???? ??????

അടുത്തിടെ പരവൂരിലെ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെ തുടര്‍ന്നാണ് കൊല്ലം ജില്ലാ കലക്ടറെ  ജനം ശ്രദ്ധിച്ചു തുടങ്ങിയത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും പൊലീസിന്‍െറ കാവലില്‍ വെടിക്കെട്ട് നടന്നതെങ്ങനെ എന്ന് അവരുടെ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചതുമില്ല. തന്‍െറ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ ആര്‍ജവംകാട്ടിയ ‘ഇടിവെട്ട് കലക്ടര്‍’ എന്ന വിളിപ്പേരും ഒപ്പം അഭിനന്ദനങ്ങളും അവര്‍ക്ക് ഏറെ ലഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്‍റെ ഒൗദ്യോഗിക ജീവിതത്തില്‍ ധാര്‍മികമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ ഷൈനാമോളെ അടുത്തറിയാം.
************************************
ആലുവ കൊങ്ങോര്‍പ്പള്ളി ഗവ. ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര, ഇംഗ്ലീഷ് അധ്യാപകനായിരുന്ന കോട്ടപ്പുറം കുന്നിന്‍പുറത്ത് വീട്ടില്‍ എ. അബു മാഷിനും പത്നി പി.കെ. സുലൈഖക്കും മൂന്നു മക്കളാണ്. മൂവരും സിവില്‍ സര്‍വിസുകാര്‍. മൂത്തയാള്‍ ഷൈല മഹാരാഷ്ട്ര കേഡറില്‍ മുംബൈ സിറ്റി ജില്ലാ കലക്ടര്‍. അനിയന്‍ അക്ബര്‍ കേരള കേഡറില്‍ ക്രൈംബ്രാഞ്ച് എസ്.പി. ഏറ്റവും ഇളയകുട്ടി ഷൈനാമോള്‍ ഐ.എ.എസുകാരിയായപ്പോള്‍ ഹിമാചല്‍പ്രദേശിലായിരുന്നു നിയമനം. കുളുവില്‍ അഡീഷനല്‍ കലക്ടറും ഷിംലയില്‍ അഡീഷനല്‍ ഡെപ്യൂട്ടി കമീഷണറുമായിരുന്നു അഞ്ചു വര്‍ഷത്തോളം. പല കാര്യങ്ങളിലും കേരളത്തോട് സമാനതയുള്ള സംസ്ഥാനമായാണ്  ഹിമാചല്‍പ്രദേശിനെ കുറിച്ച് അവര്‍ക്ക് തോന്നിയിട്ടുള്ളതും. സാമൂഹികപുരോഗതിയുടെ സൂചകങ്ങളെല്ലാം രണ്ടിടത്തും ഏതാണ്ട് സമാസമം. നിയമത്തെ അനുസരിക്കുകയും ഉദ്യോഗസ്ഥരെ കുടുംബത്തിലെ അംഗത്തെപ്പോലെ കണ്ട് പിന്തുണക്കുകയും ചെയ്യുന്ന ജനങ്ങള്‍. ഗ്യാസ് സിലിണ്ടര്‍ കിട്ടാത്തതിനും റോഡിലെ കുഴി നികത്താത്തതിനുമെല്ലാം കലക്ടറെ വിളിക്കും മലയാളികള്‍. പരിഹരിക്കപ്പെട്ടാല്‍ നന്ദി പറയാന്‍ പിന്നെയും വിളിക്കും.

