പ്രിയാമണി, റീം അൽ കമാലി, മിന്നുമണി, ശൈഖ ബിൻത് അബ്ദുല്ല അൽ സർകാൽ, സുൽത്താന സഫീർ
ഷാർജ: ജീവിതത്തിന്റെ വ്യത്യസ്ത അടരുകളിൽ പ്രതിഭയാലും പ്രയത്നത്താലും സമൂഹത്തിന് മുന്നിൽ വിസ്മയം തീർത്ത അഞ്ച് അറബ്, ഇന്ത്യൻ വനിതകൾക്ക് ‘ഗൾഫ് മാധ്യമം കമോൺ കേരള’യുടെ ആദരം. സാംസ്കാരിക, കായിക, സാഹിത്യ, സാങ്കേതിക രംഗങ്ങളിൽ പ്രശസ്തരായ വനിതകളാണ് ഇത്തവണ മേളയുടെ ഭാഗമായ ഏഴാമത് ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.
തെന്നിന്ത്യൻ ചലച്ചിത്രതാരം പ്രിയാമണി, ഇമാറാത്തി മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റീം അൽ കമാലി, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് താരം മിന്നുമണി, പ്രശസ്ത ഇമാറാത്തി ആഭരണ ഡിനൈസർ ശൈഖ ബിൻത് അബ്ദുല്ല അൽ സർകാൽ, ദുബൈ സർക്കാറിന്റെ അവാർഡ് നേടിയ യുവ ആപ്പ് ഡെവലപ്പർ സുൽത്താന സഫീർ എന്നിവർക്കാണ് പുരസ്കാരം. മേയ് 10 ശനിയാഴ്ച വൈകുന്നേരം ആറിന് ഷാർജ എക്സ്പോ സെന്ററിൽ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്കാര സമർപ്പണ ചടങ്ങ് അരങ്ങേറുക.
2003ൽ സിനിമ രംഗത്തേക്ക് കടന്നുവന്ന പ്രിയാമണി മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷാചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയാണ്. 2007ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. കരിയർ, കുടുംബം, വ്യക്തിത്വം എന്നിവയെക്കുറിച്ച് തുറന്നുപറയുകയും സമൂഹത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി സംസാരിക്കുകയും ചെയ്യുന്ന നിലയിലും ശ്രദ്ധേയയാണ്.
ഇമാറാത്തി മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റീം അൽ കമാലി യു.എ.ഇയിലെ പ്രശസ്തമായ ‘അൽ ബയാൻ’ പത്രത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകയാണ്. ലബനീസ് യൂനിവേഴ്സിറ്റിയില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ അവർ, ഇന്റർനാഷനൽ പ്രൈസ് ഫോർ അറബിക് ഫിക്ഷൻ ലിസ്റ്റില്‍ ഇടം നേടിയ ആദ്യ ഇമാറാത്തി നോവലിസ്റ്റാണ്.
കേരളത്തിലെ വയനാട് ജില്ലയിലെ ചോയിമൂല സ്വദേശിയായ മിന്നുമണി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി താരമാണ്. വയനാട്ടിലെ സാധാരണ സാഹചര്യങ്ങളിൽനിന്ന് സ്വപ്രയത്നത്താൽ ദേശീയ താരമായി വളർന്ന മിന്നുമണി, 2023ലാണ് ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയയായ താരം നിലവിൽ വനിത പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനായും കളിക്കുന്നുണ്ട്.
ദുബൈയിൽ നടന്ന ‘ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പി’ൽ ഒന്നാം സമ്മാനം നേടിയ കൊല്ലം സ്വദേശിനിയാണ് സുൽത്താന സഫീർ. ഒന്നര ലക്ഷം യു.എസ് ഡോളറിന്റെ പുരസ്കാരമാണ് സുൽത്താന സ്വന്തമാക്കിയത്.
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽനിന്നാണ് ഇവർ പുരസ്കാരം സ്വീകരിച്ചത്.
പരമ്പരാഗത ഇമാറാത്തി ശിൽപചാരുതിയിൽ ആഭരണങ്ങൾ രൂപകൽപന ചെയ്ത് ശ്രദ്ധേയയായ ശൈഖ ബിൻത് അബ്ദുല്ല അൽ സർകാൽ, സ്വന്തമായി ബ്രാൻഡ് രൂപപ്പെടുത്തിയ കലാകാരിയാണ്. പ്രദേശികതലത്തിലും ആഗോളതലത്തിലും യു.എ.ഇയെ പ്രതിനിധീകരിച്ച് ആഭരണ മേളകളിൽ പങ്കെടുത്തിട്ടുണ്ട്.
വനിതാ പ്രതിഭകൾക്ക് ആദരമൊരുക്കുന്ന ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡിന്റെ ഏഴാം എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. മുൻ വർഷങ്ങളിലും ഇന്ത്യയിലെയും അറബ് ലോകത്തെയും കലാ, സാംസ്കാരിക, കായിക രംഗങ്ങളിൽ ശ്രദ്ധേയരായ വനിതകളാണ് പുരസ്കാരത്തിന് അർഹരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.