണ് 400 മീറ്റർ, 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ മത്സരത്തിൽ സ്വർണവും 100 മീറ്റർ ബ്രസ്ട്രോക്കിൽ വെള്ളിമെഡലും സ്വന്തമാക്കിയത്.
60 പ്ലസ് വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഏക മലയാളി വനിതയാണ് എ.ആർ. വിജയ. നീന്തലിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കിയാണ് അന്തർദേശീയ മത്സരത്തിന് വിജയ യോഗ്യത നേടിയത്.
ദുബൈ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ ഏപ്രിൽ 22 മുതൽ 28 വരെ നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യയിൽനിന്ന് പ്രമുഖ അത്ലറ്റുകളാണ് മാറ്റുരക്കുന്നത്. നീന്തൽ മത്സരം കൂടാതെ അത്ലറ്റിക് മത്സരങ്ങളിലും വിജയ പങ്കെടുക്കുന്നുണ്ട്. നീന്തൽ മത്സരങ്ങളിൽ മാത്രം ദേശീയതലത്തിൽ സ്വർണവും വെള്ളിയും ഉൾപ്പെടെ 16 മെഡലുകൾ ഈ 62കാരി സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഗോവയിൽ നടന്ന അഞ്ചാമത് മാസ്റ്റേഴ്സ് ഗെയിംസിൽ 100, 200 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
400 മീറ്റർ ഫ്രീസ്റ്റൈലിൽ രണ്ടാമതെത്തി. എൽ.ഐ.സിയിൽ ചീഫ് അഡ്വൈസറായിരുന്ന വിജയ ഇപ്പോൾ മ്യൂച്ചൽ ഫണ്ടായ ഇൻഡിപെൻഡന്റ് ഫിനാൻഷ്യൽസിൽ അഡ്വൈസറാണ്. കായിക രംഗത്തു മാത്രമല്ല, കലാരംഗത്തും ഇവർ സജീവമാണ്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ, മതിലുകൾ തുടങ്ങിയ ഏതാനും അമേച്വർ നാടകങ്ങളിൽ നായിക ഉൾപ്പെടെയുള്ള വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഭൂതകാലം, കോശിച്ചായന്റെ പറമ്പ് എന്നീ സിനിമകളിലും ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഭരതനാട്യം, നാടൻ പാട്ട്, ജൈവ കൃഷി എന്നിങ്ങനെ എല്ലാ രംഗത്തും വിജയയുടെ കൈയൊപ്പു ചാർത്തിയിട്ടുണ്ട്. ബിസിനസുകാരനായ കെ.കെ. ഷാജിയാണ് ഭർത്താവ്. ഷൈൻ, വിഷ്ണു പ്രിയ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.