അൽഐൻ സെന്‍റ്​ ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഒലിവ് തൈ നടുന്നു

മരുഭൂമിയെ പച്ചപുതപ്പിച്ച് ഈ ദേവാലയം

അൽഐൻ സെന്‍റ്​ ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ പ്രകൃതിസ്നേഹികൾ മരുഭൂമിയിൽ കൃഷിയിലൂടെ വിജയഗാഥ തീർത്തിരിക്കുന്നു. 75 ലേറെ ഇനങ്ങളിലായി പഴം, പച്ചക്കറി, ഔഷധ സസ്യങ്ങളാണ് ദേവാലയത്തോട് ചേർന്ന് നട്ടുപിടിപ്പിച്ചത്. തെങ്ങ്, മുരിങ്ങ, നാരങ്ങ, കശുമാവ്, പേര, നെല്ലിക്ക, ചാമ്പക്ക, അത്തി, വാളൻപുളി, അവക്കാഡോ, ചോളം, നെല്ല് വാഴ, മഞ്ഞൾ, കാച്ചിൽ, പയർ, വെണ്ട, വഴുതന, മുളക്, തക്കാളി, ചീര, ഉള്ളി, ബ്രഹ്‌മി, പനിക്കൂർക്ക, തുളസി, ചെമ്പരുത്തി, കുന്തിരിക്കം, കാറ്റർ വാഴ, മുല്ല , റോസ് തുടങ്ങിയവയെല്ലാം ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഇടവക വികാരി റവ. ഫാ. ജോൺസൺ ഐപ്പ് നേതൃത്വം നൽകുന്ന പരിസ്ഥിതി കൂട്ടായ്മയാണ്‌ മരുഭൂമിയിൽ അസാധ്യമെന്ന് തോന്നിയേക്കാവുന്ന കാർഷികപ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിൽ മുന്നിൽ നിൽകുന്നത്.

അൽഐൻ ദേവാലയത്തിന്‍റെ വിസ്തൃതമായ പരിസരത്തെ മരുഭൂമിയുടെ പ്രകൃതത്തിൽ നിന്നും പച്ചപ്പ് നിറഞ്ഞ നമ്മുടെ നാടിന്‍റെ പ്രകൃതിയിലേക്ക് ഉയർത്തുകയാണ്‌ ഈ കാർഷിക മുന്നേറ്റത്തിന്‍റെ പ്രധാന ലക്ഷ്യം. അതോടൊപ്പം വളർന്നു വരുന്ന തലമുറയെ നാട്ടിൻപുറത്തിന്‍റെ നന്മയിലേക്കും പ്രകൃതിയിലേക്കും അവരെ നയിക്ക‍ുക എന്നതും ലക്ഷ്യമാണ്. ഒരു വർഷത്തിലധികമായി ഇവിടെ ചിട്ടയായ കാർഷികപ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഈ യാത്ര വളരെ സംഭവബഹുലമാണെന്ന് ഫാ. ജോൺസൺ ഐപ്പ് ഓർത്തെടുക്കുന്നു. നിർജ്ജീവമെന്ന് തോന്നിയേക്കാവുന്ന ഈ മണ്ണിൽ തികച്ചും അത്ഭുതകരമായാണ്‌ ജീവന്‍റെ നാമ്പുകൾ മുളച്ച് പൊങ്ങുന്നത്. അതിന്‌ ഉദാഹരണമാണ്‌ നാടൻ കപ്പ നട്ടതും അസാമാന്യമായ വലിപ്പത്തിൽ അതിന്‍റെ ഫലം ലഭിച്ചതും. വാഴകൃഷിയും പച്ചക്കറികളും തുടങ്ങി പലവിധത്തിലും രൂപത്തിലുമുള്ള സസ്യങ്ങൾ പരീക്ഷിക്കുവാനാണ് ഓരോരുത്തരും താൽപര്യമെടുക്കുന്നത്.

ഇതിനോടകം 160 മുരിങ്ങ മരങ്ങൾ നട്ടുപിടിപ്പിക്കുകയും അതിൽനിന്ന് ആറ്‌ മാസത്തിൽ ഫലമെടുക്കുകയും ചെയ്തു. 75ഓളം ഇനം മരങ്ങളാണ്‌ ഇവിടെ ഇ നട്ടിരിക്കുന്നത്. ഇനിയും പല തരത്തിലുള്ള മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. ദേവാലയത്തിലെ സൺഡേ സ്കൂൾ കുട്ടികൾ വിത്തുകൾ വിതച്ച് നെല്കൃഷി നടത്തിയത് 2021 -ലെ ഗാന്ധി ജയന്തി ദിനത്തിലായിരുന്നു. 2021 കാലയളവിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സായിദ് മാനുഷിക ദിനത്തിൽ അബുദാബി പോലീസ് ജനറൽ കമാൻഡിന്‍റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ലഭ്യമായ അനുമോദന പത്രം ഇടവക ജനങ്ങൾക്കും കുട്ടികൾക്കും പ്രചോദനം നൽകുന്നതാണ്.

2022 ജൂൺ 5 ഒരേസമയം രണ്ട് വിധത്തിലാണ്‌ ദേവാലയത്തിലെ വിശ്വാസികൾ നോക്കികണ്ടത്. സഭയുടെ ആരാധനചക്രം അനുസരിച്ച് അന്ന് പെന്തിക്കോസ്തി പെരുന്നാൾ ആണ്‌. അതോടൊപ്പം ലോക പരിസ്ഥിതി ദിനം കൂടിയായി ലോകം ആചരിക്കുകയുമാണ്‌. ആരാധനയുടെ വിശുദ്ധി പരിപാലിച്ചും പ്രകൃതിയോടുള്ള ഉത്തരവാദിത്തം ഏറ്റെടുത്തും ന്ന്​ വിശുദ്ധ കുർബാനാനന്തരം 'പ്രകൃതിദിനം' ആചരിക്കുകയും ചെയ്തു.

ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ഒരുമിച്ച് കൂടി ദേവാലയത്തിലെ കൃഷിയിടത്തെ കൂടുതൽ ഹരിതാഭമാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്‌. നൂറിലേറെ കുട്ടികൾ വൃക്ഷത്തെകളും പലയിനം വിത്തുകളും നടുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. എല്ലാവരും ചേർന്ന് പ്രകൃതിദിന പ്രതിജ്ഞയും എടുക്കും. തങ്ങൾ നടുന്ന വ്യക്ഷങ്ങളുടെയും മറ്റ് ചെടികളുടെയും ശാസ്ത്രനാമം തുടങ്ങി കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാനും അവ ക്രോഡീകരിച്ച് അതാത് സസ്യത്തിന്‍റെ അടുത്ത് സ്ഥാപിക്കുവാനും എം.ജി.ഓ.സി.എസ്.എം അംഗങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. അതിന്‍റെ പ്രാരംഭപ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. അൽഐനിൽ വർഷങ്ങളായി കാർഷികരംഗത്ത് സജീവമായ സി.പി വിജയന്‍റെ മാർഗനിർദ്ദേശങ്ങൾ അൽഐൻ ദേവാലയത്തിലെ കാർഷികപ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നുണ്ട്​.

Tags:    
News Summary - This temple covers the desert with greenery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.