ഹിമാചല്‍പ്രദേശ് കേഡറിലെ ഐ.എ.എസ് മൂന്നു വര്‍ഷത്തിലെ ഡെപ്യൂട്ടേഷനിലാണ് ജന്മനാട്ടില്‍ മടങ്ങിയെത്തിയത്. എംപ്ലേയ്മെന്‍റ് ആന്‍ഡ് ട്രെയ്നിങ് വകുപ്പിന്‍റെയും നിര്‍മിതികേന്ദ്രം ഹൗസിങ് ബോര്‍ഡ് എന്നിവയുടെയും ഡയറക്ടര്‍ പദവികള്‍ ഒന്നരവര്‍ഷത്തോളം വഹിച്ചു. കേവലം ഒരു പോസ്റ്റ് ഓഫിസിന്‍റെ റോളില്‍നിന്ന് എംപ്ലോയ്മെന്‍റ് ആന്‍ഡ് ട്രെയ്നിങ് വകുപ്പിനെ മാറ്റിയെടുത്തത് ദേശീയതലത്തില്‍തന്നെ ശ്രദ്ധനേടി. ‘നിയുക്തി’  എന്നപേരില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ 15,000 പേര്‍ക്കാണ് ആയിരത്തോളം സ്വകാര്യ സംരംഭകര്‍ സ്ഥിരം തൊഴില്‍ നല്‍കിയത്. ‘കേരളത്തില്‍ അഞ്ചിടത്തായാണ് തൊഴില്‍മേള സംഘടിപ്പിക്കാനായത്. ഇപ്പോള്‍ വര്‍ഷാവര്‍ഷം അത് തടസ്സമില്ലാതെ നടന്നുവരുന്നു. ഇതിനായി പ്രത്യേക സോഫ്റ്റ്  വെയറും വികസിപ്പിക്കാനായി. കെ.എസ്.ഐ.ഡിയെ നൈപുണ്യ വികസനപദ്ധതിയിലൂടെ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു.

ആ കാലത്ത് ഇവയെക്കാളേറെ മാനസിക സംതൃപ്തി നല്‍കിയതാണ് ‘ആദിസര്‍ഗ’ എന്ന പേരില്‍ അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ക്കായി കൊണ്ടുവന്ന തൊഴില്‍പരിശീലന പദ്ധതി. ദീര്‍ഘകാല ലക്ഷ്യങ്ങളുള്ള ഈ പദ്ധതിയി അഹാഡ്സ് അടക്കമുള്ള വിവിധ ഏജന്‍സികളെ സഹകരിപ്പിച്ചാണ് കൊണ്ടുവന്നത്...’ ജനിച്ച മണ്ണില്‍ മടങ്ങിയെത്തി നടപ്പാക്കിയ നൂതനപദ്ധതികളുടെ തിളക്കവുമായാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഷൈനാമോള്‍ കൊല്ലം കലക്ടറുടെ കസേരയില്‍ എത്തിയത്. കൊല്ലം കലക്ടറായത്തെി അവിടെ ‘എന്‍റെ കൊല്ലം’ എന്നപേരില്‍ ബഹുജന പങ്കാളിത്തത്തോടെയുള്ള സമഗ്രവികസന, മാലിന്യനിര്‍മാര്‍ജന പദ്ധതി നടപ്പാക്കി. ഇതിന്‍റെതന്നെ ഭാഗമായി ‘സ്നേഹപൂര്‍വം കൊല്ലം’ എന്ന പരിപാടിയിലൂടെ ചെന്നൈ പ്രളയ ദുരിതബാധിതര്‍ക്ക് 25 ലക്ഷം രൂപ സമാഹരിച്ചുനല്‍കി.

കൊല്ലം മുണ്ടയ്ക്കലിലെ വൃദ്ധസദനത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കലക്ടര്‍ ഷൈനാമോള്‍ എത്തിയപ്പോള്‍
 

