സാരിയുടുത്ത് വ്യായാമം; ഈ 82കാരി മുത്തശ്ശി വേറെ ലെവലാ

സാരിയുടുത്ത് ഭാരമുയർത്തിയും മറ്റ് വ്യായാമങ്ങൾ ചെയ്തും സോഷ്യൽ മീഡിയയിൽ കൈയടി നേടുകയാണ് ഈ മുത്തശ്ശി. ചെന്നൈയിൽ ജിം ട്രെയ്നർ ആയ ചിരാഗ് ആണ് 82കാരിയായ മുത്തശ്ശി വ്യായാമം ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച മുത്തശ്ശിയുടെ വിഡിയോ വൈറലാണിപ്പോൾ.

മുതിർന്ന ആളുകൾ വ്യായാമം ചെയ്യുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ അകറ്റാനാണ് താൻ വിഡിയോ പങ്കുവെച്ചതെന്ന് ചിരാഗ് പറയുന്നു. ചെറുപ്പം മുതലേ ഓൾ റൗണ്ടർ ആയിരുന്നു മുത്തശ്ശി. നീന്തൽ, സ്കിപ്പിങ്, കബഡി തുടങ്ങി എല്ലാത്തിലും മുൻപന്തിയിലായിരുന്നു. വിവാഹ ശേഷവും വീട്ടിൽ പണിക്കാർ ഉണ്ടായിരുന്നെങ്കിലും എല്ലാ ജോലികളും അവർ തന്നെയാണ് ചെയ്തിരുന്നത്. പശുവിനെ കറക്കൽ, ആട്ടയുണ്ടാക്കൽ, മസാലകൾ കൈകൊണ്ട് പൊടിച്ചെടുക്കൽ തുടങ്ങിയ ജോലികൾ ചെയ്തിരുന്നു. ഒരു കുടം വെള്ളം ഒരു കൈയിലും ഒരു ബക്കറ്റ് വെള്ളം മറ്റൊരു കൈയിലുമായി രണ്ട് നില പടികൾ കയറുന്നതും ദിവസവുമുള്ള ശീലമായിരുന്നു.

മക്കളുടെ യു.എസിലുള്ള വീട്ടിൽ പോയ സമയത്ത് കണങ്കാൽ തിരിഞ്ഞ് മൂന്നുമാസം തീരെ നടക്കാനാവാത്ത അവസ്ഥയായ ശേഷം ജോലി ചെയ്യാൻ മക്കൾ അനുവദിക്കാതിരുന്നതിനെ തുടർന്ന് അവർക്ക് ദുർബലയായതുപോലെയും പ്രായമായതുപോലെയും സ്വയം തോന്നി.ഏഴു മാസം മുമ്പ് എല്ലുകളുടെ ബലക്കുറവു മൂലം വീണ് കിടപ്പിലായി. അവിടെ നിന്നാണ് മുത്തശ്ശിയുടെ ആരോഗ്യ പരിചരണം താൻ ഏറ്റെടുക്കുന്നതെന്ന് ചിരാഗ് പറയുന്നു.

താൻ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയ നാളുകളെ കുറിച്ച് മുത്തശ്ശി പറയുന്നത് ഇങ്ങനെയാണ് -

'മൂന്നുമാസം മുമ്പാണ് ഞാൻ വെയ്റ്റ് എക്സർസൈസ് ആരംഭിച്ചത്. ആദ്യം അൽപം ബുദ്ധിമുട്ടായിരുന്നു. എങ്കിലും പിൻമാറിയില്ല.

ആദ്യം വാട്ടർ ബോട്ടിലുകൾ ഉപയോഗിച്ച് പരിശീലനം തുടങ്ങി. പതിയെ വെയ്റ്റ് ലിഫ്റ്റിങ്ങിലേക്കെത്തി. വളരെ വേഗം ഫലം ലഭിച്ചു. കാൽപാദത്തിലെ നീര് കുറയാൻ തുടങ്ങി. കൈകൾക്ക് ശക്തി തിരിച്ചുകിട്ടാനും തുടങ്ങി. സന്ധിവേദനയും ബി.പിയുടെ പ്രശ്നവും കുറഞ്ഞ് കുറഞ്ഞ് ഇല്ലാതായി. ഞാൻ ഇപ്പോഴും ജീവിക്കുന്നുവെന്ന് എനിക്ക് തോന്നിത്തുടങ്ങി' - അവർ പറയുന്നു.

'ഇപ്പോൾ എന്നത്തേക്കാളും യൗവനം ഞാൻ അനുഭവിക്കുന്നുണ്ട്. എന്റെ മനസ്സ് ഇപ്പോൾ വളരെ ചെറുപ്പമാണ്. പിന്നെ എനിക്ക് ഭാരം ഉയർത്തിയാൽ എന്താണ് പ്രശ്നം?'- മുത്തശ്ശി ചോദിക്കുന്നു.


Tags:    
News Summary - 82-year-old granny lifts weights and does squats in a saree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.