ആത്മീയ നിര്‍വൃതിയുടെ രാപകലുകളാണ് റമദാന്. മാനവരാശിയുടെ മാര്‍ഗദര്‍ശക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ അവതരണ മാസത്തെ കാരുണ്യവാനായ അല്ലാഹു വ്രതാനുഷ്ഠാനത്തിനായി തെരഞ്ഞെടുത്തു. തിന്മകളിലേക്ക് നിരന്തരം പ്രേരിപ്പിക്കുന്ന മനസ്സിന്റെ പ്രലോഭനങ്ങള്‍ക്ക് കടിഞ്ഞാണിടാനും വിശ്വാസത്തിന്റെ തെളിച്ചമുള്ള പാതയിലൂടെ വിശുദ്ധിയിലേക്ക് തിരിച്ചു നടക്കാനുള്ള അവസരവുമാണ് റമദാന് സൃഷ്ടിക്കുന്നത്. വ്രതം ഒരു പരിചയയാണെന്ന പ്രവാചക വചനത്തിന്റെ പൊരുളും തിന്മയോടുള്ള ഈ പ്രതിരോധമാണ്. തിന്മകളുടെ വ്യാപനവും അതുണ്ടാക്കുന്ന ക്രൂരതകളും കൊലപാതകങ്ങളും കണ്ടും കേട്ടും മരവിച്ചിരിക്കുകയാണ് നമ്മുടെ നാട്. മനസ്സിന്റെ നിയന്ത്രണ പാഠങ്ങളും പരിശീലനങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനിവാര്യമാണെന്ന് അവ നമ്മെ ഓർമപ്പെടുത്തുന്നു.
അന്നപാനീയങ്ങള്‍ ജീവന് നിലനിര്‍ത്താനുള്ള ഉപാധി മാത്രമല്ല, ജീവിതാസ്വാദനത്തിന്റെ മേഖല കൂടിയാണ്. അവ ലഭ്യമായിരിക്കെ തന്നെ സ്രഷ്ടാവായ ദൈവത്തിന്റെ പ്രീതി ലക്ഷ്യംവെച്ച് അവ ഉപേക്ഷിക്കുമ്പോള്‍ നോമ്പുകാരന് പ്രഖ്യാപിക്കുന്ന നിലപാട് ഇതാണ്: അല്ലാഹുവാണ് മനുഷ്യനടക്കമുള്ള ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്, അവനാണ് എന്റെയും പരിപാലകന്, അവന് വിധിച്ചതൊന്നും തടയാനും തടഞ്ഞതൊന്നും നല്‍കാനും ഒരാള്‍ക്കും സാധിക്കില്ല. ഞാന്‍ അവന്റേതാണ്. അവന് എന്റെ ഉടമസ്ഥനാണ്. അതിനാല്‍ ഭൂമിയിലെ വിശാലമായ മനുഷ്യജീവിതത്തിന്റെ എല്ലാ അടരുകളും എങ്ങനെയായിരിക്കണമെന്ന് നിര്‍ണയിക്കേണ്ടത് അവനാണ്. അല്ലാഹു ഇഷ്ടപ്പെടാത്തതിന്റെ ഭാഗത്തേക്ക് ഞാനില്ല. അല്ലാഹു അനുവദിച്ചതും നിരോധിച്ചതുമെല്ലാം മനുഷ്യന്റെ നന്മയ്ക്കുതകുന്നതാണ്. ഇത്രമേല്‍ ആത്മീയമായ നിറവ് നല്കുന്ന മറ്റൊരു കാഴ്ചപ്പാടും ഇല്ല. നോമ്പ് നിര്‍ബന്ധമാക്കിയതിലൂടെ വിശ്വാസികളില്‍ ഈ ഉണര്‍വ് നല്‍കുകയാണ് ഇസ്ലാം. മനുഷ്യസമൂഹത്തോട് ഇതേകാര്യം പ്രബോധനം ചെയ്യുകയാണ് നോമ്പുകാലം.
ഓരോരുത്തരുടെയും പിന്നിട്ട ജീവിതത്തില്‍ ഇതിനു വിരുദ്ധമായ പലതും സംഭവിച്ചിട്ടുണ്ടാവാം. അതിന്റെ പാപഭാരവും പേറി ജീവിക്കുകയല്ല, ദൈവത്തോട് ആ വ്യതിചലനങ്ങളെ സംബന്ധിച്ച് ഏറ്റുപറഞ്ഞ്, പശ്ചാത്തപിച്ച് ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും റമദാന് പ്രചോദിപ്പിക്കുന്നു. വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതമനുഷ്ഠിച്ചാല്‍ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നു, സ്വര്‍ഗകവാടങ്ങള്‍ തുറന്നിട്ടിരിക്കുന്നു, നരകവാതിലുകള്‍ അടഞ്ഞിരിക്കുന്നു, ആയിരം മാസങ്ങളേക്കാള്‍ പുണ്യമുളള രാവ് തുടങ്ങിയ റമദാനിന്റെ സവിശേഷതകളിലൂടെ മനുഷ്യനെ അല്ലാഹു ചേര്‍ത്തുപിടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.