ഇവിടെ എത്തിയിട്ട് കുറഞ്ഞൊരു കാലമേ ആയുള്ളെങ്കിലും രണ്ടു വലിയ തെരഞ്ഞെടുപ്പുകളുടെ ചുമതല നിര്‍വഹിക്കേണ്ടി വന്നു. ജില്ലാ ഭരണകൂടം ജനസമക്ഷം സര്‍വ സന്നാഹങ്ങളുമായി എത്തുന്ന ‘ജില്ലാഭരണം ജനങ്ങള്‍ക്കരികെ’ പരിപാടി തെരഞ്ഞെടുപ്പിനുശേഷം പുനരാരംഭിക്കണം. പുനലൂരിലും കരുനാഗപ്പള്ളിയിലും മാത്രമേ ഇത് നടത്താനായുള്ളൂ. ഒത്തിരി അവികസിത മേഖലകളുള്ള ജില്ലയാണ് കൊല്ലം. അവിടങ്ങളിലേക്കും ജില്ലാ ഭരണകൂടവും അനുബന്ധ സംവിധാനങ്ങളും മൊത്തമായി ഇറങ്ങിച്ചെല്ളേണ്ടതുണ്ട്.’ ഒന്നര വര്‍ഷക്കാലം കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തലപ്പത്ത്.
************************************
കൊല്ലം മുണ്ടയ്ക്കലില്‍ മേയര്‍ പ്രധാന ചുമതലക്കാരനായൊരു വൃദ്ധസദനമുണ്ട്. ഇവിടെ കാരുണ്യ സ്പര്‍ശനമെത്തിക്കാന്‍ കലക്ടറുടെ മേല്‍നോട്ടത്തില്‍ ജില്ലാഭരണകൂടം ശ്രമം നടത്തുന്നുണ്ട്. അവിടെ 150ലധികം അന്തേവാസികള്‍. എല്ലാവരും 70 കഴിഞ്ഞവര്‍. കുറെയേറെ പേര്‍ ഉറ്റവരെ ഇവിടെ കൊണ്ടുവന്ന് നടതള്ളിയതിന്‍െറ ആഘാതം താങ്ങാനാവാതെ മനോനില തെറ്റിയവര്‍... പരസഹായമില്ലാതെ ഒന്നു ചലിക്കാന്‍പോലും കഴിയാത്തവര്‍. ഇവരെ കാറ്റിലും വെളിച്ചത്തിലേക്കും കൈപിടിച്ചുകൊണ്ടുവരാനും ഒപ്പം നടക്കാന്‍ തങ്ങളുണ്ടെന്ന് പറയാതെ പറയാനും കൊല്ലം  മുന്നോട്ടുവന്നു. അതിന്‍റെ മൂര്‍ത്തതയായിരുന്നു കഴിഞ്ഞ ജനുവരിയുടെ ഒരു പകലിനെ മുഴുവന്‍ സാര്‍ഥകമാക്കിയ പരിപാടികള്‍.
****************************************
ഷൈനാമോളുടെ വാക്കുകള്‍ തന്നെയാണ് അവരുടെ നന്മയുടെയും ചങ്കൂറ്റത്തിന്‍െറയും തെളിവുകള്‍. ‘ഒരു സിവില്‍ സര്‍വന്‍റ് ഒൗദ്യോഗിക കൃത്യനിര്‍വഹണം നടത്തേണ്ടത് കൃത്യമായി എഴുതിവെച്ചിട്ടുള്ള നിയമങ്ങളെ പിന്‍പറ്റിയാണ്. നമുക്കായി നിയമങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. പുതിയവ വന്നുകൊണ്ടിരിക്കുന്നു. ഇതിനെ മറികടന്ന് തന്നിഷ്ടപ്രകാരം തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനും നമ്മള്‍ രാജാക്കന്മാരല്ല. നിയമത്തിന് അതീതമായി വിവേചനാധികാരം പ്രയോഗിക്കാനാവുന്ന കാര്യങ്ങള്‍ പരിമിതമാണെന്നുതന്നെ പറയാം. നമുക്ക് മുന്നിലത്തെുന്ന നിരാലംബ ജീവിതങ്ങളോട് നീതിപുലര്‍ത്താന്‍ ഈ വിവേചനാധികാരം തീര്‍ച്ചയായും പ്രയോജനപ്പെടുത്താം. ബാക്കി കാര്യങ്ങളിലെല്ലാം നിയമം മുറുകെപ്പിടിച്ച് തീരുമാനമെടുക്കുന്നവരാണ് നല്ല സിവില്‍ സര്‍വന്‍റ്. ഒപ്പം, സമൂഹത്തിന്‍െറ സമഗ്രവികസനവും ക്ഷേമവുമെന്ന ലക്ഷ്യത്തില്‍നിന്ന് മാറാനും പാടില്ല എന്നാണ് എന്‍െറ പക്ഷം. മറിച്ച് അഭിപ്രായം ഉള്ളവരും കണ്ടേക്കാം...

