രക്തത്തിന്റെ ഗന്ധംപേറിയ ചുടുകാറ്റ് അവിടമാകെ വീശിയടിച്ചു. വിശപ്പിന്റെ കാഠിന്യത്താൽ തളർന്നുറങ്ങിയ ആ കൊച്ചുപെൺകുട്ടി പതിയെ കണ്ണുതുറന്നു. മരണഗന്ധം പേറുന്ന ആ കാറ്റ് അവളെ തലോടി കടന്നുപോയി. നിറം മങ്ങിയ തന്റെ വസ്ത്രത്തിലെ പൊടി തട്ടിമാറ്റി അവൾ നടന്നു. പാതിതകർന്ന ആ ഫ്ലാറ്റിന്റെ തണലിൽനിന്ന് ചുട്ടുപൊള്ളുന്ന മണൽത്തരികളിലേക്ക് ഒരുവിധ പകപ്പും കൂടാതെ അവൾ തന്റെ പാദങ്ങൾ പതിപ്പിച്ചു.
ദൂരെ കാണുന്ന ജലാശയത്തിനടുത്തേക്ക് അവളുടെ കാലുകൾ അവളെ നയിച്ചു. തെളിഞ്ഞ വെള്ളം കണ്ട പ്രതീതിയോടെ രക്തച്ചുവയും ദുർഗന്ധവും ചുവപ്പു നിറവും പേറുന്ന ആ വെള്ളം അവൾ കുടിച്ചു. ശുദ്ധമായ കുടിവെള്ളമെന്നപോലെ അവൾ ആ ജലാശയത്തിലേക്ക് വിടർന്ന കണ്ണുകളോടെ നോക്കി. മിസൈലുകളുടെ വിഷപ്പുക നിറഞ്ഞ ആ വായു അവൾ ശ്വസിച്ചു. പാതി തകർക്കപ്പെട്ട, ഏതു നിമിഷവും തകർന്ന് വീഴാവുന്ന ആ കെട്ടിടത്തിലേക്കുതന്നെ അവൾ തിരിഞ്ഞുനടന്നു.
വിശപ്പ് വീണ്ടും അവളെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു. ദൂരേക്ക് കണ്ണും നട്ട് അവൾ അവിടെ ഇരുന്നു. ‘അബ്ബ എവിടെപ്പോയി? എനിക്ക് ചപ്പാത്തി വാങ്ങിത്തരാം എന്നുപറഞ്ഞ് പോയിട്ട് അബ്ബായെ കാണാനില്ലല്ലോ.’ അവൾ നിഷ്കളങ്കതയോടെ സ്വയം ചോദിച്ചു. ദിവസങ്ങൾ നീണ്ടുനിന്ന പട്ടിണിയുടെ അവശതയിലും അവളുടെ നിർബന്ധപ്രകാരം ഭക്ഷണം അന്വേഷിച്ചു പോയതാണ് അവളുടെ അബ്ബ.
അബ്ബാക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ദിവസങ്ങളോളം നീണ്ടപ്പോൾ അതിന്റെ വിരസത മാറ്റാനെന്നോണം അവൾ മമ്മയോട് അബ്ബായെക്കുറിച്ച് അന്വേഷിച്ചു. തണുത്തു മരവിച്ച് കണ്ണ് തുറിച്ച് ജീവൻ നഷ്ടപ്പെട്ടുകിടക്കുന്ന ആ സ്ത്രീ ശരീരം അവൾക്ക് എന്ത് ഉത്തരം നൽകാനാണ്? ഏറെനേരം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് അവൾ അബ്ബായെ നോക്കി പുറത്തിരുന്നു. അകലേക്ക്, അകലേക്ക് കണ്ണും നട്ട്.
‘മമ്മ ഉറങ്ങുകയാ... കണ്ണുതുറന്നുവെച്ച്. അബ്ബ വന്നാൽ എണീറ്റോളും.’ അവൾ സ്വയം ആശ്വസിച്ചു. അടുത്തെവിടെയോ നിന്ന് ഒരു വലിയ ശബ്ദം കേട്ട് അവൾ കാത് കൂർപ്പിച്ചു. ആ ശബ്ദത്തിന്റെ ഉറവിടം തിരഞ്ഞ് അവളുടെ കണ്ണുകൾ പാഞ്ഞു. തന്നിലേക്ക് ചീറിപ്പാഞ്ഞു വരുന്ന മിസൈലിൽ അവളുടെ കണ്ണുകൾ തറഞ്ഞു. ഒരു വിമാനത്തെ കൊച്ചുകുഞ്ഞ് നോക്കുന്ന അത്രയും അത്ഭുതത്തോടെ അവൾ അതിനെ നോക്കി. കണ്ണുവിടർത്തി പുഞ്ചിരിച്ചുകൊണ്ട് അവൾ അതിനുനേരെ കൈകൾ നീട്ടി.
ഒരു കൂട്ടം മാലാഖമാർ തങ്ങളുടെ ചിറക് വിടർത്തി അവിടേക്ക് താഴ്ന്നുവന്നു. രക്തംവീണുവീണ് നിറം മാറിയ, ദുർഗന്ധം പേറുന്ന, ആത്മാക്കൾ നഷ്ടമായ, സമാധാനം നഷ്ടമായ ഒരുപാട് ശരീരങ്ങളെ പേറുന്ന ഒരുപാട് സ്വപ്നങ്ങൾ അന്തിയുറങ്ങുന്ന ആ മണ്ണിലേക്ക് അവർ പതുക്കെ ഇരുന്നു. സ്നേഹത്തിന്റെ വർണങ്ങൾ ചാലിച്ച മനോഹരമായ വസ്ത്രം ധരിച്ച ഒരു കുഞ്ഞിനെയും പേറി ആകാശത്തിന്റെ ഏതോ തട്ടിലേക്ക് അവർ പറന്നുയർന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.