കൊച്ചി: അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ (ഒ.എസ്.എ) സുപ്പീരിയർ ജനറൽ ആയിരുന്ന വേളയിൽ കേരളത്തിൽ സന്ദർശനം നടത്തിയിട്ടുള്ള വ്യക്തിയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പ ലിയോ പതിനാലാമൻ.
2004 ഏപ്രിൽ 22നാണ് കൊച്ചി കലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് ലിയോ പതിനാലാമൻ എത്തിയത്. അഗസ്റ്റീനിയൻ സന്യാസ സഭയിലെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളിൽ പങ്കെടുക്കാനായിരുന്നു സന്ദർശനം.
അഗസ്റ്റിൻ സഭയുടെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും വിശുദ്ധ കുർബാന അർപ്പിച്ചിട്ടുള്ള മാർപാപ്പ, കൊച്ചിയിലെ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ സെമിനാരിയിൽ ഏതാനും ദിവസം താമസിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ മാർപാപ്പയുടെ കേരള സന്ദർശനത്തിന്റെ ഓർമകളിൽ അഭിമാനം കൊള്ളുന്നുവെന്ന് അഗസ്റ്റീനിയൻ സന്യാസ സമൂഹവും കേരള കത്തോലിക്ക സഭയും വ്യക്തമാക്കി.
അമേരിക്കയിൽ നിന്നുള്ള റോബർട്ട് ഫ്രാൻസിസ് പ്രിവോസ്തിനെയാണ് പുതിയ മാർപാപ്പയായി കത്തോലിക്ക സഭ തെരഞ്ഞെടുത്തത്. പരിഷ്കരണ വാദിയായി അറിയപ്പെടുന്ന കർദിനാൾ റോബർട്ട് പ്രിവോസ്ത്, ലിയോ പതിനാലാമൻ എന്ന പേരിലാകും അറിയപ്പെടുക.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 133 കർദിനാൾമാരാണ് പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവിൽ പങ്കെടുത്തത്. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നത് കേൾക്കാനായി ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ചത്വരത്തിൽ കാത്തിരുന്നത്.
വ്യാഴാഴ്ച ഉച്ചക്കു ശേഷം നടക്കുന്ന വോട്ടെടുപ്പിൽ പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെടുമെന്ന് കർദിനാൾമാരുടെ സംഘത്തിന്റെ ഡീൻ ജിയോവനി ബാറ്റിസ്റ്റ റീ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. താൻ റോമിൽ തിരിച്ചെത്തുമ്പോൾ സിസ്റ്റൈൻ ചാപ്പലിന്റെ കുഴലിലൂടെ വെളുത്ത പുക ഉയരുന്നുണ്ടാവുമെന്നാണ് 91കാരനായ റീ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.