നമ്മള്‍ നിയമത്തിന്‍റെ ചട്ടക്കൂട് വിട്ട് ഒന്നും ചെയ്യില്ലെന്നുവന്നാല്‍ സമ്മര്‍ദം ചെലുത്താന്‍ ആരും വരില്ല. മാത്രമല്ല, ആത്യന്തികമായി അവര്‍ നമ്മുടെ നിലപാടിനോട് ബഹുമാനമുള്ളവരായി മാറുകയും ചെയ്യും. ഞാനെടുക്കുന്ന തീരുമാനങ്ങളോട് സ്വയം സംശയം തോന്നിയിട്ടില്ലാത്തതിനാല്‍ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പലരും പലതും പലയിടത്തും പഴിപറഞ്ഞിട്ടുണ്ടാവാം. ഞാനൊന്നും കേട്ടിട്ടില്ല. അതൊന്നും ശ്രദ്ധിക്കാനുള്ള സമയമോ സാഹചര്യമോ എനിക്കില്ല. അതിലുപരി ഉത്തരവാദിത്തപ്പെട്ടവര്‍ നിയമവിധേയ നടപടികളെ ശ്ലാഘിച്ചിട്ടുമുണ്ട്’.
************************************
‘എന്‍റെ ഇക്കയും ഇപ്പോള്‍ ക്രൈംബ്രാഞ്ച് എസ്.പിയുമായ അക്ബറിനാണ് എന്‍റെ ജീവിത വിജയത്തിന്‍റെ കടപ്പാട്. പഠനത്തിനും സിവില്‍ സര്‍വിസ് വിജയത്തിനുമെല്ലാം എനിക്ക് കൂട്ടായത് ഇക്കയാണ്. ഞങ്ങള്‍ മക്കള്‍ ഒരു സാഹചര്യത്തിലും ചെറിയ കളവുപോലും പറയരുതെന്ന കാര്യത്തില്‍ വാപ്പക്കും ഉമ്മക്കും കടുത്ത നിര്‍ബന്ധമായിരുന്നു. സത്യം മുറുകെപ്പിടിക്കണമെന്നും അവര്‍ നിഷ്കര്‍ഷിച്ചു. അതുകൊണ്ടു തന്നെ ഞാന്‍ അസത്യം പറിയില്ല. കള്ളം പറയുന്നെന്ന് ബോധ്യമായാല്‍ അത് സഹിക്കാനും പ്രയാസമാണ്. എന്‍റെ ബോധ്യത്തിന്‍റെയും ശീലത്തിന്‍റെയും അടിസ്ഥാനത്തില്‍ ഞാന്‍ ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിക്കുന്നത് ആരെ എങ്ങനെ ബാധിക്കുന്നു എന്നു ഞാന്‍ കണക്കാക്കാറില്ല. ഒരു സിവില്‍ സര്‍വന്‍റും പൊതുസമൂഹത്തില്‍ ജീവിക്കുന്നയാളും എന്ന നിലയില്‍ സത്യത്തോട് ചേര്‍ന്നുനിന്ന് പോവുക എന്‍െറ കടമയാണ്.

സത്യം പറയാം, പ്രിയമുള്ളവ പറയാം. പക്ഷേ, അപ്രിയ സത്യങ്ങള്‍ പറയരുത് എന്നാണല്ലോ നമ്മുടെ മുന്‍ഗാമികള്‍ പറഞ്ഞുവെച്ചിട്ടുള്ളത്. എന്നാല്‍, അപ്രിയമാണെങ്കിലും സത്യം പറയണമെന്ന പക്ഷമാണ് എന്‍റേത്. എന്‍െറ മനസ്സാക്ഷിയോടും സമൂഹത്തോടും എനിക്ക് നീതിപുലര്‍ത്തിയേ പറ്റൂ. ആത്യന്തികമായി ഇവ രണ്ടുമാണ് എന്‍റെ വഴിയിലെ വെളിച്ചം. സംസ്ഥാന തലസ്ഥാനത്തിന്‍റെ ഉപഗ്രഹ ജില്ലയായ കൊല്ലത്തിന്‍റെ അമരക്കാരി സ്വന്തം നിലപാട് വെളിപ്പെടുത്തുമ്പോള്‍ അവരെ കുറിച്ചുള്ള നാളെയുടെ പ്രതീക്ഷകള്‍ വര്‍ധിക്കുകയാണ്.   

Tags:    
News Summary - collector shainamol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.